ഇത് ലേഖനബ്ലോഗം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാ‍ത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.

Monday, February 8, 2010

തിലകനെ ഊരുവിലക്കുന്നതെന്തിന്?

തിലകനെ ഊരുവിലക്കുന്നതെന്തിന്? ആർക്ക്, അല്ലെങ്കിൽ ആർക്കൊക്കെ വേണ്ടി?

ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ അംഗമാണെന്നിരിയ്ക്കട്ടെ. ആ പാർട്ടിയുടെ നയപരിപാടികൾക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവർത്തിച്ചാൽ ആ രാഷ്ട്രീയ പാർട്ടിയ്ക്ക് ആ അംഗത്തിന്റെ പേരിൽ ശിക്ഷാനടപടികൾ സ്വീകരിക്കാം.തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ പുറത്തും ആക്കാം. എന്നാൽ ആ വ്യക്തിയെ രാഷ്ട്രീയത്തിൽനിന്നുതന്നെ പുറത്താക്കാൻ ആ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് അവകാശമുണ്ടോ? ആ വ്യക്തിയെ പിന്നീട് ഒരു രാഷ്ട്രീയപാർട്ടിയിലും ചേർക്കരുതെന്ന് പറയാൻ പുറത്താക്കിയ ആ പാർട്ടിയ്ക്ക് കഴിയുമോ?

അഥവാ പറഞ്ഞാൽ തന്നെ മറ്റു പാർട്ടികൾ അത് അംഗീകരിക്കുമോ? അങ്ങനെ അംഗീകരിയ്ക്കാൻ മറ്റു പാർട്ടികൾ ബാദ്ധ്യസ്ഥമാണോ? ഇല്ല എന്നതാണ് ഇതിന്റെ ലളിതമായ ഉത്തരം. ഒരു പാർട്ടിയിൽ നിന്ന്‌ പുറത്താക്കപ്പെട്ട അംഗത്തിന് മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കുകയോ അതുമല്ലെങ്കിൽ സ്വതന്ത്രമായി നിന്നുകൊണ്ടു തന്നെയോ വിവിധ തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനം തുടരാവുന്നതാണ്. അത് ഒരു വ്യക്തിയുടെ ജനാധിപത്യപരമായ അവകാശമാണ്. അതിനു തടയിടാൻ ആ‍ർക്കും അവകാശമില്ല.

അതുപോലെ ഏതെങ്കിലും ഒരു തൊഴിൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെ ആ തൊഴിലുമായോ തൊഴിൽ സ്ഥാപനവുമായോ ബന്ധപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ആ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ കഴിയും. എന്നാൽ ആ നടപടിയ്ക്ക് വിധേയനായ തൊഴിലാളിയ്ക്ക് ആ കമ്പനിയിൽ ചെയ്തിരുന്ന തൊഴിൽ മറ്റൊരിടത്തും നൽകാൻ പാടില്ലെന്ന് പറയാൻ പിരിച്ചു വിട്ട കമ്പനിയ്ക്ക് കഴിയുമോ? അങ്ങനെ പറഞ്ഞാൽത്തന്നെ അതാരെങ്കിലും അനുസരിക്കുമോ? അഥവാ അനുസരിക്കാൻ ബാധ്യതയുണ്ടോ? ഇല്ല എന്നതു തന്നെ ഇതിന്റെയും ലളിതമായ ഉത്തരം.

ഏതാണ്ട് ഇതുപോലെ ചില ചോദ്യങ്ങൾ ഉയർത്താവുന്ന ഒരു വിഷയമാണ് മലയാളത്തിലെ മഹാനടനായ തിലകനു സിനിമാരംഗത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ഊരുവിലക്ക് “സംരംഭവും”! മതങ്ങൾ പോലും ഇപ്പോൾ എത്ര ഗുരുതരമായ വിശ്വാസലംഘനം നടത്തിയാലും ഊരു വിലക്കാൻ ധൈര്യപ്പെടില്ല. അഥവാ അങ്ങനെ ആരെയെങ്കിലും വിലക്കിയാലും ആരും അത് കാര്യമാക്കാനും പോകുന്നില്ല. കാലമൊക്കെ മാറി. പക്ഷെ നമ്മുടെ മലയാള സിനിമാലോകം ഇപ്പോഴും ഊരുവിലക്കിന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്നു തോന്നുന്നു.

ഏതോ ഒരു വിലക്കപ്പെട്ട സംവിധയകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ തിലകനെ ഒരു സിനിമയിലും ഇനി അഭിനയിപ്പിക്കാൻ പാടില്ലത്രേ! അങ്ങനെ ഊരുവിലക്കാൻ മാത്രം ധൈര്യമുള്ള സംഘടനകൾ മലയാള സിനിമാരംഗത്ത് ഉണ്ടായിരിക്കുന്നു എന്നു പറയുമ്പോൾ, സംഘടനകൾ വളരുന്നത് നല്ലതുതന്നെ; പക്ഷെ അത് ആരുടെയെങ്കിലും സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടിയാണെന്നു വന്നാൽ അത് പ്രോത്സാഹന ജനകമല്ല. മതാധിപത്യം പോലെ ഏതെങ്കിലും തരത്തിലുള്ള ആധിപത്യങ്ങൾ സ്ഥാപിക്കുവാനാകരുത് ജനാധിപത്യസംഘടനകൾ ഒന്നും.

ഇവിടെ അതുല്യനായ മഹാനടൻ തിലകൻ അദ്ദേഹത്തിന് സിനിമാലോകത്തുനിന്ന് ഉണ്ടായ ഒരു തിക്താനുഭവത്തിനെതിരെ അതിശക്തമായി പ്രതികരിക്കുകയാണ്. ഒപ്പം വളരെ ഗുരുതരമായ ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുന്നു. ചിലതൊക്കെ അതീവ ഗൌരവമുള്ളതുകൊണ്ടാകാം മറച്ചു വയ്ക്കുവാനും അദ്ദേഹം ശ്രമിക്കുന്നു. പേരു പറയാതെ ചില സൂപ്പർസ്റ്റാറുകളിലേയ്ക്കും അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ മുൾമുന നീണ്ടു പോകുന്നു. എന്നാൽ ഇതുവരെ ഈയുള്ളവന്റെ അറിവിൽ തിലകൻ ഉന്നയിച്ച പ്രശ്നത്തോട് ബന്ധപ്പെട്ട ആരും കാര്യമായി പ്രതികരിച്ചിട്ടില്ല. അഥവാ കുറ്റകരമായ അവഗണന പുലർത്തുന്നു എന്നു വേണം കരുതാൻ.

ഈ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള മദ്ധ്യസ്ഥതയ്ക്കോ മറ്റോ ആരെങ്കിലും ശ്രമിക്കുന്നതായും അറിയാൻ കഴിഞ്ഞില്ല. ആരൊക്കെയോ ആരെയൊക്കെയോ ഭയപ്പെടുന്നതായി തോന്നുന്നു. തിലകനു പിന്തുണയുമായി മലയാള സിനിമാരംഗത്തുനിന്ന് അധികമാരും മുന്നോട്ടു വരുന്നതായി കാണുന്നില്ല. അതുകൊണ്ടു തന്നെ എല്ലവരും ആരെയൊക്കെയോ, എന്തിനെയൊക്കെയോ ഭയക്കുന്നതായിത്തന്നെ കരുതണം. മറ്റൊന്ന്, തിലകൻ അദ്ദേഹത്തെ വിഷമിപ്പിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണെന്നറിയാമെങ്കിൽ എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താതെ അതു തുറന്നു പറയാൻ തയ്യാറാകണം.

സിനിമാരംഗത്തെ ഉള്ളുകള്ളികളെക്കുറിച്ച് പുറത്തു നിൽക്കുന്നവർക്ക് അധികം അറിയില്ല. തിലകൻ എന്തെങ്കിലും തെറ്റു ചെയ്തോ ഇല്ലയോ എന്നതും പുറത്തുള്ള കലാസ്നേഹികൾക്ക് ഒരു പ്രശ്നമല്ല. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുവാൻ വേറെ പല മാന്യമായ മാർഗ്ഗങ്ങളും ഉണ്ട്. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന, ഇനിയും ഏറെ പ്രതീക്ഷിക്കുന്ന ഒരു മഹാനടനെ വേദനിപ്പിക്കുക എന്നു പറഞ്ഞാൽ ആ നടനെ ഇഷ്ടപ്പെടുന്ന എല്ലാവരെയും വേദനിപ്പിക്കുന്നതിനു തുല്യമാണ്. അതും ഏറെ പ്രായവും, അതിനൊത്ത സമ്പത്തുള്ള ഒരു മനുഷ്യൻ.

ഇനി ഒരാളെ നന്നാക്കാനാണ് ഏതെങ്കിലും തരത്തിലുള്ള നടപടിയെങ്കിൽതന്നെ ജീവിതത്തിന്റെ സായന്തനത്തിൽ എത്തി നിൽക്കുന്ന ഒരു മനുഷ്യനോട് ഇത്രയധികം ക്രൂരത ചെയ്യണോ? ഇനിയും നല്ല ആരോഗ്യത്തോടെ ശേഷിക്കുന്ന കാലത്തോളം ഈ അഭിനയപ്രതിഭയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയല്ലേ വേണ്ടത്? തിലകനെ പോലെ ഗുരുതുല്യനായ ഒരു നടനോട് ഇപ്പോൾ ഇവർ ഈ കാണിക്കുന്നത് ഒരു ഗുരുനിന്ദയല്ലേ? അത്രയും വേണോ എന്ന് മലയാള സിനിമാരംഗത്തുള്ളവർ- അവർ എത്ര ഉഗ്രപ്രതാപികൾ ആണെങ്കിലും- ഒന്നു പുനർവിചിന്തനം നടത്തുന്നതു കൊണ്ട് ആരും ചെറുതായി പോകില്ല. തിലകൻ ചേട്ടന്റെ പ്രശ്നം ആരാലെങ്കിലും ഉടൻ പരിഹരിക്കപ്പെടട്ടെയെന്ന് ആശംസിക്കുന്നു.

No comments: