പൊതുസ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ വിലക്കുമ്പോള്‍..........
വിമര്‍ശിക്കുവാനുള്ള അവകാശം ജനാധിപത്യത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്. ഒരു ജനാധിപത്യ രാജ്യത്ത് സഭ്യമായ ഭാഷയില്‍ ഭരണകൂടത്തെ മാത്രമല്ല, കോടതിയെയും കോടതിവിധികളെയും പോലും വിമര്‍ശിക്കുന്നത് തെറ്റോ കോര്‍ട്ടലക്ഷ്യമോ അല്ല. കോടതികളില്‍ ഇരുന്ന് വിധിപറയുന്ന ന്യായാധിപന്മാരും മനുഷ്യരാണ്. അവരും രാജ്യത്തിലെ പൌരന്മാരാണ്. അവരും പച്ചയായ മനുഷ്യരാണ്. മനുഷ്യ സഹജമായ പിശകുകള്‍ അവര്‍ക്കും സംഭവിച്ചുകൂടെന്നില്ല. അതുകൊണ്ടുതന്നെയാണ് ന്യായാധിപന്മാര്‍ നടത്തുന്ന വിധിപ്രസ്താവങ്ങളെപോലും വിമര്‍ശനവിധേയമാക്കുന്നത് തെറ്റോ കോടതിയലക്ഷ്യമോ ആയി കരുതേണ്ടതില്ലെന്ന് പറയുന്നത്.
എന്നാല്‍ എതെങ്കിലും ഒരു വിഷയം സംബന്ധിച്ച് ബഹുമാനപ്പെട്ട എതെങ്കിലും ഒരു കോടതി ഒരു വിധി പ്രസ്താവിച്ചു കഴിഞ്ഞാല്‍ അതു സംബന്ധിച്ച് പ്രസ്തുത വിധി പറഞ്ഞ കോടതി, അല്ലെങ്കില്‍ അതിനു മുകളിലുള്ള മറ്റൊരു കോടതി മറിച്ചൊരു വിധി പറയുന്നതുവരെയോ, ബന്ധപ്പെട്ട വിഷയത്തില്‍ നിയമനിര്‍മ്മാണസഭ മറ്റൊരു നിയമം രൂപീകരിച്ച നടപ്പിലാക്കുന്നതുവരെയൊ നിലവിലുള്ള കോടതി വിധി അനുസരിക്കുവാന്‍ ബന്ധപ്പെട്ട എല്ലാവരും ബാദ്ധ്യസ്ത്ഥരാണ്.
ജനാധിപത്യത്തില്‍ ഭരണകൂടം, നീതിപീഠം എന്നിവ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ജനങ്ങളെ ഭയക്കേണ്ടതുണ്ട്. കാരണം എല്ലാം ജനങ്ങള്‍ക്കു വേണ്ടിയാകുമ്പോള്‍ അന്തിമ വിധി ജനങ്ങളുടേതായിരിക്കും; ആയിരിക്കണം. എന്നാല്‍ എല്ലാ ജനങ്ങളും ഒരേ പോലെ സര്‍വ്വജ്ഞാനികളോ, ഒരേപോലെ കഴിവുകള്‍ ഉള്ളവരോ ഭരണ ശേഷിയുള്ളവരോ അല്ല. എല്ലാവര്‍ക്കും കൂടി ഒരുമിച്ചു കയറിയിരുന്ന് ഭരണം നടത്താനോ നീതിന്യായം നടത്താനോ കഴിയില്ല. അതു കൊണ്ടാണ് ജനങ്ങളുടെ കാര്യങ്ങള്‍ നോക്കി നടത്തുവാന്‍ ഭരണകൂടം, നീതി പീഠം തുടങ്ങി വിവിധ ചുമതലകള്‍ ഏതാനും പേര്‍ക്ക് വിഭജിച്ചുനല്‍കുന്ന നിലയില്‍ ഭരണഘടനയും, തെരഞ്ഞെടുപ്പും, ഭരണകൂടവും, നീതിപീഠങ്ങളും ഉദ്യോഗസ്ഥ ശൃംഖലകളും മറ്റുമായി രാഷ്ട്രവ്യവസ്ഥയെ സംവിധാനപ്പെടുത്തിയിട്ടുള്ളത്.
ഇതെല്ലാം ജനങ്ങളുടെ സൌകര്യങ്ങള്‍ക്കു വേണ്ടിയാണ്. ജനങ്ങളുടെ പൌരാവകാശങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ഈ പറയുന്ന ഒരു ഏജന്‍സികള്‍ക്കും അവകാശമില്ല. പൌരന്റെ രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവും മറ്റുമായ അവകാശങ്ങളെ സംരക്ഷിച്ച് പരിപാലിച്ചു പോരുക എന്നതാണ് എല്ലാ ഭരണഘടനാസ്ഥാപനങ്ങളുടെയും ചുമതല. ഇതിനു കടക വിരുദ്ധമായ ഭരണ നടപടികളോ കോടതി വിധികളോ അതുകൊണ്ടു തന്നെ അന്യായമാണ്, പ്രത്യേകിച്ചും പൌരന്റെ സമാധാനപരമായി സംഘടിക്കുവാനും സമരം ചെയ്യുവാനും പൊതുയോഗങ്ങള്‍ ചേരുവാനും ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും ഉള്ള അവകാശങ്ങള്‍ ഇല്ലാതാക്കുക എന്നു വന്നാല്‍ പിന്നെ ജനാധിപത്യം എന്നതിന് എന്തര്‍ത്ഥമാണുള്ളത്?
ജനാധിപത്യം എന്ന പദം നാം പറയുമ്പോള്‍ അതില്‍ ഒരുപാട് ആശയങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ കുറെ അവകാശങ്ങളെയും അത് ഉള്‍ക്കൊള്ളുന്നുണ്ട്. ചില സ്വാതന്ത്ര്യങ്ങള്‍ അത് ഉറപ്പു നല്‍കുന്നുണ്ട്. അവ നിഷേധിക്കപ്പെട്ടാല്‍ ജനാധിപത്യംതന്നെ ഇല്ലാതാകും. അത്തരം സാഹചര്യം രൂപപ്പെടുന്നതിന് കോടതികള്‍ കാരണമാകരുത്. ജനാധിപത്യാവകാശങ്ങളെ ഇല്ലാതാക്കാനല്ല, അവയെ സംരക്ഷിക്കാനാണ് കോടതിയുള്‍പ്പെടെയുള്ള നിയമ സംവിധാനങ്ങള്‍ നിലകൊള്ളേണ്ടത്. വൈകാരികമായി നീതിപീഠങ്ങള്‍ കാര്യങ്ങളെ കാണാന്‍ പാടില്ല.
ഏതെങ്കിലും വ്യക്തിയുടെയോ വ്യക്തികളുടെയോ ചൊറിച്ചില്‍ മാറ്റാന്‍ സഹായിക്കുന്ന വിധികള്‍ പറഞ്ഞ് നീതി പീഠത്തിന്റെ വില കളയാന്‍ ഒരു ന്യായാധിപനും തയ്യാറാകരുത്. സമൂഹത്തിന്റെ പൊതു നന്മയ്ക്കു വേണ്ടിയാണ് കോടതികളും നില കൊള്ളേണ്ടത്. രാഷ്ട്രീയമായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം പോലും ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അതില്‍ ഇടപെട്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട നീതിന്യായവിഭാഗം തന്നെ ജനവിരുദ്ധസമീപനം വച്ചു പലര്‍ത്തുന്നത് രാജ്യത്തിനകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും.
വാഹനങ്ങളും കെട്ടിട സമുച്ചയങ്ങളും സ്വന്തമായുള്ളവര്‍ മാത്രമല്ല പൌരലോകം. അഥവാ അത്തരക്കാര്‍ ന്യൂനപക്ഷം മാത്രമാണ്. സമ്പത്തിന്റെ പിന്‍ബലത്തില്‍ രാഷ്ട്രം, സമൂഹം മുതലായവയോടൊന്നും താല്പര്യം പുലര്‍ത്താത്ത അരാഷ്ട്രീയ വാദികള്‍ ജനാധിപത്യ രാജ്യത്തെ സ്വാഭാവികമായ ദൈനംദിന മനുഷ്യ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ട് കേസും വഴക്കുമായി വന്നാല്‍ അത് കോര്‍ട്ടലക്ഷ്യമായി കണ്ട് അവരെ ശാസിച്ച് ജനാധിപത്യ സമൂഹത്തോട് പൊരുത്തപ്പെട്ടു ജീവിക്കുവാന്‍ ഉപദേശിക്കേണ്ടുന്ന ബഹുമാനപ്പെട്ട കോടതികള്‍ അത്തരം സമ്പന്നവര്‍ഗ്ഗ പിന്തിരിപ്പന്മാര്‍ക്ക് ആഹ്ലാദിക്കാനും അറുമ്പാതിക്കനും ഉതകുന്ന വിധിപ്രസ്താവങ്ങള്‍ നല്‍കുന്നത് അനുചിതവും അപകടകരവുമാണ്.
ജനാധിപത്യാവകാശങ്ങളെ ഉപയോഗിക്കുമ്പോള്‍ അത് സമാധാനപരമായും അന്യന്റെ അവകാശങ്ങള്‍ക്ക് കോട്ടം തട്ടാതെയും തന്നെയാണോ ഉപയോഗിക്കുന്നതെന്ന് നീതിപീഠങ്ങള്‍ക്ക് നോക്കാം. അതവയുടെ ഉത്തരവാദിത്തങ്ങളില്‍ പെടുന്നതു തന്നെ. മറിച്ചായാല്‍ അതില്‍ ഇടപെടാം. വിധിപറയാം. പക്ഷെ അത് ജനാധിപത്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാകണം. ജനാധിപത്യത്തോട് ആദരം പുലര്‍ത്തിക്കൊണ്ടാകണം.
ഒരു ജനാധിപത്യ രാജ്യത്തില്‍ ഒരു അലോസരവുമില്ലാതെ എല്ലാവര്‍ക്കും ജീവിക്കണം എന്നു വച്ചാല്‍ അത് അസാദ്ധ്യമാണ്. പ്രശ്നഭരിതമായ ലോകത്ത് സമരങ്ങളും യോഗങ്ങളുമൊക്കെ നടക്കും. പ്രത്യേകിച്ചും മുതലാളിത്ത ചൂഷണങ്ങളും ഭരണകൂടത്തിന്റെ അന്യായങ്ങളും തദ്വാരാ അസമത്വങ്ങളും ഉള്ള സമൂഹങ്ങളില്‍! വ്യത്യസ്തമായ ആശയങ്ങള്‍ ഉള്ള ലോകമാകുമ്പോള്‍ സംവാദങ്ങളും ഉണ്ടാകും. അതൊന്നുമില്ലാതെ സ്വസ്ഥം സ്വജീവിതം നയിക്കണമെന്നുള്ളവര്‍ ജനാധിപത്യമില്ലാത്താ രാജ്യങ്ങള്‍ തേടി പോകുന്നതാണ് നല്ലത്.
എന്റെ കാതിന് അരോചകമാകും എന്നതിനാല്‍ മസ്ജിദുകളില്‍ ബാങ്കു വിളിക്കരുതെന്നോ പള്ളിയില്‍ മണിയടിക്കരുതെന്നോ അമ്പലത്തില്‍ സുപ്രഭാതം കേള്‍പ്പിക്കരുതെന്നോ പറയാന്‍ കഴിയുമോ? മുനിസിപ്പാലിറ്റിയില്‍ സൈറന്‍ മുഴക്കരുതെന്നു പറയാമോ? ആംബുലന്‍സുകള്‍ നിശ്ശബ്ദമായി ഓടിക്കണമെന്നോ ശഠിക്കാമോ? പാര്‍ക്കിംഗ് സൌകര്യമില്ലാത്ത സ്ഥലങ്ങളില്‍ റോഡു വക്കില്‍ വാഹനങ്ങള്‍ അത്യാവശ്യത്തിനു പാര്‍ക്കു ചെയ്യരുതെന്ന് പറയാമോ? അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തടിച്ചു കൂടരുതെന്ന് പറയാമോ?
ഇപ്പോള്‍ ഇവിടെ മതപ്രഭാഷണങ്ങളും ഉത്സവങ്ങളും നടത്തുന്നത് അതത് ആരധാനാലയങ്ങളുടെ അകത്തോ സ്വകാര്യ സ്ഥലങ്ങളിലോ ഒക്കെയാണ്. എന്നാല്‍ അവരുപയോഗിക്കുന്ന ഉച്ചഭാഷിണികള്‍ കിലോ മീറ്ററുകളോളം ദൂരെ കേള്‍ക്കുന്നുണ്ട്. കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരും അതു കേള്‍ക്കേണ്ടി വരുന്നു. അവ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ട്. എല്ലാ നിയമങ്ങളെയും നിയന്ത്രണങ്ങളെയും അവര്‍ കാറ്റില്‍ പറത്തുന്നു. പക്ഷെ അതിനെതിരെ ആര്‍ക്കും പരാതിയില്ല. പരാതിപ്പെട്ടാല്‍ നടപടിയുമില്ല. കാരണം അതില്‍ തോട്ടാല്‍ പൊള്ളും.
അങ്ങനെ ദൈനംദിന ജീവിതത്തില്‍ എന്തെല്ലാം അലോസരങ്ങള്‍ ഉണ്ടാകുന്നു. ഇതൊന്നും സഹിക്കാന്‍ പറ്റില്ലെന്നു വരുന്നവര്‍ സമൂഹത്തില്‍ ജീവിക്കാന്‍ പറ്റിയവരല്ല. എന്നാല്‍ രാഷ്ട്രീയ പ്രസ്ഥനങ്ങളെയും മറ്റ് സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളെയും മാത്രമാണ് ഇത്തരം നിയന്ത്രണങ്ങള്‍ ബാധിക്കുന്നത്. ഒട്ടും അലോസരമില്ലതെ ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നത് തികഞ്ഞ അരാഷ്ട്രീയ തിമിരബാധയുള്ളവരാണ്. അവര്‍ ശരിക്കും അരാജകത്വത്തെ വരവേല്‍ക്കാന്‍ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും ഉള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അഥവാ അത് അവയുടെ ഉത്തരവാദിത്തമാണ്. അങ്ങനെയുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വിധികള്‍ നീതിപീഠങ്ങളില്‍ നിന്നും ഉണ്ടാകാന്‍ പാടുള്ളതല്ല. രാഷ്ട്രീയക്കാരുടെ മേല്‍ മാത്രം എല്ലാവര്‍ക്കും കുതിര കയറാം എന്ന ഒരു രീതി ശരിയല്ല. വിമര്‍ശനമെന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കല്‍ മാത്രമാണെന്ന ധാരണ ഉണ്ടെങ്കിലില്‍ അതു ശരിയല്ല. അത് തിരുത്തപ്പെടണം.
ഇപ്പോള്‍ റോഡ് വക്കില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ട് ബഹുമാനപ്പെട്ട ഹൈക്കൊടതി വിധി പ്രഖ്യാപിച്ചതോടെ ഒരു ജനാധിപത്യ അവകാശം കൂടി കവര്‍ന്നെടുക്കപ്പെടുകയാണ്. നേരത്തെ ബന്ദ് നിരോധിച്ചു. (അതിനു ചില ന്യായീകരണങ്ങള്‍ കണ്ടെത്താമെന്നു വിചാരിക്കാം. ഗതാഗതം തടയുന്നതിനെ ഈയുള്ളവന്‍ പോലും ന്യായീകരിക്കുന്നില്ല. എന്നു വച്ച് ഹര്‍ത്താല്‍ വിരോധിയുമല്ല). മറ്റൊന്ന് കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തനത്തിനു മാനദണ്ഡം വച്ചതു വഴി കാമ്പസുകളില്‍ അരാജകത്വം വളരുന്നു. ഇപ്പോള്‍ പൊതു സ്ഥലങ്ങളില്‍ യോഗം ചേരുന്നതു നിരോധിച്ചു.
റോഡിന്റെ മധ്യത്തിലല്ല ആരും പൊതുയോഗം നടത്തുന്നത്. അതിന്റെ ഒരു ഓരത്താണ്. വാഹങ്ങള്‍ക്ക് തടസമില്ലാതെ ആളുകളെ പരമാവധി റോഡരികില്‍ ഒതുക്കി നിര്‍ത്തിതന്നെയാണ് ഇന്ന് എല്ലാവരും പൊതുയോഗം നടത്തുന്നത്. പോലീസും ഇക്കാര്യത്തില്‍ സഹയിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ മുഴുവന്‍ വിവരദോഷികളാണെന്നു കരുതുന്നതുശരിയല്ല.
വാഹനങ്ങള്‍ ആള്‍ക്കൂട്ടം കാണുമ്പോള്‍ ഒന്നു സ്ലോ ചെയ്തു പോകേണ്ടിവരും. അതിപ്പോള്‍ എവിടെയെങ്കിലും മറ്റുതരത്തില്‍ ട്രാഫിക്ക് തടസം ഉണ്ടാകുമ്പോഴും ഒന്നു സ്ലോ ചെയ്യേണ്ടതായോ അല്പം ചവിട്ടേണ്ടതായൊ വരാമല്ലോ. അല്ലാതെ വാഹന അപകടങ്ങള്‍ക്ക് മുഴുവന്‍ പൊതുയോഗങ്ങളാണ് കാരണമെന്നൊക്കെ നിരീക്ഷിക്കുന്നത് ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ടായിരിക്കണം.
സ്വാതന്ത്ര്യ സമരകാലത്ത് ഇങ്ങനെ ഒരു വിലക്ക് ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നേതാക്കന്മാര്‍ അത് പാലിക്കുമായിരുന്നോ? പൊതു സ്ഥലത്തും മറ്റും യോഗങ്ങളും പ്രകടനങ്ങളും മറ്റു പല സമര രൂപങ്ങളും ഉപയോഗിച്ചു തന്നെയാണ് സ്വാതന്ത്ര്യം ഉള്‍പ്പെടെ നാം ഇന്ന് അനുഭവിക്കുന്ന പല അവകാശങ്ങളും സൌകര്യങ്ങളും ആനുകൂല്യങ്ങളും നേടിയെടുത്തിട്ടുള്ളത്. അല്ലാതെ ആരും നൂലില്‍ കെട്ടിയിറക്കിയതല്ല. ഏതെങ്കിലും കോടതി വിധിയിലൂടെ നേടിയതുമല്ല.
ജനാധിപത്യ രാജ്യത്ത് യോഗങ്ങളും പ്രകടനങ്ങളും പണിമുടക്കുകളുമൊക്കെ സ്വാഭവികമാണ്. ഇതൊന്നും കൂടാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിലേയ്ക്ക് പോകുന്നതാണു നല്ലത്. ഇനി നാളെ പ്രകടനങ്ങളും കൂടിയേ നിരോധിക്കുവാനുള്ളു. പൊതു വഴികളിലൂടെയാണല്ലോ പ്രകടനങ്ങള്‍ നടത്തുന്നത്. പൊതു വഴിയില്‍ പ്രകടനം കൂടി നിരോധിച്ചാല്‍ പിന്നെ എവിടെ പോയി പ്രകടനം നടത്തും? അവനവന്റെ വാഴപ്പണയിലോ? ഇനി പ്രതിഷേധ പ്രകടനങ്ങള്‍ പോലും സ്വകാര്യ സ്ഥലങ്ങളില്‍ വച്ചു നടത്തണമെന്നു പറഞ്ഞുകൂടെന്നില്ല.
എന്തിന്, ഇനി നാളെ റോഡിലിറങ്ങി നില്‍ക്കരുതെന്നു പറയുമോ എന്നു കണ്ടുതന്നെ അറിയണം? കാരണം റോഡ് നടക്കാനും വാഹനം പോകാനുമുള്ളതാണ്. ആകയാല്‍ റോഡിനരികില്‍ നില്‍ക്കുന്നവര്‍ നടന്നു കൊണ്ടിരിക്കണം. നില്‍ക്കാന്‍ പാടില്ല; പ്രത്യേകിച്ചും കൂട്ടം കൂടി. കാരണം റോഡ് പൊതു വകയാണ്! ഇതു മാതിരി ഇരുന്നുകൂട നിന്നു കൂട നടന്നുകൂട കിടന്നുകൂടാ എന്ന തരത്തില്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ഏതു ഭാഗത്ത് നിന്നുണ്ടായാലും അത് എതിര്‍ക്കപ്പെടേണ്ടതാണെന്ന്.
അങ്ങനെ ഒന്നൊന്നായി പൌരാവകാശങ്ങള്‍ എടുത്തു കളഞ്ഞ് സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ പറ്റിയ പരിസരമൊരുക്കുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല? ജനാധിപത്യ രാഷ്ട്രത്തിലെ നിയമസംവിധാനങ്ങളുടെ പിന്‍ബലത്തോടെ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുവാനുതകുന്ന ശ്രമങ്ങള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കാവുന്നതല്ല. ഇതില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ശക്തമായി പ്രതികരിക്കേണ്ടതാണ്.
അരാഷ്ട്രീയത ഇന്ന് കോടതികളെ പോലും സ്വാധീനിക്കത്തക്ക നിലയില്‍ വളര്‍ന്നിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യവാദികള്‍ പകച്ചു നില്‍ക്കരുത്. ഇതിനെ മറികടക്കാന്‍ സംഘടിതമായ നീക്കങ്ങളാണ് ഉണ്ടാകേണ്ടത്. നിയമപരമായിട്ടാണെങ്കിലും സമാധാനപരമായ ജനകീയ ചെറുത്ത് നില്പുകളിലൂടെയാണെങ്കിലും. സമരമാര്‍ഗ്ഗങ്ങള്‍ രാഷ്ട്രീയ ഭരണകൂടത്തിനും, ഉദ്യോഗസ്ഥ മേലാളന്മാര്‍ക്കും, അന്യായം കാണിക്കുന്ന തൊഴിലുടമകള്‍ക്കും എതിരെ മാത്രം പ്രയോഗിക്കനുള്ള ഒന്നല്ല. ആ ധാരണ മാറണം. ഏതൊരു ഭരണഘടനാ സ്ഥാപനത്തെയും നേര്‍വഴിക്കു നയിക്കാന്‍ ജനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
അങ്ങനെ ഒന്നൊന്നായി പൌരാവകാശങ്ങള്‍ എടുത്തു കളഞ്ഞ് സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണോ? ജനാധിപത്യ രാഷ്ട്രത്തിലെ നിയമസംവിധാനങ്ങളുടെ പിന്‍ബലത്തോടെ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുവാനുതകുന്ന ശ്രമങ്ങള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കാവുന്നതല്ല. ഇതില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ശക്തമായി പ്രതികരിക്കേണ്ടതാണ്.
കോടതികള്‍ നിഷ്പക്ഷമായി നീതി നിര്‍വഹിക്കണം എന്നു വ്യവസ്ഥയുണ്ട്. ജനം പ്രതീക്ഷിക്കുന്നതും അതാണ്. എന്നാല്‍ ഒരു ജനാധിപത്യ രാജ്യത്തിലെ ജനാധിപത്യ ബോധമുള്ള പൌരന് കോടതികള്‍ അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ല. ഇത് ഒരു ഗൌരവമുള്ള വിഷയമാണ്. ഈ കോടതിവിധിയെ മറികടക്കാനുള്ള നിയമപരമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും പൌരാവകാശങ്ങല്‍ നിലനിര്‍ത്താന്‍ സര്‍വ്വ രാഷ്ട്രീയ കക്ഷികളൂടെം ഒരുമിച്ച് അണിനിരക്കേണ്ടിയുമിരിക്കുന്നു.
രാഷ്ട്രം എന്നാല്‍ ഒരു പ്രത്യേക ഭൂമിശാസ്ത്ര പ്രദേശവും അതുള്‍ക്കൊള്ളുന്ന ജനവും അവകളെ നോക്കിനടത്തുന്ന ജനങ്ങളാല്‍ (ജനാധിപത്യത്തില്‍) തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ഉള്‍പ്പെടുന്നതാണ്. ജനങ്ങള്‍ തന്നെ അവിടെ യജമാനന്‍. എന്നാല്‍ സ്വാര്‍ത്ഥമതികളായ ഏതാനും വ്യക്തികള്‍ മാത്രം ചേര്‍ന്നാല്‍ അതു രാഷ്ട്രമാകില്ല. സ്വാര്‍ത്ഥ ലാഭങ്ങളെ ലക്ഷ്യമാക്കി ഏതെങ്കിലും തല്പരകക്ഷികള്‍ കോടതികളില്‍ ഫയല്‍ ചെയ്യുന്ന അന്യായങ്ങളിന്മേല്‍ സമൂഹത്തിന്റെ മൊത്തം അവകാശങ്ങളെ നിഹനിക്കുന്ന വിധി പ്രസ്താവനകള്‍ നടത്തുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ നീതിപീഠങ്ങള്‍ക്ക് യോജിച്ചതല്ല.
No comments:
Post a Comment