ഇത് ലേഖനബ്ലോഗം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാ‍ത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.

Wednesday, August 4, 2010

കുമാരാ, താങ്കള്‍ ഒരു സംഭവം തന്നെ!

കുമാരാ, താങ്കള്‍ ഒരു സംഭവം തന്നെ!

കുമാരന്റെ കുമാരസംഭവങ്ങള്‍ എന്ന പുത്തന്‍ പുസ്തകം (ഡിസംബര്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചത്) വായിച്ചപ്പോള്‍ പറയാന്‍ തോന്നിയ കാര്യങ്ങള്‍ താഴെ വാരിവിതറി പോസ്റ്റാക്കുന്നു:

അങ്ങനെ ബ്ലോഗ് രചനകളില്‍ നിന്ന് വീണ്ടും ഒരു പുസ്തകം പിറന്നു. കുമാരസംഭവങ്ങള്‍. ഇത് കുമാരന്‍ തന്റെ ബ്ലോഗുകളില്‍ എഴുതി ഇതിനകം ഒരുപാട്പേര്‍ വായിച്ച് രുചിയറിഞ്ഞവയാണ്. ബ്ലോഗെഴുത്തുകള്‍ പുസ്തകമാകുമ്പോള്‍ നെറ്റകത്തിന് പുറത്ത് നില്‍ക്കുന്നവര്‍ക്കും വായിക്കാന്‍ അവസരം വരുന്നു. ബ്ലോഗുകള്‍ ഇങ്ങനെ കൊഴുത്താല്‍ ഭാവിയില്‍ പുസ്തകങ്ങള്‍ ഷോകേസുകളിലെങ്കിലും ഉണ്ടാകുമോ എന്നത് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ ബ്ലോഗകത്ത് എന്തു നടക്കുന്നു എന്നത് പുറം ലോകം കൂടി അറിയാന്‍ ബ്ലോഗ് രചനകളില്‍നിന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനു പുറമെ മറ്റ് മീഡിയകളും കൂടി പ്രയോജനപ്പെടുത്തേണ്ടതുമാണ്. ആ നിലയില്‍ കുമാര സംഭവങ്ങള്‍ എന്ന പുസ്തകം ബ്ലോഗുകള്‍ക്ക് ഒരു പ്രചരണം കൂടിയാണ്. കുമാരാന് അഭിനന്ദനങ്ങളോടെ!

പുസ്തകത്തിന്റെ പുറത്തുതന്നെ ബ്ലോഗ് രചനകള്‍ എന്ന് എഴുതിയിരിക്കുക കൂടി ചെയ്തിരിക്കുന്നതിനാല്‍ ഒരു പുസ്തകവില്പനശാലയിലോ, ഒരു വായനശലയിലോ ഇരിക്കുന്ന ഈ പുസ്തകം എടുത്തു നോക്കി എന്താണീ ബ്ലോഗെഴുത്ത് എന്ന് അന്വേഷിക്കുവാനും പുസ്തകം വാങ്ങി കൊണ്ടുപ്പോയി വാ‍യിച്ചു നോക്കുവാനും പലരും തയ്യാറായെന്നുവരാം. അങ്ങനെ ഈ രചനകള്‍ വായിക്കപ്പെടുന്നു എന്നതിനു പുറമേ ബ്ലോഗിന് പ്രചരണവും കൂടിയാകുന്നു. ബ്ലോഗുകളില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യകാല കൃതികള്‍ക്ക് അങ്ങനെ ഒരു കര്‍ത്തവ്യം കൂടി നിറവേറ്റുവാന്‍ ഉണ്ട്. ബ്ലോഗുകളില്‍ എന്തു സംഭവിക്കുന്നുവെന്ന് നെറ്റകം ഇനിയും വേണ്ടവിധം പരിചയമില്ലാത്തവരും കൂടി അറിയട്ടെ. ഒരു സമാന്തര സാഹിത്യ ഭൂമിക ഉദിച്ചുയരുന്നുവെന്ന യാഥാര്‍ത്ഥ്യം എല്ലവരും അറിയട്ടെ!

ബ്ലോഗുകള്‍ അവനവന്‍ പ്രസാധനമാണ്. അവിടെ എഴുത്തുകാരന്‍ തന്നെ തിരുത്തുകാരനും അടുക്കുകാരനും. ബ്ലോഗുകളാകട്ടെ ആര്‍ക്കും തുടങ്ങുകയുമാകാം. അതിനാല്‍ ഈ രംഗത്ത് നിലവാരമുള്ളതും ഇല്ലാത്തതുമായ രചനകള്‍ ഉണ്ടാകാം. അത് ഒരു പോരായ്മയായി കാണേണ്ടതില്ല. കാരണം വായനക്കാരന് അവനവന്റെ നിലവാരത്തിനും അഭിരുചിക്കും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനും വായനയെ തന്റെ സൌകര്യാര്‍ത്ഥം ക്രമപ്പെടുത്താനും സാധിക്കും. ഭാഷാപരമായും സഹിത്യപരമായും പാണ്ഠിത്യത്തിന്റെ മറുതല കണ്ടവര്‍ക്ക് മാത്രമേ എഴുത്തിന്റെ മേഖലയിലേയ്ക്ക് കടന്നുവരാവൂ എന്നൊന്നുമില്ല. മനസിന്റെ ഉള്ളിലുള്ളത് മറ്റുള്ളവര്‍ക്ക് വായിച്ചാല്‍ മനസിലാകത്തക്കവിധം ഒരു കടലാസിലോ ബ്ലോഗിലോ പകര്‍ത്തി വച്ചാല്‍ അതിനുള്ളില്‍ എങ്ങനെയായാലും സാഹിത്യത്തിന്റെ ഒരംശം ഉണ്ടാകും. വായിക്കുന്നവന് അതില്‍ ആസ്വദിക്കുവാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് സാഹിത്യം തന്നെ. ഇനി അല്പം ചിന്തിക്കുവാന്‍ കൂടിയുണ്ടെങ്കില്‍ അല്പം നിലവാരം കൂടിയെന്ന് അര്‍ത്ഥമുണ്ടെന്നേയുള്ളു.

അല്ലാതെ കലയും സാഹിത്യവുമൊന്നും ആരുടെയും കുത്തകയല്ല. അഥവാ ആണെന്നു വിചാരിച്ചാല്‍ തന്നെ ഇനിയുള്ള കാലം അത് നടക്കില്ല. നമ്മള്‍ ബ്ലോഗേഴ്സ് അത് അനുവദിക്കില്ല. മനുഷ്യന്‍ മനസിലാകാത്ത വിധം എന്തെങ്കിലും എഴുതിവയ്ക്കുന്നത് മാത്രമല്ല സാഹിത്യം. ഞങ്ങളും എഴുതും. അത് വായിക്കുന്ന ഏതൊരു സാധാരണക്കരനും മനസ്സിലാകും. അത് വായിക്കാന്‍ ആളെക്കിട്ടുകയും ചെയ്യും. അതില്‍ ചിലതെങ്കിലും പുസ്തകമായി, മഹാപണ്ഠിതന്മാരെന്ന് ഊറ്റം കൊണ്ട് നടക്കുന്നവരുടെ കേള്‍വിപ്പെട്ട ഗ്രന്ധങ്ങള്‍ക്കിടയില്‍ നമ്മള്‍ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങളും ഇരുന്നു ചിരിക്കും. നമ്മുടെ പുസ്തകങ്ങള്‍ വായനക്കാരനെ സൈറ്റടിക്കും. ഏതു പടുവൃദ്ധരെയും നമ്മുടെ പുസ്തകങ്ങള്‍ വീഴ്ത്തും. മറ്റൊന്ന് നമ്മുടെ രചനകള്‍ ലോകം മുഴുവന്‍ ചുറ്റിയടിച്ചിട്ടാണ് പുസ്തകമാകുന്നത്. കൊക്കെത്ര കുളം കണ്ടതാണെന്ന മട്ടിലാണ് വരവ്!

നമ്മുടെ പുസ്തകങ്ങളുടെ ഒരേയൊരു കുറവ് അത് എല്ലാവര്‍ക്കും മനസിലാകും എന്നതാണ് നിങ്ങള്‍ ബുദ്ധികൊണ്ട് കട്ടപിടിച്ച തലച്ചോറുമായി നടക്കുന്നവരുടെ പുസ്തകങ്ങള്‍ ആളുകളെ നോക്കി മസിലും പിടിച്ചിരിക്കുമ്പോള്‍ നാമ്മള്‍ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങളുടെ ഉള്ളുതുറന്ന നിഷ്കളങ്കമായ ചിരികണ്ട് ആളുകള്‍ വാങ്ങിക്കൊണ്ടുപോയി വായിക്കും. മസിലും പിടിച്ചിരിക്കുന്ന ബുദ്ധിജീവിഗ്രന്ധങ്ങള്‍ അവിടെയിരുന്ന് പൂത്ത് അവസാനം ആക്രിക്ക് കൊടുക്കും. എവിടെനിന്നെങ്കിലും കടിച്ചാല്‍ പൊട്ടാത്തതും മനുഷ്യനു മനസിലാകാത്തതുമായ കുറെ വാചകങ്ങള്‍ മോഷ്ടിച്ച് പറക്കിക്കൂട്ടിവച്ച് ഒന്നോരണ്ടോ പുസ്തകമെഴുതിയിട്ട് തലയും മുഖവും വീര്‍പ്പിച്ചു നടക്കുന്ന ചില ബുദ്ധിജീവിജാഡക്കാരോടുള്ള മൂത്ത കുടിപ്പക കൊണ്ട് വെട്ടിക്കീറാന്‍ ഇങ്ങനെ മേല്‍വരികള്‍ കൂടി എഴുതിപ്പോയതാണ്.

കുമാരന്റെ പുസ്തകത്തില്‍ ആമുഖമായിതന്നെ തന്റെ പരിമിതികള്‍ കുമാരന്‍ എഴുതിവച്ചിട്ടുണ്ട്. ബ്ലോഗ് വായനക്കാരനും പുസ്തകവായനക്കാരനും തമ്മില്‍ അല്പം ചില വ്യത്യാസങ്ങള്‍ ഉണ്ട്. ബ്ലോഗ് വായനയ്ക്ക് അല്പം വേഗത കൂടുതലാണെന്നതാണ് അതിലൊന്ന്. മറ്റൊന്ന് ഇവിടെ ബ്ലോഗ് വായനക്കാരില്‍ ഭാഷാപരമായി പരിമിതികള്‍ ഉള്ളവരും കൂടിയുണ്ട് എന്നതാണ്. എന്നാല്‍ ഇന്ന് ബ്ലോഗിംഗ് രംഗത്തേക്ക് കടന്നുവരുന്നവര്‍ ബ്ലോഗിംഗിലൂടെ ആ പരിമിതികള്‍ തരണം ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള ഭാഷയുമായും സാഹിത്യവുമായും സ്കൂള്‍ തരം വരെ മാത്രം ബന്ധമുണ്ടായിരുന്നവര്‍ പോലും ഇന്ന് നന്നയി മാതൃഭാഷ കൈകാര്യം ചെയ്തു വരുന്നു. അതിനു കാരണം ബ്ലോഗുകളിലെ നര്‍മ്മം തുളുമ്പുന്ന രചനകളാണ്. നര്‍മ്മം ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. നര്‍മ്മം തുളുമ്പുന്ന ബ്ലോഗ് രചനകള്‍ നിരവധിയാളുകളെ വായനയുടെ ലോകത്തേക്കും എഴുത്തിന്റെ ലോകത്തേക്കും ആനയിച്ചു.

ഇന്ന് ബ്ലോഗിലെത്താന്‍ അറിയാവുന്നവര്‍ക്ക് മലയളത്തില്‍ നന്നായി കമന്റെഴുതാനെങ്കിലുമുള്ള മലയാളഭാഷാജ്ഞാനം ഉണ്ടെന്നത് അഭ്മാനകരമാണ്. ടൈപ്പുചെയ്യുന്നതിന് കീ ബോര്‍ഡിലെ ഇംഗ്ലീഷ് അക്ഷരമാലയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെങ്കിലും പതിയുന്നത് മലയാള അക്ഷരങ്ങളാണ്. വളരുന്നത് മലയാള ഭാഷയാണ്. കേരളത്തിലെ എല്ലാ മേഖലകളില്‍ ഉള്ളവരും ബ്ലോഗെഴുതുന്നതിനാല്‍ ഓരോ പ്രദേശത്തെയും പ്രാദേശികമായ ഭാഷാന്തരങ്ങള്‍ കൂടി എല്ലാവരും പങ്കുവയ്ക്കുകയാണ്. ഇത് മലയാള ഭാഷയുടെ സമഗ്രമായ വികാസത്തിന് കാരണമാകുകയാണ്. എന്നിട്ടും ഇത് ചിലര്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ് കഷ്ടം. (കമ്പ്യൂട്ടര്‍ കണ്ട് കണ്ണുമിഴിച്ച് നില്‍ക്കുന്നവരാണ് ഇതില്‍ പല ബുദ്ധിജീവികളും. കറണ്ടടിക്കുമെന്ന് പേടിച്ച് ഇവരില്‍ പലരും കീ ബോര്‍ഡില്‍ പോലും തൊടില്ല.)

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ചെറുതും വലുതുമാ‍യ പല സംഭവങ്ങളും ഉണ്ടാകും. അതില്‍ ചിലതിലൊക്കെ നര്‍മ്മത്തിന്റെ അംശങ്ങള്‍ ഉണ്ടാകും. അതല്ല ഗൌരവമായ അനുഭവങ്ങളാണെങ്കില്‍ കൂടിയും അതില്‍ നര്‍മ്മം ചാലിച്ച് അത് പറഞ്ഞുകേള്‍ക്കാനും എഴുതാനും നമ്മളില്‍ പലര്‍ക്കും കഴിയും. നര്‍മ്മഭാവന അധികമില്ലാത്തവര്‍ക്ക് ഗൌരവത്തിലും കാര്യങ്ങള്‍ അവതരിപ്പിക്കാം. എന്നാല്‍ കണ്ണീരില്‍ പോലും നര്‍മ്മം ചാലിച്ച് കേള്‍ക്കുന്നവനെയും വായിക്കുന്നവനെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും കരയിക്കുവാനും നര്‍മ്മ ബോധമുള്ള ഒരാള്‍ക്ക് കഴിയും. ഏതെങ്കിലും ഒരു സംഭവം അക്ഷരമറിയാത്തവരാണെങ്കില്‍ അവര്‍ പറഞ്ഞു കേള്‍പ്പിക്കും. അക്ഷരമറിയാവുന്നവര്‍ക്ക് അവ എഴുതിവയ്ക്കുകയുമാകാം. നര്‍മ്മബോധവും അല്പം സാഹിത്യബോധവും കൂടി ചേര്‍ന്നാല്‍ എഴുത്ത് വായനക്കാരന് നല്ലൊരു വിഭവമായിരിക്കും.

എന്നാല്‍ എല്ലാവര്‍ക്കും ഒരു പോലെ നര്‍മ്മ ബോധവും സാഹിത്യബോധവും ഒരു പോലെ കൈല്‍മുതലായി ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് നര്‍മ്മ ബോധമുണ്ടാകും. ചിലര്‍ക്ക് സാഹിത്യബോധമുണ്ടാകും. ചിലര്‍ക്ക് ഇത് രണ്ടുംകൂടി ഉണ്ടാകും. ഇവിടെ കുമാരനെ സംബന്ധിച്ചിടത്തോളം നര്‍മ്മഭാവനയും സാഹിത്യവും കൈമുതലായുണ്ട്. ഗൌരവമുള്ള സംഭവമാണെങ്കിലും കുമാരന്‍ എഴുതിയാല്‍ അത് നര്‍മ്മമാകും. എന്നാല്‍ ആ നര്‍മ്മത്തിനിടയില്‍ നിന്ന് നമുക്ക് സംഭവത്തിന്റെ ഗൌരവം വായിച്ചെടുക്കുകയും ചെയ്യാം. വായിക്കുന്നവന് വായിക്കാനൊരു താല്പര്യം വരണം. എല്ലാവരും ഗൌരവബുദ്ധികളാകണമെന്നില്ല. അത്തരക്കാരെ വായനയിലേയ്ക്ക് ആകര്‍ഷിക്കാന്‍ നര്‍മ്മം വേണം. നര്‍മ്മം ആസ്വദിച്ചുകൊണ്ട് വായനയില്‍ മുഴുകുമ്പോള്‍ ഒരെഴുത്ത്കാരന് നല്‍കാനുള്ള സന്ദേശം വളരെ ലളിതമായി കൈമാറാന്‍ കഴിയുന്നു. ഇക്കാര്യത്തില്‍ കുമാരന് അഭിമാനിക്കാം. കുമാരസംഭവങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും തോന്നും.ഈ കുമാരന്‍ ഒരു സംഭവം തന്നെയാണെന്ന്!

കുമാരന്‍ എഴുതിയിരിക്കുന്ന ഓരോ നുറുങ്ങുകളോടും സാമ്യമുള്ള പല അനുഭവങ്ങളും അവരവരുടെ ജീവിതപരിസരങ്ങളില്‍ എല്ലാവര്‍ക്കും ഉണ്ടായിരിക്കും. കേരളത്തിലെവിടെയുമുള്ള ജീവിത രീതികള്‍ തമ്മില്‍ പൊതുവായ സമാനതകള്‍ ഉള്ളതിനാല്‍ എല്ലാവര്‍ക്കും ഓരേ തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകാം. കണ്ണൂരിലുള്ള കുമാരന്‍ കോറിയിട്ടിരിക്കുന്ന് നര്‍മ്മ നുറുങ്ങുകളില്‍ മിക്കതും ഇങ്ങ് തിരുവനന്തപുരം ഭാഗത്തുള്ള എന്റെ ഗ്രാമ പരിസരത്തും സംഭവിച്ചിട്ടുള്ളതാണ്. ചില നുറുങ്ങുകള്‍ വായിക്കുമ്പോള്‍ ങേ, കണ്ണൂരിലും നമ്മുടെ ഇവിടത്തെപോലുള്ള കാര്യങ്ങള്‍ തന്നെയോ നടക്കുന്നതെന്നു ചോദിച്ചു പോകും. എന്നെ ഞെട്ടിപ്പിച്ചത് എന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച ചില സംഭവങ്ങള്‍ പോലും കുമാരന്‍ കുമാരനില്‍ ആരോപിച്ച് എഴുതിവച്ചിരിക്കുന്നു. കുമാരന്‍ എന്നെങ്കിലും എന്റെ ജീവിതത്തെ ഒളിഞ്ഞു നോക്കിയോ എന്നറിയില്ല. പക്ഷെ അതേതൊക്കെ അനുഭവങ്ങള്‍ എന്ന് എന്നോട് ചോദിക്കരുതേ കുമാരാ, ഞാന്‍ കൊന്നാലും പറയില്ല. കുമാരന് നാണവും മാനവുമ്മില്ലെന്നുവച്ച് നമ്മ അങ്ങനെയാണോ? ഹഹഹ!

പട്ടിണിക്കാരനായ കുട്ടിരാമന്‍ ഉസ്കൂളില്‍ ഉപ്പുമാവിനു വേണ്ടി തള്ളി ചട്ടിയില്‍ വീണ സംഭവം നര്‍മ്മത്തില്‍ പൊതിഞ്ഞാണ് എഴുതിയതെങ്കിലും നമ്മുടെ മനസ്സില്‍ അതൊരു നൊമ്പരമുണ്ടക്കുന്നുണ്ട്. ചട്ടിയില്‍ വീണെങ്കിലെന്താ ഇഷ്ടം പോലെ ഉപ്പുമാവു കിട്ടിയല്ലോ എന്ന് കുട്ടിരാമന്‍ പറയുന്നുണ്ട്. ഉണങ്ങാത്ത മുറിപ്പാടുകള്‍ എന്ന കഥയും നമ്മെ നന്നേ നൊമ്പരപ്പെടുത്തും. നര്‍മ്മം മാത്രമല്ല ഗൌരവമുള്ള വിഷയങ്ങളും കൈകര്യം ചെയ്യാന്‍ കുമാരനു കഴിയാത്തതല്ല എന്ന് തെളിയിക്കുന്ന കഥകളും കുമാര സംഭവങ്ങളിലുണ്ട്.

കുമാരസംഭവങ്ങളില്‍ നിന്ന് ചില വരികള്‍ മാത്രം ഇവിടെ ഉദ്ധരിക്കാം:

“നാലുമണി കഴിഞ്ഞാല്‍ ഞങ്ങള്‍ മൂന്നുപേരും പെണ്‍പിള്ളേരുടെ സെന്‍സസ് എടുക്കുന്നതുകൊണ്ട് ഫുള്‍ ബിസിയായിരിക്കും സ്കൂളില്‍നിന്നും അണക്കെട്ടു പൊട്ടിയ പോലെ ആര്‍ത്തിരമ്പി വരുന്ന ആണ്‍കുട്ടികളും മന്ദം മന്ദം കുളിര്‍കാറ്റ് പോലെ തഴുകിവരുന്ന അരപ്പാവാടയുടുത്ത സുന്ദരി പെണ്‍കുട്ടികളും, അതിനു ശേഷം വൃദ്ധരെപ്പോലും രോമാഞ്ചമണിയിച്ചുകൊണ്ട് ജൂനിയര്‍ ഐശ്വര്യറയി മി.ജമീലയുടെ നേതൃത്വത്തില്‍ കമലാ കോളേജിലെ ആല്‍മരം പോലെ വളര്‍ന്നുപന്തലിച്ച പെണ്‍കുട്ടികളും ഞങ്ങളെയെന്താ ഇനിയും കെട്ടിച്ചുവിടാത്തത് വീട്ടുകാരേ എന്ന ചോദ്യവുമായി പ്രകടനം പോലെ വരും. ആ വര്‍ണ്ണക്കാഴ്ചകളെ ഒഴിവാക്കി വെറുതെ ഡീസന്റാവാന്‍ ഞങ്ങള്‍ കണ്ണുപൊട്ടന്മാരോ ടൌണ്‍ഹാളിന്റെ മുന്നില്‍ ഒരുപണിയുമെടുക്കാതെ വെറുതെ സുഖിച്ചു കൈചൂണ്ടി നില്‍ക്കുന്ന കോണ്‍ക്രീറ്റ് പ്രതിമയോ അല്ലല്ലോ....” ( കുമാരന്‍ റൈറ്ററുടെ നാള്‍വഴിപുസ്തകം എന്ന അദ്ധ്യായം)

അച്ഛന്‍ മരിക്കുമ്പോള്‍ കരയുന്ന മക്കളില്‍ ഒരുത്തി പറയുന്നതു കേള്‍ക്കൂ: “ എന്റെ കരച്ചിലാണേ ശരിക്കുള്ള കരച്ചില്‍....അവളുടേത് (ചേച്ചി) കള്ളക്കരച്ചിലാണേ...” ( ശരിയായ കരച്ചില്‍)

“പ്രേമിക്കുന്നവര്‍ ആദ്യം ചെയ്യുന്നത് അച്ഛനുമമ്മയുമിട്ട പേരു മാറ്റുകയെന്നതാണല്ലോ. വനജ കാമുകനായ നളിനക്ഷനെ നളേട്ടാ, എന്നും, വനജയെ അയാ‍ള്‍ തിരിച്ച് വനൂ, വാ‍.. എന്നിങ്ങനെ വിളിക്കാന്‍ തുടങ്ങി.....“ (പ്രതികാര വനജ)

ലോകചരിത്രത്തിലെ പല പ്രേമങ്ങളും പൂത്തു വിടര്‍ന്ന് പരപരാഗണം നടത്തിയത് കോളേജ് കലോത്സവ ദിനത്തിലാണ്. കോളേജിനടുത്തെ ആളില്ലാത്ത വീടും, പൊന്തക്കാടുകളും അന്ന് ഫുള്ളായിരിക്കും. പിള്ളേരൊക്കെ പ്രത്യുല്പാദനത്തിന്റെ ഡെമോ നോക്കുന്നത് അന്നാണ്. ......” ( കോളേജ് ഡേയില്‍ കോമളകുമാരി)`

“മാരുതി സ്വിഫ്റ്റ് കാറുപോലെ ഷെയ്പ്പുള്ള സുന്ദരി. വട്ടമുഖി, നീണ്ട മുടി, അതിന്റെ അറ്റത്ത് തുളസിത്തറ, പച്ചപ്പാവാട ആന്‍ഡ് ഗ്രീന്‍ ബ്ലൌസ്. ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.” (ദേവതാരു പൂത്തു, പക്ഷെ......)

ഇങ്ങനെ ഒരുപാടുണ്ട് “കുമാരന്‍ എന്ന സംഭവം” എഴുതിയ കുമാര സംഭവങ്ങളില്‍! പക്ഷെ കുമാരന്റെ പുസ്തകം പകര്‍ത്തലല്ലല്ലോ എന്റെ ജോലി! വേണമെന്നുള്ളവര്‍ അറുപത് രൂപാ കൊടുത്ത് വാങ്ങി വായിക്കിനെടേയ്. ( കുമാരനെ നേരില്‍ കണ്ട് ഒന്നു പൊക്കിക്കൊടുത്താല്‍ പുസ്തകം ഫ്രീയായും ലഭിക്കുന്നതായിരിക്കും! എനിക്ക് കൂട്ടം തിരുവനന്തപുരം മീറ്റില്‍ വച്ച് നേരില്‍ കണ്ടപ്പോള്‍ ഈ ബുദ്ധി പോകാത്തതിനാല്‍ വിലകൊടുത്തു വാങ്ങേണ്ടിവന്നു. കുമാരന്‍ പുസ്തകം തലയിലേറ്റിവരുമ്പോള്‍ ഒരു കൈ സഹായിച്ചും പുസ്തകം കരസ്ഥമാക്കാവുന്നതാണ്)

അത്യുന്നതങ്ങളില്‍ കുമാരനു മഹത്വം!

വാലെഴുത്ത്:

ഒരു നിലാവുള്ള രത്രി; കുമാരന്റെ ഫോണ്‍ റിംഗ്ടോണടിച്ചു. വിറയ്ക്കുന്ന കൈകളോടെ കുമാരന്‍ ഫോണ്‍ എടുത്തു.

മറുതലയ്ക്കല്‍: കുമാരേട്ടാ! എന്റെ കുമാരേട്ടാ!

കുമാരന്‍: (വിച്ചുകൊണ്ട്) ആരാ? മി.ജമീലയാണോ?

മറുതല: അല്ല കുമാരേട്ടാ, എന്നെ ഇത്രയ്ക്കങ്ങോട്ട് മറന്നോ?

കുമാരന്‍: പിന്നെ, ദിവ്യയാണോ?

മറുതല: (ദ്വേഷ്യം) കുമാരേട്ടാ!

കുമാരന്‍: അല്ല, ശ്രീദേവി....?

മറുതല: ശ്യോ! കു....മാ...രേ...ട്ടാ‍.... !

കുമാരന്‍: (വിറച്ചുകൊണ്ട്) റോംഗ് നംബര്‍...റോംഗ് നംബര്‍.....!


No comments: