വീണ്ടും ഒരു അദ്ധ്യാപകദിനം;
അദ്ധ്യാപകർക്കെല്ലാം ആശംസകൾ!
നമ്മുടെ പൊതു വിദ്യാലയങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അദ്ധ്യാപകർ പലരും പിരിച്ചുവിടൽ ഭീഷണിയിലും. എങ്ങനെ പള്ളിക്കൂടങ്ങൾ പൂട്ടാതിരിയ്ക്കും. എങ്ങനെ സാറന്മാരെ പിരിച്ചു വിടാതിരിയ്ക്കും? അതല്ലേ പഠിപ്പിപ്പ്, അതല്ലേ ആത്മാർഥത, അതല്ലേ അറിവും പൊക്കൊണോം! പഠിപ്പിയ്ക്കാനറിയില്ല. അറിയാമെങ്കിൽതന്നെ പഠിപ്പിയ്ക്കാൻ വയ്യ. പത്രം പോലും വായിക്കില്ല. ലോകത്ത് എന്തു നടന്നാലും നമുക്കൊന്നുമില്ലെന്ന മട്ട്. പള്ളിക്കൂടങ്ങൾ കണ്ടുപിടിച്ചത് തങ്ങൾക്ക് ഉദ്യോഗം നോക്കാൻ വേണ്ടിയാണെന്നാണ് അദ്ധ്യാപകരിൽ പലരും കരുതുന്നത്. അല്ലാതെ കുട്ടികളെ പഠിപ്പിയ്ക്കാനല്ല! പി.റ്റി.എ മുതലായ
ഏർപ്പാടുകളും ഇവർക്കിഷ്ടമല്ല. തങ്ങളുടെ കുട്ടികളെ പഠിപ്പിയ്ക്കുന്നത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ. കാരണം തങ്ങളുടെ പഠിപ്പിപ്പിന്റെ മെച്ചം അവർക്കാണല്ലോ നന്നായി അറിയാവുന്നത്. സ്വന്തം മക്കളെ സുരക്ഷിതരാക്കിയിട്ട്, പൊതുവിദ്യാലയങ്ങൾ സംരക്ഷിയ്ക്കാൻ മുറവിളി കൂട്ടുന്നു!
പൊതുവിദ്യാലയങ്ങൾ സംരക്ഷിയ്ക്കാനുള്ള കുറുക്കു വഴി ഒന്നേയുള്ളു. നിലവിലുള്ള അദ്ധ്യാപരെ എല്ലാം പിരിച്ചുവിടുക. അവുത്തുങ്ങൾ പറമ്പു കിളയ്ക്കാൻ പോട്ടെ. അതിനാണ് ഇപ്പോൾ ആളില്ലാത്തത്. പകരം കെടി കെട്ടിയ ഇംഗ്ലീസ് മീഡിയം സ്കൂളുകളിലെപോലെ കേവലം പത്താം തരം പാസായവരെയോ പ്ലുസ് ടു കഴിഞ്ഞവരെയോ ഡിഗ്രീ തോറ്റവരേയോ ഒക്കെ ഡെയ് ലീ വേജുകളായി പൊതു വിദ്യാലയങ്ങളിലും നിയമിച്ചാൽ മതി. അവർ നന്നായി പഠിപ്പിച്ചുകൊള്ളും. കാരണം പഠിപ്പിച്ചില്ലെങ്കിൽ ജോലി പോകുമല്ലോ. ഹെഡ്മാസ്റ്ററായും വിദ്യാഭ്യാസമൊന്നും നോക്കാതെ ആമ്പിയറുള്ള ആരെയെങ്കിലും ഡെയ് ലീ വേജുകളായി നിയമിയ്ക്കണം. അത്യാവശ്യം എഴുതാനും വായിക്കാനും അറിയാവുന്ന ലോഡിംഗുകാർ ആയാലും മതി. അവർക്കു കുറച്ചെങ്കിലും സാമൂഹ്യ ബോധം ഉണ്ടാകും. തൊഴിൽ സുരക്ഷിതത്വമാണ് അദ്ധ്യാപകരെയും മറ്റു സർക്കാർ ജീവനക്കാരെയും പാഴിക്കളയുന്നത്. ജോലി പോകുമെന്നു പേടിയ്ക്കേണ്ടല്ലോ!
സംഘടിയ്ക്കാനും ആനുകൂല്യങ്ങൾക്കുവേണ്ടി സമരം ചെയ്യാനും ബഹുമിടുക്ക്. പുതിയ പാഠ്യപദ്ധതിയെക്കുറിച്ചും മറ്റും വലിയ വായിൽ വാചാലരാകും. ട്രെയിനിംഗിനു വിളിച്ചാൽ പോകില്ല. പോയാൽതന്നെ ക്ലാസ്സെടുക്കുന്നവരെ പരിഹസിച്ച് ഇരുന്ന് ഉറങ്ങി തള്ളും. പൈസയും വാങ്ങി മടങ്ങും. അറിഞ്ഞുകൂടാത്ത കാര്യങ്ങളൊക്കെ പിള്ളേർക്ക് പ്രോജക്റ്റായും അസൈന്മെന്റായും സെമിനാറായും പദപ്രശ്നമായിട്ടുമൊക്കെ നൽകും. പിള്ളേർ പാരലൽ കോളേജുകാരുടെ കയ്യിൽ കൊണ്ടു കൊടുക്കും ചെയ്തുകൊടുക്കാൻ! അതൊക്കെ ചെയ്തുകൊടുത്ത് പാരലൽ കോളേജ് അദ്ധ്യാപകരുടെ അറീവു വികസിയ്ക്കുന്നു! സ്ക്കൂൾ അദ്ധ്യാപകർ പാരലൽ കോളേജ് അദ്ധ്യാപകരെ കുറ്റം പറയുകയും ചെയ്യും. സ്കൂളുകാർ പാഠപുസ്തകങ്ങളിലെ അന്വേഷിയ്ക്കൂ, കണ്ടുപിടിയ്ക്കൂ എന്നിങ്ങനെയുള്ള ഭാഗങ്ങൾ എടുത്തു കാണിച്ചു കൊടുത്തിട്ട് വീട്ടീൽ കൊണ്ടുപോയി ചെയ്തു കൊണ്ടു വരാൻ പറയും. കുട്ടികൾ വല്ല സംശയവും ചോദിച്ചാൽ അപ്പൂപ്പനോടു പോയി ചോദിയ്ക്കാൻ പറയും.
ഒരു പദ്യം പോലും കണാതെ പഠിയ്ക്കാൻ പാടില്ല. കണ്ണുപൊട്ടും. അക്ഷരം പഠിപ്പിയ്ക്കരുത്. അത് മാന്ത്രിക ശക്തികൊണ്ട് അവർ സ്വയം നേടിക്കൊള്ളൂം! അദ്ധ്യാപകരുടെ മക്കളെ അവർ വീട്ടിൽ വച്ച് അക്ഷരങ്ങൾ പഠിപ്പിച്ചുകൊള്ളും. പാവങ്ങൾക്ക് അതു കഴിയില്ലല്ലോ. അവർ അക്ഷരം പഠിയ്ക്കാൻ പാടില്ല. അതുപോലെ പുസ്തകങ്ങളിലാകട്ടെ വിവരങ്ങൾ അപൂർണ്ണമയേ നൽകൂ. വാശിയാ! കുറെ കാര്യങ്ങൾ പഠിയ്ക്കാനാണ് കുട്ടികളെ സ്കൂളിൽ വിടുന്നത്. അവിടെ ചെല്ലുമ്പോഴോ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ നൽകി ഞെട്ടിയ്ക്കുന്നു. അല്ലേ സ്വയം അന്വേഷിച്ചു കണ്ടു പിടിയ്ക്കാനാണെങ്കിൽ പിന്നെ സ്ക്കൂളിൽ പോകുന്നതെന്തിന്? വല്ല പാട്ടയും പറക്കി ജീവിച്ചാൽ പോരേ?
ജി.എസ്.റ്റി.യുക്കാരുടെ കാര്യം പോകട്ടെ. ആ കെ.എസ്.റ്റി എ ക്കാരെങ്കിലും സ്വന്തം മക്കളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയങ്ങളിൽ ചെർക്കുന്നത് വിലക്കരുതോ? അങ്ങനെയുള്ളവർക്ക് മെംബെർ ഷിപ്പ് നിഷേധിയ്ക്കാമോ? എവിട! ചില കെ.എസ്.റ്റി. എക്കാരുടെ നടപ്പും ഭാവവും കണ്ടാൽ വിദ്യാഭ്യാസം കണ്ടുപിടിച്ചതേ അവരാണെന്നു തോന്നും. എന്തിനു്, സി.പി.എമ്മിന്റെ ലോക്കൽ നേതാക്കളെ പോലും എടുക്കാത്ത പൈസയിൽ നോക്കുന്നതു പോലെയാണ് അവരിൽ പലരും നോക്കുന്നത്. കാരണം മാർക്സിസവും ലെനിനിസവും ഒക്കെ അവർക്കല്ലെ അറിയൂ. അവരുടെയും നമ്മുടെ എൻ.ജി.ഓ മാരുടെയും ഒക്കെ ശമ്പളം, കൈക്കൂലി മറ്റാനുകൂല്യങ്ങൾ, സ്ഥലം മാറ്റം മുതലായവയുടെ കാര്യം കൈകാര്യം ചെയ്യാനല്ലേ മാർക്സിസവും ലെനിനിസവും ഒക്കെ ഉദ്ഭവിച്ചത്. അതൊന്നും ശരിയ്ക്കു നടന്നില്ലെങ്കിൽ വോട്ടും ചിലപ്പോൾ എതിർ പാർട്ടിയ്ക്കു കൊടുക്കും. അതാണു സംഘടനാബോധം! വർഗ്ഗബോധം.
മാർക്സിസ്റ്റു വിരുദ്ധ അദ്ധ്യാപകർക്കാണെങ്കിൽ പിന്നെ ഇടതുപക്ഷം എന്തു നടപ്പിലാക്കുന്നോ അതൊക്കെ എതിർത്ത് സായൂജ്യരായിക്കൊണ്ടിരുന്നാൽ മതി. സമരമൊക്കെ കെ.എസ്,റ്റി.എ കാരും എൻ.ജി.ഓ യൂണിയൻ കാരും നടത്തി എല്ലാം നേടി കൊടുത്തു കൊള്ളും. തങ്ങൾ ചുമ്മാ അവരുടെ സമരങ്ങളെയൊക്കെ എതിർത്ത് രാഷ്ട്രീയ കൂറ് കാണിച്ചുകൊണ്ടിരുന്നാൽ മതി. വല്ലപ്പോഴും രണ്ടു തല്ലുംകൂടി അവരിൽ നിന്നും വാങ്ങാൻ കഴിഞ്ഞാൽ കൃതാർത്ഥരുമായി. എല്ലാം വേണം. പക്ഷെ മെയ്യനങ്ങരുത്. അവർക്കും ജോലി ചെയ്യാതെ എങ്ങനെ കായികളു വാങ്ങാം എന്ന ഗവേഷണത്തിൽ കഷി രാഷ്ട്രീയ ഭേദമൊന്നും ഇല്ല. അക്കാര്യത്തിൽ സഹകരണം തന്നെ!
ഇംഗ്ലീഷ് അറിയാതിരുന്നാൽ ഭാവി പോകും എന്നു കരുതിയാണല്ലോ രക്ഷകർത്താക്കൾ (കാശിന്റെ കൊഴുപ്പുകൊണ്ട്) കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയക്കുന്നത്. പണ്ടൊക്കെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിയ്ക്കുന്ന കുട്ടികൾ ഇംഗ്ലീഷൊക്കെ സംസാരിക്കുമായിരുന്നു. ഇന്ന് വ്യാപകമായി നാടുനീളെ മുളച്ചു പൊങ്ങുന്ന വിദ്യാഭ്യാസ “കടകളിൽ” നിന്നും വിദ്യാഭ്യാസം വിലയ്ക്കുവാങ്ങുന്നവർക്ക് വേണ്ടത്ര നിലവാരമൊന്നും കിട്ടുന്നില്ല എന്നതാണു സത്യം. എന്നാലും ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിയ്ക്കുന്നത് ഒരു ഫാഷനാണ്. നമ്മുടെ പൊതു വിദ്യാലയങ്ങളിൽ ചിലയിടത്തൊക്കെ ഇംഗ്ലീഷ് മീഡിയം തുടങ്ങി പിടിച്ചു നിൽക്കാൻ ശ്രമിയ്ക്കുന്നുണ്ട്. എന്നാൽ പലയിടത്തും അദ്ധ്യാപകർതന്നെ അതിനു പാരപണിയുന്നുണ്ട്. മലയാളത്തിൽ തന്നെ പഠിപ്പിയ്ക്കാൻ പറ്റുന്നില്ല. പിന്നേയല്ലേ ഇംഗ്ലീഷ് !
ഇംഗ്ലീഷ് ഇന്നത്തെ കാലത്ത് അറിയേണ്ടത് ആവശ്യം തന്നെ. എന്നാൽ അത് മലയാളത്തെ അവഗണിച്ചു കൊണ്ടാകരുതെന്നേയുള്ളു. നിർഭാഗ്യവശാൽ നമ്മുടെ കുട്ടികൾ ഡിഗ്രിവരെ പഠിച്ചാൽ പോലും ഇംഗ്ലീഷിൽ ഒരു വാചകം സ്വന്തമായി എഴുതാനോ അത്യാവശ്യം സംസാരിയ്ക്കാനോ കഴിയാതെ പോകുന്നുണ്ട്. അതു നമ്മുടെ സിലബസിന്റെയും അദ്ധ്യാപന രീതിയുടെയും കുഴപ്പമാണ്. പാഠ്യപദ്ധതികൾ പലവുരു മാറി മറിഞ്ഞു വന്നിട്ടും ഇതിനു പരിഹാരമുണ്ടായില്ല. തീർച്ചയായും നമ്മുടെ പൊതു വിദ്യാലയങ്ങളിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് പത്താം തരം കഴിയുമ്പോൾ നല്ല നിലവാരം ഉണ്ടാകുമെന്നു വന്നാൽ കുറച്ചൊക്കെ ഇംഗ്ലീഷ് മീഡിയം ട്രെന്റ് കുറഞ്ഞു കിട്ടും. പിന്നെ മലയാളം മീഡിയത്തിനു ഗമയില്ലെന്നു കരുതി ഇംഗ്ലീഷ് മീഡിയത്തിൽ വിടുന്ന പൊങ്ങച്ചക്കാർ പൊതു വിദ്യാലയങ്ങളിൽ കുട്ടികളെ അയക്കില്ല. പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരിൽ ചിലർ അടക്കം.
മലയാളത്തോടൊപ്പം ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളെങ്കിലും ഒരു വിധം ഭംഗിയായി കൈകാര്യം ചെയ്യാൻ പത്തം ക്ലാസ്സു കഴിയുമ്പോഴെങ്കിലും കുട്ടികൾക്കു കഴിയണം. അതുപോലെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം, സ്റ്റേറ്റ് സിലബസ്, സെൻട്രൽ സിലബസ് തുടങ്ങിയ തരം തിരിവുകളൊക്കെ നിയമം മൂലം എടുത്തുകളയണം. എട്ടാം ക്ലാസ്സുമുതൽ സയൻസ് വിഷയങ്ങൾ മാത്രം ഇംഗ്ലീഷിൽ പഠിപ്പിയ്ക്കണം. പരീക്ഷയ്ക്കു ഇംഗ്ലീഷിലോ മാതൃ ഭാഷയിലോ ഉത്തരം എഴുതാൻ അവസരം നൽകണം. അപ്പോൾ നിലവാരം ഉയർന്ന കുട്ടികൾക്കും അല്ലാത്തവർക്കും പ്രശ്നം ഉണ്ടാകില്ല. മറ്റു വിഷയങ്ങളൊക്കെ പ്ലുസ് ടു വരെയും മലയാളത്തിൽ പഠിപ്പിച്ചാൽ മതി. അതിനു മുകളിലോട്ടു ഇംഗ്ലീഷിലും മാതൃ ഭാഷയിലും ഉത്തരമെഴുതാൻ പാകത്തിൽ പാഠ്യ പദ്ധതികൾ ക്രമീകരിയ്ക്കണം. എന്നാൽ സയൻസു വിഷയങ്ങൾ ചില പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് എട്ടാം തരം മുതൽ മുകളിലോട്ട് ഇംഗ്ലീഷിൽ ആക്കണം.
അതുപോലെ പരീക്ഷകളിൽ തോൽ വി എന്ന സമ്പ്രദായം എടുത്തു കളയണം. അർഹമായ ഗ്രേഡുകൾ നൽകിയാൽ മതി. ഡി പ്ലുസിൽ താഴെയുള്ള ഗ്രേഡുകൾ ആവശ്യമില്ല. പത്തും പന്ത്രണ്ടും കൊല്ലം പള്ളിക്കൂടത്തിൽ പോകുന്ന കുട്ടികൾ അക്ഷരം പഠിച്ചില്ലെങ്കിലും എന്തെങ്കിലുമൊക്കെ അറിവുകളും അനുഭവങ്ങളും നേടുന്നുണ്ട്. അതിനാൽ തോൽക്കുന്ന ഗ്രേഡ് ആവശ്യമില്ല. എല്ലാവരെയും ജയിപ്പിയ്ക്കണം. പുതിയ പാഠ്യ പദ്ധതിയുടെ കാഷ്ചപ്പാടൊക്കെ നല്ലതുതന്നെ. ചില പാഠങ്ങളും സാമൂഹ്യ ബോധം ഉൾക്കൊള്ളുന്നവയാണ്. പക്ഷെ മൊത്തത്തിൽ നോക്കുമ്പോൾ പഠന ഭാരം പണ്ടത്തേതിനെക്കാൾ കൂടിയതല്ലാതെ കുറഞ്ഞിട്ടുമില്ല. എന്നാൽ മതിയായ നിലവാരവും ഇല്ല. ഇനിയും പാഠ്യപദ്ധതികൾ പുന:പരിശോധിയ്ക്കണം.
ഇനി അദ്ധ്യാപകരെ പറ്റി മറ്റു ചിലത്. ഇന്നത്തെ അദ്ധ്യാപകരെ അദ്ധ്യാപകർ എന്നു വിളിയ്ക്കുന്നതിൽ യാതൊരർഥവും ഇല്ല. പണ്ടൊക്കെ അദ്ധ്യാപകൻ എന്നു പറഞ്ഞാൽ കുട്ടികൾ മാത്രമല്ല, നാടാകെ ബഹുമാനിയ്ക്കുന്ന മാതൃകാ വ്യക്തിത്വങ്ങളായിരുന്നു. വേഷം കൊണ്ടും പെരുമാറ്റം കൊണ്ടും പോലും അവർ തിരിച്ചറിയപ്പെട്ടിരുന്നു. ഇന്നോ. ചുരിദാറും ഇട്ട് അണിഞ്ഞൊരുങ്ങാൻ മാത്രം വരുന്ന ടീച്ചർമാർ; ടീഷർട്ടും (സാക്ഷാൽ ബനിയൻ തന്നെ ഇത്) ഇട്ട് മുപ്പത്താറു പോക്കറ്റും വച്ച് കാച്ചിലു വള്ളികളും പടർത്തി ചെളിയിൽ കുഴച്ചെടുത്തതു പോലുള്ള പാന്റ്സും ധരിച്ച് വരുന്ന ആൺ അദ്ധ്യാപകരെ കണ്ടാൽ കുട്ടിയാണോ അദ്ധ്യാപകനാണോ എന്ന് തിരിച്ചറിയാൻ ആകില്ല. . നമ്മുടെ നാട്ടിൽ ചുരിദാർ ഇട്ട് പഠിപ്പിയ്ക്കാൻ ആദ്യമായി അവസരം നൽകിയ മഹാവിപ്ലവകാരിയാകുന്നു ഈ ഞാൻ! പക്ഷെ ചുരിദാർ ഇടുന്ന റ്റീച്ചർമാരെ കുട്ടികൾ സാറെ എന്നല്ല, ചേച്ചീ എന്നേ വിളിയ്ക്കുന്നുള്ളൂ.
കുട്ടികളെക്കാൾ മോഡേൺ വേഷം ധരിച്ചെത്തുന്ന അദ്ധ്യാപകന്മാരുമായി ഇന്നത്തെ കുട്ടികൾ അളിയാ മച്ചു ബന്ധത്തിലാണ്. കാലം പോകുന്ന പോക്കെ. വൈകുന്നേരം ബിവറേജസിന്റെ മുൻപിൽ ചെന്ന് ക്യൂ നിൽക്കുന്ന അദ്ധ്യപകനോട് അവിടെയെത്തുന്ന കുട്ടി കാശു കൊടുത്തിട്ടു പറയും “സാറെ ഒരു പയന്റും കൂടി ഇങ്ങെടുത്തു തരാൻ“! അദ്ധ്യാപകരുടെ സകല വിലയും കളഞ്ഞു കുളിയ്ക്കുന്ന ഇവറ്റകളെ അദ്ധ്യാപകർ എന്നല്ല മദ്യാപകർ എന്നാണു വിളിയ്ക്കേണ്ടത്. ചില ചെറുപ്പക്കാരായ അദ്ധ്യാപകരാണെങ്കിൽ റൊമാന്റിക് ഹീറോകളും കൂടിയാണ്. പകൽ പഠിപ്പിയ്ക്കും. തരം കിട്ടിയാൽ പഞ്ച്ചാരയടിയ്ക്കും. വീട്ടിൽചെന്നിട്ടു കുട്ടികളെ ഫോൺ വിളിയ്ക്കും. വീട്ടുകാർ വിചാരിയ്ക്കും സംശയങ്ങൾ പറഞ്ഞു കൊടുക്കുകയാണെന്ന്. ശരിയാണ്. മറ്റു ചില സംശയങ്ങളാണ് അവർ തീർത്തുകൊടുക്കുന്നത്!
ചില സ്കൂളുകളിൽ അദ്ധ്യാപകർക്കും യൂണിഫോം ഉണ്ട്. അത് വ്യാപകമാക്കേണ്ടിയിരിയ്ക്കുന്നു. ഇനിയും ചില പെണ്ണു സാറന്മാർ സാരിയും ഉടുത്തു വന്നാലും പ്രശ്നമാണ്. ചില പ്രകോപനപരമായ ഉടുപ്പുകളായിരിയ്ക്കും പിന്നെ ഉടുത്തോണ്ടു വരിക. അത് സഹാദ്ധ്യാപകരുടെയും മറ്റു കാഴ്ചക്കാരെരുടെയും മാത്രമല്ല, മുതിർന്ന ക്ലാസ്സുകളിലാണെങ്കിൽ ആൺകുട്ടികളുടെ കൂടി മനോനില അവതാളത്തിലാക്കും. ആൺകുട്ടികൾക്കു ചുമ്മാ ഗുരുപാപം ഉണ്ടാക്കിക്കൊടുക്കാൻ അതിടയാക്കും.ഒക്കെ പ്രശ്നങ്ങളാ! സൌകര്യം നോക്കിയാൽ പിന്നെ ചുരിദാറും പാന്റ്സും ഒക്കെ തന്നെ നല്ലതെന്നു ഇഷ്ടമില്ലാതെ സമ്മതിയ്ക്കെണ്ടിയും വരുന്നു. എന്താ ചെയ്ക!
ഇടയ്ക്ക് ഞാൻ അദ്ധ്യാപപകരെക്കുറിച്ച് പറയുന്ന ഈ കുടിയപരാധങ്ങൾ സ്കൂളു തൊട്ടു കോളേജു- പ്രൊഫഷണൽ കോളെജ്- പാരലൽ കൊളേജ് തുടങ്ങി എല്ലാ മേഖലകളിലെ അദ്ധ്യാപകരെയും മനസ്സിൽ വച്ചു കൊണ്ടു തന്നെയാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിയ്ക്കട്ടെ. അദ്ധ്യാപനവൃത്തി ഏറ്റവും ഇഷ്ടപ്പെടുന്ന, വർഷങ്ങളായി അദ്ധ്യാപനം സേവനവും കച്ചവടവും ആക്കിയ ഒരാൾ മാത്രമല്ല ഇതെഴുതുന്ന ഞാൻ എന്ന ഈ അദ്ധ്യാപക- വിരോധി. സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതത്തിന്റെ നല്ല പങ്കും ഉഴിഞ്ഞുവച്ച സർവ്വാദരണീയനായ ഒരു മാതൃകാദ്ധ്യാപകന്റെ മകനുമാണ്. ആ ഒരു കൊച്ചു ജോലി കൊണ്ട് സംതൃപ്തിയോടെ ജീവിച്ച ദരിദ്ര കുടുംബാംഗമാണ്! അതുകൊണ്ടുതന്നെ കാലം മാറിയെന്നു കരുതി അദ്ധ്യാപകർ നിലയും വിലയും വിടരുതെന്ന് ആഗ്രഹിയ്ക്കുന്നത്. അധ്യാപകർ കുട്ടികളാൽ ഏറെ അനുകരിയ്ക്കപ്പെടുന്നവരാണ്. അവർ കുട്ടികൾക്ക് കുറച്ചൊക്കെ മാതൃകയായിരിയ്ക്കണം. ഒന്നുമില്ലെങ്കിലും തെറ്റു ചെയ്യുന്നത് മറ്റാരും അറിയാതെയെങ്കിലും സൂക്ഷിയ്ക്കണം. കുറച്ചൊക്കെ സാമൂഹ്യപ്രതിബദ്ധത വേണം. വെറും ഉപജീവനോപാധി എന്നതിനപ്പുറം സർക്കാർ ജോലികൾ സാമൂഹ്യസേവത്തിനുള്ള അവസരമായി കണ്ട് മറ്റുള്ളവർക്ക് ഉപകാരപ്പെടണം. അദ്ധ്യാപകർ ആയാലും മറ്റ് ഉദ്യോഗസ്ഥർ ആയലും.
ഈയിടെ ഒരു സ്കൂൾ ഹെഡ്മിസ് ട്രസുമായി ഒന്നു സംസാരിയ്ക്കേണ്ടി വന്നു (ഇടയേണ്ടി വന്നു ) . അപ്പോഴാണ് മനസിലായത് ചന്തയിൽ മീൻ വിൽക്കുന്ന പാവം പെണ്ണുങ്ങൾ എത്ര നല്ല സംസ്കാരം ഉള്ളവരാണെന്ന്. അത് വർഷങ്ങളായി പിള്ളേരെ പഠിപ്പിയ്ക്കുന്ന ഒരു ഹെഡ്മിസ്ട്രസിന് ഇല്ലാതെ പോയി. അത് ഞാൻ സാന്ദർഭികമായി ഇപ്പോൾ ഓർത്തെന്നേയുള്ളു. മറ്റു പല അനുഭവങ്ങളും ഉണ്ട്. അതൊന്നുമിവിടെ വിളമ്പുന്നില്ല. പണ്ടത്തെ അദ്ധ്യാപകരെ പറയിക്കാനുണ്ടായ ഇന്നത്തെ അദ്ധ്യാപകരിൽ ഒരു വിഭാഗത്തിനെതിരെ ഇത്തിരി രോഷപ്പെടണമെന്നു കരുതിയെന്നേയുള്ളു. ഈ ഒരു വിഭാഗം എന്നു പറഞ്ഞാൽ തൊണ്ണൂറ്റഞ്ചു ശതമാനത്തിൽ കുറച്ചു കളഞ്ഞ് അവരുടെ മൃഗീയ ഭൂരിപക്ഷത്തെ തരം താഴ്ത്തരുത്! ഒരു അഞ്ചു ശതമാനമേ വരൂ നല്ല അദ്ധ്യാപകർ. അവർ പക്ഷെ സമ്പൂർണ്ണമായും നല്ല അദ്ധ്യാപകർ തന്നെ. അവരെ ഞാൻ ബഹുമാനിയ്ക്കും. ബഹുമാനിച്ചിട്ടുമുണ്ട്. അവർ പഠിപ്പിച്ച കുട്ടികൾ എന്നും അവരെ ഓർക്കും.അല്ലാത്തവർ വിസ്മരിയ്ക്കപ്പെടും.
ഇനി ഒന്നു ഞാൻ പറയാമല്ലോ. എന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത് നല്ലവരായ എന്റെ ചില സ്കൂൾ അദ്ധ്യാപകർ ആായിരുന്നു. അവരെ ഞാൻ ഇന്നും ബഹുമാനിയ്ക്കുന്നു. എന്നെ സ്നേഹം കൊണ്ട് കീഴ്പെടുത്തിയ എന്റെ പല കഴിവുകളും (എന്തു കഴിവ്? ചുമ്മാ) കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച നല്ല അദ്ധ്യാപകർ. ഇന്ന് ഞാൻ ഈ താന്തോന്നിത്തം എഴുതുന്നതിനുള്ള അക്ഷര ജ്ഞാനം പോലും അവരിൽ നിന്നു കിട്ടിയതാണ്. അവരുടെ പ്രോത്സാഹനം ആണ്. അക്ഷരത്തെറ്റ് അധികം വരാതെ ഒരു പള്ളെങ്കിലുമെഴുതാനും പറയാനും കഴിയുന്നത് വലിയ കാര്യം തന്നെ! എന്റെ സ്കൂൾ അദ്ധ്യാപകരിൽ ചിലർ എന്നെ വേണ്ടവിധം അന്നു ഗൌനിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഞാൻ നല്ലൊരു സാമൂഹ്യ വിരുദ്ധനായി പോയേനെ (അതായത് ഇന്നത്തേക്കാൾ വലിയ സാമൂഹ്യ വിരുദ്ധൻ)! അങ്ങനെയുള്ള നല്ലനല്ല അദ്ധ്യാപകർ-ട്യൂട്ടൊറിയൽ കോളേജ് അദ്ധ്യാപകർ അടക്കമുള്ളവർക്ക് ഇന്നത്തെ അദ്ധ്യാപകരിൽ നല്ലൊരു പങ്കും അപമാനമാണ്.
ഇങ്ങനെയൊക്കെ എഴുതിയെന്നു വച്ച് ഞാൻ അദ്ധ്യാപക വിരോധിയൊന്നും അല്ല കേട്ടോ! ഇനി എന്നെങ്കിലും ഒരു പക്ഷെ വിവാഹം തന്നെ കഴിയ്ക്കേണ്ടിവന്നാൽ അതും ഒരു ടീച്ചറായാൽ കൊള്ളാമെന്നും, മരിയ്ക്കുമ്പോഴും ആരെയെങ്കിലും പഠിപ്പിച്ചു കൊണ്ട് മരിയ്ക്കാൻ കഴിയണേ എന്നുമാണ് ഇല്ലത്ത ദൈവത്തോട് ഈയുള്ളവന്റെ പ്രർത്ഥന. ഈ ഉള്ളവൻ ഒരു മൂരാച്ചിയാണെന്നു കരുതിയാലും വേണ്ടില്ല. എന്റെ പിതാശ്രീയടക്കം ഒരുപാട് മാതൃകാദ്ധ്യാപകർക്ക് ജന്മം നൽകിയ എന്റെ ചുറ്റുവട്ടത്തിരുന്ന് ഇന്നത്തെ അദ്ധ്യാപക സമൂഹത്തിന്റെ സ്വഭാവ രീതികൾ കാണുമ്പോൾ സത്യമായും എനിക്കു തീരെ പിടിയ്ക്കുന്നില്ലെന്നു പറഞ്ഞുവച്ചുകൊണ്ടും, ഇത്രയും എഴുതി സായൂജ്യമടയുന്നതായി പ്രഖ്യാപിച്ചുകൊണ്ടും ചുരുക്കുന്നു.. ഈ എഴുതിയത് ഇന്നും അദ്ധ്യാപനത്തെ പവിത്രമായി കാണുന്ന അദ്ധ്യാപകരെയും മറ്റും വേദനിപ്പിയ്ക്കാതിരിയ്ക്കട്ടെ. മറ്റു പണിയൊന്നുമില്ലാതിരിയ്ക്കുന്നവർക്ക് ഇങ്ങനെയൊക്കെ എഴുതാൻ തോന്നുന്നതു സ്വാഭാവികം മാത്രം!
No comments:
Post a Comment