ഇത് ലേഖനബ്ലോഗം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാ‍ത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.

Monday, August 16, 2010

ബ്ലോഗ് മീറ്റ്- 2010 അവലോകനം

എറണാകുളം ബ്ലോഗ് മീറ്റ് അവലോകനം

ദൂരെയിരുന്നു നാം കൂട്ടുകൂടി; കൂടിയിരുന്നുനാം പാട്ടുപാടി!

വിരൽത്തുമ്പുകൊണ്ട് സൌഹൃദത്തിന്റെ നിത്യവസന്തം വിരിക്കുന്ന കാണാമറയത്തെ കൂട്ടുകാർ ഒത്തുകൂടുന്നത് ആദ്യമല്ല. എന്നാൽ ഓരോ ഒത്തുചേരലുകളിലും പുതിയ കൂട്ടുകാരുടെ കൂടിവരൽ ബ്ലോഗ് മീറ്റുകളുടെ എക്കാലത്തെയും പ്രത്യേകതയായിരിരിക്കും. അകലങ്ങളിലിരുന്ന് സല്ലപിച്ചും, സംവദിച്ചും, കലഹിച്ചും ഇഴയടുപ്പങ്ങളുണ്ടാക്കുന്ന അക്ഷരസ്നേഹികൾ പരസ്പരം നേരിൽ കാണുമ്പോൾ ദൃഢപ്പെടുന്നത് വിവരസാങ്കേതികവിപ്ലവകാലത്തെ നിർവ്വചനങ്ങൾക്ക് വഴങ്ങാത്ത സൌഹൃദാനുഭവങ്ങൾ! ബൂലോകത്തിനു പുറത്ത് നിൽക്കുന്നവർക്ക് എളുപ്പം മനസിലാകാത്തതാണ് സ്നേഹാനുഭവങ്ങൾ. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും സഹിഷ്ണുതയിലും പരസ്പര ബഹുമാനത്തിലും അടിയുറച്ചതുമായ വൈവിധ്യമാർന്ന പുത്തൻ ജീവിതാനുഭവമാണ്. ഒരു പക്ഷെ നാളെ എല്ലാവരുടേതുമാകാൻ പോകുന്ന അഥവാ ആയിത്തീരേണ്ട സ്നേഹാധിപത്യത്തിന്റെയും വിശ്വമാനവികതയുടെയും നല്ലനാളുകളിലേയ്ക്കുള്ള മുന്നൊരുക്കങ്ങൾ.

അതിരുകളില്ലാത്ത ഭൂമിക ഇനിയും ഒരു വിദൂര സ്വപ്നമല്ല, അതിവേഗം പുരോഗമിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. രാജ്യാതിർത്തിൽകൾ ഭൂപടങ്ങളിലെ അതിർത്തിരേഖകൾപോലെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ പ്രക്രിയക്ക് ആക്കം കൂട്ടുന്നതിൽ ഇന്റെർനെറ്റിന്റെ പങ്ക് വളരെ വലുതാണെന്ന് ഇന്ന് പ്രത്യേകം എടുത്തു പറയാതെ തന്നെ എല്ലാവർക്കും അറിയാം. ചോദിക്കേണ്ടപ്പോൾ ഇന്നലെ വരെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മേൽ വിലാസം മാത്രം ചോദിച്ചിരുന്നിടത്ത് പിന്നെ ലാൻഡ്ഫോൺ നമ്പരും അതും കഴിഞ്ഞ് മൊബൈൽ ഫോൺ നമ്പരും ചോദിച്ചു തുടങ്ങി. പിന്നെപിന്നെ ഇ-മെയിലും കൂടി ചോദിക്കുന്ന നിലയെത്തി. ഇപ്പോൾ ഓരോരുത്തരുടെയും ബ്ലോഗും, വെബ്സൈറ്റും കൂടി ചോദിക്കുന്ന നിലയിലേയ്ക്ക് ഇപ്പോൾ കാര്യങ്ങൾ പുരോഗമിച്ചിരിക്കുന്നു. ഇന്റെർനെറ്റ് ഉപയോഗത്തിൽ ഏറെ പ്രചാരമുള്ള ഒരു വിഭാഗമാണ് ബ്ലോഗുകൾ
ഈ ഒരു നേരറിവിന്റെ നിറവിൽനിന്നു വേണം നാം ബ്ലോഗ് മീറ്റിനെ വിലയിരുത്തേണ്ടത്.

നമ്മൾ നേരിട്ട് കാണാതെ പലവിധത്തിൽ വായിച്ചും, കേട്ടും ചിത്രങ്ങളിൽ കണ്ടൂം മറ്റും അറിയുന്ന വ്യക്തികളെ നേരിട്ട് കാണുവാനുള്ള ഒരു കൌതുകം സ്വതവേ എല്ലാവർക്കുമുണ്ടാകും. അത് രാഷ്ട്രീയനേതാക്കളാകട്ടെ, ശാസ്ത്രഞ്ജരാകട്ടെ, സാഹിത്യകാരകട്ടെ, കലാകാരന്മരകട്ടെ, സിനിമാതാരങ്ങളാകട്ടെ ആരുമാകട്ടെ . അതിൽ ഒരു സസ്പെൻസ് ഉണ്ട്. സിനിമാതാരങ്ങളെ കാണാൻ സാധാരണ ജനങ്ങളിൽ കുറച്ച് കൂടുതൽ തല്പര്യം ഉണ്ടാകും. നമ്മൾ ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഫീൽഡുകളിൽ നിൽക്കുന്നവരെ കാണാനായിരിക്കും അവരവർക്ക് കൂടുതൽ താല്പര്യം. ഓരോരുത്തരുടെയും പ്രശസ്തിയുടെ വലിപ്പം അനുസരിച്ചിരിക്കും അവരെ കാണാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും കാണാനുള്ള ജിജ്ഞാസയുടെ അളവും. ഇതുപോലെ ബ്ലോഗിംഗിന്റെ മേഖലയിൽ വിരാജിക്കുന്നവർക്കും കാണാമറയത്തിരിക്കുന്ന ഇതര ബ്ലോഗ്ഗർമാരെ നേരിട്ട് കാണാനുള്ള താല്പര്യം ഉണ്ടാകും. പുതിയ ബ്ലോഗ്ഗർമാർക്ക് പ്രത്യേകിച്ചും. പഴയബ്ലോഗ്ഗർമാർക്കും കാണും പുതിയ പുതിയ ബ്ലോഗ്ഗർ മാരെ കാണാനുള്ള ഒരു ജിജ്ഞാസ. ബ്ലോഗെഴുത്തുകൾ വായിച്ചും കമന്റുകൾ ഇട്ടും ചാറ്റിംഗിലൂടെയും ഫോണിലൂടെയും ഒക്കെ പുരോഗമിക്കുന്ന സൌഹൃദം നേരിൽ കാണുമ്പോൾ കൂടുതൽ ദൃഢപ്പെടുകയും ചെയ്യുന്നു. നേരിട്ട് കണ്ടറിയാനുള്ള ഈ ഒരു കൌതുകത്തിന്റെ സാക്ഷാൽക്കാരം കൂടിയാണ് ഇടയ്ക്കിടെ സംഘടിപ്പിക്കുന്ന ബ്ലോഗ്മീറ്റുകൾ!

ഇത്തവണ ബ്ലോഗ്മീറ്റ് നടന്നത് എറണാകുളത്താണ്. ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന മീറ്റിൽ അൻപതില്പരം ബ്ലോഗർമാർ പങ്കെടുത്തു. തോടുപുഴയിൽ വച്ച് മീറ്റ് നടത്താൻ ആദ്യം തീരുമാനിച്ച് മുന്നൊരുക്കങ്ങൾ നടത്തിയതാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസ്തുത മീറ്റ് അവിടെ വച്ച് നടത്തുന്നത് ഒഴിവാക്കാൻ പോലീസ് അധികൃതർ ആവശ്യപ്പെട്ടതിനാൽ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. പെട്ടെന്നുള്ള ഈ സ്ഥലമാറ്റം മീറ്റിന്റെ നടത്തിപ്പിനെയും പങ്കാളിത്തത്തെയും ബാധിച്ചുവെങ്കിലും മീറ്റ് ഗംഭീരമായി തന്നെ നടന്നു. മറ്റ് സംഘടനകളുടെ സമ്മേളനങ്ങളും മറ്റും നടത്തുന്നതും ബ്ലോഗ് മീറ്റും തമ്മിൽ വ്യത്യാസമുണ്ട്. ബ്ലോഗ് മീറ്റ് അധികം ഔപചാരികതകൾ ഇല്ലാതെ നടക്കുന്ന ഒത്തു ചേരലാണ്.

ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടതോ ആർക്കെങ്കിലും എന്തെങ്കിലും സ്ഥാനമാനങ്ങളോ ഉള്ള ഒരു സംഘടിതപ്രസ്ഥാനം നിലവിൽ ബ്ലോഗർമാർക്കില്ല. അതുകൊണ്ട് ബ്ലോഗർമാർക്കിടയിൽ വലിപ്പച്ചെറുപ്പമില്ല. എല്ലാവരും തുല്യരാണ്. ഇതാണ് ബ്ലോഗ് മീറ്റികളെ ഏറെ സവിശേഷമാക്കി തീർക്കുന്നത്. എന്തെങ്കിലും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനോ മുൻ കാല പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനു വേണ്ടിയോ അല്ല ബ്ലോഗ് മീറ്റുകൾ സംഘടിപ്പിക്കുന്നത്. ഇത് ഇന്റെർനെറ്റിന്റെ വിസ്മയലോകത്തെ അവനവൻ പ്രസാധനം അഥവാ ബ്ലോഗ് എന്ന മാധ്യമത്തിലൂടെ എഴുതുകയും വരയ്ക്കുകയും പറയുകയും പാടുകയും വീഡിയോ ചിത്രീകരണങ്ങൾ നടത്തുകയും മറ്റും ചെയ്യുന്നവരുടെ സൌഹൃദസംഗമമാണ്. മലയാളത്തിൽ ബൂലോകം എന്ന് അറിയപ്പെടുന്ന ഈ സമാന്തര സാഹിത്യ മേഖല അതിവേഗം വളർന്ന് വ്യാപിക്കുകയും മലയാള ഭാഷയെയും സംസ്കാരത്തെയും ഗണ്യമായി സ്വാധീനിച്ചുകൊണ്ടിരിക്കുകയുമാണ്. . തളരുന്നുവെന്ന് നാം വിലപിക്കുന്ന നമ്മുടെ മലയാള ഭാഷയിലേയ്ക്ക് ബ്ലോഗുകൾ പ്രത്യാശയുടെ നറുമലരുകൾ വാരി വിതറുകയാണ്.

എറണാകുളം ബ്ലോഗ് മീറ്റ് നടന്നത് 2010 ആഗസ്റ്റ് മാസം എട്ടാം തീയതി ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിലണ്. രാവിലെ പതിനൊന്നു മണിയോടെ ബ്ലോഗ്സംഗമം ആരംഭിച്ചു. ഈ അടുത്ത ദിവസം മരണപ്പെട്ട കവയിത്രി രമ്യാ ആന്റണിയുടെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മീറ്റംഗങ്ങൾ ഏതാനും നിമിഷങ്ങൾ എഴുന്നേറ്റ് നിന്ന് മൌനം ആചരിച്ചു. അതിനുശേഷമാണ് മറ്റ് പരിപാടികൾ നടന്നത്.
ആദ്യം തന്നെ ബ്ലോഗർമാർ ഓരൊരുത്തരായി സ്വയം പരിചയപ്പെടുത്തി. ബ്ലോഗിന്റെ പേരും ബ്ലോഗിലെ പേരും (ബ്ലോഗ്ഗർ നാമം അഥവാ ബ്ലോഗിൽ പലരും സ്വീകരിക്കുന്ന തൂലികാ നാമം) യഥാർത്ഥ പേരുമൊക്കെയായി ചിലർ അവരുടെ മൾട്ടിപ്പിൾ പേർസണാലിറ്റികൾ വെളിപ്പെടുത്തുമ്പോൾ പലപ്പോഴും സദസിൽ ചിരിയും ആശ്ചര്യവും പടർന്നു. ചിലരാകട്ടെ തങ്ങളുടെ യഥർത്ഥ പേരും വിവരങ്ങളും ഒളിച്ചു വച്ചപ്പോൾ ചിലർ തങ്ങളുടെ ചില ബ്ലോഗിന്റെ പേരുകളും ബ്ലോഗ്ഗർ നാമങ്ങളുമാണ് മറച്ചു വച്ചത്. എങ്കിലും മിക്കവരും പരസ്പരം തിരിച്ചറിഞ്ഞു. ആദ്യമായി മീറ്റിനെത്തിയവരിൽ പോലും പലർക്കും പരിചയപ്പെടും മുൻപു തന്നെ പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞു. നേരിട്ടുള്ള സംഗമം ആദ്യമെങ്കിലും മീറ്റിനു പുറപ്പെടുന്ന സമയം വരെയും ബ്ലോഗിലൂടെയും ചാറ്റിലൂടെയും ഫോണിലൂടെയും മറ്റും ബന്ധം പുലർത്തിയിരുന്നവരായിരുന്നു മിക്കവരും. അതുകൊണ്ട്തന്നെ പരിചയപ്പെടുത്തൽ പലരെ സംബന്ധിച്ചും ഔപചാരികതയ്ക്കു വേണ്ടി മാത്രമായിരുന്നു.

കവി മുരുകൻ കാട്ടാക്കട മീറ്റിനെ അഭിവാദ്യംചെയ്ത് സംസാരിച്ചു.ആദ്യവസാനം സംഗമത്തിലുണ്ടായിരുന്ന അദ്ദേഹം പാട്ടും കവിതകളും കൊണ്ട് സംഗമത്തിനു മേമ്പൊടിയേകി. ബ്ലോഗ്ഗർമാർ അദ്ദേഹത്തിന്റെ കവിതകളും പാട്ടുകളും ഇടയ്ക്കിടെ ഏറ്റുപാടിയത് അക്ഷരാർത്ഥത്തിൽ സംഗമത്തെ സംഗീതമയമാക്കി. ഒരു രാഷ്ട്രീയ നേതാവിന്റെ വേഷഭൂഷാ‍ദികളോടേ പാവപ്പെട്ടവൻ എന്ന പേരിൽ ബൂലോകത്ത് സുപരിചിതനായ സുസുമുഖനായ ചെറുപ്പകാരൻ മീറ്റിന്റെ കാര്യസ്ഥസ്ഥാനം ഏറ്റെടുത്ത് എല്ലാറ്റിനും നേതൃത്വം നൽകി. ഉച്ചയ്ക്ക് ശേഷം ബ്ലോഗർമാരും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു. അതിനുശേഷമാണ് മീറ്റ് സമാപിച്ചത്. കുട്ടി ബ്ലോഗർമർ മുതൽ മക്കളും ചെറുമക്കളും ആയവർവരെയുള്ള വിവിധതലമുറകളെ പ്രതിനിധീകരിക്കുന്നവർ മീറ്റിൽ ഉണ്ടായിരുന്നു. മുൻ മീറ്റുകളിൽ പങ്കെടുത്തിട്ടുള്ളവരൊക്കെ പരസ്പരം ചിരപരിചിതരെപോലെയും ആത്മ മിത്രങ്ങളെ പോലെയും പെരുമാറുന്നത് പുതുമുഖ ബ്ലോഗ്ഗർമാർക്ക് കൌതുകമായിരുന്നു.

പലരും തലേദിവസമേ എറണാകുളത്ത് വന്ന് തമ്പടിച്ച് സൌഹൃദം പുതുക്കുകയായിരുന്നു. ബ്ലോഗുകളിലൂടെ പരസ്പരം സല്ലപിച്ചവരും സംവദിച്ചവരും കലഹിച്ചവരും എല്ലാം ഒരുമിച്ചു കണ്ടപ്പോൾ പരസ്പരം ആലിംഗനബദ്ധരായി. ആശയപരമായ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും സ്നേഹബന്ധങ്ങളും രണ്ടാണെന്ന് തെളിയിക്കുന്ന സ്നേഹപ്രകടനങ്ങളാണ് ബ്ലോഗർമാർ നേരിട്ട് കാണുമ്പോഴും പ്രകടമാകുന്നത്. ആത്യന്തികമായ മനുഷ്യ സ്നേഹവും സഹിഷ്ണുതയും പരസ്പര ബഹുമാനവും ജനാധിപത്യത്തിന്റെ അനിവര്യതകളാണ്. അവയാണ് ബ്ലോഗർമാരെ പരസ്പരം അടുത്തു നിർത്തുന്ന പ്രധാന ഘടകങ്ങൾ. ഒരേ കാറിൽ സൌഹൃദ സംഭാഷണങ്ങളും തമാശകളുമായി ചാനൽ ചർച്ചകൾക്ക് സ്റ്റുഡിയോയിൽ വന്ന് പരസ്പരം അഭിപ്രായസംഘട്ടനങ്ങളിലേർപ്പെട്ടിട്ട് വീണ്ടും തോളിൽ കൈയ്യിട്ട് മടങ്ങിപ്പോകുന്ന രാഷ്ട്രീയ നേതാക്കളെ പോലെ ബ്ലോഗിൽ മേഞ്ഞു നടന്ന് കടിപിടി കൂടിയിട്ട് സ്വകാ‍ര്യമായ ചാറ്റുകളിലും ഫോൺ സംഭാഷണങ്ങളിലും നേരിൽ കാണുമ്പോഴും ഉറ്റ സൌഹൃദത്തോടെ കഴിയുന്ന ബ്ലോഗർമാർ ശരിയായ ജനാധിപത്യത്തിന്റെ പ്രതീകങ്ങളാണ്. പല ബ്ലോഗ്ഗർമാരും പുതിയ പോസ്റ്റെഴുതി പബ്ലിഷ് ചെയ്യുന്നതിനു മുൻപ് അത് ആശയപരമായി അവരുടെ എതിരാളികളായ ബ്ലോഗർമാക്ക് അയച്ചു കൊടുക്കുന്ന പതിവുണ്ട്. അത് മുന്നേ വായിച്ച് നല്ല കമന്റുകൾ എഴുതി പോസ്റ്റും കമന്റുകളും കൊഴുപ്പിക്കുകയാണ് ലക്ഷ്യം. തികച്ചും ജനാധിപത്യപരമായ സംവാദങ്ങൾ ബ്ലോഗുകളിൽ കാണാൻ കഴിയും. ഇത് ബ്ലോഗുകൾക്ക് ആധുനിക ജനാധിപത്യ സമൂഹത്തിലുള്ള പ്രസക്തി വർദ്ധിപ്പിക്കുന്നു.

ഈയുള്ളവൻ മീറ്റിനെത്തുമെന്ന് ഉറപ്പുണ്ടായിരുന്നതല്ല. പിതാശ്രീ സുഖമില്ലാതിരിക്കുന്നതിനാൽ ദൂരെ യാത്രകൾ ഒഴിവാക്കി വരികയാണ്. എന്നിട്ടും മീറ്റിന്റെ തലയ്ക്കുംതലേദിവസം വാപ്പയെ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ച് വലിയ കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി. അന്ന് വൈകിട്ട് തിരുവനന്തപുരത്ത് ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ വച്ച് അപ്പൂട്ടൻസ് എന്ന ബ്ലോഗ്ഗർ ബ്ലോഗ് മീറ്റിനു എത്തുമോ എന്നു ചോദിച്ചപ്പോഴും ഞാൻ ഉറപ്പൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ പിറ്റേന്ന് ആഗസ്റ്റ് 7-ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് ഞാൻ മീറ്റിനായി ഇറങ്ങിപുറപ്പെടുകയായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുമ്പോൾ ദുബായിൽ നിന്നും ലീവിൽ വന്നിട്ടുള്ള എന്റെ ഒരു പൂർവ്വ വിദ്യാർത്ഥിയായ ഷിനോയ് കാർകൊണ്ട് നിർത്തി. എന്റെ നില്പു കണ്ടപ്പോഴേ വടക്കോട്ടൊരു യാത്രയ്ക്കാണെന്നു വടശേരിക്കരയ്ക്ക് പോകാൻ വന്ന അവൻ മനസിലാക്കി കൊട്ടാരക്കരവരെ ഷിനോയിയുടെ ചുവന്ന “എന്തെരാ പോലത്തെ“ കാറിലും ( സോറി, കാറിന്റെ ഇനം ചോദിക്കാൻ മറന്നതാണ്) കെ.എസ്.ആർ.റ്റി.സി ബസിൽ ( സോറി, ബസിന്റെയും ഷിനോയിയുടെ കാറിന്റെയും നമ്പർ നോക്കാൻ പറ്റിയില്ല) കോട്ടയത്തേക്കും. കോട്ടയത്ത് നിന്ന് വീണ്ടും കെ.എസ്.ആർ.റ്റി സി ബസിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക്ക് അക്ഷമയോടെ അതിജീവിച്ച് എറണാകുളത്തേയ്ക്ക്. ഉറക്കം കാരണം ബസ്റ്റാൻഡിലെത്തിയപ്പോഴാണ് വീട്ടിൽ നിന്ന് ബ്ലോഗ് മീറ്റിനു തിരിച്ചതും വണ്ടിയിൽ കയറിയതും ഒക്കെ ഓർമ്മ വന്നത്. പിന്നെ ബസ്റ്റാൻഡിനടുത്ത് ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് അതിനെതിരെയുള്ള ഒരു ലോഡ്ജിൽതന്നെ അതീവ രഹസ്യമായി മുറിയെടുത്ത് ഒരു താമസം അങ്ങു വച്ചുകൊടുക്കാമെന്നു കരുതി.

ബ്ലോഗ്ദേവതയുടെ ഭാഗ്യംകോണ്ട് റൂം ഒരുവിധം വൃത്തിയൊക്കെയുണ്ട്. പക്ഷെ എന്റെ അടുത്ത മുറികളിലൊന്നും എന്നെപോലെ കുറ്റീംതട്ടി വന്നവരാരുമില്ല. ഒരു നിഗൂഢനിശബ്ദത. എനിക്കും അതുതന്നെ ആവശ്യം. ശുദ്ധമായ ഏകാന്തത. റൂം തുറക്കുമ്പോൾ കൊതുകുജികൾ ഉണ്ടാകരുതേ എന്നാണ് മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ഇന്റെർനെറ്റ് ദേവന്മാരെ വിളിച്ചപേക്ഷിച്ചത്. വ ട്രാഫിക്ക് പോലീസുകാരെങ്ങാനുമാണെങ്കിൽ കൊതുകിനെ അടിക്കാൻ പ്രത്യേകിച്ച് നിപുണത വേണ്ട. സംഘടിത ആക്രമണമൊന്നുമല്ലെങ്കിൽ ഫാനിട്ട് നേരിടാമെന്നധൈര്യം കൈവിട്ടില്ല. അവറ്റകൾ കടിച്ചാലും മൂളാതിരുന്നാൽ മതിയായിരുന്നു. കൊതുകുസംഗീതം ആസ്വദിക്കാനുള്ള മൂടിലുമല്ല. ഭാഗ്യത്തിനു വലിയ കൊതുകുശല്യമില്ല. പ്രതീക്ഷിച്ചതിനേക്കാൾ ഒരുവിധം വൃത്തിയൊക്കെയുണ്ട് മുറിയ്ക്ക്. ഇതറിഞ്ഞെങ്കിൽ രണ്ടു ദിവസം മുൻപേ വന്നു കിടക്കാമായിരുന്നു. പക്ഷെ ഡ്രസ്സ് മാറുന്നതിനു മുൻപ് പൊതുവേ എന്നിലെ സംശയാലു ഉണർന്നു പ്രവർത്തിച്ചു. മുറിയിലും പിന്നെ ബാത്ത് റൂമിലുമുള്ള ചുവരിലും മച്ചിലുമെല്ലാം സൂക്ഷ്മനിരീക്ഷണം നടത്തി. ഇനി വല്ല രഹസ്യ ക്യാമറയും ഒളിപ്പിച്ചു വച്ചിരുന്നാലോ? മീറ്റൊക്കെ കഴിഞ്ഞ് തിരിച്ചു ചെല്ലുമ്പോൾ ഏതെങ്കിലും സിനിമാനടികളുടെ തല എന്റെ ഉടലിലൊട്ടിച്ച ചലച്ചിത്രമായി മൊബൈൽ ഫോണുകളിലൂടെ പ്രചരിക്കുകയായിരിക്കും! ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവൻമാർക്ക് അങ്ങനെയൊന്നുമില്ല. അവന്മാർ ആ‍ണിന്റെ തല പെണ്ണിന്റെ ഉടലിലും ആണിന്റെ ഉടൽ പെണ്ണിന്റെ തലയിലുമൊക്കെ തിരിച്ചും മറിച്ചും ആരോപിക്കും. പെണ്ണുപോലും കെട്ടാതെ ഇത്രനാളും കാത്തു സൂക്ഷിച്ച ചാരിത്ര്യം ഒരു ലോഡ്ജ് മുറിയിലെ സൂക്ഷ്മതക്കുറവുകൊണ്ട് നഷ്ടപ്പെടുത്താനുള്ളതല്ല. സൂക്ഷ്മപരിശോധനയിൽ കുഴപ്പമൊന്നും കാണാഞ്ഞ് ഡ്രസ്സ് ഒന്നു മാറി. എറണാകുളംവരെ വന്നിട്ട് രാത്രിയിൽ ഇവിടുത്തെ ശുദ്ധവായു അല്പം ശേഖരിച്ചു കൊണ്ടു പോയില്ലെങ്കിൽ അതൊരു നഷ്ടമല്ലേ എന്നു കരുതിയാണ് മുറിയിലെ ജനൽ പാളി ഒന്നു തുറന്നത്. അപ്പോഴാണറിയുന്നത് ഈ ടൂറിസ്റ്റ് ഹോം നഗരത്തിന്റെ ഒരു മുഖം മൂടിമാത്രമാണെന്നും പുറകിൽ ഗുജറാത്തിലെ ഗിർവനമാണെന്നും! ഇവിടെ സിംഹങ്ങൾ മാത്രമല്ല, ശസ്ത്രജ്ഞാനം കൊണ്ടും യുക്തിവാദമമന്ത്രങ്ങൾ കൊണ്ടും നാടുകടത്തിയ യക്ഷികളും ഭൂത പ്രേത പിശാചുക്കളും ഓടിരക്ഷപ്പെട്ട് വന്ന് ഓളിപ്പോരു നടത്തുന്ന ഭീകരതാഴ്വരയാണിതെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധിക്കപ്പുറത്തുള്ള യുക്തിബോധമൊന്നും ആവശ്യമായി വന്നില്ല. പണ്ടേ ശാസ്ത്രം പ്രചരിപ്പിച്ചും യുക്തിവാദാനന്ദസ്വാമികളായ ഇടമറുക്, ഏ.ടി. കോവൂർ, ബി. പ്രേമാനന്ദ് തുടങ്ങിയ ദുർമന്ത്രവാദികളുടെ ചിത്രങ്ങൾ കാണിച്ചും അവരുടെ ദുർമന്ത്രങ്ങൾ ചൊല്ലിയും ഇതുങ്ങളെ ഒരുപാട് ഉപദ്രവിച്ചിട്ടുള്ളതാണ് ഇവനോട് പ്രതികാരം തീർക്കാൻ പറ്റിയ സമയം ഇതുതന്നെയെന്നുകരുതി ഈ ഹിംസ്രജന്തുക്കളൊക്കെക്കൂടി ജനൽ വഴി ചാടിക്കയറിവന്നാൽ മുരുകൻ കാട്ടാകട പാടിയതുപോലെ പിഞ്ചുമടിക്കുത്തൻപതുപേർചേർന്നുഴുതുമറിക്കും കാഴ്ചകളായിരിക്കും പിന്നെ ഇവിടെ സംഭവിക്കുക. നാളെ സുപ്രഭാതത്തിൽ ലോഡ്ജുമുറിയിൽ, മരണശേഷം ദാനം കൊടുക്കാമെന്ന് കരുതിയ കണ്ണുകൾ പോലും ചൂഴ്ന്നെടുക്കപ്പെട്ട് പിച്ചിച്ചീന്തപ്പെട്ട ഒരു ഡെഡ് ബോഡിയായിരിക്കും കാണപ്പെടുക ! ഒരു പുരുഷൻ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട വിചിത്രവർത്തമാനങ്ങളുമായിട്ടായിരിക്കും നാളെ ചാനലുകലും പത്രങ്ങലുമൊക്കെ തൃശൂർപൂരം കൊണ്ടാടുന്നത്! യക്ഷി-ഭൂത-പ്രേത പിശാചുക്കൾ സർവ്വ തെളിവുകളും നശിപ്പിച്ചുമിരിക്കും. . അഥവാതെളിവുകൾ കിട്ടിയാൽ തന്നെ ഇവറ്റകൾക്കെതിരെ കേസെടുക്കാൻ ഇന്ത്യം പീനൽ കോഡിൽ വ്യവസ്ഥകളുമില്ല. പച്ചവെള്ളം കൊടുത്താൽ ചവച്ചുകുടിക്കുന്ന പാവം ബ്ലോഗ്ഗർമാരെ ചുറ്റിപ്പറ്റിയായിരീക്കും പിന്നെ ചിലപ്പോൾ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുകാരണം എല്ലാ ആടു-പുലി ബ്ലോഗുകളും ഒരു സുപ്രഭാതത്തിൽ ഡിലീറ്റ് ആയെന്നും വരാം. എന്തിനാ റിസ്കെടുക്കുന്നേ. ജനലങ്ങടച്ച് ഞാൻ ഇവിടെ വന്നിട്ടേയില്ലെന്ന മട്ടിൽ കയറി കണ്ണുമടച്ച് കിടന്നു. ഞാനെന്റെ കണ്ണടച്ചാൽ പിന്നെ എന്നെ ഒരു ഹിംസ്രജന്തുക്കൾക്കും കണ്ടെത്താനാകില്ല. അങ്ങനെ നന്നായി ഉറങ്ങി.

രാവിലെ ലോഡ്ജ് മുറിയിൽ നിന്നും കുളിയും തേവാരവു കഴിഞ്ഞ് പ്രഭാതഭക്ഷണവും കഴിച്ച ശേഷം മീറ്റിനായി ഇറങ്ങി. ഇടപ്പള്ളിവരെ പോകാൻ എത്രരൂപയാകുമെന്ന് ഒരു ആട്ടോപൌരനോട് ചോദിച്ചപ്പോൾ തൊണ്ണൂറു രൂപയത്രേ. എന്റെ പട്ടി കയറും ആട്ടോയിൽ. അവിടെനിന്ന് തിരിച്ച് വീട്ടിലെത്താൻ ഒറ്റവണ്ടിക്ക് തൊണ്ണൂറു രൂപയാകില്ല! അപ്പോഴാണ് അതിയാന്റെ ഒരു തൊണ്ണൂറ് രൂഫാ! സത്യത്തിൽ ബസ്റ്റാൻഡും ഇടപ്പള്ളിയും തമ്മിലുള്ള അന്തരം മനസിലാക്കാനാണ് ചാർജ് ചോദിച്ചത്. പിന്നെ കെ.എസ്.ആർ. റ്റിസിയുടെ മഹത്വങ്ങൾ മനസാ വാഴ്ത്തി ഇടപ്പള്ളിവഴി പോകുന്ന ഒരു ബസിൽ കയറി. ഇടപ്പള്ളിയിൽ ഏതു സ്റ്റോപ്പെന്നു ചോദിച്ചപ്പോൾ അതൊന്നും എനിക്കറിയില്ലെന്നും എവിടെയെങ്കിലും ചവിട്ടിത്തള്ളാനും പറഞ്ഞു. തിരുവന്തപുരം ചുവയുള്ള സംഭാഷണത്തിൽ ആകൃഷ്ടനായതുകൊണ്ടാകാം കണ്ടക്ടർ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ് തക്കതായ സ്റ്റോപ്പിൽ ഇറക്കിത്തന്നു. ഒപ്പം ഇറങ്ങിവന്ന് എന്നെ ഹൈവേഗാർഡനിൽ കൊണ്ടുചെന്നാക്കാൻ തന്റെ ഔദ്യോകിക കൃത്യനിർവ്വഹണം തടസമാകുന്നതിന്റെ വിഷമം കണ്ടക്ടറുടെ മുഖത്ത് കണ്ടു. (ബാർ ഹോട്ടലാണെന്നറിഞ്ഞിട്ടാണോ ആവോ).

ഇറങ്ങിയ സ്റ്റോപ്പിൽ നിന്നും ഒരു ചുമട്ടു തൊഴിലാളിപൌരനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ശിരസാവഹിച്ച് ഒരു ഓട്ടോ വിളിച്ച് മീറ്റിടത്തേയ്ക്ക് പോകുകയും ചെയ്തു. ഹോട്ടൽ ഹൈവേ ഗാർഡനിൽ എത്തിയപ്പോൾ തന്റെ ഹോട്ടൽമുതലാളിക്ക് ഒരു ഇരയെ കൂടി കിട്ടിയെന്ന മട്ടിൽ സല്യൂട്ടടിച്ച സെക്യൂരിറ്റിക്കാരനെ ബ്ലോഗ് മീറ്റ് നടക്കുന്ന ഭാഗം ചോദിച്ച് നിരാശനാക്കിക്കൊണ്ട് ഞാനും ഹാളിലെത്തി. സെക്യൂരിറ്റിക്കാരൻ ആദ്യം കരുതിയിട്ടുണ്ടാകുക ഞാൻ വെള്ളമടിക്കാനോ ഹോട്ടലിൽ താമസിക്കാനോ ചെന്നതെന്നാ‍യിരിക്കും.

ഹാളിലെത്തുമ്പോൾ അവിടെ ഊശാൻ താടി വച്ചൊരു ബുദ്ധിജീവി മേശയുമിട്ട് ഭിക്ഷയ്ക്കിരിക്കുന്നു. അടുത്ത് ചെന്നപ്പോഴാണ് ഭിക്ഷക്കരനല്ല ഒരു പിടിച്ചു പറിക്കാരനാണെന്ന് ശരിക്കും മനസ്സിലാക്കിയത്. പണത്തേക്കാൾ വലുത് ജീവനായതിനാൽ മുന്നൂറു രൂപാ വാരിയെറിഞ്ഞുകൊണ്ട് മീറ്റിൽ ലയിച്ചു. മീറ്റിന്റെ സംഘാടകരിൽ ഒരാളായ യൂസഫ് എന്ന ബ്ലോഗ്പരാക്രമിയായിരുന്നു ആയിരുന്നു ആ പിടിച്ചുപറിക്കാരൻ. രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ചില ബ്ലോഗർമാർ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു തുടങ്ങി. ഷെരീഫ് കൊട്ടാരക്കരയെ പരിചയപ്പെട്ടുകൊണ്ടിരിക്കേ തന്നെ കാഴ്ചയിലും പെരുമാറ്റത്തിലും തെളിമയുള്ള ഒരു ചെറുപ്പക്കാരൻ വന്ന് നമ്മുടെ മാഷ് അല്ലേ എന്ന് ചോദിച്ചുകൊണ്ട് താനാണ് കൂതറ ഹാഷിം എന്ന് പറഞ്ഞത് എന്നെ ഞെട്ടിച്ചു. കാരണം ഒരു കൂതറയ്ക്കുണ്ടാകേണ്ട മിനിമം യോഗ്യതകൾ പോലും നേരിട്ട് കാണുമ്പോൾ ആ ചെറുപ്പക്കാരനിൽ ലവലേശം ദർശിക്കുവാനായില്ല. വാക്കിലോ പെരുമാറ്റത്തിലോ ഒന്നും ഒരു കൂതറത്തരവും വെളിവാക്കപ്പെട്ടില്ല. ബ്ലോഗിൽ കൂതറ നേരിൽ കാതരൻ!

പിന്നെ ഞാൻ ചെന്ന് ബൂലോകരുടെ ആരാധനാമൂർത്തിയും ബൂലോകത്തിന്റെ സ്വന്തം കാർട്ടൂണിസ്റ്റും കേരള ഹാഹഹ, ഊണേശ്വരം തുടങ്ങിയ ബ്ലോഗുകളുടെ അധിപനുമായ സജ്ജീവേട്ടനെ പരിചയപ്പെട്ടു. ഞാൻ ബ്ലോഗിൽ വരുന്ന കാലം തൊട്ടേ എന്നെങ്കിലും ഒരിക്കൽ കാണാനും പരിചയപ്പെടാനും അദ്ദേഹത്തെക്കൊണ്ട് എന്റെയും ഒരു കാരിക്കേച്ചർ വരപ്പിക്കാനും ആഗ്രഹിച്ചതാണ്. മുൻപൊരു ബ്ലോഗ് മീറ്റിൽ വച്ച് ഏതോ എഫ്.എം റേഡിയോയിൽ ബ്ലോഗിനെക്കുറിച്ച് സജ്ജീവേട്ടൻ സംസാരിക്കുന്ന വീഡിയോ ചിത്രം കണ്ട അന്നു മുതൽ നേരിൽ കാണാൻ ആഗ്രഹിച്ചതാണ്. അത് സാധിച്ചു എന്നു മത്രമല്ല എന്റെ കരിക്കേച്ചറും വരച്ചു. മീറ്റ് കഴിഞ്ഞ് സജ്ജീവേട്ടൻ ഞാൻ തബാറക്ക് റഹ്മാൻ, വ്നോദ് തിരുവനന്തപുരം, ജുനൈദ് തിരുവല്ല എന്നീ മൂന്നു പേർക്ക് ബസ്റ്റാ‍ൻഡ്-റെയിൽ വേ സ്റ്റേഷൻ പരിസരം വരെ ലിഫ്റ്റും തന്നു. ആരെയെങ്കിലുമൊക്കെ കയറ്റിയില്ലെങ്കിൽ തടിപരമായ കാരണങ്ങളാൽ തന്റെ കാറ് വശത്തേക്ക് ചരിഞ്ഞുപോകാനും ഇടയുണ്ട്. കഴിഞ്ഞ ബ്ലോഗ് മീറ്റിൽ തനിക്ക് ഇരിക്കാനിട്ട കസേരകൾ എല്ലാം മണലിൽ പൂഴ്ന്നും കാലൊടിഞ്ഞും അകാല ചരമഗതി പ്രാപിച്ചെന്നു പറഞ്ഞത് അന്ന് വിശ്വസിച്ചില്ല. നേരിൽ കണ്ടപ്പോൾ അതൊന്നും അതിശയോക്തികളായിരുന്നില്ലെന്നും പച്ചയായ യാഥാർത്ഥ്യങ്ങളായിരുന്നെന്നും മനസിലായി. കാറിൽ വച്ച് പലതും പറഞ്ഞ കൂട്ടത്തിൽ മുരുകൻ കാട്ടാക്കട കാസറ്റ് കവിത ഇതൊക്കെ ചർച്ചാ വിഷയമായി. കാസ്റ്റ് കവിതൾ വിമർശിക്കപ്പെടുന്നെങ്കിലും കവിതയെ ജനകീയമാക്കുന്നതിൽ കാസറ്റ് കവിതകൾക്ക് വലിയ പങ്കുണ്ടെന്ന് ഞാൻ പറഞ്ഞത് സജീവേട്ടനും അംഗീകരിച്ചു.

ബ്ലോഗ് വിദ്യാർത്ഥികളുടെ സർവ്വകലാശാലകളാണ് ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ഇൻഫ്യൂഷൻ തുടങ്ങിയ ബ്ലോഗുകൾ. ഇതിൽ ഇന്ദ്രധനുസ്സ് എന്ന ബ്ലോഗിന്റെ “വൈസ് ചാൻസലറും “ ഉടമയും പ്രൊഫസ്സറും എല്ലാമായ ഷാജി മുള്ളൂക്കാരൻ നേരത്തെതന്നെ എത്തിയിരുന്നു. ഹാളിനു മുന്നിൽ ഒരു വശത്ത് മേശയിട്ട് ലാപ്ടോപ്പും ആ‍ം ക്യാമറയും മറ്റ് സങ്കേതങ്ങളുമായി മീറ്റ് ലൈവായി ബൂലോകരെ കാണിയ്ക്കാനുള്ള തിരക്കിലായിരുന്നു. കമ്പ്യൂട്ടറിന്റെ അളവറ്റ സാങ്കേതികഞ്ജാനങ്ങളുമായി നമുക്കെല്ലാം അപ്രാപ്യമായ ഏതോ ലോകത്തിരിക്കുന്ന നമുക്ക് അപ്രാപ്യനായ ഒരു ടെക്നോക്രാറ്റ് എന്ന് മുള്ളൂക്കാരനെക്കുറിച്ച് ഞാൻ കരുതിയിരുന്നു. എന്നാൽ യാതൊരു ജാഡകളുമില്ലാതെ മെലിഞ്ഞ ശരീരവും പിരുന്ന മുടിയും ഒതുക്കമുള്ള താടിയുമുള്ള കൌമാരത്വം മുഖം വിട്ടുപോകാത്ത നിഷ്കളങ്കനും നിർമ്മലനുമായ ഈ യുവാവാണ് സാക്ഷാൽ മുള്ളൂക്കാരനെന്ന തിരിച്ചറിവിനോട് പൊരുത്തപ്പെടാൻ അല്പം സമയമെടുത്തു. കാരണം ഇങ്ങനെയൊരാളായിരുന്നില്ല എന്റെ മനസ്സിൽ. മീറ്റ് തീർന്ന ശേഷവും ഞാനും കൂതറ ഹാഷിമും മുള്ളൂക്കാരനോടൊപ്പം കൂടി കമ്പ്യൂട്ടറും ബ്ലോഗും സംബന്ധിച്ച പല സംശയങ്ങളും ചോദിച്ചറിഞ്ഞു. എല്ലാം ഷാജി മുള്ളൂക്കാരൻ സ്നേഹപൂർവ്വം പറഞ്ഞുതന്നു. സ്വന്തം തൊഴിൽ പരമായ തിരക്കുകൾക്കും അലച്ചിലുകൾക്കുമിടയിലും മെയിലായും ചാറ്റായും തന്റെ ഇന്ദ്രധനുസ്സ് ബ്ലോഗിൽ കമന്റായും ഒക്കെ ബ്ലോഗ് സംബന്ധമായി വരുന്ന സംശയങ്ങൾക്കെല്ലാം മറുപടിപറയാനും പുതിയ ബ്ലോഗ്ടിപ്പുകളും ട്രിക്കുകളും നിർമ്മിച്ചു നൽകാനും സമയം കണ്ടെത്തുന്ന ഈ ചെറുപ്പക്കാരൻ ഒരു വ്സ്മയം തന്നെ. തീർച്ചയായും മുള്ളൂക്കാരൻ എന്നെങ്കിലും ഒരിക്കൽ ഇന്നുള്ളതിലും എത്രയോ ഏറെ വാഴ്തപ്പെട്ടവനാകും; ബൂലോകത്തിന് അകത്തും പുറത്തും. ആദ്യാക്ഷരി അപ്പുമാഷ് ഈ മീറ്റിന് ഇല്ലായിരുന്നു. അദ്ദേഹത്തെയും ഞാൻ ഇതേമാതിരി വാഴ്തപ്പെടാൻ ഇഷ്ടപ്പെടുന്നു.

കാരണം എങ്ങനെയൊക്കെയോ അനല്പമായി ലഭിച്ച അറിവുമായി ബ്ലോഗ് തുടങ്ങി പകച്ചു നിൽക്കുമ്പോൾ സംശയം ചോദിക്കാൻ ആരെയും കിട്ടാതിരിക്കേ, ബ്ലോഗൊരുക്കുകളുടെ ‘ആകെമൊത്തം ടോട്ടൽ‘ കാര്യങ്ങൾ മിനക്കെട്ടിരുന്ന് ഞാൻ നോക്കി പഠിച്ച ബ്ലോഗുകളാണ് ആദ്യാക്ഷരി, ഇന്ദ്രധനുസ്സ് മുതലായവ. ബ്ലോഗിംഗിൽ ഞാൻ സാമാന്യ ബിരുദമെടുത്ത എന്റെ സർവ്വകലാശാലകൾ ആണ് അവ. നിങ്ങൾ തരുന്ന എല്ലാ ട്രിക്കുകളും ടിപ്പുകളും ബ്ലോഗിൽ പ്രയോഗിച്ചാൽ പിന്നെ ബ്ലോഗ് ചലിക്കില്ലെന്നും, ലോഗിം സമയം നീണ്ടുപോകുന്നതുകാരണം ബ്ലോഗിൽ വരുന്നവർ ക്ഷമകെട്ട് ഇറങ്ങിയോടുമെന്നും മുള്ളൂക്കാരനോട് തമാശപറഞ്ഞത് ആസ്വദിച്ചുകൊണ്ട് അത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ സംബന്ധിക്കുന്ന കാര്യങ്ങൾ അല്പം വിശദമായി തന്നെ മുള്ളൂകാരൻ പറഞ്ഞുതന്നു. എനിക്കാണെങ്കിൽ ബ്ലോഗിൽ ഉപയോഗിക്കാവുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നാണാഗ്രഹം. എല്ലാം ഒരു ബ്ലോഗിൽ ചെയ്യാൻ പറ്റാ‍ത്തതുകൊണ്ട് പല ബ്ലോഗിലായിട്ടാണ് ഞാൻ ഓരോന്ന് പ്രയോഗിക്കുന്നത്. എന്റെ ഏതൊരു ബ്ലോഗിലും ഇന്ദ്ര ധനുസ്സിന്റെയും ആദ്യാക്ഷരിയുടെയും ഇൻഫ്യൂഷന്റെയും ഒക്കെ ഒരു സ്വാധീനം ഉണ്ടാകും. എന്റെ അഭിപ്രായത്തിൽ ഇത്തരം സേവനങ്ങളെ ബൂലോകവാസികൾ അർഹമായ അവാർഡുകൾ നൽകി ആദരിക്കേണ്ടതാണ്. എന്തായാലും മുള്ളൂക്കാരനെ നേരിട്ട് കണ്ടതിലും പരിചയപ്പെട്ടതിലുമുള്ള എന്റെ അതിരറ്റ ആഹ്ലാദം ഞാൻ ഇവിടെ പങ്കു വയ്ക്കുന്നു. മുള്ളൂക്കാരൻ കീ ജയ്!

തന്റെ സ്വന്തം ബൂലോക ആശ്രമത്തിൽ ഇരുന്നിട്ട് ഇരിപ്പുറയ്ക്കാതെ ബൂലോകത്തെ മൊത്തമായും നെഞ്ചേറ്റി ലാളിച്ച് അതിന്റെ പ്രചാരണത്തിനും വളർച്ചയ്ക്കും വേണ്ടി ഉത്സാഹപൂർവ്വം ഓടി നടക്കുന്ന മറ്റൊരു വിസ്മയമാണ് ബൂലോകമഹാകവിയെന്നു ചേർക്കാതെ പേരു പറഞ്ഞാൽ കോപിക്കാൻ സാദ്ധ്യതയുള്ള, ഗ്രന്ധകാരൻ കൂടിയായ നമ്മുടെ സ്വന്തം കാപ്പിലാൻ. ബൂലോകത്ത് എന്തുനടക്കുന്നുവെന്ന് അതിന്റെ പുറം ലോകത്തുള്ളവരെക്കൂടി അറിയിക്കുവാൻ തുടങ്ങിയ ബൂലോകം ഓൺലെയിൻ എന്ന ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പത്രസംരഭകരിലൊരാൾമുഖ്യനായ കാപ്പിലാൻ പെട്ടിയിൽ ബൂലോകം ഓൺലെയിൻ പത്രത്തിന്റെ കോപ്പികൾ കൊണ്ടുവന്നിരുന്നു. അത് പാവപ്പെട്ടവൻ മീറ്റിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി. ബ്ലോഗ് പത്രത്തിൽ എഴുതാൻ എല്ലാവരെയും കാപ്പിലാൻ സന്തോഷപൂർവ്വം ക്ഷണിച്ചു. ബൂലോകം ബ്ലോഗ്പത്രത്തിന്റെ പ്രകാശന ചടങ്ങ് റിപ്പോർട്ട് ചെയ്ത എന്നെ കണ്ടയുടൻ തന്നെ അദ്ദേഹം അടുത്ത് വിളിച്ച് സംസാരിച്ചു. ഈ കാപ്പിലാനെയും ബ്ലോഗിൽ വന്ന അന്നുമുതൽ ഞാൻ കാണാൻ ആഗ്രഹിച്ചിരുന്നതാണ്. കാപ്പിലാനെ പോലുള്ളവർ നമ്മുടെ ബൂലോകത്തിന് ഒരാവേശം തന്നെ!

ബ്ലോഗ് മീറ്റ് നടക്കുമ്പോൾ അതിന്റെ ലൈവ് കാണിക്കുന്നതും ഫോട്ടോ എടുക്കുന്നതും അത് പബ്ലിഷ് ചെയ്യുന്നതും ഒക്കെ ബ്ലോഗ്ഗർമാർ തന്നെയാണ്. അക്കാര്യത്തിൽ നമ്മൾ ബൂലോകവാസികൾ സ്വയം പര്യാപ്തരാണ്. ബൂലോകത്തിന്റെ സ്വന്തം ഫോട്ടോഗ്രാഫറായ ഹരീഷ് തൊടുപുഴ മീറ്റിനു വന്നിട്ട് ക്യാമറ താഴെ വച്ചിട്ടില്ല. ഒപ്പം മറ്റൊരു ക്യാമറയുമായി അപ്പൂട്ടൻസും. ക്യാമറകൊണ്ടുവന്നവരെല്ലാം ചിത്രങ്ങൾ എടുത്തെങ്കിലും എല്ലാവർക്കുംവേണ്ടി ചിത്രങ്ങളെടുക്കാൻ ചുമതലയെടുത്തവർ അവരായിരുന്നു. ഇതിൽ ഹരീഷ് തൊടുപുഴയെയും ഞാ‍ൻ ആദ്യമായി കാണുന്നതാണ്. തൊടുപുഴയിൽ വച്ച് മീറ്റ് നടക്കാതെ പോയതിലുള്ള നിരാശ ഹരീഷിന്റെ മുഖത്ത് ഉള്ളതു പോലെ തോന്നി. സാരമില്ല ഹരീഷ്, പ്രശ്നങ്ങൾ ഒക്കെ ഒന്നു കെട്ടടങ്ങുമ്പോൾ നമുക്ക് അങ്ങോട്ടു വന്ന് കൂടാമല്ലോ.

മീറ്റിൽ എല്ലാവരും സദസ്സിനു മുന്നിൽ വന്ന് പരിചയപ്പെട്ടുകൊണ്ടിരിക്കെ ഒരാൾക്ക് ഇങ്ങോട്ട് വരാൻ കഴിയില്ലെന്നും മൈക്ക് അങ്ങോട്ടു കൊടുക്കാമെന്നും പാവപ്പെട്ടവൻ പറഞ്ഞപ്പോൾ മുന്നിലിരുന്ന എല്ലാവരും പുറകിലേക്ക് നോക്കി. താടിയും തേജസ്സുള്ള മുഖവും ഇഷ്കളങ്കമായ ചിരിയുമായി വീൽചെയറിൽ ഇരിക്കുന്ന ഉൾക്കഴ്ച എന്ന ബ്ലോഗ് ചെയ്യുന്ന സദിക്ക് എസ്. എം ആയിരുന്നു അത്. കാൽമുട്ടിനു സുഖമില്ലാത്ത അദ്ദേഹം കായംകുളത്തു നിന്നും കാറോടിച്ച് മീറ്റിന് എത്തിച്ചേർന്നതാണ്. പിന്നെ മീറ്റിൽ പങ്കെടുത്തവരെല്ലാം അദ്ദേഹത്തെ പരിചയപ്പെടാനും സ്നേഹത്തിൽ പൊതിയാനും തിരക്കുകൂട്ടുകയായിരുന്നു. മുരുകൻ കാട്ടാക്കടയടക്കം പലരും സാദീക്കിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനും ഉത്സാഹിക്കുന്നുണ്ടായിരുന്നു. മീറ്റ് തീരുന്നതിന് കുറച്ചുമുൻപ് അദ്ദേഹം മടങ്ങാൻ നേരത്തും യാത്രയാക്കാനും സലാം പറയാനും ഷേക്ക് ഹാൻഡ് കൊടുക്കാനും ബ്ലോഗർമാർ തിരക്കു കൂട്ടി. ഈ ബ്ലോഗ്മീറ്റിനെ അവിസ്മരണീയമാക്കുന്ന ഒന്നായിരുന്നു സാദിക്കിന്റെ സാന്നിദ്ധ്യം. സൌഹൃദം തേടിയെത്തിയ സാദിക്ക് സ്നേഹതിരേകത്തിന്റെ ഉഷ്ണ-ശൈത്യങ്ങൾ ശരിക്കും സമ്മാനിച്ചു തന്നെയാണ് സഹബ്ലോഗർമാർ യാത്രയാക്കിയത്.

സജ്ജീവേട്ടൻ ഇത്തവണയും മീറ്റിൽ പങ്കെടുത്തവരുടെ കാരിക്കേച്ചർ വരച്ചു. ഡോ. ജയൻ ദാമോദരനും ഞാനും ചിത്രകലയ്ക്ക് വേഗം വഴങ്ങുന്ന മുഖങ്ങളല്ലെന്ന് സജ്ജീവേട്ടൻ വെളിപ്പെടുത്തിയെങ്കിലും ഞങ്ങളെയും നന്നായി വരച്ചു തന്നു. വരച്ചുകൊണ്ടിരിക്കെ ചിലരെ ഇടത്തേയ്ക്ക് ചരിഞ്ഞു നോക്കാൻ പറയും. ചിലരോട് അദ്ദേഹംതന്നെ ചിരിച്ചുകാണിച്ചുകൊണ്ട് ചിരിക്കാൻ പറയും. പിന്നെ തൊഴിൽ പരമായി എന്തു ചെയ്യുന്നു എന്ന് ചോദിക്കും. അതനുസരിച്ചായിരിക്കും ചിത്രത്തിലെ വേഷം. നിമിഷങ്ങൾക്കുള്ളിൽ കരിക്കേച്ചർ റെഡി. ജയൻ ഡോക്ടർക്ക് കാതിൽ സ്റ്റെതസ് സ്കോപ്പ്. എന്റെ വെള്ളമുണ്ടും ഷർട്ടും കണ്ട് രാഷ്ട്രീയമാണോ എന്ന് ചോദിച്ചു. ആണെന്നു വേണമെങ്കിൽ പറയാം എന്ന് പറഞ്ഞപ്പോൾ ഗ്രൂപ്പേതെന്ന തമാശച്ചോദ്യം. വെളിപ്പെടുത്തില്ലെന്ന് ഞാനും. നിമിഷങ്ങൾക്കുള്ളിൽ കക്ഷത്ത് ഒരു ഡയറിയുമായി മുണ്ടും നൂത്തിട്ട് ഞാൻ നടക്കുന്ന ചിത്രം വരച്ചുതന്നു. അങ്ങനെ കാരിക്കേച്ചറിൽ ഞാൻ ഒരു എം.എൽ.യോ എം. പിയോ ഒക്കെ ആയി!

ഒരു സംഭവമായി കുമാരൻ തലേദിവസമേ മീറ്റിനെന്ന വ്യജേന എറണാകുളത്തെത്തി കൊച്ചി അധോലോകത്തെ നായകളുമായി- സോറി- നായകന്മാരുമായി ചേർന്ന് കുമാരസംഭവങ്ങൾ എന്ന ഭീകര ഗ്രന്ധം വിറ്റതായും തലനാരിഴയിൽ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടാണ് മീറ്റിലെത്തിയതെന്നും സ്ഥിരീകരിക്കാത്ത വർത്തയുണ്ട്. അന്വേഷണത്തിലിരിക്കുന്ന കേസായതിനാൽ പോലീസ് സംഗതികൾ രഹസ്യമാക്കി വച്ചിരിക്കുകയാണത്രേ. ബ്ലോഗ് മീറ്റിനുള്ളിലും ഇതിനകം നിരോധീക്കപ്പെട്ട ഭീകരനർമ്മങ്ങൾ കുത്തിനിറച്ച കുമാര സംഭവങ്ങൾ വിൽക്കാൻ ശ്രമിച്ചവരെയും അതിനു സഹയിച്ച പാവപ്പെട്ടവനെയും പോലീസ് തിരയുന്നുണ്ട്. വട്ടിയിലും കുട്ടയിലും ഭീക്രഗ്രന്ധവും ചുമന്ന് സമ്മേളനങ്ങളും മറ്റും നടക്കുന്ന സ്ഥലങ്ങളിൽ നുഴഞ്ഞുകയറി വില്പന ചെയ്യുന്നതായി നേരത്തേ ചില ബ്ലോഗർമാർ പോലീസിൽ രഹസ്യവിവരം നൽകിയിരുന്നു. മര്യാദയ്ക്ക് നടക്കുന്ന വായനാകുതുകികളെ ഭീകരനർമ്മം വായിപ്പിച്ച് ചിരിപ്പിച്ച് കുടൽകലക്കികുടൽമാല പുറത്തെടുത്ത് കഴുത്തിലിട്ട് നൃത്തമാടി അർത്തട്ടഹസിക്കുന്നുവെന്ന അതീവ ഗുരുതരനായ ക്രിമിനൽ കുറ്റമാണ് കുമാരനു മേൽ ആരോപിച്ചിരിക്കുന്നത്. ഒരിക്കൽ അറസ്റ്റിലായ കുമാരൻ പോലീസുകാരെ പ്രലോഭിപ്പിച്ച് തന്റെ പുസ്തകം വയിപ്പിച്ച് ചിരിപ്പിച്ച് പോലീസിന്റെ വീര്യം കെടുത്തി രക്ഷപ്പെട്ടതിന് കണ്ണൂരിൽ നിലവിൽ വേറെയുംകേസുണ്ട്. രണ്ടു പോലീസുകാർ ഈ സംഭവത്തിൽ സസ്പെൻഷനിലായിരുന്നു. ബൂലോകത്തെ കേന്ദ്രീകരിച്ചാണ് ഇതിയാന്റെ പ്രവർത്തനങ്ങൾ കൂടുതലും നടക്കുന്നത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോ(ബൂ)ലോക നയകനയ കാപ്പിലാനുമായി രചനാപരമായ ചില നിഗൂഢ കരാറുകളിസ്ൽ ഏർപ്പെട്ടതായി കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ നിന്നും കുമാരന്റെ വിദേശബന്ധം വെളിവാക്കപ്പെട്ടിട്ടുണ്ട്. ബൂലോകം ഓൺലൈൻ വഴി ഭീകരനർമ്മഗ്രന്ധം രാജ്യം വിട്ടുപോകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കൊച്ചിയിലേതാണ്ടൊരു ചാണ്ടിക്കുഞ്ഞ് വെളിപ്പെടുത്തിയിട്ടുമുണ്ട്.

മീറ്റ് തുടങ്ങി ഞാൻ എന്നെ പരിചയപ്പെടുത്തിയീട്ട് സീറ്റിൽ വന്നിരിക്കുമ്പോൾ കണ്ണാടികൊണ്ട് മുഖം രക്ഷിക്കുന്ന ഒരു ചെറുപ്പക്കാരൻ വന്ന് എന്റെ കാതിൽ പറഞ്ഞു ഒന്നു കാണണമെന്ന്. ഞാനൊന്നു ഞട്ടി. ഇവനാര്? അമേരിക്കയുടേ കറുത്ത കൈകളുടെ പ്രവർത്തന ഫലമായി മീറ്റിലേയ്ക്ക് നുഴഞ്ഞു കയറിയ ആഗോള ഭീകരന്മാരോ ചാരന്മരോ മറ്റോ ആണോ? എന്തായാലും നേരിടുകതന്നെയെന്നുറച്ച് ചെല്ലുമ്പോഴാണ് ഭീകരൻ പേരു പറഞ്ഞത്; മലബാർ മേഖലയിലിരുന്ന് ബ്ലോഗ് തിന്നുന്ന കൊട്ടോട്ടിക്കാരൻ! കൊട്ടോട്ടി എന്നത് വീട്ടുപേരാണെന്നും ആ വീട് നമ്മുടെ നാട്ടിലാണെന്നും ആകയാൽ നമ്മൾ ഒരു നാട്ടുകാരാണെന്നും ആ കൂട്ടിമുട്ടലിൽ വെളിപ്പെടുത്താനാണ് കാതിൽ മന്ത്രവുമായി എത്തിയത്. ഇനി വീണ്ടും ഇങ്ങ് തെക്കോട്ട് വീടുംകുടിയും വച്ച് കെട്ടിയെടുക്കുന്നുവത്രേ! അപ്പോൾ നേരിൽ കാണാമെന്നൊരു കടുത്ത ഭീഷണിയും. വരട്ടെ വേണ്ടിവന്നാൽ “കൊട്ടെഷൻബ്ലോഗുകാരെ“ വച്ച് നേരിടും!

വിസ്താരഭയത്താൽ എല്ലാവരുടെയും പേരു വിവരങ്ങൾ എടുത്തു പറഞ്ഞ് വിശദീകരിക്കുന്നില്ല. മീറ്റിനെത്തി പരിചയപ്പെട്ട പലരെക്കുറിച്ചും ഇനിയും എഴുതാനുണ്ടെങ്കിലും തൽക്കാലം ഇത്രയിൽ ഒതുക്കുന്നു. മാത്രവുമല്ല പലരുടെയും യഥാർത്ഥപേരും ബ്ലോഗർ പേരും ബ്ലോഗിന്റെ പേരും യു.ആർ.എലും ഒക്കെ ചേർന്ന സങ്കീർണ്ണതകളും സ്വതവേയുള്ള ഓർമ്മപ്പിശകും കാരണം പലരുടെയും പേരൊക്കെ മറന്നുപോയി. എന്തായാലും ഈ മീറ്റ് നല്ലൊരു അനുഭവമായി. ഇനിയും ഇത്തരം ഒത്തുചേരലുകളുടേതായ പ്രത്യാശകൾ പങ്കുവച്ചുകൊണ്ടാണ് മീറ്റിനെത്തിയ എല്ലാവരും യാത്രപറഞ്ഞത്. മീറ്റിന്റെ സംഘാടനത്തിന് നേതൃത്വം നൽകിയ യൂസഫ് അടക്കമുള്ള എറണാകുളത്തെ ബ്ലോഗർ സുഹൃത്തുക്കളോടുള്ള നന്ദിയും ഇവിടെ പ്രകാശിപ്പിക്കുന്നു.

കവയിത്രി രമ്യ ആന്റണി നിര്യാതയായി

കവയിത്രി രമ്യ ആന്റണി നിര്യാതയായി

ഒടുവില്‍ മരണത്തിന്റെ ഇംഗിതത്തിനു മുന്നില്‍ രമ്യ ദുര്‍ബലയായി; സ്നേഹം കൊണ്ടും കവിതകൊണ്ടും മരണത്തോട് സംവദിച്ച് സംവദിച്ച് രമ്യ ഒടുവില്‍ അനുതാപപൂര്‍വ്വം മരണത്തിനു കീഴ്പെട്ടു.

കവയിത്രി രമ്യാ ആന്റണി (24) നിര്യാതയായി. കാന്‍സര്‍ ബാധിതയായി ഒരു വര്‍ഷമായി ആര്‍.സി.സി യില്‍ ചികിത്സയിലായിരുന്നു. ബ്ലോഗിൽ കവിതകൾ എഴുതിയിരുന്നു. ഓര്‍ക്കൂട്ട്, കൂട്ടം, ഫെയ്സ് ബൂക്ക്, തുടങ്ങിയ കൂട്ടായ്മകളിലൂടെ പ്രശസ്തയായിരുന്നു രമ്യ. ശലഭായനം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പര്‍ശം എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു. തിരുമലയിലാണ് താമസിച്ചിരുന്നത്. അച്ഛന്‍ ആ‍ന്റണി, അമ്മ ജാനറ്റ്. സഹോദരങ്ങള്‍ ധന്യ, സൌമ്യ.

രമ്യ ആന്റണിയ്ക്ക് ആദരാഞ്ജലികള്‍!

ബ്ലോഗ്പത്രം “ബൂലോകം ഓണ്‍ലൈന്‍” പ്രകാശനം ചെയ്തു

ബ്ലോഗ്പത്രം “ബൂലോകം ഓണ്‍ലൈന്‍” പ്രകാശനം ചെയ്തു

പോസ്റ്റിന്റെ രത്നച്ചുരുക്കം: ഇന്ത്യയില്‍ ആദ്യത്തെ ബ്ലോഗ് പത്രം “ബൂലോകം ഓണ്‍ലൈന്‍” തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ 2010 ജൂലായ് 31-ന് വൈകുന്നേരം പ്രകാശനം ചെയ്തു. ചടങ്ങില്‍ സാമൂഹ്യ-രാഷ്ട്രീയ- കലാ- സാഹിത്യരംഗത്തെ പ്രശസ്തര്‍ വിശിഷ്ടാതിഥികളായി. ബ്ലോഗര്‍മാര്‍ ഉള്‍പ്പെടെ നല്ലൊരു സഹൃദയ സദസ്സും ചടങ്ങിനു സാക്ഷ്യം വഹിച്ചു.

പുസ്തകങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും ബൂലോകത്തിന് അകത്തുനിന്നും പുറത്തുനിന്നും വായനക്കാരെ ലഭിക്കുന്നു. എന്നാല്‍ ബ്ലോഗ് രചനകളാകട്ടെ ബൂലോക വായനയില്‍ മാത്രം ഒതുങ്ങിപ്പോകുന്നു. ഇതിനൊരു പരിഹാരമാണ് ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ്പത്രം. ഇനി ഇതിലൂടെ മികച്ച ബ്ലോഗ് രചനകള്‍ അച്ചടി മഷി പുരണ്ട് ബൂലോകത്തിനു പുറത്തും വായിക്കപ്പെടാന്‍ പോകുന്നു. കാലം ആവശ്യപ്പെടുന്ന ഈ ഒരു മഹനീയ സംരംഭം ഒരു നിയോഗം പോലെ സ്വയം ഏറ്റെടുത്തു കൊണ്ട് ബൂലോകത്തെയും സാഹിത്യത്തെയും സര്‍വ്വോപരി മലായാള ഭാഷയെയും സ്നേഹിക്കുന്ന ഏതാനും സുഹൃത്തുക്കള്‍ രംഗത്ത് വന്നതിലുളള സന്തോഷം ആദ്യം തന്നെ അറിയിച്ചു കൊള്ളട്ടെ! ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന്റെ സംഘാടകര്‍ക്ക് ഒരായിരം നന്ദി; അഭിനന്ദനങ്ങള്‍!

അങ്ങനെ ബ്ലോഗര്‍മാര്‍ക്ക് തങ്ങളുടെ മികച്ച രചനകളെ അച്ചടി മഷി പുരട്ടാന്‍ ഇതാ ഒരു സംരഭത്തിനു നാന്ദി കുറിച്ചിരിക്കുന്നു. ബൂലോക പ്രവര്‍ത്തകരും, മലയാള ഭാഷയെയും സാഹിത്യത്തെയും അളവറ്റ് സ്നേഹിക്കുന്നവരുമായ ഏതാനും പ്രവാസി സുഹൃത്തുക്കളാണ് സംരംഭകര്‍. ഒപ്പം നില്‍ക്കാന്‍ ധാരാളം ബൂലോക സുഹൃത്തുക്കളും. കാലം ആവശ്യപ്പെടുന്ന ഈ സംരംഭം ഇന്ത്യയില്‍ ആദ്യമെന്ന സംഘാടകരുടെ അവകാശവാദം ഈയുള്ളവന്റെ അറിവു വച്ച് നിഷേധിക്കാന്‍ കഴിയില്ല. 2010 ആഗസ്റ്റ് 31-ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ലളിതവും പ്രൌഢ ഗംഭീരവുമായ ചടങ്ങില്‍ വച്ച് ബൂലോകത്തിന്റെ സ്വന്തമാകാന്‍ പോകുന്ന ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ്പത്രം പ്രകാശനം ചെയ്യപ്പെട്ടിരിക്കുകയാണ്. ബ്ലോഗുകളില്‍ വരുന്ന മികച്ചരചനകളും മറ്റ് ബൂലോക വിശേഷങ്ങളും ബൂലോകത്തിനു പുറത്തുള്ള വായനാക്കാരിലേയ്ക്കു കൂടി എത്തിക്കുകയാണ് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ ലക്ഷ്യം. ബ്ലോഗ്സാഹിത്യത്തെയും മുഖ്യധാരാ സാഹിത്യത്തെയും പരസ്പരം കൂട്ടിയിണക്കുവാനും, ബ്ലോഗുകള്‍ക്ക് കൂടുതല്‍ പ്രചാരവും സാമൂഹ്യമായ അംഗീകാരവും നേടിയെടുക്കുവാനും ഈ സംരഭം സഹായകരമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ബൂലോകത്ത്നിന്ന് പുസ്തകങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാതൃഭൂമി ബ്ലോഗനയിലൂടെ ഏതാനും മികച്ച ബ്ലോഗ് രചനകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനപ്പുറം ബൂലോകത്തിനു പുറത്ത് ബ്ലോഗ് രചനകള്‍ക്ക് നമ്മുടെ നാട്ടില്‍ ഇനിയും പ്രചാരം വന്നിട്ടില്ല. ഏറെ വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ശേഷമാണ് ധരാളം മികച്ച രചനകള്‍ പുസ്തകങ്ങള്‍ ആകുന്നത്. അതുവഴി ബ്ലോഗര്‍മാരില്‍ ചിലര്‍ക്കും മറ്റ് മുഖ്യധാരാ എഴുത്തുകാര്‍ക്കൊപ്പം അറിയപ്പെടുന്ന എഴുത്തുകാരാകാന്‍ കഴിഞ്ഞിട്ടുണ്ട്. ബൂലോക വാസികള്‍ക്ക് പിന്നെ ആകെ ഒരു പ്രോത്സാഹനം അച്ചടി മാദ്ധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന എന്ന പംക്തി മാത്രമാണ്. അതിലൂടെ ചില മികച്ച ബ്ലോഗ് രചനകള്‍ ബൂലോകത്തിനു പുറത്തും വായിക്കപ്പെടുന്നുണ്ട്. ബ്ലോഗുകള്‍ എന്ന അവനവന്‍ പ്രസാധനത്തെ അംഗീകരിക്കുവാന്‍ നമ്മുടെ മറ്റ് പരമ്പരാഗത മാധ്യമങ്ങള്‍ ഇപ്പോഴും മടി കാണിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ബ്ലോഗിതര പരമ്പരാഗത മാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ചിലര്‍ ബ്ലോഗുകളെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട് താനും! എന്നാല്‍ ബ്ലോഗുകളെ എഴുത്തിന്റെയും വായനയുടെയും ഒരു സമാന്തര മേഖലയായി പോലും കാണുവാനും അംഗീകരിക്കുവാനും ബ്ലോഗിതര പരമ്പരാഗത മാദ്ധ്യമങ്ങളും എഴുത്തുകാരും തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. ഇത് ഒരു തരം അസൂയയും കോമ്പ്ലക്സും ഗമയും മാത്രമാണ്. അതെന്തുമാകട്ടെ ബ്ലോഗുകള്‍ക്ക് ലോകമാകെ സ്വീകാര്യതയും അംഗീകാരവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍, കണ്ടെത്തലുകളുടെ നാള്‍വഴിയില്‍ തെളിഞ്ഞ അറിവിന്റെ ഈ വെള്ളിവെളിച്ചത്തെ ആര്‍ക്കാണ് ഇവിടെ മാത്രം എക്കാലത്തും മറച്ചു പിടിക്കാനാകുക?

നാളെ അച്ചടിയുടെ ഭാവി എന്തെന്ന് നമുക്കറിയില്ല. എഴുത്തും വായനയും എല്ലാം കമ്പ്യൂട്ടറിലും ഇന്റെര്‍നെറ്റിലുമായി മാത്രം ഒതുങ്ങുന്ന ഒരു കാലം വന്നേക്കാം. എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം, എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍, എല്ലാവര്‍ക്കും ഇന്റെര്‍നെറ്റ് കണക്ഷന്‍ എന്നിവയുള്ള ഒരു കാലം. സ്കൂളില്‍ കുട്ടികളും അദ്ധ്യാപകരും ലാപ് ടോപ്പുമായി പോകുകയും പുസ്തകക്കെട്ടുകള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലം. എല്‍. സി. ഡി മോണിട്ടര്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളില്‍ ഇരിക്കുന്ന കുട്ടികള്‍. വിദ്ദൂരത്ത് ഒരു കേന്ദ്രത്തിലിരുന്ന് ഏറ്റവും വിദഗ്ദ്ധരായ അദ്ധ്യാപകര്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലെയും (കോളേജുകളിലും അതേ) കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സെടുക്കുന്ന ഒരു കാലം. അദ്ധ്യാപകര്‍ ക്ലാസ്സിന്റെ മേല്‍നോട്ടക്കാരും അത്യാവശ്യം വിശദീകരണം നല്‍കുന്നവരുമായി മാറുന്ന ഒരു കാലം. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേരളത്തില്‍ ( ഇന്ത്യയിലും ലോകത്തും എന്നൊക്കെയുള്ള അര്‍ത്ഥത്തിലും എടുക്കാം) എവിടെയുമുള്ള കുട്ടികളുമായും അദ്ധ്യാപകരുമായി സംവദിക്കുന്ന ഒരു കാലം. കുട്ടികള്‍ ഓണ്‍ലൈനായി പരീക്ഷയെഴുതി അപ്പപ്പോള്‍ തന്നെ പരീക്ഷാഫലം അറിയുന്ന ഒരു കാലം. ചുരുക്കത്തില്‍ ഒക്കെയും ഓണ്‍ലൈനാകുന്ന എല്ലാവരും എപ്പോഴും ഓണ്‍ലൈനിലാകുന്ന ഒരു കാലം. ഇങ്ങനെ പോയാല്‍ തീര്‍ച്ചയായും അങ്ങനെയൊക്കെയുള്ള ഒരു കാലം വരും.

അന്ന് അച്ചടിച്ച പുസ്തകങ്ങളോ പത്രങ്ങളോ മറ്റ് ആനുകാലികങ്ങളോ ഉണ്ടാകുമോ എന്നറിയില്ല. പുസ്തങ്ങള്‍ ശേഖരിക്കപ്പെടുന്ന വായന ശാലകള്‍ വരും കാലത്ത് കേവലം ഓര്‍മ്മകള്‍ മത്രമായി മാറുമോ എന്നുമറിയില്ല. എന്തായാലും അന്നും ഒരു കാര്യം ഉറപ്പ് ; വായന മരിക്കില്ല. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വായന നിലനില്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. കാരണം പുസ്തകങ്ങള്‍ വായനശാലകളില്‍ ഇരുന്ന് മാറാല കെട്ടുമ്പോഴും സമാന്തരമായ വായനയുടെ ഒരു പുതിയ ലോകം ആവിര്‍ഭവിച്ച് വികസിച്ചു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നാം അനുഭവിച്ചറിയുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്ലോഗുകള്‍. എല്ലാവരും എഴുത്തുകാരും, എല്ലാവരും പത്രപ്രവര്‍ത്തകരും, എന്തിന് എല്ലവരും പത്രാധിപന്മാര്‍ പോലുമാകുന്ന ഒരു ലോകമാണ് ബ്ലോഗുകള്‍ സമ്മാനിക്കുന്നത്. ഇനി ജേര്‍ണലിസ്റ്റുകള്‍ അല്ലാത്തവര്‍ എന്നൊരു തരംതിരിവിന് നിലനില്പില്ല. കാരണം ആരും ഏതു സമയത്തും ഒരു ജേര്‍ണലിസ്റ്റായി മാറാം. എഴുത്തിന്റെയും വായനയുടെയും ലോകത്ത് ഇനി ഒരു വരേണ്യവല്‍ക്കരണം അസാദ്ധ്യമാണ്. അതുകൊണ്ട് ബ്ലോഗിംഗിനെ വെറും നേരം പോക്കായി എഴുതി തള്ളാന്‍ വരട്ടെ. ഇത് ഗൌരവമുള്ള ഒരു മാധ്യമമാണ്. മാധ്യമ പ്രവര്‍ത്തനമാണ്.

ഇതൊക്കെ ഇനി സംഭവിക്കാന്‍ പോകുന്ന അഥവാ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍. എന്നാല്‍ നിലവില്‍ കമ്പ്യൂട്ടറിന്റെയും ഇന്റെര്‍നെറ്റിന്റെയും ലോകത്ത് സമൂഹത്തിലെ നേരിയൊരു വിഭാഗം മാത്രമേ കടന്നു വന്നിട്ടുള്ളു. ബഹുഭൂരിപക്ഷം ബൂലോകത്തിനു പുറത്താണെന്ന് സാരം. വിദ്യാസമ്പന്നരില്‍ തന്നെ നല്ലൊരു പങ്കും കമ്പ്യൂട്ടറിനും ഇന്റെര്‍നെറ്റിനും മുന്നില്‍ ഇന്നും പകച്ചു നില്‍ക്കുന്നതേയുള്ളു. കറണ്ടടിക്കുമെന്ന് പേടിച്ച് കീബോര്‍ഡില്‍ പോലും തൊടത്തവര്‍ പോലുമുണ്ട് അവരില്‍. തങ്ങള്‍ക്ക് അപ്രാപ്യമായ എന്തെല്ലാമോ ആണ് കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സാദ്ധ്യതകളും എന്ന് ഇവര്‍ വൃഥാ തെറ്റിധരിക്കുന്നു. ഇത് മാറിവരാന്‍ ഇനിയും അല്പകാലങ്ങളെടുത്തേക്കും. ഞാന്‍ സൂചിപ്പിക്കുന്നത് വായനക്കാരും എഴുത്തുകാരും അധികവും ഇന്നും ബൂലോകത്തിന് പുറത്താണെന്ന വസ്തുതയാണ്. ഈ ഒരു സാഹചര്യത്തിലാണ് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ പ്രസക്തി. ഇതുവഴി ബൂലോകത്തിനു പുറത്തുള്ളവര്‍ക്ക് ബൂലോകത്ത് എന്ത് നടക്കുന്നുവെന്ന് അറിയാനും മികച്ച ബൂലോക രചനകള്‍ പത്രത്തിലൂടെ വായിക്കുവാനും കഴിയും . ബൂലോകത്തെക്കുറിച്ച് മനസിലാക്കി കൂടുതല്‍ പേര്‍ക്ക് അങ്ങോട്ടേയ്ക്ക് കടന്നുവരാന്‍ ഇത് അവസരമകും. അതുപോലെ തന്നെ ബ്ലോഗര്‍മാര്‍ക്ക് ബൂലോകസൃഷ്ടികള്‍ അച്ചടി മഷി പുരണ്ട് കാണുവാനും തങ്ങളുടെ സൃഷ്ടികള്‍ ബൂലോകത്തിനു പുറത്തുള്ളവരിലേയ്ക്ക് കൂടി എത്തിയ്ക്കുവാനും കഴിയും . ഇതിലൂടെ ബ്ലോഗെഴുത്തുകള്‍ക്ക് കുറച്ചുകൂടി പ്രചരവും സാമൂഹ്യമായ അംഗീകാരവും ലഭിക്കുമെന്നും പ്രത്യാശിക്കാം.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ലളിതവും പ്രൌഢഗംഭീരവുമായ ചടങ്ങില്‍ വച്ച് ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ്പത്രത്തിന്റെ പ്രകാശനം വി.ശിവന്‍ കുട്ടി എം.എല്‍.എ പ്രശസ്ത കഥാകൃത്ത് രഘുനാഥ് പലേരിക്ക് പത്രത്തിന്റെ പ്രതി നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. പ്രൊ.ഡി.വിനയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരന്‍ തമ്പി, മുരുകന്‍ കാട്ടാക്കട, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങി കലാ സാഹിത്യ സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ബ്ലോഗ്ഗര്‍മാര്‍ അടക്കമുള്ള ഒരു നല്ല സൌഹൃദയ സദസ്സ് പരിപാടികള്‍ക്ക് സാക്ഷിയായി. കെ.ജി സൂരജിന്റെ നേതൃത്വത്തില്‍ നടന്ന കവിയരങ്ങ് ചടങ്ങിന് മിഴിവേകി. ഡി.വിനയചന്ദ്രന്‍, മുരുകന്‍ കാട്ടാക്കട, രാജേഷ് ശിവ, ജോഷി തുടങ്ങിയവര്‍ കവിത ചൊല്ലി. ജെയിംസ് ബ്രൈറ്റ്, മോഹന്‍ ജോര്‍ജ് , അനില്‍ കുര്യാത്തി, സുനില്‍ പണിക്കര്‍, ജിക്കു വര്‍ഗ്ഗീസ്, ഖാന്‍ പോത്തന്‍ കോട് തുടങ്ങിയവര്‍ പരിപാടിയുടെ നടത്തിപ്പിനു നേതൃത്വം നല്‍കി. ഉള്ളില്‍ നിറഞ്ഞ സന്തോഷവുമായി എല്ലാത്തിനും മൂകസാക്ഷിയായി ഞാന്‍ എന്ന മഹാനവര്‍കളും! ഈയുള്ളവനോടും കവിത ചൊല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും ആ സദസ്സിലുള്ളവര്‍ ആരും ഈയുള്ളവനോട് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്തതിനാല്‍ ശിക്ഷിക്കാനില്ലെന്നും മറ്റേതെങ്കിലും അവസരത്തില്‍ മറ്റേതെങ്കിലും ഹതഭാഗ്യര്‍ക്കുമുന്നില്‍ അങ്ങനെയൊരു കടും കൈ ചെയ്തുകൊള്ളാമെന്നും പറഞ്ഞ് മഹാനവര്‍കള്‍ ഒഴിയുകയായിരുന്നു.

തുടര്‍ന്ന് നടന്ന ലഘുഭക്ഷണം എന്ന അജണ്ട അക്ഷരാര്‍ത്ഥത്തില്‍ സജീവമായ കലാ-സാഹിത്യ-ബൂലോക ചര്‍ച്ചാ വേദിയായി മാറി. ചടങ്ങിന് എത്തിച്ചേര്‍ന്ന ബൂലോകവാസികള്‍ക്ക് പരസ്പരം പരിചയപ്പെടുവാനും കഴിഞ്ഞു. ആദ്യം പ്രസ്സ്ക്ലബ്ബില്‍ എത്തി പരസ്പരം അറിയാതെ അന്യരെ പോലെ നിന്ന പലരും പിന്നീട് പരസ്പരം പേരുകള്‍ പറഞ്ഞ് പരിചയപ്പെട്ടപ്പോള്‍ അദ്ഭുതം കൊള്ളുകയും പിന്നെ സന്തോഷം കൊള്ളുകയും ബ്ലോഗുകളിലൂടെയും ഓര്‍ക്കുട്ടിലൂടെയും മറ്റും മറ്റുമുള്ള സ്വന്തവും ബന്ധവും നേരിട്ട് പുതുക്കുകയും ചെയ്തു. ഈയുള്ളവന് പിറ്റേന്നു വെളുപ്പിന് ആലുവായില്‍ ഒരു വിവാഹത്തില്‍ സംബന്ധിക്കേണ്ടതുള്ളതുകൊണ്ട് മാത്രമാണ് അല്പം നേരത്തെ, രാത്രി എട്ടരയോടെ മടങ്ങിയത്.

തിരക്കിനിടയില്‍ അന്ന് വന്ന എല്ലാവരെയും പരിചയപ്പെടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവരുടെ പേരുകളും അറിയില്ല. അത് ഇത് വായിക്കുന്നവരുടെ ഭാഗ്യം. ഇല്ലെങ്കില്‍ ഈ പോസ്റ്റ് ഇനിയും നീണ്ടുനീണ്ടു പോയേനെ! ( അല്ല, അവരില്‍ ആരെങ്കിലും ഇനി പേരു പറഞ്ഞാലും ഇത് .....). പക്ഷെ മിക്കവരെയും ഇനി കണ്ടാലറിയാം. ഏതായാലും കാണാമറയത്തിരുന്ന് പരസ്പരം ആശയവിനിമയം നടത്തിയിരുന്ന ചിലരെക്കൂടി നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ നല്ല സന്തോഷം. ഈ ഒരു സസ്പെന്‍സ് ഇന്റെര്‍നെറ്റ് ലോകത്ത് കടന്നുവരുന്ന ഏതൊരാളെയും എപ്പോഴും പിന്തുടര്‍ന്നുകൊണ്ടിരിക്കും. കാരണം കുറെ പേരെ നേരിട്ട് കണ്ട് കഴിയുമ്പോഴേയ്ക്കും കാണാമറയത്ത് നിന്ന് പുതിയവര്‍ വരും. പല പേരിലും രൂപത്തിലും ഭാവത്തിലും!

ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന് എല്ലാവിധ ഭാവുകങ്ങളും !

വാലെഴുത്ത്: ബൂലോകം ഓണ്‍ലെയിനെക്കുറിച്ച് അതിന്റെ പ്രവര്‍ത്തകര്‍ ആദ്യലക്കത്തില്‍ ആമുഖമായി പറയുന്ന വാക്കുകളില്‍ നിന്ന്:-

“ഇതൊരു നിയോഗമാണ്. അക്ഷരങ്ങളുടെ ചരിത്രത്തില്‍ ഞങ്ങള്‍ എഴുതിച്ചേര്‍ത്ത നിയോഗം. ഒരിക്കലും അച്ചടി മഷി പുരളില്ലെന്നു കരുതിയ ഒരു പുതിയ മാധ്യമത്തിന്റെ ലിഖിതരൂപം. ഇത് ബ്ലോഗര്‍മാരുടെ ഒരു സ്വപ്ന സാക്ഷാല്‍ക്കാരമാണ്. ഇന്ത്യയില്‍ ആദ്യമായാണ് ബ്ലോഗ് പേപ്പര്‍ എന്ന ഈ സങ്കല്പം പ്രാവര്‍ത്തികമകുന്നത്. ഈ പത്രത്തിന്റെ താളുകളില്‍ ബ്ലോഗര്‍മാര്‍ എഴുതിയ രചനകള്‍ നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയും...........

.........വരും കാലങ്ങളില്‍ ബ്ലോഗുകള്‍ ജനജീവിതത്തിന്റെ ഭാഗമാകും. വാര്‍ത്തകള്‍, കഥകള്‍, കവിതകള്‍ തുടങ്ങിയവ അനുവാചകരിലേയ്ക്ക് എത്തിയ്ക്കുക മാത്രമല്ല, പൊതുജനോപകാരപ്രദമായ പല കാര്യങ്ങളും ബ്ലോഗുകള്‍ വഴി ചെയ്യുവാന്‍ കഴിയും. കാലം മാറുന്നതിനനുസരിച്ച് വായനാ സങ്കല്പങ്ങളും മാറേണ്ടത് ആവശ്യമാണ്. ഇന്ന് ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും വെറും കഴ്ചക്കാരായി മാത്രം മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണല്ലോ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. നമുക്ക് പറയുവാനുള്ള കാര്യങ്ങള്‍ ആരെയും പേടിക്കതെ പ്രകടിപ്പിക്കുവാനുള്ള അവസരം നിഷേധിക്കുവാന്‍ പാടുള്ളതല്ല.

.........മലയാള ബ്ലോഗര്‍മാരുടെ രചനകള്‍ പൊതുജന സമക്ഷം എത്തിക്കുക എന്നതാണ് ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പത്രത്തിന്റെ ധര്‍മ്മം. ഇന്ന് ബ്ലോഗുകള്‍ അധികവും വായിക്കുന്നത് ബ്ലോഗര്‍മാര്‍ തന്നെയാണെന്ന് തോന്നുന്നു. പൊതുജന പങ്കാളിത്തം ഈ വളര്‍ന്നു വരുന്ന മേഖലയിലും അത്യന്താപേക്ഷിതമാണ്. ജനങ്ങള്‍ ബ്ലോഗര്‍മാരുടെ രചാകള്‍ വായിക്കുകയും വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതിനോടൊപ്പം സ്വയം ബ്ലോഗെഴുത്തുകാരായി മാറി കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പുനര്‍നിര്‍മ്മാണപ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്യണം.

ബ്ലോഗ് പേപ്പറിനെ ന്യൂസ് പേപ്പറുമായി താരതംയം ചെയ്യാന്‍ കഴിയില്ല. ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പേപ്പറില്‍ ബ്ലോഗര്‍മാര്‍ എഴുതിയിട്ടുള്ള കഥകള്‍, ലേഖനങ്ങള്‍, കവിതകള്‍ തുടങ്ങിയവയില്‍ നിന്നും തെരഞ്ഞെടുത്തവയാണ് ഈ അച്ചടി രൂപത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.........”


ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന് ഒരിക്കല്‍ കൂടി ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് തല്‍ക്കാലം ഇതങ്ങു പോസ്റ്റുന്നു!

Wednesday, August 4, 2010

പൊതുയോഗനിരോധനം പെരുവഴിയില്‍

മുന്‍മൊഴി: രാഷ്ട്രീയവും ജനാധിപത്യവും ഇഷ്ടപ്പെടുന്നതിനാല്‍ ഈ വിഷയത്തില്‍ വീണ്ടും പ്രതികരിക്കുന്നു; പൊതുയോഗനിരോധനത്തിന്റെ അര്‍ത്ഥശൂന്യതയെപറ്റി വീണ്ടും ഏതാനും വരികള്‍.....

പോസ്റ്റിന്റെ ചുരുക്കം: പൊതുവഴിയരികിലെ പൊതുയോഗനിരോധനം അപ്രായോഗികം. അനുചിതം. ജനാധിപത്യവിരുദ്ധം. അര്‍ത്ഥശൂന്യം. ഈ വിധി പരാജയപ്പെടുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നും ഈ വിധി പാലിക്കുന്നില്ല. ഇനി പാലിക്കുമെന്നും തോന്നുന്നില്ല. ഇപ്പോഴും വഴിയരികില്‍ പൊതുയോഗങ്ങള്‍ നടക്കുന്നു. പൊതുവഴിനീളെ ജാഥകളും പ്രകടനങ്ങളും നടക്കുന്നു. ഇനിയും നടക്കും. കോടതികളെ ബഹുമാനിക്കേണ്ടതുതന്നെ. പക്ഷെ ബഹുമാനപ്പെട്ട കോടതി ഇത്തരം ഒരു വിധി ഒഴിവാക്കണമായിരുന്നു. തിരുത്താന്‍ ഇനിയും സമയമുണ്ട്. തിരുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നേക്കും. കോടതിയുടെ ഗൌരവം ഇതില്ലാതാക്കും. രാഷ്ട്രീയവും നീതിന്യായവിഭാഗവും കൊമ്പു കോര്‍ക്കുന്നത് നന്നല്ല. ഒരു കോമ്പ്രമൈസായിരിക്കും നല്ലത്; എല്ലായ്പോഴും!


പൊതുയോഗനിരോധനം പെരുവഴിയില്‍

കളിതമാശയല്ല കോടതികള്‍. ഇന്ന് ഒരു നീതിപീഠം പറയുന്ന വിധി നാളെ നിയമമാണ്. ഏതെങ്കിലും കോടതികള്‍ മുമ്പ് പറഞ്ഞിട്ടുള്ള വിധികള്‍ ഉദ്ധരിച്ച് സമാനമായ മറ്റ് കേസുകളില്‍ മറ്റ് കോടതികള്‍ വിധിപറയുന്ന പതിവുണ്ട്. അപ്പോള്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിയമ നിര്‍മ്മാണ സഭകള്‍ക്ക് പുറമേ കോടതികളും ഒരു പങ്ക് വഹിക്കുകയാണ്. നമ്മുടെ ഭരണഘടനയെയും നിയമങ്ങളെയും വ്യാഖ്യാനിക്കുകയും അതുവഴി ഏതു സന്ദര്‍ഭത്തിലും ജനങ്ങള്‍ക്ക് ശരിയായ നീതി ലഭ്യമാക്കുകയും ചെയ്യുക എന്ന ഗൌരവമേറിയ ധര്‍മ്മമാണ് നീതിപീഠത്തിനു നിര്‍വഹിക്കുവാനുള്ളത്. അത് നമ്മുടെ ഭരണഘടനാസംബന്ധിച്ചും നിയമങ്ങള്‍ സംബന്ധിച്ചും കാലകാലങ്ങളില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുകയും സങ്കീര്‍ണ്ണതകള്‍ മറ്റുകയും ചെയ്യുന്നു. വിവാദവിഷയങ്ങളില്‍ അത് അന്തിമ വിധി കല്പിക്കുന്നു.

നീതിപീഠം ഭരണകൂടത്തിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും ശ്രദ്ധയില്പെടാത്ത പല കാര്യങ്ങളിലും സ്വമേധയാ ഇടപെട്ട് സമൂഹത്തില്‍ നീതി അരക്കിട്ടുറപ്പിക്കുന്നു. നിയമങ്ങളെ വ്യാഖ്യാനിക്കുകയും വ്യവഹാരങ്ങള്‍ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതിനപ്പുറം നിയമനിര്‍മ്മാണത്തിന്റെ മേഖലയിലും അത് അവശ്യം കൈവയ്ക്കുന്നു. അങ്ങനെ നിയമ വ്യവസ്ഥയ്ക്കും നിയമനിര്‍മ്മാണസഭയ്ക്കും ഒരു കൈ സഹായം കൂടിയാണ് നീതി പീഠം പലപ്പോഴും. കടുത്ത പരസ്യ വിമര്‍ശനങ്ങളില്‍നിന്നു പോലും ജനം കോടതിയെ ഒഴിച്ചു നിര്‍ത്തുന്നതും ഒരര്‍ത്ഥത്തില്‍ ജനകീയമല്ലാത്ത ഈ ജനാധിപത്യ സ്ഥാപനത്തിന്റെ പ്രാധാന്യം ഉള്ളില്‍ വച്ചുകൊണ്ടാണ്. അല്ല്ലാതെ കോടതിയലക്ഷ്യമാകും എന്ന ഉള്‍ഭയം കൊണ്ട് മാത്രമല്ല.

നീതിപീഠങ്ങള്‍ ജനാധിപത്യവ്യവസ്ഥിതിയുടെ മാര്‍ഗ്ഗദര്‍ശിയും കാര്യദര്‍ശിയും നിരീക്ഷകനും ഭരണഘടനയുടെ സംരക്ഷകനും എല്ലാമാണ്. പോലീസ് ഉള്‍പ്പെടെയുള്ള നിയമപാലകരാകട്ടെ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരാണ്. രാഷ്ട്രീയക്കാരാകട്ടെ ജനാധിപത്യ വ്യവസ്ഥിതിയെ സചേതനവും സജീവവുമാക്കിത്തീര്‍ക്കുന്ന നാഡിഞരമ്പുകളുമാണ്. അതല്ല, നീതിപീഠമാണ്. ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാല്‍ രാഷ്ട്രീയം അതിന്റെ തുടിപ്പാണ്. തുടിപ്പ് നിലച്ചാല്‍ പിന്നെ ഹൃദയവുമില്ല ശരീരവുമില്ല. അതുമല്ല രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാല്‍ നീതിപീഠം അതിന്റെ ധമനിയാണ്. നമ്മുടെ മാധ്യമങ്ങളാകട്ടെ ജനാധിപത്യത്തിന്റെ നെടുംതൂണുകളുമാണ്. ഇവയില്‍ ഏതെങ്കിലുമൊന്ന് മറ്റൊന്നിന്റെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും.

നമ്മുടെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ജനം ആദരവു പുലര്‍ത്തണമെന്നുണ്ട്. എന്നാല്‍ മറ്റെന്തിനെക്കാളും കുറച്ച് കൂടുതല്‍ ബഹുമാനവും വിശ്വാസ്യതയും ജനം നീതിപീഠത്തിനു കല്പിച്ചുകൊടുക്കുന്നുണ്ട്. കാരണം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അനീതിയില്‍ നിന്നും അതിക്രമങ്ങളില്‍നിന്നും പോലും ജങ്ങളെ രക്ഷിക്കാന്‍ അധികാരപ്പെട്ട സ്ഥാപനമാണ് നീതി പീഠം . സാധാരണ വ്യവസ്ഥിതിയില്‍ അത് അവസാന വാക്കാണ്. ചിലപ്പോള്‍ അത് അവസാനത്തെ അത്താണിയാണ്. അതുകൊണ്ടു തന്നെ നീതിന്യായ വിഭാഗത്തിന്റെ ഉത്തരവാദിത്വം അല്പം കൂടി ഗൌരവമുള്ളതാകുന്നു. സമൂഹത്തെ ഉള്‍ക്കാഴ്ചയോടെ കാണുകയും ജനാധിപത്യത്തെ സര്‍വാത്മനാ അംഗീകരിക്കുകയും ചെയ്യുന്നവര്‍ക്കാണ് കുറ്റമറ്റ രീതിയില്‍ നീതി നടപ്പിലാക്കാന്‍ കഴിയുക. സാമൂഹ്യബോധമില്ലാത്തവര്‍ നീതി പീഠങ്ങളുടെ അമരത്തെത്തിയാല്‍ പൊതുജനത്തിനതു ദുര്‍വിധി; ജനാധിപത്യത്തിന് അത് ഭീഷണിയും!

എന്റെ അറിവു വച്ച് ഇപ്പോള്‍ ഈ പോസ്റ്റ് എഴുതുന്ന കാലയളവില്‍ കേരളത്തില്‍ ഉടനീളം ഏരിയാതലത്തില്‍ സി.പി.ഐ (എം) കാല്‍നടപ്രചരണ ജാഥകള്‍ നടന്നുവരികയാണ്. അത്തരം ഒരു ജാഥയ്ക്ക് ഞാനും അനുഭവസാക്ഷിയാണ്. സി.പി.ഐ (എം) കിളിമാനൂര്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു ആ ജാഥ. ഓരോ ദിവസവും രാവിലെ ഏകദേശം ഒന്‍പത് മണിയോടെ ആരഭിക്കുന്ന ജാഥ രാത്രിയാണ് സമാപിക്കുന്നത്. പ്രവര്‍ത്തകരുടെ നല്ല പങ്കാളിത്തമുണ്ട് ജാഥയില്‍. ഇരുനൂറിലധികം തെരഞ്ഞെടുക്കപ്പെട്ട ആളുകളാണ് ജാഥയില്‍ ഉടനീളം സഞ്ചരിക്കുന്നത്.

ജാഥ എം.സി റോഡ് ഉള്‍പ്പെടെയുള്ള പൊതു വഴിയിലൂടെ തന്നെയാണ് സഞ്ചരിച്ചത്. രണ്ടുവരികളായി ചിട്ടയോടെയാണ് ജാഥ നയിക്കപ്പെട്ടത്. ഓരോ സ്വീകരണസ്ഥലങ്ങളിലും വന്‍പിച്ച സ്വീകരണവും ജാഥയില്‍ സഞ്ചരിക്കുന്ന നേതാക്കളുടെ പ്രസംഗവുമൊക്കെയായി പൊടിപൊടിച്ചു. റോഡരികില്‍ തന്നെ സ്വീകരണ കേന്ദ്രങ്ങളും. അവിടെത്തന്നെ ഉച്ചഭാഷിണി കെട്ടിവച്ച് മണിക്കൂറുകള്‍ നീളുന്ന പ്രസംഗങ്ങള്‍. കാണാനും കേള്‍ക്കാനും നിരവധി ആളുകള്‍. പൊതുവഴികളില്‍ പൊതുയോഗം വിലക്കിയ കോടതിക്കെതിരെ തന്നെ അതിശക്തമായി വിമര്‍ശനവും നേതാക്കള്‍ പരസ്യമായി നടത്തി. നാളിതുവരെ എങ്ങനെയാണോ ജാഥയും പൊതുയോഗവുമൊക്കെ നടന്നു വന്നിരുന്നത്, അതുപോലെതന്നെ എല്ലാം. എന്നിട്ട് ആരുടെ ആകാശവും ഇടിഞ്ഞുവീണില്ല. ഗതാഗതത്തിനു പറയത്തക്ക തടസമൊന്നുംതന്നെ ഉണ്ടായിരുന്നില്ല. ആര്‍ക്കും വലിയ അസൌകര്യങ്ങള്‍ ഒന്നുമുണ്ടായില്ല.

വിവിധ സ്വീകരണ സ്ഥലങ്ങളില്‍ ഓരോന്നിലും നല്ല ജനക്കൂട്ടം ഉണ്ടായിരുന്നു. റോഡരികില്‍ തന്നെ സ്വീകരണവും പൊതുയോഗവും മണിക്കൂറുകള്‍ നീളുന്ന പ്രസംഗവും എല്ലാം. ഇത് കണ്ടും കേട്ടും നിന്നവര്‍ക്കോ കടന്നു പോയവര്‍ക്കോ ഒന്നും ഒരു കുടയും സംഭവിച്ചില്ല. ആരെയും ഇത് അലോസരപ്പെടുത്തിയില്ല. രാഷ്ട്രീയ ശത്രുക്കളില്‍ ചിലര്‍ക്ക് അലോസരം തോന്നിയിരിക്കാം. അത് പക്ഷെ റോഡരികില്‍ യോഗം നടന്നതുകൊണ്ടല്ല. അവര്‍ രാഷ്ട്രീയ എതിരാളികള്‍ ആയതുകൊണ്ട് മാത്രമാണ്. അത് സ്വാഭാവികവുമാണ്. ജാഥയില്‍ ഉടനീളം പോലീസ് എസ്കൊര്‍ട്ട് ഉണ്ടായിരുന്നു. അത് ഭരണ കക്ഷിയായതുകൊണ്ടല്ല. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇന്ന് മിക്ക ജാഥകളെയും പൊതുയോഗങ്ങളെയും പോലീസ് ശ്രദ്ധിക്കുകയും അനുഗമിക്കുകയും ചെയ്യുന്നുണ്ട്. കോടതിവിധി നടപ്പിലാക്കി ജാഥയും പൊതുയോഗവും തടയാനൊന്നും പോലീസ് ശ്രമിച്ചില്ല. കോടതികളെപോലെ ജനാധിപത്യത്തില്‍ തീരെ വിശ്വാസം നഷ്ടപ്പെട്ടവരാകില്ലല്ലോ പോലീസുകാര്‍!

സംഭവിക്കുന്നത് ഒന്നുമാത്രം; ഒരു കോടവിധി കാറ്റില്‍! അതെ, പൊതുയോഗം പൊതുവഴിയരികില്‍ത്തന്നെ , കോടതിവിധിയും “പെരുവഴിയില്‍”തന്നെ. ജനങ്ങള്‍ക്ക് വേണ്ടാത്തത് എന്തായാലും, അതുകോടതിവിധിയാണെങ്കില്‍ പോലും അത് ആരും അംഗീകരിക്കില്ലെന്നതിന്റെ തെളിവാണിത്. ബാലിശമെന്നു പറയാവുന്ന ഒരു വിധി വരുത്തിയത് വിനയല്ലാതെ മറ്റൊന്നുമല്ല. വെറുതെ നീതിപീഠത്തിന്റെ വിലകളഞ്ഞു. ഒട്ടേറെ ജനപ്രിയ വിധികള്‍ പറഞ്ഞിട്ടുള്ള നല്ല ന്യായാധിപന്മാര്‍ ഒരുപാടുണ്ട് നമുക്ക്. അവര്‍ക്കൊക്കെ അപമാനമാണ് ചില ന്യായാധിപന്മാര്‍. മറ്റ് ഭരണഘടനാ സ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ഉള്ളതിനേക്കാള്‍ കൂടുതല്‍ ബഹുമാനം നീതിന്യായവിഭാഗത്തിനോട് ജനം കാണിക്കുന്നതിന്റെ മറവില്‍ കൊടിയ അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ ചില ന്യായാധിപന്മാരില്‍ നിന്നും ഉണ്ടാകാറുണ്ട് എന്നതില്‍ നിന്നും നീതിപീഠവും സദാ സംശുദ്ധമല്ല എന്ന സന്ദേശം നമുക്ക് ഇടയ്ക്കിടെ ലഭിയ്ക്കുന്നുണ്ട്‌. അതുകൊണ്ടൊക്കെത്തന്നെ നീതിപീഠവും വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല.

പാലിക്കാതിരിക്കാന്‍ വേണ്ടി മാത്രം കോടതികള്‍ വിധിന്യാ‍യങ്ങള്‍ പുറപ്പെടുവിക്കുന്നത് ശരിയല്ല. പൊതു താല്പര്യഹര്‍ജ്ജികള്‍ വരുമ്പോള്‍ കോടതികള്‍ കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തണം. പൌരന്റെയും സമൂഹത്തിന്റെ ആകെയും ജനാധിപത്യ അവകാശങ്ങളെയും, സ്വാതന്ത്ര്യത്തെയും നിഹനിക്കുന്നതരത്തില്‍ വിധിപ്രസ്താവനകള്‍ നടത്തിയാല്‍ അത് പൊതുജനം അപ്പാടെ അനുസരിക്കുമെന്നു ധരിക്കരുത്. അനുസരിക്കാനും വേണം ഒരു സൌകര്യമൊക്കെ!

ഇപ്പോള്‍ സി.പി. ഐ(എം) മാത്രം ജാഥ നയിക്കുന്നു. തൊട്ടുപുറകെ ഓരോ പാര്‍ട്ടികളുടെയും ജാഥകള്‍ വരും. എല്ലാം റോഡിലും റോഡ് വക്കിലും ഒക്കെ തന്നെ! പഞ്ചായത്ത് ഇലക്ഷന്‍ വരികയല്ലേ? കോടതി വിധിയൊക്കെ പെരുവഴിതന്നെ. അല്ലാതെന്ത്? റോഡരികില്‍ പൊതുയോഗം നടത്തരുതെന്നും ജാഥനടത്തരുതെന്നും ഒക്കെ കോടതികള്‍ പറഞ്ഞുകൊണ്ടിരിക്കും . ജനം അത്തരം വിധികള്‍ നേരമ്പോക്കുകളായി കരുതും. ജാഥകളും യോഗങ്ങളും എല്ലാം പൊതുസ്ഥലങ്ങളില്‍ നടന്നുകൊണ്ടുമിരിക്കും. വേണ്ടിവന്നാല്‍ കോടതിവിധികളെ മറികടക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യം മനസില്‍ വച്ചു കൊണ്ടു വേണം കോടതികള്‍ വിധിപ്രസ്താവനകള്‍ നടത്താന്‍. അല്ലെങ്കില്‍ പലവിധികളും വെള്ളത്തില്‍ വരച്ച വരപോലെ ആകും. വിധിയെ പരസ്യമായി എതിര്‍ക്കുന്നവര്‍ക്കെതിരെ വേണമെങ്കില്‍ കോടതിയലക്ഷ്യത്തിനു കേസെടുക്കാം. എന്നിരുന്നാലും ഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും കോടതിവിധി അനുസരിക്കാതിരുന്നാല്‍ പിന്നെ വിധികൊകൊണ്ടെന്തുകാര്യം?

പൊതുനിരത്തുകളില്‍ പൊതുയോഗം നടത്തരുതെന്ന കോടതിവിധി എന്തായാലും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനോ അനുസരിക്കാനോ പോകുന്നില്ല. കോടതികള്‍ക്കും തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്താവുന്നതേയുള്ളൂ. പൊതുജനങ്ങള്‍ക്ക് പൊതുയോഗങ്ങള്‍ അസൌകര്യങ്ങള്‍ ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങളുണ്ടെങ്കില്‍ ചില മാനദണ്ഡങ്ങള്‍ കോടതികള്‍ക്ക് നിര്‍ദ്ദേശിക്കാം. അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലുള്ള വിധിപ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ ജനം (അരാഷ്ട്രീയവാദികള്‍ ഒഴികെ) അത് സ്വീകരിക്കുകയുമില്ല . ഫലത്തില്‍ നീതി പീഠങ്ങളുടെ വിലയും വിശ്വാസ്യതയും തകരുകയും ചെയ്യും. രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ അവര്‍ അതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെങ്കില്‍ കോടതികള്‍ക്ക് മൂക സാക്ഷികളായിരിക്കാനേ കഴിയൂ. ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് അത്രയ്ക്ക് ശക്തിയുണ്ട്.

ഈയുള്ളവന് മനസിലാകാത്തത് അതല്ല, ഈ രാഷ്ട്രീയക്കാരോട് മാത്രം എന്താണിത്ര പുച്ഛം? ജീവിതത്തിന്റെ ബാക്കി എല്ലാ മേഖലകളും സംശുദ്ധമാണോ? രാഷ്ട്രീയക്കാര്‍ മാത്രമാണോ ഇവിടത്തെ കുഴപ്പക്കാര്‍? പൊതുജന നന്മയെ ലക്ഷ്യമാക്കി ഗവര്‍ണ്മെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങളെ പോലും കോടതികള്‍ നൂലാമാലകള്‍ പറഞ്ഞ് അസാധുവാക്കുന്ന വിധിപ്രസ്താവങ്ങള്‍ നടത്തുന്ന അനുഭവം നമുക്കു മുന്നിലുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിധികളില്‍ ചിലത് ഉദാഹരണങ്ങളാണ്. പണത്തിനു മീതെ പരുന്ത് മാത്രമല്ല ജഡ്ജിമാരും പറക്കുമെന്ന് ചില ജഡ്ജിമാര്‍ തെളിയിക്കുന്നുമുണ്ടല്ലോ. അഴിമതികാരും സ്വജനപക്ഷപാതികളുമായ ജഡ്ജിമാരുണ്ടെന്നു പറഞ്ഞ് നീതിന്യായ വിഭാഗം തന്നെ വേണ്ടെന്നു വയ്ക്കുമോ? അതുപോലെ രാഷ്ട്രീയരംഗത്ത് അഭിലഷണീയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്നുപറഞ്ഞ് രാഷ്ട്രീയം വേണ്ടെന്നു വയ്ക്കാന്‍ കഴിയുമോ?

പൊതുനിരത്തിലെ പൊതുയോഗനിരോധനത്തിനെതിരെ ഞാന്‍ എഴുതിയ പോസ്റ്റില്‍ രാഷ്ട്രീയക്കാരോടുള്ള വെറുപ്പ് പ്രകടമാക്കുന്ന കമന്റുകളും ഉണ്ടായിരുന്നു. അവരോടൊക്കെ എനിക്കുള്ള ചോദ്യം ജനാധിപത്യവും അതിന്റെ ഭാഗമായ രാഷ്ട്രീയവും ഇല്ലാതെ മറ്റെന്തു സംവിധാനമാണ് നിങ്ങള്‍ക്ക് പകരം വയ്ക്കാനുള്ളത്? രാജാധിപത്യമോ? ഏകാധിപത്യമോ? അതോ പട്ടാള ഭരണമോ? സമൂഹത്തെ മുഴുവന്‍ അരാഷ്ട്രീയവല്‍ക്കരിക്കേണ്ടത് ആരുടെ ആവശ്യമാണ്? സമൂഹത്തിലെ സമ്പന്ന വര്‍ഗ്ഗത്തിന്റെയും മുതലാളിത്തവ്യവസ്ഥിതിയുടെയും ആവശ്യമാണത്. സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും മുതലാളിത്തം പരിശ്രമിക്കും. നമ്മുടെ കോടതികളും അറിഞ്ഞും അറിയാതെയും അതില്‍ ഭാഗവാക്കായിപ്പോവുകയാണ്. രാഷ്ട്രീയക്കാരിലും ചിലര്‍ അറിഞ്ഞും അറിയാതെയും ഈ മുതലാളിത്ത തന്ത്രത്തില്‍ വീണു പോകുന്നുണ്ട്. ഈ ഒരു പശ്ചാത്തലത്തില്‍ നിന്നു വേണം പൊതുനിരത്തിലെ പൊതുയോഗ നിരോധനം പോലെയുള്ള കോടതിവിധികളെ നാം നോക്കിക്കാണാന്‍.

സാമ്രാജ്യത്വ നുഴഞ്ഞുകയറ്റം ഇപ്പോള്‍ പുതിയതന്ത്രങ്ങളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണെന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ മുതലാളിത്തം, സാമ്രാജ്യത്വ അധിനിവേശം മുതലായവയൊക്കെ മാര്‍ക്സിസ്റ്റുകാരുടെ കേവലം ബുദ്ധിജീവിപദങ്ങളാണെന്നും അവര്‍ അത് ചുമ്മാ ഉച്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. അവര്‍ സാമ്രാജ്യത്ത്വത്തിന്റെ ഏജന്റുമാരായി സ്വയം മാറുകയാണ്. സാമ്പ്രാജ്യത്വം എന്നത് മാര്‍ക്സിസ്റ്റുകള്‍ മാത്രം ഉച്ചരിക്കുന്ന-ഉച്ചരിക്കേണ്ട പദമല്ല. മാര്‍ക്സിസ്റ്റുകള്‍ ഉള്ള രാജ്യങ്ങളെ മാത്രമല്ല സാമ്പ്രാജ്യത്വം ബാധിക്കുക. രാഷ്ട്രീയം വെറും അധികാരത്തിനുവേണ്ടിയുള്ള ഒരു മത്സരം മാത്രമായി ചുരുക്കി കാണുന്നുണ്ട് ചില രാഷ്ട്രീയ ചിന്തകന്മാര്‍. എന്നാല്‍ ഇതു ശരിയല്ല. രാഷ്ട്രീയം അധികാരത്തിനുവേണ്ടിയുള്ള മത്സരം എന്നതിലുപരി ഒരു പ്രതിരോധം കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും, ജനനന്മയ്ക്കും വിരുദ്ധമായി കടന്നുവരാവുന്ന ശക്തികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെയുള്ള പ്രതിരോധം!

കുമാരാ, താങ്കള്‍ ഒരു സംഭവം തന്നെ!

കുമാരാ, താങ്കള്‍ ഒരു സംഭവം തന്നെ!

കുമാരന്റെ കുമാരസംഭവങ്ങള്‍ എന്ന പുത്തന്‍ പുസ്തകം (ഡിസംബര്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചത്) വായിച്ചപ്പോള്‍ പറയാന്‍ തോന്നിയ കാര്യങ്ങള്‍ താഴെ വാരിവിതറി പോസ്റ്റാക്കുന്നു:

അങ്ങനെ ബ്ലോഗ് രചനകളില്‍ നിന്ന് വീണ്ടും ഒരു പുസ്തകം പിറന്നു. കുമാരസംഭവങ്ങള്‍. ഇത് കുമാരന്‍ തന്റെ ബ്ലോഗുകളില്‍ എഴുതി ഇതിനകം ഒരുപാട്പേര്‍ വായിച്ച് രുചിയറിഞ്ഞവയാണ്. ബ്ലോഗെഴുത്തുകള്‍ പുസ്തകമാകുമ്പോള്‍ നെറ്റകത്തിന് പുറത്ത് നില്‍ക്കുന്നവര്‍ക്കും വായിക്കാന്‍ അവസരം വരുന്നു. ബ്ലോഗുകള്‍ ഇങ്ങനെ കൊഴുത്താല്‍ ഭാവിയില്‍ പുസ്തകങ്ങള്‍ ഷോകേസുകളിലെങ്കിലും ഉണ്ടാകുമോ എന്നത് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ ബ്ലോഗകത്ത് എന്തു നടക്കുന്നു എന്നത് പുറം ലോകം കൂടി അറിയാന്‍ ബ്ലോഗ് രചനകളില്‍നിന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനു പുറമെ മറ്റ് മീഡിയകളും കൂടി പ്രയോജനപ്പെടുത്തേണ്ടതുമാണ്. ആ നിലയില്‍ കുമാര സംഭവങ്ങള്‍ എന്ന പുസ്തകം ബ്ലോഗുകള്‍ക്ക് ഒരു പ്രചരണം കൂടിയാണ്. കുമാരാന് അഭിനന്ദനങ്ങളോടെ!

പുസ്തകത്തിന്റെ പുറത്തുതന്നെ ബ്ലോഗ് രചനകള്‍ എന്ന് എഴുതിയിരിക്കുക കൂടി ചെയ്തിരിക്കുന്നതിനാല്‍ ഒരു പുസ്തകവില്പനശാലയിലോ, ഒരു വായനശലയിലോ ഇരിക്കുന്ന ഈ പുസ്തകം എടുത്തു നോക്കി എന്താണീ ബ്ലോഗെഴുത്ത് എന്ന് അന്വേഷിക്കുവാനും പുസ്തകം വാങ്ങി കൊണ്ടുപ്പോയി വാ‍യിച്ചു നോക്കുവാനും പലരും തയ്യാറായെന്നുവരാം. അങ്ങനെ ഈ രചനകള്‍ വായിക്കപ്പെടുന്നു എന്നതിനു പുറമേ ബ്ലോഗിന് പ്രചരണവും കൂടിയാകുന്നു. ബ്ലോഗുകളില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യകാല കൃതികള്‍ക്ക് അങ്ങനെ ഒരു കര്‍ത്തവ്യം കൂടി നിറവേറ്റുവാന്‍ ഉണ്ട്. ബ്ലോഗുകളില്‍ എന്തു സംഭവിക്കുന്നുവെന്ന് നെറ്റകം ഇനിയും വേണ്ടവിധം പരിചയമില്ലാത്തവരും കൂടി അറിയട്ടെ. ഒരു സമാന്തര സാഹിത്യ ഭൂമിക ഉദിച്ചുയരുന്നുവെന്ന യാഥാര്‍ത്ഥ്യം എല്ലവരും അറിയട്ടെ!

ബ്ലോഗുകള്‍ അവനവന്‍ പ്രസാധനമാണ്. അവിടെ എഴുത്തുകാരന്‍ തന്നെ തിരുത്തുകാരനും അടുക്കുകാരനും. ബ്ലോഗുകളാകട്ടെ ആര്‍ക്കും തുടങ്ങുകയുമാകാം. അതിനാല്‍ ഈ രംഗത്ത് നിലവാരമുള്ളതും ഇല്ലാത്തതുമായ രചനകള്‍ ഉണ്ടാകാം. അത് ഒരു പോരായ്മയായി കാണേണ്ടതില്ല. കാരണം വായനക്കാരന് അവനവന്റെ നിലവാരത്തിനും അഭിരുചിക്കും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനും വായനയെ തന്റെ സൌകര്യാര്‍ത്ഥം ക്രമപ്പെടുത്താനും സാധിക്കും. ഭാഷാപരമായും സഹിത്യപരമായും പാണ്ഠിത്യത്തിന്റെ മറുതല കണ്ടവര്‍ക്ക് മാത്രമേ എഴുത്തിന്റെ മേഖലയിലേയ്ക്ക് കടന്നുവരാവൂ എന്നൊന്നുമില്ല. മനസിന്റെ ഉള്ളിലുള്ളത് മറ്റുള്ളവര്‍ക്ക് വായിച്ചാല്‍ മനസിലാകത്തക്കവിധം ഒരു കടലാസിലോ ബ്ലോഗിലോ പകര്‍ത്തി വച്ചാല്‍ അതിനുള്ളില്‍ എങ്ങനെയായാലും സാഹിത്യത്തിന്റെ ഒരംശം ഉണ്ടാകും. വായിക്കുന്നവന് അതില്‍ ആസ്വദിക്കുവാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് സാഹിത്യം തന്നെ. ഇനി അല്പം ചിന്തിക്കുവാന്‍ കൂടിയുണ്ടെങ്കില്‍ അല്പം നിലവാരം കൂടിയെന്ന് അര്‍ത്ഥമുണ്ടെന്നേയുള്ളു.

അല്ലാതെ കലയും സാഹിത്യവുമൊന്നും ആരുടെയും കുത്തകയല്ല. അഥവാ ആണെന്നു വിചാരിച്ചാല്‍ തന്നെ ഇനിയുള്ള കാലം അത് നടക്കില്ല. നമ്മള്‍ ബ്ലോഗേഴ്സ് അത് അനുവദിക്കില്ല. മനുഷ്യന്‍ മനസിലാകാത്ത വിധം എന്തെങ്കിലും എഴുതിവയ്ക്കുന്നത് മാത്രമല്ല സാഹിത്യം. ഞങ്ങളും എഴുതും. അത് വായിക്കുന്ന ഏതൊരു സാധാരണക്കരനും മനസ്സിലാകും. അത് വായിക്കാന്‍ ആളെക്കിട്ടുകയും ചെയ്യും. അതില്‍ ചിലതെങ്കിലും പുസ്തകമായി, മഹാപണ്ഠിതന്മാരെന്ന് ഊറ്റം കൊണ്ട് നടക്കുന്നവരുടെ കേള്‍വിപ്പെട്ട ഗ്രന്ധങ്ങള്‍ക്കിടയില്‍ നമ്മള്‍ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങളും ഇരുന്നു ചിരിക്കും. നമ്മുടെ പുസ്തകങ്ങള്‍ വായനക്കാരനെ സൈറ്റടിക്കും. ഏതു പടുവൃദ്ധരെയും നമ്മുടെ പുസ്തകങ്ങള്‍ വീഴ്ത്തും. മറ്റൊന്ന് നമ്മുടെ രചനകള്‍ ലോകം മുഴുവന്‍ ചുറ്റിയടിച്ചിട്ടാണ് പുസ്തകമാകുന്നത്. കൊക്കെത്ര കുളം കണ്ടതാണെന്ന മട്ടിലാണ് വരവ്!

നമ്മുടെ പുസ്തകങ്ങളുടെ ഒരേയൊരു കുറവ് അത് എല്ലാവര്‍ക്കും മനസിലാകും എന്നതാണ് നിങ്ങള്‍ ബുദ്ധികൊണ്ട് കട്ടപിടിച്ച തലച്ചോറുമായി നടക്കുന്നവരുടെ പുസ്തകങ്ങള്‍ ആളുകളെ നോക്കി മസിലും പിടിച്ചിരിക്കുമ്പോള്‍ നാമ്മള്‍ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങളുടെ ഉള്ളുതുറന്ന നിഷ്കളങ്കമായ ചിരികണ്ട് ആളുകള്‍ വാങ്ങിക്കൊണ്ടുപോയി വായിക്കും. മസിലും പിടിച്ചിരിക്കുന്ന ബുദ്ധിജീവിഗ്രന്ധങ്ങള്‍ അവിടെയിരുന്ന് പൂത്ത് അവസാനം ആക്രിക്ക് കൊടുക്കും. എവിടെനിന്നെങ്കിലും കടിച്ചാല്‍ പൊട്ടാത്തതും മനുഷ്യനു മനസിലാകാത്തതുമായ കുറെ വാചകങ്ങള്‍ മോഷ്ടിച്ച് പറക്കിക്കൂട്ടിവച്ച് ഒന്നോരണ്ടോ പുസ്തകമെഴുതിയിട്ട് തലയും മുഖവും വീര്‍പ്പിച്ചു നടക്കുന്ന ചില ബുദ്ധിജീവിജാഡക്കാരോടുള്ള മൂത്ത കുടിപ്പക കൊണ്ട് വെട്ടിക്കീറാന്‍ ഇങ്ങനെ മേല്‍വരികള്‍ കൂടി എഴുതിപ്പോയതാണ്.

കുമാരന്റെ പുസ്തകത്തില്‍ ആമുഖമായിതന്നെ തന്റെ പരിമിതികള്‍ കുമാരന്‍ എഴുതിവച്ചിട്ടുണ്ട്. ബ്ലോഗ് വായനക്കാരനും പുസ്തകവായനക്കാരനും തമ്മില്‍ അല്പം ചില വ്യത്യാസങ്ങള്‍ ഉണ്ട്. ബ്ലോഗ് വായനയ്ക്ക് അല്പം വേഗത കൂടുതലാണെന്നതാണ് അതിലൊന്ന്. മറ്റൊന്ന് ഇവിടെ ബ്ലോഗ് വായനക്കാരില്‍ ഭാഷാപരമായി പരിമിതികള്‍ ഉള്ളവരും കൂടിയുണ്ട് എന്നതാണ്. എന്നാല്‍ ഇന്ന് ബ്ലോഗിംഗ് രംഗത്തേക്ക് കടന്നുവരുന്നവര്‍ ബ്ലോഗിംഗിലൂടെ ആ പരിമിതികള്‍ തരണം ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള ഭാഷയുമായും സാഹിത്യവുമായും സ്കൂള്‍ തരം വരെ മാത്രം ബന്ധമുണ്ടായിരുന്നവര്‍ പോലും ഇന്ന് നന്നയി മാതൃഭാഷ കൈകാര്യം ചെയ്തു വരുന്നു. അതിനു കാരണം ബ്ലോഗുകളിലെ നര്‍മ്മം തുളുമ്പുന്ന രചനകളാണ്. നര്‍മ്മം ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. നര്‍മ്മം തുളുമ്പുന്ന ബ്ലോഗ് രചനകള്‍ നിരവധിയാളുകളെ വായനയുടെ ലോകത്തേക്കും എഴുത്തിന്റെ ലോകത്തേക്കും ആനയിച്ചു.

ഇന്ന് ബ്ലോഗിലെത്താന്‍ അറിയാവുന്നവര്‍ക്ക് മലയളത്തില്‍ നന്നായി കമന്റെഴുതാനെങ്കിലുമുള്ള മലയാളഭാഷാജ്ഞാനം ഉണ്ടെന്നത് അഭ്മാനകരമാണ്. ടൈപ്പുചെയ്യുന്നതിന് കീ ബോര്‍ഡിലെ ഇംഗ്ലീഷ് അക്ഷരമാലയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെങ്കിലും പതിയുന്നത് മലയാള അക്ഷരങ്ങളാണ്. വളരുന്നത് മലയാള ഭാഷയാണ്. കേരളത്തിലെ എല്ലാ മേഖലകളില്‍ ഉള്ളവരും ബ്ലോഗെഴുതുന്നതിനാല്‍ ഓരോ പ്രദേശത്തെയും പ്രാദേശികമായ ഭാഷാന്തരങ്ങള്‍ കൂടി എല്ലാവരും പങ്കുവയ്ക്കുകയാണ്. ഇത് മലയാള ഭാഷയുടെ സമഗ്രമായ വികാസത്തിന് കാരണമാകുകയാണ്. എന്നിട്ടും ഇത് ചിലര്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ് കഷ്ടം. (കമ്പ്യൂട്ടര്‍ കണ്ട് കണ്ണുമിഴിച്ച് നില്‍ക്കുന്നവരാണ് ഇതില്‍ പല ബുദ്ധിജീവികളും. കറണ്ടടിക്കുമെന്ന് പേടിച്ച് ഇവരില്‍ പലരും കീ ബോര്‍ഡില്‍ പോലും തൊടില്ല.)

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ചെറുതും വലുതുമാ‍യ പല സംഭവങ്ങളും ഉണ്ടാകും. അതില്‍ ചിലതിലൊക്കെ നര്‍മ്മത്തിന്റെ അംശങ്ങള്‍ ഉണ്ടാകും. അതല്ല ഗൌരവമായ അനുഭവങ്ങളാണെങ്കില്‍ കൂടിയും അതില്‍ നര്‍മ്മം ചാലിച്ച് അത് പറഞ്ഞുകേള്‍ക്കാനും എഴുതാനും നമ്മളില്‍ പലര്‍ക്കും കഴിയും. നര്‍മ്മഭാവന അധികമില്ലാത്തവര്‍ക്ക് ഗൌരവത്തിലും കാര്യങ്ങള്‍ അവതരിപ്പിക്കാം. എന്നാല്‍ കണ്ണീരില്‍ പോലും നര്‍മ്മം ചാലിച്ച് കേള്‍ക്കുന്നവനെയും വായിക്കുന്നവനെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും കരയിക്കുവാനും നര്‍മ്മ ബോധമുള്ള ഒരാള്‍ക്ക് കഴിയും. ഏതെങ്കിലും ഒരു സംഭവം അക്ഷരമറിയാത്തവരാണെങ്കില്‍ അവര്‍ പറഞ്ഞു കേള്‍പ്പിക്കും. അക്ഷരമറിയാവുന്നവര്‍ക്ക് അവ എഴുതിവയ്ക്കുകയുമാകാം. നര്‍മ്മബോധവും അല്പം സാഹിത്യബോധവും കൂടി ചേര്‍ന്നാല്‍ എഴുത്ത് വായനക്കാരന് നല്ലൊരു വിഭവമായിരിക്കും.

എന്നാല്‍ എല്ലാവര്‍ക്കും ഒരു പോലെ നര്‍മ്മ ബോധവും സാഹിത്യബോധവും ഒരു പോലെ കൈല്‍മുതലായി ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് നര്‍മ്മ ബോധമുണ്ടാകും. ചിലര്‍ക്ക് സാഹിത്യബോധമുണ്ടാകും. ചിലര്‍ക്ക് ഇത് രണ്ടുംകൂടി ഉണ്ടാകും. ഇവിടെ കുമാരനെ സംബന്ധിച്ചിടത്തോളം നര്‍മ്മഭാവനയും സാഹിത്യവും കൈമുതലായുണ്ട്. ഗൌരവമുള്ള സംഭവമാണെങ്കിലും കുമാരന്‍ എഴുതിയാല്‍ അത് നര്‍മ്മമാകും. എന്നാല്‍ ആ നര്‍മ്മത്തിനിടയില്‍ നിന്ന് നമുക്ക് സംഭവത്തിന്റെ ഗൌരവം വായിച്ചെടുക്കുകയും ചെയ്യാം. വായിക്കുന്നവന് വായിക്കാനൊരു താല്പര്യം വരണം. എല്ലാവരും ഗൌരവബുദ്ധികളാകണമെന്നില്ല. അത്തരക്കാരെ വായനയിലേയ്ക്ക് ആകര്‍ഷിക്കാന്‍ നര്‍മ്മം വേണം. നര്‍മ്മം ആസ്വദിച്ചുകൊണ്ട് വായനയില്‍ മുഴുകുമ്പോള്‍ ഒരെഴുത്ത്കാരന് നല്‍കാനുള്ള സന്ദേശം വളരെ ലളിതമായി കൈമാറാന്‍ കഴിയുന്നു. ഇക്കാര്യത്തില്‍ കുമാരന് അഭിമാനിക്കാം. കുമാരസംഭവങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും തോന്നും.ഈ കുമാരന്‍ ഒരു സംഭവം തന്നെയാണെന്ന്!

കുമാരന്‍ എഴുതിയിരിക്കുന്ന ഓരോ നുറുങ്ങുകളോടും സാമ്യമുള്ള പല അനുഭവങ്ങളും അവരവരുടെ ജീവിതപരിസരങ്ങളില്‍ എല്ലാവര്‍ക്കും ഉണ്ടായിരിക്കും. കേരളത്തിലെവിടെയുമുള്ള ജീവിത രീതികള്‍ തമ്മില്‍ പൊതുവായ സമാനതകള്‍ ഉള്ളതിനാല്‍ എല്ലാവര്‍ക്കും ഓരേ തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകാം. കണ്ണൂരിലുള്ള കുമാരന്‍ കോറിയിട്ടിരിക്കുന്ന് നര്‍മ്മ നുറുങ്ങുകളില്‍ മിക്കതും ഇങ്ങ് തിരുവനന്തപുരം ഭാഗത്തുള്ള എന്റെ ഗ്രാമ പരിസരത്തും സംഭവിച്ചിട്ടുള്ളതാണ്. ചില നുറുങ്ങുകള്‍ വായിക്കുമ്പോള്‍ ങേ, കണ്ണൂരിലും നമ്മുടെ ഇവിടത്തെപോലുള്ള കാര്യങ്ങള്‍ തന്നെയോ നടക്കുന്നതെന്നു ചോദിച്ചു പോകും. എന്നെ ഞെട്ടിപ്പിച്ചത് എന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച ചില സംഭവങ്ങള്‍ പോലും കുമാരന്‍ കുമാരനില്‍ ആരോപിച്ച് എഴുതിവച്ചിരിക്കുന്നു. കുമാരന്‍ എന്നെങ്കിലും എന്റെ ജീവിതത്തെ ഒളിഞ്ഞു നോക്കിയോ എന്നറിയില്ല. പക്ഷെ അതേതൊക്കെ അനുഭവങ്ങള്‍ എന്ന് എന്നോട് ചോദിക്കരുതേ കുമാരാ, ഞാന്‍ കൊന്നാലും പറയില്ല. കുമാരന് നാണവും മാനവുമ്മില്ലെന്നുവച്ച് നമ്മ അങ്ങനെയാണോ? ഹഹഹ!

പട്ടിണിക്കാരനായ കുട്ടിരാമന്‍ ഉസ്കൂളില്‍ ഉപ്പുമാവിനു വേണ്ടി തള്ളി ചട്ടിയില്‍ വീണ സംഭവം നര്‍മ്മത്തില്‍ പൊതിഞ്ഞാണ് എഴുതിയതെങ്കിലും നമ്മുടെ മനസ്സില്‍ അതൊരു നൊമ്പരമുണ്ടക്കുന്നുണ്ട്. ചട്ടിയില്‍ വീണെങ്കിലെന്താ ഇഷ്ടം പോലെ ഉപ്പുമാവു കിട്ടിയല്ലോ എന്ന് കുട്ടിരാമന്‍ പറയുന്നുണ്ട്. ഉണങ്ങാത്ത മുറിപ്പാടുകള്‍ എന്ന കഥയും നമ്മെ നന്നേ നൊമ്പരപ്പെടുത്തും. നര്‍മ്മം മാത്രമല്ല ഗൌരവമുള്ള വിഷയങ്ങളും കൈകര്യം ചെയ്യാന്‍ കുമാരനു കഴിയാത്തതല്ല എന്ന് തെളിയിക്കുന്ന കഥകളും കുമാര സംഭവങ്ങളിലുണ്ട്.

കുമാരസംഭവങ്ങളില്‍ നിന്ന് ചില വരികള്‍ മാത്രം ഇവിടെ ഉദ്ധരിക്കാം:

“നാലുമണി കഴിഞ്ഞാല്‍ ഞങ്ങള്‍ മൂന്നുപേരും പെണ്‍പിള്ളേരുടെ സെന്‍സസ് എടുക്കുന്നതുകൊണ്ട് ഫുള്‍ ബിസിയായിരിക്കും സ്കൂളില്‍നിന്നും അണക്കെട്ടു പൊട്ടിയ പോലെ ആര്‍ത്തിരമ്പി വരുന്ന ആണ്‍കുട്ടികളും മന്ദം മന്ദം കുളിര്‍കാറ്റ് പോലെ തഴുകിവരുന്ന അരപ്പാവാടയുടുത്ത സുന്ദരി പെണ്‍കുട്ടികളും, അതിനു ശേഷം വൃദ്ധരെപ്പോലും രോമാഞ്ചമണിയിച്ചുകൊണ്ട് ജൂനിയര്‍ ഐശ്വര്യറയി മി.ജമീലയുടെ നേതൃത്വത്തില്‍ കമലാ കോളേജിലെ ആല്‍മരം പോലെ വളര്‍ന്നുപന്തലിച്ച പെണ്‍കുട്ടികളും ഞങ്ങളെയെന്താ ഇനിയും കെട്ടിച്ചുവിടാത്തത് വീട്ടുകാരേ എന്ന ചോദ്യവുമായി പ്രകടനം പോലെ വരും. ആ വര്‍ണ്ണക്കാഴ്ചകളെ ഒഴിവാക്കി വെറുതെ ഡീസന്റാവാന്‍ ഞങ്ങള്‍ കണ്ണുപൊട്ടന്മാരോ ടൌണ്‍ഹാളിന്റെ മുന്നില്‍ ഒരുപണിയുമെടുക്കാതെ വെറുതെ സുഖിച്ചു കൈചൂണ്ടി നില്‍ക്കുന്ന കോണ്‍ക്രീറ്റ് പ്രതിമയോ അല്ലല്ലോ....” ( കുമാരന്‍ റൈറ്ററുടെ നാള്‍വഴിപുസ്തകം എന്ന അദ്ധ്യായം)

അച്ഛന്‍ മരിക്കുമ്പോള്‍ കരയുന്ന മക്കളില്‍ ഒരുത്തി പറയുന്നതു കേള്‍ക്കൂ: “ എന്റെ കരച്ചിലാണേ ശരിക്കുള്ള കരച്ചില്‍....അവളുടേത് (ചേച്ചി) കള്ളക്കരച്ചിലാണേ...” ( ശരിയായ കരച്ചില്‍)

“പ്രേമിക്കുന്നവര്‍ ആദ്യം ചെയ്യുന്നത് അച്ഛനുമമ്മയുമിട്ട പേരു മാറ്റുകയെന്നതാണല്ലോ. വനജ കാമുകനായ നളിനക്ഷനെ നളേട്ടാ, എന്നും, വനജയെ അയാ‍ള്‍ തിരിച്ച് വനൂ, വാ‍.. എന്നിങ്ങനെ വിളിക്കാന്‍ തുടങ്ങി.....“ (പ്രതികാര വനജ)

ലോകചരിത്രത്തിലെ പല പ്രേമങ്ങളും പൂത്തു വിടര്‍ന്ന് പരപരാഗണം നടത്തിയത് കോളേജ് കലോത്സവ ദിനത്തിലാണ്. കോളേജിനടുത്തെ ആളില്ലാത്ത വീടും, പൊന്തക്കാടുകളും അന്ന് ഫുള്ളായിരിക്കും. പിള്ളേരൊക്കെ പ്രത്യുല്പാദനത്തിന്റെ ഡെമോ നോക്കുന്നത് അന്നാണ്. ......” ( കോളേജ് ഡേയില്‍ കോമളകുമാരി)`

“മാരുതി സ്വിഫ്റ്റ് കാറുപോലെ ഷെയ്പ്പുള്ള സുന്ദരി. വട്ടമുഖി, നീണ്ട മുടി, അതിന്റെ അറ്റത്ത് തുളസിത്തറ, പച്ചപ്പാവാട ആന്‍ഡ് ഗ്രീന്‍ ബ്ലൌസ്. ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.” (ദേവതാരു പൂത്തു, പക്ഷെ......)

ഇങ്ങനെ ഒരുപാടുണ്ട് “കുമാരന്‍ എന്ന സംഭവം” എഴുതിയ കുമാര സംഭവങ്ങളില്‍! പക്ഷെ കുമാരന്റെ പുസ്തകം പകര്‍ത്തലല്ലല്ലോ എന്റെ ജോലി! വേണമെന്നുള്ളവര്‍ അറുപത് രൂപാ കൊടുത്ത് വാങ്ങി വായിക്കിനെടേയ്. ( കുമാരനെ നേരില്‍ കണ്ട് ഒന്നു പൊക്കിക്കൊടുത്താല്‍ പുസ്തകം ഫ്രീയായും ലഭിക്കുന്നതായിരിക്കും! എനിക്ക് കൂട്ടം തിരുവനന്തപുരം മീറ്റില്‍ വച്ച് നേരില്‍ കണ്ടപ്പോള്‍ ഈ ബുദ്ധി പോകാത്തതിനാല്‍ വിലകൊടുത്തു വാങ്ങേണ്ടിവന്നു. കുമാരന്‍ പുസ്തകം തലയിലേറ്റിവരുമ്പോള്‍ ഒരു കൈ സഹായിച്ചും പുസ്തകം കരസ്ഥമാക്കാവുന്നതാണ്)

അത്യുന്നതങ്ങളില്‍ കുമാരനു മഹത്വം!

വാലെഴുത്ത്:

ഒരു നിലാവുള്ള രത്രി; കുമാരന്റെ ഫോണ്‍ റിംഗ്ടോണടിച്ചു. വിറയ്ക്കുന്ന കൈകളോടെ കുമാരന്‍ ഫോണ്‍ എടുത്തു.

മറുതലയ്ക്കല്‍: കുമാരേട്ടാ! എന്റെ കുമാരേട്ടാ!

കുമാരന്‍: (വിച്ചുകൊണ്ട്) ആരാ? മി.ജമീലയാണോ?

മറുതല: അല്ല കുമാരേട്ടാ, എന്നെ ഇത്രയ്ക്കങ്ങോട്ട് മറന്നോ?

കുമാരന്‍: പിന്നെ, ദിവ്യയാണോ?

മറുതല: (ദ്വേഷ്യം) കുമാരേട്ടാ!

കുമാരന്‍: അല്ല, ശ്രീദേവി....?

മറുതല: ശ്യോ! കു....മാ...രേ...ട്ടാ‍.... !

കുമാരന്‍: (വിറച്ചുകൊണ്ട്) റോംഗ് നംബര്‍...റോംഗ് നംബര്‍.....!


പൊതുസ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ വിലക്കുമ്പോള്‍..........

പൊതുസ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ വിലക്കുമ്പോള്‍..........

വിമര്‍ശിക്കുവാനുള്ള അവകാശം ജനാധിപത്യത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്. ഒരു ജനാധിപത്യ രാജ്യത്ത് സഭ്യമായ ഭാഷയില്‍ ഭരണകൂടത്തെ മാത്രമല്ല, കോടതിയെയും കോടതിവിധികളെയും പോലും വിമര്‍ശിക്കുന്നത് തെറ്റോ കോര്‍ട്ടലക്ഷ്യമോ അല്ല. കോടതികളില്‍ ഇരുന്ന് വിധിപറയുന്ന ന്യായാധിപന്മാരും മനുഷ്യരാണ്. അവരും രാജ്യത്തിലെ പൌരന്മാ‍രാണ്. അവരും പച്ചയായ മനുഷ്യരാണ്. മനുഷ്യ സഹജമായ പിശകുകള്‍ അവര്‍ക്കും സംഭവിച്ചുകൂടെന്നില്ല. അതുകൊണ്ടുതന്നെയാണ് ന്യായാധിപന്മാര്‍ നടത്തുന്ന വിധിപ്രസ്താവങ്ങളെപോലും വിമര്‍ശനവിധേയമാക്കുന്നത് തെറ്റോ കോടതിയലക്ഷ്യമോ ആയി കരുതേണ്ടതില്ലെന്ന് പറയുന്നത്.

എന്നാല്‍ എതെങ്കിലും ഒരു വിഷയം സംബന്ധിച്ച് ബഹുമാനപ്പെട്ട എതെങ്കിലും ഒരു കോടതി ഒരു വിധി പ്രസ്താവിച്ചു കഴിഞ്ഞാല്‍ അതു സംബന്ധിച്ച് പ്രസ്തുത വിധി പറഞ്ഞ കോടതി, അല്ലെങ്കില്‍ അതിനു മുകളിലുള്ള മറ്റൊരു കോടതി മറിച്ചൊരു വിധി പറയുന്നതുവരെയോ, ബന്ധപ്പെട്ട വിഷയത്തില്‍ നിയമനിര്‍മ്മാണസഭ മറ്റൊരു നിയമം രൂപീകരിച്ച നടപ്പിലാക്കുന്നതുവരെയൊ നിലവിലുള്ള കോടതി വിധി അനുസരിക്കുവാന്‍ ബന്ധപ്പെട്ട എല്ലാവരും ബാദ്ധ്യസ്ത്ഥരാണ്.

ജനാധിപത്യത്തില്‍ ഭരണകൂടം, നീതിപീഠം എന്നിവ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ജനങ്ങളെ ഭയക്കേണ്ടതുണ്ട്. കാരണം എല്ലാം ജനങ്ങള്‍ക്കു വേണ്ടിയാകുമ്പോള്‍ അന്തിമ വിധി ജനങ്ങളുടേതാ‍യിരിക്കും; ആയിരിക്കണം. എന്നാല്‍ എല്ലാ ജനങ്ങളും ഒരേ പോലെ സര്‍വ്വജ്ഞാനികളോ, ഒരേപോലെ കഴിവുകള്‍ ഉള്ളവരോ ഭരണ ശേഷിയുള്ളവരോ അല്ല. എല്ലാവര്‍ക്കും കൂടി ഒരുമിച്ചു കയറിയിരുന്ന് ഭരണം നടത്താനോ നീതിന്യായം നടത്താനോ കഴിയില്ല. അതു കൊണ്ടാണ് ജനങ്ങളുടെ കാര്യങ്ങള്‍ നോക്കി നടത്തുവാന്‍ ഭരണകൂടം, നീതി പീഠം തുടങ്ങി വിവിധ ചുമതലകള്‍ ഏതാനും പേര്‍ക്ക് വിഭജിച്ചുനല്‍കുന്ന നിലയില്‍ ഭരണഘടനയും, തെരഞ്ഞെടുപ്പും, ഭരണകൂടവും, നീതിപീഠങ്ങളും ഉദ്യോഗസ്ഥ ശൃംഖലകളും മറ്റുമായി രാഷ്ട്രവ്യവസ്ഥയെ സംവിധാനപ്പെടുത്തിയിട്ടുള്ളത്.

ഇതെല്ലാം ജനങ്ങളുടെ സൌകര്യങ്ങള്‍ക്കു വേണ്ടിയാണ്. ജനങ്ങളുടെ പൌരാവകാശങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ പറയുന്ന ഒരു ഏജന്‍സികള്‍ക്കും അവകാശമില്ല. പൌരന്റെ രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവും മറ്റുമായ അവകാശങ്ങളെ സംരക്ഷിച്ച് പരിപാലിച്ചു പോരുക എന്നതാണ് എല്ലാ ഭരണഘടനാസ്ഥാപനങ്ങളുടെയും ചുമതല. ഇതിനു കടക വിരുദ്ധമായ ഭരണ നടപടികളോ കോടതി വിധികളോ അതുകൊണ്ടു തന്നെ അന്യായമാണ്, പ്രത്യേകിച്ചും പൌരന്റെ സമാധാനപരമായി സംഘടിക്കുവാനും സമരം ചെയ്യുവാനും പൊതുയോഗങ്ങള്‍ ചേരുവാനും ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും ഉള്ള അവകാശങ്ങള്‍ ഇല്ലാതാക്കുക എന്നു വന്നാല്‍ പിന്നെ ജനാധിപത്യം എന്നതിന് എന്തര്‍ത്ഥമാണുള്ളത്?

ജനാധിപത്യം എന്ന പദം നാം പറയുമ്പോള്‍ അതില്‍ ഒരുപാട് ആശയങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ കുറെ അവകാശങ്ങളെയും അത് ഉള്‍ക്കൊള്ളുന്നുണ്ട്. ചില സ്വാതന്ത്ര്യങ്ങള്‍ അത് ഉറപ്പു നല്‍കുന്നുണ്ട്. അവ നിഷേധിക്കപ്പെട്ടാല്‍ ജനാധിപത്യംതന്നെ ഇല്ലാതാകും. അത്തരം സാഹചര്യം രൂപപ്പെടുന്നതിന് കോടതികള്‍ കാരണമാകരുത്. ജനാധിപത്യാവകാശങ്ങളെ ഇല്ലാതാക്കാനല്ല, അവയെ സംരക്ഷിക്കാനാണ് കോടതിയുള്‍പ്പെടെയുള്ള നിയമ സംവിധാനങ്ങള്‍ നിലകൊള്ളേണ്ടത്. വൈകാരികമായി നീതിപീഠങ്ങള്‍ കാര്യങ്ങളെ കാണാന്‍ പാടില്ല.

ഏതെങ്കിലും വ്യക്തിയുടെയോ വ്യക്തികളുടെയോ ചൊറിച്ചില്‍ മാറ്റാന്‍ സഹായിക്കുന്ന വിധികള്‍ പറഞ്ഞ് നീതി പീഠത്തിന്റെ വില കളയാന്‍ ഒരു ന്യായാധിപനും തയ്യാറാകരുത്. സമൂഹത്തിന്റെ പൊതു നന്മയ്ക്കു വേണ്ടിയാണ് കോടതികളും നില കൊള്ളേണ്ടത്. രാഷ്ട്രീയമായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം പോലും ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അതില്‍ ഇടപെട്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട നീതിന്യായവിഭാഗം തന്നെ ജനവിരുദ്ധസമീപനം വച്ചു പലര്‍ത്തുന്നത് രാജ്യത്തിനകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും.

വാഹനങ്ങളും കെട്ടിട സമുച്ചയങ്ങളും സ്വന്തമായുള്ളവര്‍ മാത്രമല്ല പൌരലോകം. അഥവാ അത്തരക്കാര്‍ ന്യൂനപക്ഷം മാത്രമാണ്. സമ്പത്തിന്റെ പിന്‍ബലത്തില്‍ രാഷ്ട്രം, സമൂഹം മുതലായവയോടൊന്നും താല്പര്യം പുലര്‍ത്താത്ത അരാഷ്ട്രീയ വാദികള്‍ ജനാധിപത്യ രാജ്യത്തെ സ്വാഭാവികമായ ദൈനംദിന മനുഷ്യ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ട് കേസും വഴക്കുമായി വന്നാല്‍ അത് കോര്‍ട്ടലക്ഷ്യമായി കണ്ട് അവരെ ശാസിച്ച് ജനാധിപത്യ സമൂഹത്തോട് പൊരുത്തപ്പെട്ടു ജീവിക്കുവാന്‍ ഉപദേശിക്കേണ്ടുന്ന ബഹുമാനപ്പെട്ട കോടതികള്‍ അത്തരം സമ്പന്നവര്‍ഗ്ഗ പിന്തിരിപ്പന്മാര്‍ക്ക് ആഹ്ലാദിക്കാനും അറുമ്പാതിക്കനും ഉതകുന്ന വിധിപ്രസ്താവങ്ങള്‍ നല്‍കുന്നത് അനുചിതവും അപകടകരവുമാണ്.

ജനാധിപത്യാവകാശങ്ങളെ ഉപയോഗിക്കുമ്പോള്‍ അത് സമാധാനപരമായും അന്യന്റെ അവകാശങ്ങള്‍ക്ക് കോട്ടം തട്ടാതെയും തന്നെയാണോ ഉപയോഗിക്കുന്നതെന്ന് നീതിപീഠങ്ങള്‍ക്ക് നോക്കാം‍. അതവയുടെ ഉത്തരവാദിത്തങ്ങളില്‍ പെടുന്നതു തന്നെ. മറിച്ചായാല്‍ അതില്‍ ഇടപെടാം. വിധിപറയാം. പക്ഷെ അത് ജനാധിപത്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാകണം. ജനാധിപത്യത്തോട് ആദരം പുലര്‍ത്തിക്കൊണ്ടാകണം.

ഒരു ജനാധിപത്യ രാജ്യത്തില്‍ ഒരു അലോസരവുമില്ലാതെ എല്ലാവര്‍ക്കും ജീവിക്കണം എന്നു വച്ചാല്‍ അത് അസാദ്ധ്യമാണ്. പ്രശ്നഭരിതമായ ലോകത്ത് സമരങ്ങളും യോഗങ്ങളുമൊക്കെ നടക്കും. പ്രത്യേകിച്ചും മുതലാളിത്ത ചൂഷണങ്ങളും ഭരണകൂടത്തിന്റെ അന്യായങ്ങളും തദ്വാരാ അസമത്വങ്ങളും ഉള്ള സമൂഹങ്ങളില്‍! വ്യത്യസ്തമായ ആശയങ്ങള്‍ ഉള്ള ലോകമാകുമ്പോള്‍ സംവാദങ്ങളും ഉണ്ടാകും. അതൊന്നുമില്ലാതെ സ്വസ്ഥം സ്വജീവിതം നയിക്കണമെന്നുള്ളവര്‍ ജനാധിപത്യമില്ലാത്താ രാജ്യങ്ങള്‍ തേടി പോകുന്നതാണ് നല്ലത്.

എന്റെ കാതിന് അരോചകമാകും എന്നതിനാല്‍ മസ്ജിദുകളില്‍ ബാങ്കു വിളിക്കരുതെന്നോ പള്ളിയില്‍ മണിയടിക്കരുതെന്നോ അമ്പലത്തില്‍ സുപ്രഭാതം കേള്‍പ്പിക്കരുതെന്നോ പറയാന്‍ കഴിയുമോ? മുനിസിപ്പാലിറ്റിയില്‍ സൈറന്‍ മുഴക്കരുതെന്നു പറയാമോ? ആംബുലന്‍സുകള്‍ നിശ്ശബ്ദമായി ഓടിക്കണമെന്നോ ശഠിക്കാമോ? പാര്‍ക്കിംഗ് സൌകര്യമില്ലാത്ത സ്ഥലങ്ങളില്‍ റോഡു വക്കില്‍ വാഹനങ്ങള്‍ അത്യാവശ്യത്തിനു പാ‍ര്‍ക്കു ചെയ്യരുതെന്ന് പറയാമോ? അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തടിച്ചു കൂടരുതെന്ന് പറയാമോ?

ഇപ്പോള്‍ ഇവിടെ മതപ്രഭാഷണങ്ങളും ഉത്സവങ്ങളും നടത്തുന്നത് അതത് ആരധാനാലയങ്ങളുടെ അകത്തോ സ്വകാര്യ സ്ഥലങ്ങളിലോ ഒക്കെയാണ്. എന്നാല്‍ അവരുപയോഗിക്കുന്ന ഉച്ചഭാഷിണികള്‍ കിലോ മീറ്ററുകളോളം ദൂരെ കേള്‍ക്കുന്നുണ്ട്. കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരും അതു കേള്‍ക്കേണ്ടി വരുന്നു. അവ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ട്. എല്ലാ നിയമങ്ങളെയും നിയന്ത്രണങ്ങളെയും അവര്‍ കാറ്റില്‍ പറത്തുന്നു. പക്ഷെ അതിനെതിരെ ആര്‍ക്കും പരാതിയില്ല. പരാതിപ്പെട്ടാല്‍ നടപടിയുമില്ല. കാരണം അതില്‍ തോട്ടാല്‍ പൊള്ളും.

അങ്ങനെ ദൈനംദിന ജീവിതത്തില്‍ എന്തെല്ലാം അലോസരങ്ങള്‍ ഉണ്ടാകുന്നു. ഇതൊന്നും സഹിക്കാന്‍ പറ്റില്ലെന്നു വരുന്നവര്‍ സമൂഹത്തില്‍ ജീവിക്കാന്‍ പറ്റിയവരല്ല. എന്നാല്‍ രാഷ്ട്രീയ പ്രസ്ഥനങ്ങളെയും മറ്റ് സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളെയും മാത്രമാണ് ഇത്തരം നിയന്ത്രണങ്ങള്‍ ബാധിക്കുന്നത്. ഒട്ടും അലോസരമില്ലതെ ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നത് തികഞ്ഞ അരാഷ്ട്രീയ തിമിരബാധയുള്ളവരാണ്. അവര്‍ ശരിക്കും അരാജകത്വത്തെ വരവേല്‍ക്കാന്‍ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും ഉള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അഥവാ അത് അവയുടെ ഉത്തരവാദിത്തമാണ്. അങ്ങനെയുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വിധികള്‍ നീതിപീഠങ്ങളില്‍ നിന്നും ഉണ്ടാകാന്‍ പാടുള്ളതല്ല. രാഷ്ട്രീയക്കാരുടെ മേല്‍ മാത്രം എല്ലാവര്‍ക്കും കുതിര കയറാം എന്ന ഒരു രീതി ശരിയല്ല. വിമര്‍ശനമെന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കല്‍ മാത്രമാണെന്ന ധാരണ ഉണ്ടെങ്കിലില്‍ അതു ശരിയല്ല. അത് തിരുത്തപ്പെടണം.

ഇപ്പോള്‍ റോഡ് വക്കില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ട് ബഹുമാനപ്പെട്ട ഹൈക്കൊടതി വിധി പ്രഖ്യാപിച്ചതോടെ ഒരു ജനാധിപത്യ അവകാശം കൂടി കവര്‍ന്നെടുക്കപ്പെടുകയാണ്. നേരത്തെ ബന്ദ് നിരോധിച്ചു. (അതിനു ചില ന്യായീകരണങ്ങള്‍ കണ്ടെത്താമെന്നു വിചാരിക്കാം. ഗതാഗതം തടയുന്നതിനെ ഈയുള്ളവന്‍ പോലും ന്യായീകരിക്കുന്നില്ല. എന്നു വച്ച് ഹര്‍ത്താല്‍ വിരോധിയുമല്ല). മറ്റൊന്ന് കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തനത്തിനു മാനദണ്ഡം വച്ചതു വഴി കാമ്പസുകളില്‍ അരാജകത്വം വളരുന്നു. ഇപ്പോള്‍ പൊതു സ്ഥലങ്ങളില്‍ യോഗം ചേരുന്നതു നിരോധിച്ചു.

റോഡിന്റെ മധ്യത്തിലല്ല ആരും പൊതുയോഗം നടത്തുന്നത്. അതിന്റെ ഒരു ഓരത്താണ്. വാഹങ്ങള്‍ക്ക് തടസമില്ലാതെ ആളുകളെ പരമാവധി റോഡരികില്‍ ഒതുക്കി നിര്‍ത്തിതന്നെയാണ് ഇന്ന് എല്ലാവരും പൊതുയോഗം നടത്തുന്നത്. പോലീസും ഇക്കാര്യത്തില്‍ സഹയിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ മുഴുവന്‍ വിവരദോഷികളാണെന്നു കരുതുന്നതുശരിയല്ല.

വാഹനങ്ങള്‍ ആള്‍ക്കൂട്ടം കാണുമ്പോള്‍ ഒന്നു സ്ലോ ചെയ്തു പോകേണ്ടിവരും. അതിപ്പോള്‍ എവിടെയെങ്കിലും മറ്റുതരത്തില്‍ ട്രാഫിക്ക് തടസം ഉണ്ടാകുമ്പോഴും ഒന്നു സ്ലോ ചെയ്യേണ്ടതായോ അല്പം ചവിട്ടേണ്ടതായൊ വരാമല്ലോ. അല്ലാതെ വാഹന അപകടങ്ങള്‍ക്ക് മുഴുവന്‍ പൊതുയോഗങ്ങളാണ് കാരണമെന്നൊക്കെ നിരീക്ഷിക്കുന്നത് ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ടായിരിക്കണം.

സ്വാതന്ത്ര്യ സമരകാലത്ത് ഇങ്ങനെ ഒരു വിലക്ക് ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നേതാക്കന്മാര്‍ അത് പാലിക്കുമായിരുന്നോ? പൊതു സ്ഥലത്തും മറ്റും യോഗങ്ങളും പ്രകടനങ്ങളും മറ്റു പല സമര രൂപങ്ങളും ഉപയോഗിച്ചു തന്നെയാണ് സ്വാതന്ത്ര്യം ഉള്‍പ്പെടെ നാം ഇന്ന് അനുഭവിക്കുന്ന പല അവകാശങ്ങളും സൌകര്യങ്ങളും ആനുകൂല്യങ്ങളും നേടിയെടുത്തിട്ടുള്ളത്. അല്ലാതെ ആരും നൂലില്‍ കെട്ടിയിറക്കിയതല്ല. ഏതെങ്കിലും കോടതി വിധിയിലൂടെ നേടിയതുമല്ല.

ജനാധിപത്യ രാജ്യത്ത് യോഗങ്ങളും പ്രകടനങ്ങളും പണിമുടക്കുകളുമൊക്കെ സ്വാഭവികമാണ്. ഇതൊന്നും കൂടാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിലേയ്ക്ക് പോകുന്നതാണു നല്ലത്. ഇനി നാളെ പ്രകടനങ്ങളും കൂടിയേ നിരോധിക്കുവാനുള്ളു. പൊതു വഴികളിലൂടെയാണല്ലോ പ്രകടനങ്ങള്‍ നടത്തുന്നത്. പൊതു വഴിയില്‍ പ്രകടനം കൂടി നിരോധിച്ചാല്‍ പിന്നെ എവിടെ പോയി പ്രകടനം നടത്തും? അവനവന്റെ വാഴപ്പണയിലോ? ഇനി പ്രതിഷേധ പ്രകടനങ്ങള്‍ പോലും സ്വകാര്യ സ്ഥലങ്ങളില്‍ വച്ചു നടത്തണമെന്നു പറഞ്ഞുകൂടെന്നില്ല.

എന്തിന്, ഇനി നാളെ റോഡിലിറങ്ങി നില്‍ക്കരുതെന്നു പറയുമോ എന്നു കണ്ടുതന്നെ അറിയണം? കാരണം റോഡ് നടക്കാനും വാഹനം പോകാനുമുള്ളതാണ്. ആകയാല്‍ റോഡിനരികില്‍ നില്‍ക്കുന്നവര്‍ നടന്നു കൊണ്ടിരിക്കണം. നില്‍ക്കാന്‍ പാടില്ല; പ്രത്യേകിച്ചും കൂട്ടം കൂടി. കാരണം റോഡ് പൊതു വകയാണ്! ഇതു മാതിരി ഇരുന്നുകൂട നിന്നു കൂട നടന്നുകൂട കിടന്നുകൂടാ എന്ന തരത്തില്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ഏതു ഭാ‍ഗത്ത് നിന്നുണ്ടായാലും അത് എതിര്‍ക്കപ്പെടേണ്ടതാണെന്ന്.

അങ്ങനെ ഒന്നൊന്നായി പൌരാവകാശങ്ങള്‍ എടുത്തു കളഞ്ഞ് സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ പറ്റിയ പരിസരമൊരുക്കുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല? ജനാധിപത്യ രാഷ്ട്രത്തിലെ നിയമസംവിധാനങ്ങളുടെ പിന്‍ബലത്തോടെ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുവാനുതകുന്ന ശ്രമങ്ങള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കാവുന്നതല്ല. ഇതില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ശക്തമായി പ്രതികരിക്കേണ്ടതാ‍ണ്.

അരാഷ്ട്രീയത ഇന്ന് കോടതികളെ പോലും സ്വാധീനിക്കത്തക്ക നിലയില്‍ വളര്‍ന്നിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യവാദികള്‍ പകച്ചു നില്‍ക്കരുത്. ഇതിനെ മറികടക്കാന്‍ സംഘടിതമായ നീക്കങ്ങളാണ് ഉണ്ടാകേണ്ടത്. നിയമപരമായിട്ടാണെങ്കിലും സമാധാനപരമായ ജനകീയ ചെറുത്ത് നില്പുകളിലൂടെയാണെങ്കിലും. സമരമാര്‍ഗ്ഗങ്ങള്‍ രാഷ്ട്രീയ ഭരണകൂടത്തിനും, ഉദ്യോഗസ്ഥ മേലാളന്മാര്‍ക്കും, അന്യായം കാണിക്കുന്ന തൊഴിലുടമകള്‍ക്കും എതിരെ മാത്രം പ്രയോഗിക്കനുള്ള ഒന്നല്ല. ധാരണ മാറണം. ഏതൊരു ഭരണഘടനാ സ്ഥാപനത്തെയും നേര്‍വഴിക്കു നയിക്കാന്‍ ജനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്.

അങ്ങനെ ഒന്നൊന്നായി പൌരാവകാശങ്ങള്‍ എടുത്തു കളഞ്ഞ് സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണോ? ജനാധിപത്യ രാഷ്ട്രത്തിലെ നിയമസംവിധാനങ്ങളുടെ പിന്‍ബലത്തോടെ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുവാനുതകുന്ന ശ്രമങ്ങള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കാവുന്നതല്ല. ഇതില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ശക്തമായി പ്രതികരിക്കേണ്ടതാ‍ണ്.

കോടതികള്‍ നിഷ്പക്ഷമായി നീതി നിര്‍വഹിക്കണം എന്നു വ്യവസ്ഥയുണ്ട്. ജനം പ്രതീക്ഷിക്കുന്നതും അതാണ്. എന്നാല്‍ ഒരു ജനാധിപത്യ രാജ്യത്തിലെ ജനാധിപത്യ ബോധമുള്ള പൌരന് കോടതികള്‍ അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ല. ഇത് ഒരു ഗൌരവമുള്ള വിഷയമാണ്. കോടതിവിധിയെ മറികടക്കാനുള്ള നിയമപരമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും പൌരാവകാശങ്ങല്‍ നിലനിര്‍ത്താന്‍ സര്‍വ്വ രാഷ്ട്രീയ കക്ഷികളൂടെം ഒരുമിച്ച് അണിനിരക്കേണ്ടിയുമിരിക്കുന്നു.

രാഷ്ട്രം എന്നാല്‍ ഒരു പ്രത്യേക ഭൂമിശാസ്ത്ര പ്രദേശവും അതുള്‍ക്കൊള്ളുന്ന ജനവും അവകളെ നോക്കിനടത്തുന്ന ജനങ്ങളാല്‍ (ജനാധിപത്യത്തില്‍) തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ഉള്‍പ്പെടുന്നതാണ്. ജനങ്ങള്‍ തന്നെ അവിടെ യജമാനന്‍. എന്നാല്‍ സ്വാര്‍ത്ഥമതികളായ ഏതാനും വ്യക്തികള്‍ മാത്രം ചേര്‍ന്നാല്‍ അതു രാഷ്ട്രമാകില്ല. സ്വാര്‍ത്ഥ ലാഭങ്ങളെ ലക്ഷ്യമാക്കി ഏതെങ്കിലും തല്പരകക്ഷികള്‍ കോടതികളില്‍ ഫയല്‍ ചെയ്യുന്ന അന്യായങ്ങളിന്മേല്‍ സമൂഹത്തിന്റെ മൊത്തം അവകാശങ്ങളെ നിഹനിക്കുന്ന വിധി പ്രസ്താവനകള്‍ നടത്തുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ നീതിപീഠങ്ങള്‍ക്ക് യോജിച്ചതല്ല.

Friday, June 25, 2010

ആദ്യാക്ഷരിയ്ക്ക് രണ്ടാം വാർഷികാശംസകൾ!

ആദ്യാക്ഷരിയ്ക്ക് രണ്ടാം വാർഷികാശംസകൾ!

ആദ്യംതന്നെ രണ്ടാം വാർഷികം ആഘോഷിക്കുന്ന എന്റെ ബൂലോകഗുരു ആദ്യാക്ഷരി ബ്ലോഗിന് ആശംസകൾ!

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ബ്ലോഗ് തുടങ്ങുന്നത് 2008 ജനുവരിയിലോ ഫെബ്രുവരിയിലോ മറ്റോ ആണ്. ഇപ്പോൾ ഉള്ളതിൽ ഏറ്റവും പഴയ പോസ്റ്റ് ഞാൻ 2008-ആ‍ാഗസ്റ്റ് മാസത്തിൽ ഇട്ടതായാണ് കാണുന്നത്. ഞാൻ ഇന്റെർനെറ്റ് ഉപയോഗിച്ചു തുടങ്ങി അധികം ദിവസങ്ങൾ കഴിയും മുൻപു തന്നെ ബ്ലോഗുകളെക്കുറിച്ചും മനസ്സിലാക്കി.ഓർക്കുട്ടിലെ ഏതോ ലിങ്കു വഴി ആദ്യം കണ്ട ബ്ലോഗ് സിന്ധു ജോയിയുടേതായിരുന്നു. ബ്ലോഗ് എന്ന വാക്കു തന്നെ അന്നാണ് കാണുന്നതും അറിയുന്നതും.

പിന്നെ ഏതാനും ദിവസങ്ങൾക്കകം തന്നെ ഞാനും എന്റേതായ ബ്ലോഗ്-അല്ല-ബ്ലോഗുകൾ- തുടങ്ങി.കമ്പ്യൂട്ടറും ഞാൻ പഠിച്ചു തുടങ്ങിയിട്ട് അപ്പോഴേയ്ക്കും ആറോ ഏഴോ വർഷമേ ആയിട്ടുണ്ടായിരുന്നുള്ളു. ഈ മേഖലയിൽ, അതായത് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും പ്രത്യേകിച്ച് ബ്ലോഗിന്റെയും ലോകത്ത എത്താൻ വൈകിയതിൽ ഇന്നും ഞാൻ അതിയായി ദു:ഖിക്കുന്നുണ്ട്.

എന്തായാലും ബ്ലോഗു തുടങ്ങി ഉടൻ ഞാൻ ആദ്യാക്ഷരിയെ കണ്ടെത്തി. എല്ലാം യാദൃച്ഛികമായിരുന്നു. ബ്ലോഗു തുടങ്ങാനുള്ള വിദ്യ ഒരു കമ്പ്യൂട്ടർ സെന്ററിൽ നിന്ന് അല്പം മാത്രം പഠിച്ച എന്റെ ഒരു വിദ്യാർത്ഥിയും ഇപ്പോൾ സഹപ്രവർത്തകനുമായ ഒരു പയ്യന്റെ സഹായത്തോടെ ബ്ലോഗു തുടങ്ങി . പക്ഷെ ബ്ലോഗിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ അറിവൊന്നും ആ പയ്യനില്ലായിരുന്നു. എങ്കിലും ബൂലോകത്തേയ്ക്കുള്ള പ്രവേശനത്തിന് ആ ഉള്ളവന്റെ അല്പജ്ഞാനം എനിക്കു സഹായകമായി.

ബ്ലോഗ് തുടങ്ങിയശേഷം ഞാൻ പണ്ടെന്നോ എഴുതിയ, ആനുകാലികങ്ങളിലും മറ്റും പ്രസിദ്ധീകരിച്ചവയും അല്ലാത്തവയുമായ “സാധനങ്ങൾ” ഓരോന്നും പൊടിതട്ടിയെടുത്ത് മിനക്കെട്ടിരുന്ന് ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്തു തുടങ്ങി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ബാംഗ്ലൂരിൽ ഒരു ഇന്റെർനെറ്റ് പത്രത്തിൽ ജോലി നോക്കിയിരുന്ന എന്റെ സുഹൃത്ത് മാരീചൻ യാദൃച്ഛികമായി എന്റെ ബ്ലോഗ് കണ്ടിട്ട് ഫോൺ വിളിച്ച് പ്രോത്സാഹിപ്പിച്ചു. അപ്പോഴാണ് മാരീചൻ കുറച്ചുകൂടി നേരത്തെ ബ്ലോഗ്ഗിംഗ് തുടങ്ങിയ വിവരം ഞാൻ അറിയുന്നത്തന്നെ. മാരീചനെന്നൊരു അപരനാമത്തിൽ പുള്ളി ബൂലോകത്ത് വിലസുന്ന കാര്യം അപ്പോഴാണ് ഞാൻ അറിയുന്നത്.

കൂടാതെ ദുബായിൽ നിന്നും ഇപ്പോൾ ഇന്ത്യൻ കോൻസുലേറ്റിലുള്ള (അന്ന് ആസ്ട്രേലിയൻ കോൺസുലേറ്റിലോ മറ്റോ ആയിരുന്നെന്നു തോന്നുന്നു.) എന്റെ അയൽ വാസിയും സുഹൃത്തുമായ ജാസിമിന്റെ പ്രതികരണവും പ്രോത്സാഹനവും വന്നു. അദ്ദേഹവും നേരത്തേ ബ്ലോഗു തുടങ്ങിയിരുന്നു. ഞാൻ കൂടി വന്നതോടെ ജാസിം തിരക്കിനിടയിലും അല്പം കൂടി ബ്ലോഗിംഗിൽ സജീവമായി. അവിടെ യു.എ.ഇ യിലെ തട്ടത്തുമല പ്രവാസി സംഗമത്തിന്റെ (തപസ്സ്) ബ്ലോഗിലും മറ്റും ഞാനും ജാസിമും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ ബ്ലോഗിംഗിൽ പരിചയമുള്ള ഒന്നുരണ്ട് കൂട്ട് കിട്ടിയതിൽ ഞാൻ സന്തോഷിക്കുകയും ചെയ്തു. പിന്നീട് ദുബായിലുള്ള എന്റെ അടുത്ത സുഹൃത്ത് വാഴോടനും ബ്ലോഗു തുടങ്ങി.

നാട്ടിൽ വീഡിയോ ഗ്രാഫറും എന്റെ വിദ്യാർത്ഥിയും എന്നെ മൌസു ചലിപ്പിക്കാൻ ആദ്യമായി പരിശീലിപ്പിച്ചവരിൽ പ്രധാനിയുമായ കപിലിന് ഒരു ഫോട്ടോ ബ്ലോഗുണ്ട്. കമ്പ്യൂട്ടർ പഠിക്കാൻ കപിലും മറ്റുമാണ് എന്നെ സഹായിച്ചതെങ്കിൽ ഇന്റെർനെറ്റും ബ്ലോഗിംഗും പഠിക്കാൻ തിരിച്ച് കപിലിനെ ഞാൻ സഹായിക്കുകയായിരുന്നു. എന്നെ കമ്പ്യൂട്ടർ പഠിപ്പിക്കുക വഴി ഇക്കാര്യത്തിൽ എന്റെ ഗുരുക്കന്മാരായി കൂടി മാറിയ എന്റെ പൂർവ്വ വിദ്യാർത്ഥികൾ, ഇപ്പോൾ എനിക്ക് അവരെക്കാൾ കമ്പ്യൂട്ടർ, ഇന്റെർനെറ്റ് എന്നിവയുടെ ചില മേഖലകളിലെങ്കിലും ഉള്ള സാമർത്ഥ്യത്തെപ്പറ്റി ഞാൻ വീമ്പു പറയുമ്പോൾ അവന്മാർ ഗ്രൂപ്പായി എന്നെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്; കശ്മലന്മാർ!

അവന്മാരിൽ ചിലവന്മാർ വലിയ ഹാർഡ് വയറിസ്റ്റുകളും ചിലവന്മാർ വലിയ സോഫ്റ്റ് വയറിസ്റ്റുകളുമാണ്. എന്നാൽ ഇതൊന്നുമല്ലാ‍ത്ത എനിക്ക് അറിയാവുന്ന കമ്പ്യൂട്ടർ സംബന്ധിയായ പലതും അവന്മാർക്കറിയാത്തതിനെ ചൊല്ലി ഞാൻ അവന്മാരെയും കളിയാക്കും. കമ്പ്യൂട്ടർ സംബന്ധിയായ എന്തെങ്കിലും പുതിയ പുതിയ സംശയങ്ങൾ അവരോട് ചോദിക്കുമ്പോൾ അവർക്ക് അറിയില്ലെങ്കിൽ എനിക്ക് ദേഷ്യം വരും. അപ്പോൾ പിന്നെ നീയൊക്കെ എന്തിനെടാ പോളിയിലും കീളിയിലുമൊക്കെ പോയതെന്നാണ് എന്റെ ചോദ്യം.

നമ്മുടെ നാട്ടിൽനിന്നുതന്നെ ഇനിയും കൂടുതൽ പേർ ബ്ലോഗിംഗിലേയ്ക്ക് വരുമെന്നാണ് എന്റെ പ്രതീക്ഷ. പലർക്കും ആഗ്രഹമുണ്ട്. പക്ഷെ പഠിക്കാൻ സമയവും സന്ദർഭവും കിട്ടുന്നില്ല എന്നതാണ് പ്രശ്നം. ചിലർക്കൊക്കെ ഇതെന്തോ തങ്ങൾക്ക് അപ്രാപ്യമായ മേഖലയാണെന്നൊരു തെറ്റിദ്ധാരണയും ഉണ്ട്. ഒക്കെ മാറിവരുമെന്നാണ് എന്റെ വിശ്വാസം.

എന്തായാലും ബ്ലോഗു കണ്ടെത്തിയത് എനിക്ക് ആദ്യം ഒരു കൌതുകവും ആവേശവുമായിരുന്നു. സ്വന്തമായി ബ്ലോഗു തുടങ്ങിയപ്പോൾ അത് ഒരു തരം ഭ്രാന്തായി മാറി. ആദ്യാക്ഷരി കണ്ടതോടെ ഭ്രാന്തു മൂത്തു. പിന്നെ ആദ്യാക്ഷരിയിലെ ഓരോ അദ്ധ്യായവും (എന്റെ പറട്ട സിസ്റ്റത്തിന്റെ സൌകര്യങ്ങളിൽ ഒതുങ്ങുന്നതെല്ലാം) വായിച്ച് പരീക്ഷണങ്ങൾ തുടങ്ങി. എന്തിന്, ആദ്യാക്ഷരിയിലെ പോസ്റ്റുകൾ വായിച്ചു പരീക്ഷിക്കുന്നതിനു മാത്രമായി തന്നെ ചില ബ്ലോഗുകൾ രഹസ്യമായും തുടങ്ങി.

ചുരുക്കത്തിൽ ഇന്റെർ നെറ്റും, ഇമെയിലും, ബ്ലോഗുമെല്ലാം അനല്പമായി എന്നെ പഠീപ്പിച്ചവരെ ഞാൻ തിരിച്ച് വിശദമായി പഠിപ്പിച്ചു തുടങ്ങി. അല്ലെങ്കിലും എന്റെ വിദ്യാർത്ഥികളായിരുന്നവരാണ് എന്നെ കമ്പ്യൂട്ടർ തന്നെ പഠിപ്പിച്ചത്. കമ്പ്യൂട്ടറിൽ അവർ ഇന്നും കേമന്മാരാണ്. പക്ഷെ നെറ്റകത്തെ അദ്ഭുതങ്ങൾ പലതും ഇപ്പോൾ അവർക്ക് ഞാൻ പറഞ്ഞു കൊടുക്കുന്നു. എന്നെ അവർ കമ്പ്യൂട്ടറിന്റ് ലോകത്ത് എത്തിച്ചു. ഇപ്പോൾ ഞാൻ അവരെ ഇന്റെർനെറ്റിന്റെ ലോകത്തെക്കുറിച്ച് പഠിപ്പിക്കുന്നു.

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്നു പറഞ്ഞതു പോലെ തട്ടത്തുമല ദേശത്ത് ബ്ലോഗിംഗിൽ, അതായത് ബ്ലോഗ് സെറ്റിംഗുകളിലും മറ്റും ഇതെഴുതുംവരെ ഞാൻ തന്നെ അഗ്രഗണ്യൻ അഥവാ “അതുല്യപ്രതിഭ” എന്ന ഒരു ഗമയിലാണ് ഞാൻ നടക്കുന്നത്. ആദ്യാക്ഷരി തന്നെയാണ് എന്റെ പ്രധാന ഗുരു. പിന്നീടാണ് മുള്ളൂക്കാരന്റെ ബ്ലോഗും, നമ്മുടെ തന്നെ നാട്ടുകാരൻ എന്നു പറയാവുന്ന രാഹുൽ കടയ്ക്കലിന്റെ ഇൻഫ്യൂഷനും മറ്റും പരിചയപ്പെടുന്നത്.

ആദ്യാക്ഷരിയിലും മറ്റ് സഹായ ബ്ലോഗുകളിലും പറയുന്ന കാര്യങ്ങൾ പരീക്ഷിക്കുന്നത് കുറെനാൾ എന്റെ ഒരു ശീലമായും പിന്നെ ദുശ്ശീലമായും മാറുകയുണ്ടായി. ഇപ്പോൾ അത് ദുശ്ശീലമല്ലെങ്കിലും ഇടയ്ക്ക് ഒരു ശീലം തന്നെയാണ്. ആദ്യാക്ഷരിയിൽ നിന്നും മറ്റു സഹായ ബ്ലോഗുകളിൽ നിന്നും പഠിച്ച ബ്ലോഗ് സെറ്റിംഗുകൾ എല്ലാം പ്രധാന ബ്ലോഗുകളിൽ ഉപയോഗിക്കാത്തത് ലോഗിംഗ് സമയത്തിൽ ദൈർഘ്യം ഉണ്ടാകും എന്നു ഭയന്നാണ്. ആദ്യാക്ഷരിയിലെ പുതിയ പോസ്റ്റുകൾ അപ്പപ്പോൾ അറിയുന്നതിന് എന്റെ പ്രധാന ബ്ലോഗുകളിൽ എല്ലാം (ബ്ലോഗുകൾ എനിക്ക് പലതുണ്ട് കേട്ടോ. വട്ടല്ലേ? ദയവായി സഹിക്കുക) ആദ്യാക്ഷരിയെ ബ്ലോഗ് ലിസ്റ്റിൽ ആഡ് ചെയ്ത് ബ്ലോഗിന്റെ സൈഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മറ്റൊന്ന് ഇന്നിപ്പോൾ ലോകമാകെ ലക്ഷക്കണക്കിനു ബ്ലോഗുകളും മറ്റും ഉള്ളപ്പോഴും ഇനിയും കമ്പ്യൂട്ടർ എക്സ്പെർട്ടുകളായവരിൽ പോലും നല്ലൊരു പങ്കിനും ഈ ബ്ലോഗുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാതെ പോകുന്നുണ്ട് എന്നത് ദു:ഖകരമായ ഒരു വസ്തുതയാണ്. ഞാൻ ചിലപ്പോഴെല്ലാം സന്ദർശിക്കാറുള്ള കിളിമാനൂരിലെ ഒരു ഇന്റെർനെറ്റ് കഫേ നടത്തുന്ന കമ്പ്യൂട്ടർ എക്സ്പെർട്ടിനു ബ്ലോഗ് എന്ന മാധ്യമത്തെ കുറിച്ച് പറഞ്ഞു കൊടുത്തത്തന്നെ ഞാനാണ്. ഇന്നും അയാൾക്ക് ബ്ലോഗുകളെക്കുറിച്ച് വേണ്ടത്ര അറിവില്ല. അങ്ങനെ ഒരുപാട് പേർ.

ഇതുവരെ വന്നതിനേക്കാൾ എത്രയോ പേർ ഇനിയും ബ്ലോഗ്ഗിംഗിലേയ്ക്ക് വരാനിരിക്കുന്നു. ഒരുകാലത്ത് അക്ഷരജ്ഞാനമുള്ള മിക്കവാറും എല്ലാവർക്കും ഒരു വെബ്സൈറ്റോ ബ്ലോഗോ ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. ബ്ലോഗിംഗ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം ആയിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം.എന്തായാലും സാക്ഷരതയെന്നാൽ കമ്പ്യൂട്ടർ സാക്ഷരതയും കൂടി ചേർന്ന ഒന്നാകുന്ന കാലം ഇപ്പോൾ തന്നെ വന്നുഭവിച്ചു കഴിഞ്ഞു. കമ്പ്യൂട്ടറിന്റെ ബാല പാഠങ്ങളെങ്കിലും പഠിക്കാത്തത് ഇക്കാലത്ത് ഒരു നിരക്ഷരതതന്നെ.

വിദ്യാലയങ്ങളിൽ എല്ലാം ഓരോ ക്ലാസ് റൂമുകളിലും വലിയ സ്ക്രീനുകൾ വച്ച് ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ഇരുന്ന് വിദഗ് ധരായ അദ്ധ്യാപകർ പഠിപ്പിക്കുന്ന ക്ലാസുകൾ കണ്ടു പഠിക്കുന്നതായിരിക്കും വരും കാലത്തെ അദ്ധ്യാപന രീതി. വെബ് ക്യാമറകളും, ഇ-മെയിലും വെബ് സൈറ്റുകളും, ബ്ലോഗുകളും വഴി കുട്ടികൾ ഓൺലൈനായി സംശയങ്ങൾ ചോദിച്ച് നിവാരണം വരുത്തുന്ന ഒരു ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം! സ്കൂളുകളിലെ അദ്ധ്യാപകർ സഹായികളും നോട്ടക്കാരും മാത്രമാകും. കുട്ടികളുടെയും അദ്ധ്യാപകരുടെയും കൈയ്യിൽ പുസ്തകങ്ങളായിരിക്കില്ല, നിശ്ചയമയും ലാപ് ടോപ്പുകളായിരിക്കും ഉണ്ടായിരിക്കുക.

ഏതായാലും പുതിയവരും പഴയവരുമായ ബ്ലോഗർമാർ എക്കാലത്തും പഠിക്കാനെത്തുന്ന ഒരു ബ്ലോഗിംഗ് സർവ്വകലാശാലയായി ആദ്യാക്ഷരി ബൂലോകത്ത് (ഞാൻ ബ്ലോഗം എന്നാണ് പറയാറ്‌) നിലനിൽക്കട്ടെയെന്ന് ആശംസിക്കുന്നു. ബൂലോകത്ത് ഇതുപോലെ നിഷ്കാമ കർമ്മം ചെയ്യുന്ന അപ്പൂമാ‍ഷിനെ പോലുള്ളവർ വരും കാലത്തിന്റെ പ്രതീക്ഷകളാണ്. വരും കാലമെന്നാൽ അത് ഇ- ലോകം തന്നെ ആകാതിരിക്കാൻ തരമില്ലല്ലോ. ആ ഇ-ലോകത്ത് ബ്ലോഗുകൾക്കുള്ള സ്ഥാനവും വളരെ പ്രധാനപ്പെട്ടതായിരിക്കും എന്നും നമുക്കു പ്രതീക്ഷിക്കാതിരിക്കാൻ കഴിയില്ലല്ലോ!

അപ്പു മാഷേ നിങ്ങൾ ചെയ്യുന്ന ഈ സേവനം എക്കാലവും ബൂലോകത്തിനകത്തും പുറത്തും വാഴ്ത്തപ്പെടും !

Monday, February 8, 2010

തിലകനെ ഊരുവിലക്കുന്നതെന്തിന്?

തിലകനെ ഊരുവിലക്കുന്നതെന്തിന്? ആർക്ക്, അല്ലെങ്കിൽ ആർക്കൊക്കെ വേണ്ടി?

ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ അംഗമാണെന്നിരിയ്ക്കട്ടെ. ആ പാർട്ടിയുടെ നയപരിപാടികൾക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവർത്തിച്ചാൽ ആ രാഷ്ട്രീയ പാർട്ടിയ്ക്ക് ആ അംഗത്തിന്റെ പേരിൽ ശിക്ഷാനടപടികൾ സ്വീകരിക്കാം.തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ പുറത്തും ആക്കാം. എന്നാൽ ആ വ്യക്തിയെ രാഷ്ട്രീയത്തിൽനിന്നുതന്നെ പുറത്താക്കാൻ ആ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് അവകാശമുണ്ടോ? ആ വ്യക്തിയെ പിന്നീട് ഒരു രാഷ്ട്രീയപാർട്ടിയിലും ചേർക്കരുതെന്ന് പറയാൻ പുറത്താക്കിയ ആ പാർട്ടിയ്ക്ക് കഴിയുമോ?

അഥവാ പറഞ്ഞാൽ തന്നെ മറ്റു പാർട്ടികൾ അത് അംഗീകരിക്കുമോ? അങ്ങനെ അംഗീകരിയ്ക്കാൻ മറ്റു പാർട്ടികൾ ബാദ്ധ്യസ്ഥമാണോ? ഇല്ല എന്നതാണ് ഇതിന്റെ ലളിതമായ ഉത്തരം. ഒരു പാർട്ടിയിൽ നിന്ന്‌ പുറത്താക്കപ്പെട്ട അംഗത്തിന് മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കുകയോ അതുമല്ലെങ്കിൽ സ്വതന്ത്രമായി നിന്നുകൊണ്ടു തന്നെയോ വിവിധ തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനം തുടരാവുന്നതാണ്. അത് ഒരു വ്യക്തിയുടെ ജനാധിപത്യപരമായ അവകാശമാണ്. അതിനു തടയിടാൻ ആ‍ർക്കും അവകാശമില്ല.

അതുപോലെ ഏതെങ്കിലും ഒരു തൊഴിൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെ ആ തൊഴിലുമായോ തൊഴിൽ സ്ഥാപനവുമായോ ബന്ധപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ആ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ കഴിയും. എന്നാൽ ആ നടപടിയ്ക്ക് വിധേയനായ തൊഴിലാളിയ്ക്ക് ആ കമ്പനിയിൽ ചെയ്തിരുന്ന തൊഴിൽ മറ്റൊരിടത്തും നൽകാൻ പാടില്ലെന്ന് പറയാൻ പിരിച്ചു വിട്ട കമ്പനിയ്ക്ക് കഴിയുമോ? അങ്ങനെ പറഞ്ഞാൽത്തന്നെ അതാരെങ്കിലും അനുസരിക്കുമോ? അഥവാ അനുസരിക്കാൻ ബാധ്യതയുണ്ടോ? ഇല്ല എന്നതു തന്നെ ഇതിന്റെയും ലളിതമായ ഉത്തരം.

ഏതാണ്ട് ഇതുപോലെ ചില ചോദ്യങ്ങൾ ഉയർത്താവുന്ന ഒരു വിഷയമാണ് മലയാളത്തിലെ മഹാനടനായ തിലകനു സിനിമാരംഗത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ഊരുവിലക്ക് “സംരംഭവും”! മതങ്ങൾ പോലും ഇപ്പോൾ എത്ര ഗുരുതരമായ വിശ്വാസലംഘനം നടത്തിയാലും ഊരു വിലക്കാൻ ധൈര്യപ്പെടില്ല. അഥവാ അങ്ങനെ ആരെയെങ്കിലും വിലക്കിയാലും ആരും അത് കാര്യമാക്കാനും പോകുന്നില്ല. കാലമൊക്കെ മാറി. പക്ഷെ നമ്മുടെ മലയാള സിനിമാലോകം ഇപ്പോഴും ഊരുവിലക്കിന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്നു തോന്നുന്നു.

ഏതോ ഒരു വിലക്കപ്പെട്ട സംവിധയകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ തിലകനെ ഒരു സിനിമയിലും ഇനി അഭിനയിപ്പിക്കാൻ പാടില്ലത്രേ! അങ്ങനെ ഊരുവിലക്കാൻ മാത്രം ധൈര്യമുള്ള സംഘടനകൾ മലയാള സിനിമാരംഗത്ത് ഉണ്ടായിരിക്കുന്നു എന്നു പറയുമ്പോൾ, സംഘടനകൾ വളരുന്നത് നല്ലതുതന്നെ; പക്ഷെ അത് ആരുടെയെങ്കിലും സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടിയാണെന്നു വന്നാൽ അത് പ്രോത്സാഹന ജനകമല്ല. മതാധിപത്യം പോലെ ഏതെങ്കിലും തരത്തിലുള്ള ആധിപത്യങ്ങൾ സ്ഥാപിക്കുവാനാകരുത് ജനാധിപത്യസംഘടനകൾ ഒന്നും.

ഇവിടെ അതുല്യനായ മഹാനടൻ തിലകൻ അദ്ദേഹത്തിന് സിനിമാലോകത്തുനിന്ന് ഉണ്ടായ ഒരു തിക്താനുഭവത്തിനെതിരെ അതിശക്തമായി പ്രതികരിക്കുകയാണ്. ഒപ്പം വളരെ ഗുരുതരമായ ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുന്നു. ചിലതൊക്കെ അതീവ ഗൌരവമുള്ളതുകൊണ്ടാകാം മറച്ചു വയ്ക്കുവാനും അദ്ദേഹം ശ്രമിക്കുന്നു. പേരു പറയാതെ ചില സൂപ്പർസ്റ്റാറുകളിലേയ്ക്കും അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ മുൾമുന നീണ്ടു പോകുന്നു. എന്നാൽ ഇതുവരെ ഈയുള്ളവന്റെ അറിവിൽ തിലകൻ ഉന്നയിച്ച പ്രശ്നത്തോട് ബന്ധപ്പെട്ട ആരും കാര്യമായി പ്രതികരിച്ചിട്ടില്ല. അഥവാ കുറ്റകരമായ അവഗണന പുലർത്തുന്നു എന്നു വേണം കരുതാൻ.

ഈ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള മദ്ധ്യസ്ഥതയ്ക്കോ മറ്റോ ആരെങ്കിലും ശ്രമിക്കുന്നതായും അറിയാൻ കഴിഞ്ഞില്ല. ആരൊക്കെയോ ആരെയൊക്കെയോ ഭയപ്പെടുന്നതായി തോന്നുന്നു. തിലകനു പിന്തുണയുമായി മലയാള സിനിമാരംഗത്തുനിന്ന് അധികമാരും മുന്നോട്ടു വരുന്നതായി കാണുന്നില്ല. അതുകൊണ്ടു തന്നെ എല്ലവരും ആരെയൊക്കെയോ, എന്തിനെയൊക്കെയോ ഭയക്കുന്നതായിത്തന്നെ കരുതണം. മറ്റൊന്ന്, തിലകൻ അദ്ദേഹത്തെ വിഷമിപ്പിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണെന്നറിയാമെങ്കിൽ എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താതെ അതു തുറന്നു പറയാൻ തയ്യാറാകണം.

സിനിമാരംഗത്തെ ഉള്ളുകള്ളികളെക്കുറിച്ച് പുറത്തു നിൽക്കുന്നവർക്ക് അധികം അറിയില്ല. തിലകൻ എന്തെങ്കിലും തെറ്റു ചെയ്തോ ഇല്ലയോ എന്നതും പുറത്തുള്ള കലാസ്നേഹികൾക്ക് ഒരു പ്രശ്നമല്ല. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുവാൻ വേറെ പല മാന്യമായ മാർഗ്ഗങ്ങളും ഉണ്ട്. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന, ഇനിയും ഏറെ പ്രതീക്ഷിക്കുന്ന ഒരു മഹാനടനെ വേദനിപ്പിക്കുക എന്നു പറഞ്ഞാൽ ആ നടനെ ഇഷ്ടപ്പെടുന്ന എല്ലാവരെയും വേദനിപ്പിക്കുന്നതിനു തുല്യമാണ്. അതും ഏറെ പ്രായവും, അതിനൊത്ത സമ്പത്തുള്ള ഒരു മനുഷ്യൻ.

ഇനി ഒരാളെ നന്നാക്കാനാണ് ഏതെങ്കിലും തരത്തിലുള്ള നടപടിയെങ്കിൽതന്നെ ജീവിതത്തിന്റെ സായന്തനത്തിൽ എത്തി നിൽക്കുന്ന ഒരു മനുഷ്യനോട് ഇത്രയധികം ക്രൂരത ചെയ്യണോ? ഇനിയും നല്ല ആരോഗ്യത്തോടെ ശേഷിക്കുന്ന കാലത്തോളം ഈ അഭിനയപ്രതിഭയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയല്ലേ വേണ്ടത്? തിലകനെ പോലെ ഗുരുതുല്യനായ ഒരു നടനോട് ഇപ്പോൾ ഇവർ ഈ കാണിക്കുന്നത് ഒരു ഗുരുനിന്ദയല്ലേ? അത്രയും വേണോ എന്ന് മലയാള സിനിമാരംഗത്തുള്ളവർ- അവർ എത്ര ഉഗ്രപ്രതാപികൾ ആണെങ്കിലും- ഒന്നു പുനർവിചിന്തനം നടത്തുന്നതു കൊണ്ട് ആരും ചെറുതായി പോകില്ല. തിലകൻ ചേട്ടന്റെ പ്രശ്നം ആരാലെങ്കിലും ഉടൻ പരിഹരിക്കപ്പെടട്ടെയെന്ന് ആശംസിക്കുന്നു.