ഇത് ലേഖനബ്ലോഗം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാ‍ത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.

Sunday, April 24, 2011

ഭരണനേട്ടങ്ങളുടെ നിറവിൽ ഇടതുമുന്നണി

ഭരണനേട്ടങ്ങളുടെ നിറവിൽ ഇടതുമുന്നണി

നാ‍ളിതുവരെ കേരളം ഭരിച്ച ഇടതുപക്ഷ-വലതുപക്ഷ ഗവർണ്മെന്റുകൾക്ക് ചെയ്യാൻ സാധിച്ചതിന്റെ പതിന്മടങ്ങ് ജനക്ഷേമ പരിപാടികൾ നടപ്പിലാക്കാൻ കഴിഞ്ഞ ഒരു ഗവർണ്മെന്റാണ് ഇപ്പോഴത്തെ ഇടതുപക്ഷ ഗവർണ്മെന്റ്. ഭരണമേറ്റ ആദ്യ നാളുകളിൽ പാർട്ടികളിലും മുന്നണിയിലും ഉണ്ടായിരുന്ന ആന്തരികമായ ചില പ്രതികൂല ഘടകങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നു. അതെല്ലാം പരിഹരിച്ചു വന്നപ്പോഴേയ്ക്കും സമയം അല്പം വൈകിയിരുന്നു. എന്നിട്ടും ഇത്രയും മെച്ചപ്പെട്ട ഒരു ഭരണം കാഴ്ചവയ്ക്കാനായി എന്നത് എടുത്തുതന്നെ പറയണം.

ഈ ഭരണത്തിന് തുടർച്ച കിട്ടിയാൽ കേരളം വികസന രംഗത്ത് അദ്ഭുതകരമായ വിജയം കൈവരിക്കും എന്ന കാര്യത്തിൽ സംശയമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നിഷേധാത്മകമായ നിലപാട് സ്വീകരിക്കാതെ ഈ ഗവർണ്മെന്റ് കൈവരിച്ച ഭരണ നേട്ടങ്ങൾക്ക് വോട്ടിലൂടെ കൈയ്യൊപ്പ് നൽകിയാൽ അത് കേരളത്തിന്റെ സൌഭാഗ്യം തന്നെ ആയിരിക്കും. ഭരണത്തെ വിലയിരുത്തി ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന ഒരാൾക്കും ഇടതുപക്ഷത്തിനല്ലാതെ വോട്ടു ചെയ്യാനാകില്ല.അവർ കടുത്ത ഇടതുപക്ഷ വിരുദ്ധരല്ലെങ്കിൽ!

എല്ലാ മേഖലകളിലും ഒരു ഭരണകൂടത്തിന്റെ നേതൃത്വവും സംരക്ഷണം കൂടെയുണ്ടെന്ന് ഉറപ്പാക്കുന്നതായിരുന്നു ഈ ഭരണം. സമസ്ത മേഖലകളിലും മാറ്റത്തിന്റെ കാഹളം മുഴക്കാൻ ഈ ഗവർണ്മെന്റിന് സാധിച്ചു. സർക്കാരിന്റെ ഇടപെടൽ എല്ലാ മേഖലകളിലും ദൃശ്യമായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിലാണ് ഈ ഗവർണ്മെന്റ് പ്രത്യേകം ഊന്നൽ നൽകിയത് എന്നത് അഭിമാനപൂർവ്വം പറയാൻ കഴിയും. സമ്പന്നവർഗ്ഗ താല്പര്യങ്ങളെക്കാലുപരി പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ബാദ്ധ്യതപ്പെട്ട മുന്നണിയാണ് ഇടതുമുന്നണി. ആനിലയിൽ ഇടതുസർക്കാരിനു ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടി ചെയ്യാൻ കഴിഞ്ഞു.

മൂലധന ശക്തികൾക്ക് ലാഭമുണ്ടാക്കാൻ കഴിയുന്ന വൻ കിട പദ്ധതികളെ മാത്രം വികസന അടയാളങ്ങളായി കൊട്ടി ഘോഷിക്കുന്നവർക്ക് കനത്ത മറുപടിയായിരുന്നു ഈ ഭരണം. വ്യാവസായിക മേഖലയിലും മുമ്പെങ്ങുമില്ലാത്ത വികസന വിപ്ലവങ്ങൾ ഈ ഭരണ കാലത്ത് നടന്നിട്ടുണ്ട്. എങ്കിലും പാവങ്ങളെ ഇത്രയധികം ശ്രദ്ധിച്ചതിനുതന്നെയാണ് കൂടുതൽ മാർക്ക് നൽകേണ്ടത്. എത്ര വൻ പദ്ധതികൾ വന്നാലും ദുരിത ഭാരം പേറി കഴിയുന്ന വിഭാഗം ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഭരണനേട്ടമായി കരുതാനാകില്ല. ആനിലയിൽ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിന് എൺപതു മാർക്ക് ഏതു പൊട്ടക്കണ്ണൻ രാഷ്ട്രീയ നിരീക്ഷകനും നൽകും.

സമ്പൂർണ്ണ സംതൃപ്തി എന്ന ലക്ഷ്യത്തിലേയ്ക്കുള്ള മുന്നേറ്റത്തിനിടയിലാണ് ഭരണകാലാവധി തീരുന്നത്. ഇപ്പോൾ ഇടതുമുന്നണിക്ക് ഭരണം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കേരളം കുറഞ്ഞത് അഞ്ച് വർഷം പുറകിലേയ്ക്ക് പോകും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടതുഭരണം നടപ്പിലാക്കിയ ജനക്ഷേമ പരിപാടികളെ ഒന്നൊന്നായി അട്ടിമറിക്കുവാനാണ് സാദ്ധ്യത. പിന്നെ ഒരു ഇടവേളയ്ക്ക് ശേഷം ഇടതുപക്ഷം വീണ്ടും വന്നാൽ ഒന്നേന്ന് എല്ലാം ഉടർച്ചുവാർത്ത് തുടങ്ങണം. മറിച്ച് പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ജനവിധി വീണ്ടും ഇടതുമുന്നണിയ്ക്ക് അനുകൂലമായാൽ കേരളം വികസനക്കുതിപ്പിൽ മറ്റ് സംസ്ഥാനങ്ങൾക്ക്തന്നെ ഒരു മാതൃകയാകും.

2006 മെയ് 18-ന് അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനകീയ വികസന പന്ഥാവിലൂടെ ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയത്. കർഷക ആത്മഹത്യാ പ്രവണത ഇല്ലായ്മ ചെയ്യുകയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയും വ്യവസായ ഐറ്റി -ടൂറിസം മേഖലകളിൽ റെക്കോർഡ് നേട്ടം കൈവരിക്കുകയും ചെയ്തു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിലും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിലും സമ്പൂർണ്ണ പാർപ്പിട പദ്ധതിയും സമ്പൂർണ്ണ വൈദ്യുതീകരണവും നടപ്പിലാക്കിത്തുടങ്ങുന്നതിലും വിജയിച്ചു. ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുകയും മുഴുവൻ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാൻ നടപടിയെടുക്കുകയും ചെയ്തു. ക്ഷേമ പെൻഷനുകൾ മൂന്നു മടങ്ങോളമായി വർദ്ധിപ്പിച്ച് കൃത്യമായി ലഭ്യമാക്കി.

ക്രമസമാധാന രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനം കൈവരിച്ചു. ദശലക്ഷക്കണക്കിനായ പ്രവാസി മലയാളികൾക്ക് പെൻഷനുൾപ്പെടെ ക്ഷേമനിധി ഏർപ്പെടുത്തി. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, ദേശീയ ജലപാത കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യ വികസനം ഉൾപ്പെടെ ബൃഹദ് പദ്ധതികൾക്ക് തുടക്കം കുറിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും സത്വരമായ വികസന- ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ വർഷങ്ങൾ സാക്ഷ്യം വഹിച്ചത്. അങ്ങനെ ഭരണ നേട്ടങ്ങളുടെ വിജയപതാകയുമേന്തി മുന്നേറുന്ന ഇടതുഭരണത്തിന് തുടർച്ച കിട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂർത്തീകരിച്ച നിരവധി പദ്ധതികൾക്കൊപ്പം തുടങ്ങിവച്ച പല പദ്ധതികൾക്കും തുടർച്ചയും വിജയവും കൈവരിക്കുവാൻ ഇടതു മുന്നണി ഭരണം വീണ്ടും അധികാരത്തിൽ വരണം.

ഒരു ദിവസം പോലും ട്രഷറി പൂട്ടാതെ ഭരണം നടത്തിയത് ഇന്ദ്രജാല സമാനമായാണ് പല ധനകാര്യ വിദഗ്ദ്ധരും കരുതുന്നത്. കേരളത്തിന്റെ ഖജനാവിനെ ഇത്രയും സുരക്ഷിതമായി നിലനിർത്തുവാൻ കഴിഞ്ഞതിന് ഇടതുപക്ഷഗവർമെന്റിന്റെ നിറുകയിൽ പൊൻ തൂവൽ ചാർത്തിക്കൊടുക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ വോട്ടും ആ ഓരോ പൊൻ തൂവലുകളാകുമെന്ന് പ്രത്യാശിക്കാം! കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സംഭവിച്ച കൈപ്പിഴകളിൽ കൈയ്യുടൻ ദുരനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ജനങ്ങൾ ഇപ്പോൾ ഇരുത്തി ചിന്തിക്കുന്നുണ്ട്. ഇനിയും അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ! ഭരണം ഇത്തവണയും ഇടതുമുന്നണിയ്ക്ക് ലഭിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ തിമിരമൊന്നുമില്ലാത്ത പ്രധാന രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

No comments: