ഇത് ലേഖനബ്ലോഗം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാ‍ത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.

Wednesday, January 14, 2009

ലേഖനം - മതമില്ലെന്നു പറഞ്ഞുകൂടെന്നോ ?

ലേഖനം

മതമില്ലെന്നു പറഞ്ഞുകൂടെന്നോ ?

ഇന്ത്യന്‍ ഭരണഘടനപ്രകാരം രാഷ്ട്രത്തിനു ഔദ്യോഗിക മതം ഇല്ല . എന്നാല്‍ ഏതൊരാള്‍ക്കും ഇഷ്ടപ്പെട്ട മതങ്ങളില്‍ വിശ്വസിക്കാം. ഇഷ്ടമുള്ള ആരാധനാ രീതികള്‍ വച്ചുപുലര്‍ത്ത്താം. എന്നാല്‍ ഇതിന്‍റെ അര്‍ഥം ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിച്ചേ പറ്റുഎന്നല്ല. മതങ്ങളില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം എന്നാണ്.

വിശ്വാസമില്ലത്തവരെ വിശ്വസിപ്പിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. രാഷ്ട്രത്തിനും അങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. വിശ്വാസം കുടികൊള്ളുന്നത് മനുഷ്യമനസ്സുകളിലാണ്‌. ഒരാളുടെയും മനസ്സിലേയ്ക്ക് അയാള്‍ക്ക് ഇഷ്ടമല്ലാത്ത മതവിശ്വാസമെന്നല്ല, ഒരു വിശ്വാസത്തെയും കടത്തിവിടാനാവില്ല.

മതമില്ല എന്നതും ഒരു വിശ്വാസമാണ്. മതം ഉണ്ടെന്നു പറയാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മതം ഇല്ലെന്നു പറയാനും സ്വാതന്ത്ര്യമുണ്ട്.

പള്ളിക്കൂടത്തില്‍ ചേര്‍ക്കുമ്പോള്‍ മതം എഴുതിവച്ചാലും മതപരമായ ആനുകൂല്യങ്ങള്‍ ലഭിയ്ക്കാന്‍ സമയാസമയങ്ങളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങി കൊടുക്കുകയും വേണം.കാരണം വിശ്വാസങ്ങളില്‍ മാറ്റം വരാമല്ലോ! അപ്പോള്‍പ്പിന്നെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ വിശ്വാസം ഉള്ളവര്‍ തന്നെ ജാതി എഴുതിവയ്ക്കുന്നതില്‍ വലിയ അര്‍ഥമില്ല. എങ്കിലും എഴുതണം എന്നുള്ളവര്‍ എഴുതട്ടെ.

ജാതിപരമായ ആനുകൂല്യങ്ങള്‍ വേണ്ട എന്ന് കരുതുന്നവരെയും, ജാതിയും മതവും തന്നെ വേണ്ടെന്നു പറയുന്നവരെയും, വളരുമ്പോള്‍ കുട്ടികള്‍ ജാതിമത ദൈവ കാര്യങ്ങളില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ എന്ന് കരുതുന്നവരെയും അവരുടെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുക! അത് അവരുടെ സ്വാതന്ത്ര്യമാണ്.

2 comments:

P.C.MADHURAJ said...

ഇന്ത്യയിലെ വിവിധമതവിശ്വാസികളുടെ ഇടയിൽ ഒരു സർവ്വേ നടത്തി എന്നു കരുതുക. അച്ഛനമ്മമാരുടെ മതത്തിൽ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം മക്കൾക്ക് കൊടുക്കണോ എന്ന് മതവിശ്വാസികളായ മാതാപിതാക്കളോടു ചോദിക്കുക. താങ്കൾക്കു ഇന്ത്യയുടെ സംസ്കാരത്തെപ്പറ്റിയും ജനങ്ങളെപ്പറ്റിയും ഭരണം എങ്ങനെ വേണമെന്നതിനെപ്പറ്റിയും നല്ല അവഗാഹമുണ്ടല്ലോ‍. ഏതു മതത്തിലുള്ളവരാകാം മേല്പറഞ്ഞസ്വാതന്ത്ര്യം മക്കൾക്കു വേണമെന്നു ഏറ്റവുമധികം ആവശ്യപ്പെടുക?ഒരൂഹം?

ബാക്കി ഉത്തരത്തിനു ശേഷം

ഇ.എ.സജിം തട്ടത്തുമല said...

കമന്റു വഴി താങ്കളുടെ ബ്ലോഗ് പരിചയപ്പെടാൻ കഴിഞ്ഞതിലുള്ള സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ.

‘താങ്കൾക്കു ഇന്ത്യയുടെ സംസ്കാരത്തെപ്പറ്റിയും ജനങ്ങളെപ്പറ്റിയും ഭരണം എങ്ങനെ വേണമെന്നതിനെപ്പറ്റിയും നല്ല അവഗാഹമുണ്ടല്ലോ‍‘ ഇതൊരു കുത്താണെന്നു തോന്നുന്നു. അത്രയ്ക്ക്‌ അവഗാഹമൊന്നും ഇല്ലെന്ന് അറിയിക്കട്ടെ.അങ്ങനെ ഒരു വീമ്പ്‌ ആ പോസ്റ്റിലോ മറ്റു പോസ്റ്റുകളിലോ മനപൂർവ്വം വരുത്താൻ ശ്രമിച്ചീട്ടില്ല. അതു പോട്ടെ.

താങ്കൾ ചോദിച്ചത്: ‘ഇന്ത്യയിലെ വിവിധമതവിശ്വാസികളുടെ ഇടയിൽ ഒരു സർവ്വേ നടത്തി എന്നു കരുതുക. അച്ഛനമ്മമാരുടെ മതത്തിൽ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം മക്കൾക്ക് കൊടുക്കണോ എന്ന് മതവിശ്വാസികളായ മാതാപിതാക്കളോടു ചോദിക്കുക. ഏതു മതത്തിലുള്ളവരാകാം മേല്പറഞ്ഞസ്വാതന്ത്ര്യം മക്കൾക്കു വേണമെന്നു ഏറ്റവുമധികം ആവശ്യപ്പെടുക?ഒരൂഹം?‘

അങ്ങനെ സ്വാതന്ത്ര്യം അനുവദിയ്ക്കുന്ന ഏതോ ഒരു മതം ഉണ്ടെന്ന ഒരു ധ്വനി അതിലില്ലേ? എങ്കിൽ ഈ വിനീതന്റെ ഉത്തരം ഇന്ത്യയിലുള്ള ഒരു മതവിശ്വാസികളും സ്വന്തം കുടുംബത്തിന്റേതല്ലാത്ത മതത്തിൽ വിശ്വസിയ്ക്കാനുള്ള സ്വാതന്ത്ര്യം മക്കൾക്കു അനുവദിയ്ക്കില്ല എന്നുള്ളതാ‍ണ്. ലോക വ്യാപകമായി പരിശോധിച്ചാൽ ഏതു സാഹചര്യങ്ങളും ഒരു പരിധി വരെയെങ്കിലും അഡ്ജസ്റ്റു ചെയ്യാൻ സാധിയ്ക്കുന്നതും കുറച്ചെങ്കിലും സ്വാതന്ത്ര്യം കൂടുതൽ അനുവദിയ്ക്കുന്നതും അക്രമാസക്തി കുറഞ്ഞതുമായ മതം ക്രിസ്തു മതമാണെന്നാണ് ഈയുള്ളവൻ ധരിയ്ക്കുന്നത്‌.ചൂണ്ടയിട്ടു മീൻ പിടിയ്ക്കുന്നതു പോലെ ആണെങ്കിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും അവർ തന്നെ മുന്നിൽ.

പിന്നെ ഞാൻ ഉദ്ദേശിച്ചതു തന്നെയാണ് താങ്കളുടെ ഉള്ളിൽ ഇരിയ്ക്കുന്നതെങ്കിൽ പറഞ്ഞുകൊള്ളട്ടെ. ഇന്ത്യയിലെ ഹിന്ദു മതം മതേതരത പാലിയ്ക്കുന്ന കാര്യത്തിൽ മറ്റു മതങ്ങളെ അപേക്ഷിച്ച് കൂടുതൽ മെച്ചമാണെന്നതിനു തെളിവാണ് ഇന്ന് ഇന്ത്യയിൽ മറ്റനവധി മതങ്ങൾ നില നിൽക്കുന്നു എന്നത്‌. അത്തരം ഒരു വിശാല മനസ്കതയുടെ മാത്ര്ക ഹിന്ദു മതത്തിനുണ്ട്. അതു നിലനിന്നു കാണണമെന്നാണ് ഏതൊരു മതേതര വാദിയും ആഗ്രഹിയ്ക്കുക. ഇസ്ലാം മതത്തിനു മറ്റു രാജ്യങ്ങളിലെപ്പോലെ സ്വന്തം വിശ്വാസികളിൽ അമിതമായ നിയന്ത്രണങ്ങൾ അടിച്ചേല്പിയ്ക്കാൻ കഴിയാത്തതും ഭൂരിപക്ഷ ഹിന്ദു സമൂഹത്തിൽ ജീവിച്ചു പരിചയിച്ചവരാണ് ഇവിടുത്തെ ഇസ്ലാം മത വിശ്വാസികൾ എന്നതുകൊണ്ടാണ്.

നിരീശ്വരത പോലും ഉൾക്കൊള്ളുന്ന ഒന്നാണ് ഹിന്ദു മതം എന്നു ആർക്കാണു സംശയം? ചാർവാകക പാരമ്പര്യത്തെ കുറിച്ച്‌ താങ്കൾക്ക്‌ അറിയാതിരിയ്ക്കില്ലല്ലോ.

മറ്റൊരുദാഹരണം മുസ്ലീങ്ങൾ ആരെങ്കിലും ശബരിമല ദർശനം നടത്തിയെന്നിരിയ്ക്കട്ടെ. (സങ്കല്പമണ്. പ്രകോപിയ്ക്കേണ്ട) അതറിഞ്ഞാൽ പള്ളിയിൽ നിന്നു പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ ഒരു പള്ളിയിൽ പോയി എന്നു വച്ച് ഒരു ഹിന്ദുവിനു സ്വന്തം മതത്തിൽ നിന്ന് പ്രശ്നങ്ങളൊന്നും ഇല്ല.(ഇന്നലെ വരെ. ഇനിയും അങ്ങനെയൊക്കെ ആയിരിക്കുമോ എന്നത്‌ വേറെ കാര്യം). ക്രിസ്ത്യാനികളും ഇക്കാര്യത്തിൽ പ്രശ്നങ്ങൾ ഇല്ല.അവരും വിശ്വാസികൾക്കു മേൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നില്ല.

എന്നാൽ ഇസ്ലാം അത്രയ്ക്കങ്ങോട്ടു പുരോഗമിയ്ക്കാത്തതിനു ചില കാരണങ്ങൾ ഉണ്ടു താനും.അതു ആ മതത്തിന്റെ പ്രബോധനങ്ങളുടെ തകരാറല്ല. (എല്ല മതങ്ങളൂടെയ്യും പ്രബോധങ്ങൾക്കുള്ള തകരാറു് ഈ മതത്തിനും ണ്ട്‌) അത്‌ ഇവിടെ വിസ്തരിയ്ക്കുന്നില്ല.

എന്നാൽ ഇന്ത്യയിലെ ഇസ്ലാം മതത്തിലെ ബഹു ഭൂരിപക്ഷം വിശ്വാസികളും മതേതരത്വത്തിൽ വിശ്വാസം ഉള്ളവരും മതത്തിന്റെ പ്രാക്ര്ത രീതികളുംനിയന്ത്രണങ്ങളും ഇഷ്ടപ്പെടാത്തവരും ആണ്.ഒരു ചെറു വിഭാഗം മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്‌ . അതാകട്ടെ മത സംരക്ഷണം എന്ന ലക്ഷ്യത്തിലൂന്നിയുള്ളതല്ല. അതിനു മുന്നിലും പിന്നിലും മതത്തിനു പുറത്തുള്ളവർക്കും പങ്കുണ്ട്‌. എന്തിന് ഇന്ത്യയിലെ ഹിന്ദു തീവ്രവാദ പ്രവർത്തനാങ്ങൾക്കും ഹിന്ദുമതതിനു പുറത്തുനിന്നും പ്രോത്സാഹനങ്ങൾ ലഭിയ്ക്കുന്നുണ്ട്‌. ഞാൻ ഇവിടെ ധ്വനിപ്പിച്ചത്‌ എന്താണെന്നു സുഹ്ര്ത്തിനു മനസിലായിരിയ്ക്കുമല്ലോ.

അപ്പോൾ മതങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കുള്ളീൽ ചില കുത്സിത രാഷ്ട്രീയ-വിദേശ-നയ(കു)തന്ത്ര സ്വാധീനങ്ങൾ ഉണ്ടെന്നതു പകൽ പോലെ വ്യക്തമാണ്. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആണ്. ചുരുക്കത്തിൽ സർവദേശീയ രംഗത്തു തന്നെ മതം രാഷ്ട്രീയത്തിന്റെ ഒരു ഉപഭോഗ വസ്തുവായി തീർന്നിരിയ്ക്കുന്നു. പിന്നെ നാം എന്തിനു പാവം മതങ്ങളെ കുറ്റപ്പെടുത്തണം?

വിഷയത്തിൽനിന്നും വ്യതി ചലിച്ചെന്നു അറിയാം.താങ്കളുടെ ചോദ്യത്തിലേയ്ക്കുവരാം. വീട്ടിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചാണല്ലോ പറഞ്ഞത്‌. മത വിശ്വാസികൾ മാത്രമല്ല കുടുംബത്തിലെ വിശ്വാസങ്ങളിൽ നിന്നും വ്യതിചലിയ്ക്കാൻ അനുവദിയ്ക്കാ‍ത്തത്‌. മതവിശ്വാസികൾ അല്ലാത്ത കടുത്ത യുക്തിവാദികളെ എടുക്കൂ. അവിടെപ്പോലും തന്റെ മക്കളും ഭാര്യയും ഒന്നും തന്റെ യുക്തിവാദ വിശ്വാസങ്ങൾ അല്ലാതെ മറ്റൊന്നുംവച്ചു പുലർത്താൻ അനുവദിയ്ക്കാത്ത അനുഭവങ്ങൾ ഉണ്ട്‌ കേട്ടോ. യുക്ക്തിവാദികളുടെ മക്കൾക്ക്‌ ദൈവത്തിലോ മതത്തിലോ വിശ്വസിയ്ക്കാൻ തോന്നിയാൽ അത്‌ അനുവദിയ്ക്കപ്പെടുന്നില്ല. അപ്പോൾ പിന്നെ മതങ്ങളുടെ കാര്യം പറയേണ്ടല്ലോ.(എങ്കിലും യുക്തിവാദികൾ ഭൂരിപക്ഷവും മതവിശ്വാസികളെ അപേക്ഷിച്ച്` മെച്ചം തന്നെന്നാണ് എന്റെ വിശ്വാസം.)

പഴയ ഒരു പോസ്റ്റിനു അപ്രതീക്ഷിതമായ ഒരു കമന്റു കിട്ടിയതിന്റെ സന്തോഷത്തിൽ ഇത്രയൊക്കെ നീട്ടിപ്പരത്തിയതാണു കേട്ടോ. വലിയ വിവരം ഒന്നും ഉണ്ടായിട്ടല്ല.
എന്റെ മറ്റൊരു പോസ്റ്റുണ്ട്‌.”നിർബന്ധിത മത പരിവർത്തനം ആവശ്യമോ?’ അതു കൂടി സമയം ഉണ്ടെങ്കിൽ ഒന്നു വായിച്ചു കമന്റു ചെയ്യുക.

സർവ്വ മതങ്ങളോടും ഉള്ള മതിപ്പില്ലായ്മ ഈ കുറിപ്പിൽൽ മറനീക്കി പൂറത്തുവന്നെങ്കിൽ ക്ഷമിയ്ക്കുക. അതെന്റെ വിശ്വാസത്തിന്റെ കുഴപ്പമാണ്.

സമയത്തിന്റെ ലഭ്യത പോലെ നമൂക്കു ഇനിയും സംവദിയ്ക്കാം. അറിവിന്റെ പരിമിതികൾക്കുള്ളിൽനിന്ന്‌.നന്ദി!