കണ്ടതും കേട്ടതും
മദനിയും പി.ഡി.പിയും മറ്റും; ചില ക്രിയാത്മക ചിന്തകൾ
പോസ്റ്റിന്റെ ചുരുക്കം:
പി.ഡി.പി താരതമ്യേന ഒരു ചെറിയ പാർട്ടിയാണ്. എന്നാൽ അതിന്റെ ചെയർമാനായ അബ്ദുൽ നാസർ മദനിയുടെ വ്യക്തിപ്രഭാവം നിസാരമല്ല. അതുകൊണ്ടുതന്നെ അണ്ണാൻ കുഞ്ഞും തന്നാലായതുപോലെ എന്ന തരത്തിൽ മദനിയുടെ പാർട്ടിയ്ക്ക് കേരള രാഷ്ട്രീയത്തിൽ അല്പം ചില സ്വാധീനമൊക്കെ ചെലുത്താൻ ഇനിയും സാധിയ്ക്കും. മദനി കഴിഞ്ഞാൽ ആ പാർട്ടിയ്ക്ക് ഇന്ന് എടുത്തു പറയത്തക്ക ഒരു നേതൃനിരതന്നെയില്ല. എന്നാൽ മദനി പ്രസംഗിയ്ക്കുന്നിടത്തൊക്കെ ആൾക്കൂട്ടമുണ്ട്. അതിൽ നല്ലൊരു പങ്കും മുസ്ലീങ്ങളാണ്. അപാരമായ പ്രസംഗപാഡവമുള്ള മദനിയുടെ വാക്കുകൾ കേൾക്കുന്നവരിൽ അത് ചില്ലറ സ്വാധീനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രകോപനപരമായ പ്രസംഗത്തിന് അറസ്റ്റിലായ ഒരാൾക്ക് വാക്കുകൾ കൊണ്ട് ജനങ്ങളെ സ്വാധീനിയ്ക്കാൻ തീരെ കഴിയാതിരിയ്ക്കില്ലല്ലോ. മദനിയ്ക്കു ശേഷം ഇങ്ങനെയൊരു പാർട്ടി നിലനിൽക്കുമോ എന്നത് ഇന്നത്തെ ചിന്താവിഷയം അല്ല.
(മുൻ കുറിപ്പ്: ഞാൻ മദനിയുടെ പാർട്ടിക്കാരനല്ല. എനിയ്ക്കു എന്റേതായ രാഷ്ട്രീയം ഉണ്ട്. എന്നാൽ എന്റെ സത്യമായ പേരും വിലാസവും വെളിപ്പെടുത്തിയുള്ള ഈ ബ്ലോഗ് എന്റെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിയ്ക്കാൻ ഞാൻ സാധാരണ ഉപയോഗിയ്ക്കുന്നില്ല. അതിനു വേറെ ബ്ലോഗ് എനിയ്ക്കുണ്ടെന്നും കൂട്ടിക്കൊള്ളുക . ഈ ബ്ലോഗിൽ എഴുതുന്നതെല്ലാം എന്റെ വ്യക്തി പരമായ അഭിപ്രായങ്ങളോ നിലപാടുകളോ ആയിരിയ്ക്കണമെന്നില്ല. എന്റെ രാഷ്ട്രീയ വിശ്വാസങ്ങളുമായും ഇതിലെ പോസ്റ്റുകൾ പൊരുത്തപ്പെടണം എന്നില്ല. എന്റേതിനു വിരുദ്ധമായ അഭിപ്രായങ്ങളും നിലപാടുകളും പോലും ഞാൻ എഴുതിയെന്നും വരാം. അപ്പപ്പോഴുള്ള എന്റെ ചിന്തകളെ ഏതാണ്ട് അതേപടി അക്ഷരങ്ങളാൽ ആവാഹിച്ചു വയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്.
അതായത് ഞാൻ കാണുകയും കേൾക്കുകയും വായിക്കുകയും അറിയുകയും ചെയ്യുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് അപ്പപ്പോൾ തോന്നുന്ന കാര്യങ്ങൾ അതു പോലേ കോറിയിടുന്നു. അതിൽ ബന്ധപ്പെട്ട വിഷയത്തിലെ എന്റെ നിലപാടുകൾ ഉണ്ടായെന്നും ഉണ്ടായില്ലെന്നും വരാം ബ്ലോഗിന്റെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും ഉപയോഗിയ്ക്കുന്നുവെന്നു സാരം. വ്യത്യസ്ഥ അഭിപ്രായങ്ങളോടും നിലപാടുകളോടും ഉള്ള സഹിഷ്ണുതയും അവയൊക്കെയും ചർച്ച ചെയ്യപ്പെടണമെന്ന ആഗ്രഹവും ഇതിനു പിന്നിലുണ്ട്. വ്യത്യസ്ഥമായ ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും കൂലംകഷമായ ചർച്ചകൾക്കു വിധേയമാക്കി മാറ്റുരയ്ക്കുന്നതിലൂടെ കൂടുതൽ ശരിയേത് തെറ്റേത് എന്നു കണ്ടെത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ഈ പോസ്റ്റ് മറ്റു തെറ്റിദ്ധാരണകൾക്കിടയാക്കാതിരിയ്ക്കാൻ ഈ മുൻ കുറിപ്പ് ചേർക്കുന്നുവെന്നു മാത്രം.)
ഇനി വിഷയത്തിലേയ്ക്ക് വിശദമായി:
ഒരു യാത്രാമദ്ധ്യേ ആണ് തിരുവനന്തപുരം ജില്ലയിലെ വെമ്പായം ജംഗ്ഷനിൽ എത്തിയത്. അവിടെ നല്ല ഒരാൾകൂട്ടം. മൈക്കും റിക്കാർഡും കൊടികളും സ്റ്റേജും ഒക്കെ. ഒരു യോഗത്തിന്റെ ഒരുക്കുകൾ. അവിടവിടെ സ്ഥാപിച്ചിരിയ്ക്കുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്നുതന്നെ കാര്യം മനസ്സിലായി. പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മദനി അവിടെ പ്രസംഗിയ്ക്കുകയാണ്. എന്നിലെ വായി നോക്കി ഉണർന്നു. എവിടെ ഒരു ആൾകൂട്ടം കണ്ടാലും അവിടെ ചെന്ന് എത്തിനോക്കുന്ന ജന്മസ്വഭാവം മൂലം ഇനി യോഗം കഴിഞ്ഞു പോയാൽ മതിയെന്നു തീരുമാനിച്ചു. എം.സി. റോഡായതുകൊണ്ട് ഏറെ ഇരുട്ടിയാലും വീട്ടിലേയ്ക്കു ബസ്സും കിട്ടും. മുക്കാൽ മണിക്കൂർകൊണ്ട് വീട്ടിൽ എത്താവുന്നതേയുള്ളു. മുൻപും മദനിയുടെ പ്രസംഗം ഞാൻ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. സത്യത്തിൽ പഴയ മദനിയും പുതിയ മദനിയും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുകകൂടിയായിരുന്നു എന്റെ ലക്ഷ്യം.
എന്തായാലും നല്ല ആൾക്കൂട്ടം. മഅദനി ചെല്ലുന്നിടത്ത് ഇപ്പോഴും ആളുകൂടുമെന്ന യാഥാർത്ഥ്യം മൂടി വയ്ക്കാൻ ആകില്ലതന്നെ. മ അ ദനി വരും മുൻപു തന്നെ യോഗം തുടങ്ങി. പ്രദേശത്തെ പ്രവർത്തകർ കൂടുതലും മുസ്ലീങ്ങൾ എന്നു തോന്നിച്ചു. എന്നാൽ നേതാക്കളിൽ നല്ലൊരു പങ്ക് മറ്റു മതസ്ഥരാണ്. ജാതിയും മതവും തിരിയ്ക്കുകയല്ല. പി.ഡി.പി ആയതുകൊണ്ടും അത് ഒരു മുസ്ലിം സംഘടനയാണെന്ന ധാരണ പരക്കെ ഉള്ളതുകൊണ്ടുമാണ് അങ്ങനെ പറയുന്നത്. മാ നിഷാദാ എന്ന പേരിൽ അവർ നടത്തുന്ന കാമ്പെയിന്റെ ഭാഗമായിരുന്നു വെമ്പായത്തെ പൊതുയോഗവും. പി.ഡി.പി ഒരു വർഗീയ സംഘടനയോ തീവ്രവാദ സംഘടനയോ അല്ലെന്നുള്ള ഉറച്ച പ്രഖ്യാപനങ്ങളായിരുന്നു നേതാക്കന്മാരുടെ പ്രസംഗങ്ങളിൽ ഓരോന്നിലും.
കേരളത്തിൽ തെക്കു മുതൽ വടക്കുവരെയുള്ള ഏതെങ്കിലും ജയിലുകളിൽ ഭീകര പ്രവർത്തനത്തിന്റെ പേരിൽ പിടിയ്ക്കപ്പെട്ട ഏതെങ്കിലും പി.ഡി.പി ക്കാരുണ്ടെങ്കിൽ തെളിയിക്കാൻ അവർ വെല്ലു വിളിയ്ക്കുകയാണ്. പി.ഡി.പി ക്കാർ ഭീകരപ്രവർത്തകരാകില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിയ്ക്കുന്നു. എന്നാൽ ക്രിമിനൽ കേസുകളിൽ പ്രതിയായി പി.ഡി.പിക്കാർ എന്ന് ആരോപിയ്ക്കപ്പെടുന്ന ഒന്നോ രണ്ടോ പേർ തിരുവനന്തപുരത്തെ ഏതോ ജയിലിൽ ഉള്ള കാര്യം അവർ മറച്ചു വയ്ക്കുന്നുമില്ല. സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ദളിദ് വിമോചനവും ദളിതന്റെ അധികാരവുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ ആവർത്തിയ്ക്കുന്നു.
അല്പസമയങ്ങൾക്കുള്ളീൽ മദനി എത്തിച്ചേർന്നു. വരവും പോക്കുമൊക്കെ പണ്ടത്തെപ്പോലെ രാജകീയമായിത്തന്നെ. മുൻപിലും പുറകിലും കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ അത്യാധുനിക ആമ്പുലൻസ് സൌകര്യങ്ങളുള്ള ഒരു വാനിലാണ് മദനി വന്നിറങ്ങിയത്. മദനി വന്നതും കാഴ്ചക്കാർ അവേശം കൊണ്ടു. പാർട്ടി പ്രവർത്തകർ തക്ബീർ ധ്വനികൾ മുഴക്കിത്തന്നെയാണു അദ്ദേഹത്തെ വരവേറ്റത്. മദനി വന്നതോടെ യോഗം നടക്കുന്ന വേദിയ്ക്കരികിലൂടെയുള്ള നെടുമങ്ങാട് റോഡിൽ ട്രാഫിക്ക് ബ്ലോക്കായി. അല്പസമയം എം.സി.റോഡും ബ്ലോക്കായി. അതായത് മദനിയുടെ സാന്നിദ്ധ്യം കൊണ്ടാണെങ്കിലും ഒരു തിരക്കേറിയ ഒരു റോഡു ബ്ലോക്കാക്കാനുള്ള ശക്തിയൊക്കെ പി.ഡി.പിയ്ക്കും ഉണ്ടെന്നു സാരം.
കക്ഷി രാഷ്ട്രീയ- ജാതിമത ഭേദമന്യേ മദനിയുടെ പ്രസംഗം ശ്രവിക്കാൻ വൻ ജനാവലി തിക്കിത്തിരക്കുന്നുണ്ടായിരുന്നു. തീർച്ചയായും മദനിയുടെ പാർട്ടിയ്ക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും മാത്രം ചില സ്വാധീന മേഖലകളുള്ള തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇത്ര ആൾക്കൂട്ടത്തെ ആകർഷിക്കാൻ പോന്ന വൈഭവം മദനിയ്ക്കുണ്ടെങ്കിൽ അവർക്ക് വേറെയും ശക്തമായ സ്വാധീന മേഖലകൾ കേരളത്തിൽ പല ഭാഗങ്ങളിലും ഉണ്ടായിരിയ്ക്കും എന്നതിൽ സംശയം ഇല്ല. കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ അവർ പിന്തുണച്ച എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തോടെ പി.ഡി.പി യ്ക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്നു കരുതുവാൻ വരട്ടെ. യു.ഡി.ഡി എഫായാലും എൽ.ഡി.എഫ് ആയാലും ബി.ജെ.പി ആയാലും. അതു കൊണ്ട് പി.ഡി.പിയെ അത്ര കുറച്ചുകാണാൻ സമയമായിട്ടില്ല.
മദനിയുടെ ആവേശ്വോജ്ജ്വലമായ പ്രസംഗം കാര്യ ഗൌരവം നിറഞ്ഞതായിരുന്നു. പി.ഡി.പി യുടെ മൂല രൂപം പഴയ ഐ.എസ്.എസ് ആയിരുന്നു എന്നതും അത് തീവ്രവാദ സ്വഭാവത്തിലുള്ള അക്രമോത്സുക സംഘടനയായിരുന്നു എന്നുള്ളതുകൊണ്ടും അതിന്റെ ചില അംശങ്ങളെങ്കിലും പി.ഡി.പിയിൽ ഉണ്ടായിരിയ്ക്കില്ലേ എന്നു ജനം സംശയിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അങ്ങനെ ഒരു സംശയം ദൂരീകരിയ്ക്കാൻ ഉതകുന്ന തരത്തിലുള്ളതായിരുന്നു മദനിയുടെ പ്രസംഗം. ഇനി അഥവാ മദനി മുൻപ് എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതിനുള്ള ശിക്ഷകൾ ഇതിനകം മദനിയ്ക്കു കിട്ടിക്കഴിഞ്ഞു. അന്യായമായിട്ടാണ് മദനിയെ ഒൻപതുവർഷത്തിലധികം തടവിലിട്ട് പീഡിപ്പിച്ചതെങ്കിലും ആ നീണ്ട ജയിൽ വാസവും തുടർന്ന് ആദേഹത്തിന്റെ പ്രായച്ഛിത്തവും തെറ്റു തിരുത്തലും മദനിയുടെ മുൻ കാല പ്രവർത്തനങ്ങളോട് പൊറുക്കാൻ ധാരാളമാണ്.
കൊലപാതകമടക്കം ഏതെങ്കിലും കുറ്റകൃത്യത്തിനു ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തുവരുന്ന ഒരു കുറ്റവാളി മനസാന്തരപ്പെട്ട് പിന്നീട് നല്ല ജീവിതം നയിക്കാൻ ശ്രമിയ്ക്കുമ്പോൾ സമൂഹം അതിനെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യാറുള്ളത്. അതാണു വേണ്ടതും. അല്ലാതെ അവരെ സംശയത്തോടെ വീണ്ടും കാണുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് ശരിയല്ല. അതുപോലെ മദനിയും മാനസാന്തരപ്പെട്ടു പുതിയ നല്ലവഴിയേ സഞ്ചരിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിയ്ക്കുന്നതിനു പകരം പഴയ കണ്ണുകളോടെ വീണ്ടും അദ്ദേഹത്തെയും ആ പാർട്ടിയെയും നോക്കിക്കാണുന്നതു ശരിയല്ല.
കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചു എന്നതാണ് മദനിയുടെ തെറ്റു തിരുത്തൽ പ്രക്രിയയെ ഇവിടുത്തെ ഒരു വിഭാഗം മാദ്ധ്യമങ്ങളും പാർട്ടികളും അംഗീകരിയ്ക്കാത്തതിനു കാരണം. ചില പ്രസ്ഥാനങ്ങളൊക്കെ എൽ.ഡി.എഫിനെതിരെ യു.ഡി.എഫിനു പിന്തുണ കൊടുത്തുകൊള്ളണമെന്ന ഒരു അലിഖിത നിയമം ഇവിടെ ചിലർ കൊണ്ടു നടക്കുന്നുന്നുണ്ട്. അതുകൊണ്ടാണല്ലോ കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ മതതീവ്രവാദ- അക്രമോത്സുക സംഘടനയെന്നു പറയാവുന്ന എൻ.ഡി.എഫ് യു.ഡി.എഫിനെ പിന്തുണച്ചതിൽ ഒരു കുറ്റവും കണ്ടെത്താത്തവർ പി.ഡി.പിയെയും മദനിയെയും തീവ്രവാദികൾ ആക്കിയത്.
മദനി പറയുന്നത്; പണ്ടു താൻ രാഷ്ട്രീയക്കാരെ വിമർശിച്ചിട്ടുണ്ട്. എന്നാൽ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും മാർഗ്ഗത്തിൽ കൂടി മാത്രമേ ഇവിടെ ദളിതരുടെ മോചനവും സാമൂഹ്യ നീതിയും കൈവരുത്താനാകൂ എന്ന് തുടർന്നുള്ള തന്റെ ചിന്തയും വായനയും പഠിപ്പിച്ചപ്പോൾ തന്റെ നിലപാടുകൾ മാറി . അതാണ് പി.ഡി.പി രൂപീകരിയ്ക്കുവാൻ കാരണം. പി.ഡി.പി യ്ക്കു തീവ്രവാദം ഇല്ല. പി.ഡി.പി മുസ്ലീങ്ങളുടെ മാത്രം പാർട്ടിയല്ല. എല്ലാ മത വിഭാഗത്തിൽ ഉള്ളവരും പി.ഡിപിയിൽ ഉണ്ട്. സദസ്സിലെ നേതാക്കളെത്തന്നെ ഉദാഹരിച്ച് മദനി പറഞ്ഞു. അക്രമത്തിന്റെ മാർഗ്ഗം പി.ഡി.പിയ്ക്ക് ഇല്ല. എന്നാൽ അധ:സ്ഥിതന്റെ അവകാശങ്ങൾക്കു വേണ്ടിയുള്ള ജനാധിപത്യമാർഗ്ഗങ്ങൾ ഉപായോഗിച്ചുകൊണ്ടുള്ള പോരാട്ടങ്ങളിൽ വിട്ടു വീഴ്ചയുമില്ലെന്ന് മദനി പറയുന്നു. ദളിദ് വിമോചനമാണ് പാർട്ടിയുടെ ലക്ഷ്യം.
തന്റെ പാർട്ടിയ്ക്ക് അതിന്റെ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് ഒറ്റയ്ക്ക് അധികാരത്തിൽ വരാൻ കഴിയാത്ത കാലത്തോളം കാലാനുസൃതമായും വിഷയാധിഷ്ഠിതമായും നിലപാടുകൾ എടുക്കുകയും കൂട്ടു കെട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായതുകൊണ്ടു കൂടിയാണ് അവർക്ക് പിന്തുണ നൽകാൻ തയ്യാറായത്. നിഷ്ഠുര കൃത്യങ്ങളിലൂടെ ലോകത്തെ വിറങ്ങലിപ്പിയ്ക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ തിന്മകളോട് നിസ്സംഗത പുലർത്താൻ കഴിയില്ല. അമേരിക്കയുടെ സഖ്യരാഷ്ട്രമായ ഇസ്രായേൽ അമേരിക്കൻ പിന്തുണയോടെ പാലസ്തീൻ ജനതയ്ക്കു നേരെ നടത്തുന്ന ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്. വെടിയേറ്റു പിടയുന്ന കുഞ്ഞിനെ വേട്ടനായ്ക്കളെ വിട്ടു കടിച്ചുകൊല്ലിയ്ക്കുന്ന ഇസ്രായേൽ ഭീകരത ഹൃദയഭേദകമാണ്. അങ്ങനെ എത്രയെത്ര ക്രൂരതകൾക്കാണ് അമേരിക്കൻ സാമ്രാജ്യത്വം ചൂട്ടു പിടിയ്ക്കുന്നത്. ഈ സാമ്രാജ്യത്ത്വ ഭീകരതയെ എതിർക്കേണ്ടത് ഏതൊരു ഭാരതീയന്റെയും കടമയാണ്.
സാമ്രാജ്യത്തത്തിനെതിരെ യുള്ള പോരാട്ടങ്ങളിൽ സമാനമനസ്കരുമായി തോളുരുമ്മും. ഇടതുപക്ഷം സാമ്രാജ്യവിരുദ്ധ പോരാട്ടം തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായി കാണുന്നതിനാൽ അക്കാര്യത്തിൽ അവരോട് യോജിപ്പാണ്. ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയത്തിൽ അധ:സ്ഥിത ജനവിഭാഗത്തോട് സ്വീകരിയ്ക്കുന്ന നിലപാടുകൾക്കനുസരിച്ചായിരിയ്ക്കും ആർക്കെങ്കിലും പിന്തുണ നൽകുന്നതും നൽകാതിരിയ്ക്കുന്നതും. ബാബറി മസ്ജിദ് തകർത്ത സംഭവം മറക്കാനാകില്ല. തകർത്തത് ഒരു പള്ളിയെന്നത് മാത്രമല്ല പ്രശ്നം. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ മുറിവാണ് അത്. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നു പറഞ്ഞാൽ മാത്രം തീവ്രവാദിയാകില്ല. അതു മുസ്ലീങ്ങൾ മാത്രം പറയുന്നതല്ല. മതേതരത്വത്തിൽ വിശ്വസിയ്ക്കുന്ന ഏതൊരു ഇന്ത്യക്കാരനും പറയുന്നതാണ്.
താൻ മുസ്ലിം ആണ്. അതിൽ അഭിമാനിയ്ക്കുന്നു. എന്നാൽ പി.ഡി.പി എന്ന പാർട്ടി ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്നതല്ല. മതവും രാഷ്ട്രീയവും രണ്ടായി കാണണം. ഭീകരപ്രവർത്തവത്തിലൂടെ ആർക്കും ഒന്നും നേടാൻ കഴിയില്ല. പി.ഡി.പി ക്കാർ ആരെങ്കിലും തീവ്രവാദ-ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നു തെളിയിച്ചാൽ പി.ഡി.പി പിരിച്ചുവിട്ട് രാഷ്ട്രീയം ഉപേക്ഷിച്ച് താൻ ഏതെങ്കിലും പള്ളിയിൽ പ്രാർത്ഥനകളുമായി ഒതുങ്ങി കഴിഞ്ഞുകൂടുമെന്ന് മദനി പ്രഖ്യാപിയ്ക്കുന്നു. ആരെയൊക്കെയോ തീവ്രവാദത്തിന്റെ പേരിൽ അറസ്റ്റു ചെയ്റ്റിട്ട് അതു തന്റെ അംഗരക്ഷകരാണെന്നുവരെ അടിച്ചു വിടുന്നു. അതൊക്കെ തെളിയിക്കുവാൻ വെല്ലുവിളിയ്ക്കുന്നു. ഇവിടുത്തെ മാധ്യമങ്ങളും കോൺഗ്രസ്സും യു.ഡി.എഫും തനിയ്ക്കെതിരെ നട്ടാൽ കുരുക്കാത്ത നുണകൾ തട്ടിവിടുകയാണ്. കോൺഗ്രസ്സിനു പിന്തുണ നൽകിയിരുന്നെങ്കിൽ തങ്ങൾ അവർക്കു നല്ല പിള്ളകളായേനെ. അല്പം വോട്ടു ബാങ്കുകൾ ഉള്ളവരൊക്കെ കോൺഗ്രസ്സിനും യു.ഡി.എഫിനും വോട്ടു ചെയ്യണമെന്ന് നിയമമൊന്നുമില്ല. എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നത് തെറ്റായി പി.ഡി.പി കരുതുന്നില്ല.
സമാനതകളില്ലാത്ത പീഡനങ്ങൾക്കു ശേഷം ജയിലിൽനിന്നും മോചിതനായ താൻ തന്നെ പീഡിപ്പിച്ചവർക്കെതിരെ വാളെടുക്കാൻ പറഞ്ഞില്ല. എന്നെ കൊല്ലാൻ ശ്രമിച്ച ഒരു പ്രതിയെ പോലും ശിക്ഷിച്ചിട്ടില്ല. എന്നാൽ താൻ അവർക്കൊക്കെ മാപ്പു കൊടുത്തു. ഒൻപതര വർഷത്തെ ജയിൽ പീഡനം നൽകിയ ശേഷമാണ് തന്നെ വിട്ടയക്കുന്നത്. എന്നാൽ തനിയ്ക്കെതിരെയുള ഒരു കേസുകളും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരിൽ ഒരു അക്രമത്തിനും ജയിനുള്ളിൽ വച്ചോ പുറത്തു വന്നിട്ടോ താൻ ആഹ്വാനം ചെയ്തിട്ടില്ല. ഇനി ഒരിയ്ക്കലും ചെയ്യുകയുമില്ല. തന്നെയും തന്റെ പാർട്ടിയെയും തീവ്രവാദവുമായി ബന്ധിപ്പിയ്ക്കുന്നവർക്ക് ദുഷ്ടലാക്കാണുള്ളത്. ഇന്ത്യക്കാരൻ എന്ന അഭിമാനമാണ് തന്നെയും തന്റെ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും നയിക്കുന്നത്. എന്നും പാവങ്ങൾക്കൊപ്പമായിരിയ്ക്കും പി.ഡി.പി...............
അതെ, ഇപ്രകാരം നീണ്ടതായിരുന്നു മദനിയുടെ പ്രസംഗം. എന്തു കൊണ്ട് മദനിയുടെ വാക്കുകളെ ഇപ്പോൾ നാം അവിശ്വസിയ്ക്കണം? അപകടകരായ ആശയങ്ങളും ആയുധങ്ങളും ഭീകര സ്വഭാവവും ഉപേക്ഷിച്ചുവെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് തെറ്റുതിരുത്തലുമായി നമുക്കു മുന്നിൽ വന്നു നിന്ന് തങ്ങളെ ഇനിയും തീവ്രവാദികൾ എന്നു വിളിയ്ക്കരുതേ, നമ്മളെ പഴയകണ്ണുകളിലൂടെ നോക്കരുതേ, നമ്മളെ തെറ്റിദ്ധരിയ്ക്കരുതേ എന്നു യാചിയ്ക്കുന്നവരോട് നാം മുഖം തിരിയ്ക്കണോ? അവരുടെ വാക്കും പ്രവൃത്തിയും തമ്മിൽ യോജിയ്ക്കുന്നുണ്ടോ എന്നു നിരീക്ഷിയ്ക്കുവാനെങ്കിലും നാം സമയം നൽകരുതോ? ജയിൽ മോചിതനായി വന്നതല്ലേയുള്ളു. ഒരു എൽ.ഡി.എഫിനെ പിന്തുണച്ചു പോയി എന്നതുകൊണ്ടുമാത്രം മദനിയെ അപമാനിയ്ക്കണോ? മദനിയും സംഘവും വീണ്ടും തീവ്രവാദികളായി, അതായത് പഴയ ഐ.എസ്.എസുകാരായി മാറണം എന്നു ആരെങ്കിലും ആഗ്രഹിയ്ക്കുന്നതു ശരിയോ? ചിലരൊക്കെ അതായിരിയ്ക്കാം ആഗ്രഹിയ്ക്കുന്നത്!
ഈയുള്ളവൻ ഈ ലേഖനം എഴുതാൻ കാരണം മദനിയുടെ പാർട്ടി പ്രസക്തമോ അപ്രസക്തമോ നാളെയും അതു നിലനിൽക്കുമോ എന്നീ കാര്യങ്ങളൊന്നും കണക്കിലെടുത്തുകൊണ്ടല്ല. ജനാധിപത്യത്തിൽ പല പ്രസ്ഥാനങ്ങളും രൂപം കൊള്ളും. അതിൽ ചിലതൊക്കെ അപകടകരങ്ങളും ആയിരിയ്ക്കും. സർക്കാരിനോ നിയമങ്ങൾക്കോ മറ്റു സംഘടനകൾക്കോ അവയെ ചിലപ്പോൾ വേണ്ടവിധം നിയന്ത്രിയ്ക്കാനോ ഇല്ലാതാക്കാനോ കഴിഞ്ഞെന്നിരിയ്ക്കില്ല. ഇപ്പോഴും നമ്മുടെ രാജ്യത്ത് അപകടകരമായ ആശയങ്ങളും പ്രവർത്തനങ്ങളും കൊണ്ടു നടക്കുന്ന പല പ്രസ്ഥാനങ്ങളും ഉണ്ട്. അവർക്ക് അതൊക്കെ ഉപേക്ഷിച്ച് തെറ്റു തിരുത്തി മാനസാന്തരപ്പെട്ട് നല്ല മാർഗ്ഗത്തിലേയ്ക്ക് കടന്നുവരാനുള്ള ഒരു ചെറിയ പ്രേരണയെങ്കിലും ചെലുത്താൻ, മദനിയെപ്പോലുള്ളവരുടെ ആശാസ്യമായ ഇത്തരം മാതൃകകൾ നമുക്ക് ചൂണ്ടിക്കാണിയ്ക്കാനെങ്കിലുമാകില്ലേ? എത്രയോ തട്ടുമുട്ടു പാർട്ടികൾ കേരളത്തിലുണ്ട്. കൂട്ടത്തിൽ ഒരു മദനിയും ഒരു പി.ഡി.പിയും കൂടി അങ്ങു കഴിഞ്ഞുകൂടട്ടെ! അല്ലപിന്നെ!
ബി.ജെ.പിയിൽ നിന്നു വിട്ടു വന്ന് മതേതരത്വം പ്രഖ്യാപിച്ച രാമൻപിള്ളടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും നിലപാടുമാറ്റത്തെയും നല്ല മനസ്സോടെ സ്വീകരിയ്ക്കേണ്ടതാണ്. കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ രാമൻപിള്ളയും സംഘവും എൽ.ഡി.എഫിനെയാണ് പിന്തുണച്ചത്. അവർ യു.ഡി.എഫിനെയാണ് പിന്തുണച്ചതെങ്കിലും കുഴപ്പമില്ലായിരുന്നു. ഒരു വർഗീയ സംഘടന വിട്ട് വരുന്നവർ യു.ഡി.എഫിനെ പിന്തുണച്ചാലും എൽ.ഡി.എഫിനെ പിന്തുണച്ചാലും അതിനെ നല്ലതെന്നു തന്നെ പറയണം. ഇനിയിപ്പോൾ മദനിയും രമൻപിള്ളയും എല്ലാം എൽ.ഡി.എഫിനെ വിട്ട് യു.ഡി.എഫിനെ പിന്തുണയ്ക്കുകയാണെങ്കിലും അവരുടെ പൂർവ്വകാലത്തെ കരുതി അവരെ കുറ്റം പറയരുത്. ഏതെങ്കിലും ഒരു വർഗീയ-അക്രമോത്സുക പ്രസ്ഥാനത്തിൽ നിന്ന് വിട പറഞ്ഞ് സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്തത്തിന്റെയും പാതയിലേയ്ക്കു വരുന്നെങ്കിലിൽ അവരുടെ അനുഭാവം എൽ.ഡി.എഫിനോടായാലും യു.ഡി.എഫിനോടായാലും അവരുടെ മാറ്റം നല്ലതു തന്നെ എന്നു വേണം പറയാൻ!
പി.ഡി.പി താരതമ്യേന ഒരു ചെറിയ പാർട്ടിയാണ്. എന്നാൽ അതിന്റെ ചെയർമാനായ അബ്ദുൽ നാസർ മദനിയുടെ വ്യക്തിപ്രഭാവം നിസാരമല്ല. അതുകൊണ്ടുതന്നെ അണ്ണാൻ കുഞ്ഞും തന്നാലായതുപോലെ എന്ന തരത്തിൽ മദനിയുടെ പാർട്ടിയ്ക്ക് കേരള രാഷ്ട്രീയത്തിൽ അല്പം ചില സ്വാധീനമൊക്കെ ചെലുത്താൻ ഇനിയും സാധിയ്ക്കും. മദനി കഴിഞ്ഞാൽ ആ പാർട്ടിയ്ക്ക് ഇന്ന് എടുത്തു പറയത്തക്ക ഒരു നേതൃനിരതന്നെയില്ല. എന്നാൽ മദനി പ്രസംഗിയ്ക്കുന്നിടത്തൊക്കെ ആൾക്കൂട്ടമുണ്ട്. അതിൽ നല്ലൊരു പങ്കും മുസ്ലീങ്ങളാണ്. അപാരമായ പ്രസംഗപാഡവമുള്ള മദനിയുടെ വാക്കുകൾ കേൾക്കുന്നവരിൽ അത് ചില്ലറ സ്വാധീനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രകോപനപരമായ പ്രസംഗത്തിന് അറസ്റ്റിലായ ഒരാൾക്ക് വാക്കുകൾ കൊണ്ട് ജനങ്ങളെ സ്വാധീനിയ്ക്കാൻ തീരെ കഴിയാതിരിയ്ക്കില്ലല്ലോ. മദനിയ്ക്കു ശേഷം ഇങ്ങനെയൊരു പാർട്ടി നിലനിൽക്കുമോ എന്നത് ഇന്നത്തെ ചിന്താവിഷയം അല്ല. ഈ പോസ്റ്റിന്റെ രത്നച്ചുരുക്കം ഇങ്ങനെ ഒന്നു കൂടി ആവർത്തിച്ചുകൊണ്ട് തൽക്കാലം ചുരുക്കുന്നു.
(പിൻ കുറിപ്പ്: മദനിയുടെ പ്രസംഗം കേട്ട ഒരു സാധാരണക്കാരൻ ഇങ്ങനെയൊക്കെയും ചിന്തിച്ചിരിയ്ക്കാം!)
No comments:
Post a Comment