ഇത് ലേഖനബ്ലോഗം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാ‍ത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.

Sunday, April 24, 2011

രണ്ടുരൂപ അരിവിതരണം തുടരാമെന്ന് ഹൈക്കോടതി വിധി

രണ്ടുരൂപ അരിവിതരണം തുടരാമെന്ന് ഹൈക്കോടതി വിധി

യു.ഡി.എ.എഫിനു തിരിച്ചടി. രണ്ടു രൂപയ്ക്ക് അരി കൊടുക്കുന്നതിനെതിരെ തിരിഞ്ഞ കോൺഗ്രാസ്സ്-യുഡി എഫ് നിലപാട് പാവപ്പെട്ട ജനങ്ങളൊടുള്ള ക്രൂരതയായിരുന്നു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുന്നതിൽ പരാജയപ്പെടുന്ന യു.ഡി.എഫിന്റെ മുഖമാണ് അരിമുടക്കിയതിൽ കണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ കൂടുതൽ വെറുപ്പ് കോൺഗ്രസ്സും യു.ഡി.എഫും ഏറ്റുവാങ്ങുന്നതിനാണ് അവരുടെ അരിമുടക്കൽ നടപടി കാരണമായത്. തരിമ്പെങ്കിലും ബുദ്ധിയുള്ള ആരും ഇലക്ഷൻ അടുത്ത സമയത്ത് പാവപ്പെട്ടവരുടെ അന്നം മുടക്കുന്ന ദുഷ്പ്രവൃത്തി ചെയ്യില്ല.

ഇപ്പോൾ ഇതാ കോടതി അരി വിതരണം തുടരാമെന്നും അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത് ശരിയല്ലെന്നും വിധിച്ചിരിക്കുന്നു. സ്വയം കൃതാനർത്ഥം വിളിച്ചു വരുത്തുന്നതായിരുന്നു കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും അരിമുടക്കൽ പരിപാടി. ജനങ്ങളോട് അതിനു മറുപടി പറയാൻ ബദ്ധപ്പെടുകയാണ് കോൺഗ്രസ്സ് നേതൃത്വം. എന്തായാലും ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നണിയും ഇത്തരമൊരു അരിമുടക്കൽ നടപടി സ്വീകരിച്ചത് ഈ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയം തന്നെയായിരിക്കും.

മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നതു തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് സര്‍ക്കാരെടുത്ത നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പുസമയത്തും നടപടി തുടരാമെന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത കാര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ടതെന്നും സര്‍ക്കാരിന്റെ അടിസ്ഥാനസൌകര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതുമാത്രമാണ് പെരുമാറ്റച്ചട്ടലംഘനമെന്നും കോടതി വിലയിരുത്തി.

രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിട്ടില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ പദ്ധതിയില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും തുല്യഅവസരം ഉറപ്പുവരുത്തുന്നതിനും ഭരണകക്ഷിക്ക് പ്രത്യേക നേട്ടം ഉണ്ടാകുന്നത് ഒഴിവാക്കാനുമാണ് രണ്ടുരൂപയ്ക്ക് അരി നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന കമീഷന്റെ വാദം കോടതി അംഗീകരിച്ചില്ല. രണ്ടു രൂപ അരി ഏതെങ്കിലും പുതിയ പദ്ധതിയുടെ പ്രഖ്യാപനമായി കണക്കാക്കാനാകില്ലെന്നും നിലവിലുള്ള പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് വ്യാപിക്കുന്നതുമാത്രമാണെന്നും കോടതി പറഞ്ഞു. ഫെബ്രുവരി 10ന് ധനമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തില്‍ പദ്ധതി പരാമര്‍ശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ തുടങ്ങിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുരൂപയ്ക്ക് അരി പദ്ധതി നടപ്പാക്കുന്നത് തടഞ്ഞതെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ പവിത്രത ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാനുമാണ് നടപടിയെടുത്തത്. എന്നാല്‍, ഭരണകക്ഷിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പദ്ധതി അവസരമൊരുക്കുമെന്ന കമീഷന്‍വാദം കോടതി നിരസിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുള്ള കമീഷന്‍ ഉത്തരവ് റദ്ദാക്കിയ കോടതിവിധിയും ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും സര്‍ക്കാര്‍നയമാണ് നടപ്പാക്കുന്നതെന്നും കോടതി വിലയിരുത്തി.

No comments: