ഇത് ലേഖനബ്ലോഗം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാ‍ത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.

Monday, February 8, 2010

തിലകനെ ഊരുവിലക്കുന്നതെന്തിന്?

തിലകനെ ഊരുവിലക്കുന്നതെന്തിന്? ആർക്ക്, അല്ലെങ്കിൽ ആർക്കൊക്കെ വേണ്ടി?

ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ അംഗമാണെന്നിരിയ്ക്കട്ടെ. ആ പാർട്ടിയുടെ നയപരിപാടികൾക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവർത്തിച്ചാൽ ആ രാഷ്ട്രീയ പാർട്ടിയ്ക്ക് ആ അംഗത്തിന്റെ പേരിൽ ശിക്ഷാനടപടികൾ സ്വീകരിക്കാം.തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ പുറത്തും ആക്കാം. എന്നാൽ ആ വ്യക്തിയെ രാഷ്ട്രീയത്തിൽനിന്നുതന്നെ പുറത്താക്കാൻ ആ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് അവകാശമുണ്ടോ? ആ വ്യക്തിയെ പിന്നീട് ഒരു രാഷ്ട്രീയപാർട്ടിയിലും ചേർക്കരുതെന്ന് പറയാൻ പുറത്താക്കിയ ആ പാർട്ടിയ്ക്ക് കഴിയുമോ?

അഥവാ പറഞ്ഞാൽ തന്നെ മറ്റു പാർട്ടികൾ അത് അംഗീകരിക്കുമോ? അങ്ങനെ അംഗീകരിയ്ക്കാൻ മറ്റു പാർട്ടികൾ ബാദ്ധ്യസ്ഥമാണോ? ഇല്ല എന്നതാണ് ഇതിന്റെ ലളിതമായ ഉത്തരം. ഒരു പാർട്ടിയിൽ നിന്ന്‌ പുറത്താക്കപ്പെട്ട അംഗത്തിന് മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കുകയോ അതുമല്ലെങ്കിൽ സ്വതന്ത്രമായി നിന്നുകൊണ്ടു തന്നെയോ വിവിധ തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനം തുടരാവുന്നതാണ്. അത് ഒരു വ്യക്തിയുടെ ജനാധിപത്യപരമായ അവകാശമാണ്. അതിനു തടയിടാൻ ആ‍ർക്കും അവകാശമില്ല.

അതുപോലെ ഏതെങ്കിലും ഒരു തൊഴിൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെ ആ തൊഴിലുമായോ തൊഴിൽ സ്ഥാപനവുമായോ ബന്ധപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ആ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ കഴിയും. എന്നാൽ ആ നടപടിയ്ക്ക് വിധേയനായ തൊഴിലാളിയ്ക്ക് ആ കമ്പനിയിൽ ചെയ്തിരുന്ന തൊഴിൽ മറ്റൊരിടത്തും നൽകാൻ പാടില്ലെന്ന് പറയാൻ പിരിച്ചു വിട്ട കമ്പനിയ്ക്ക് കഴിയുമോ? അങ്ങനെ പറഞ്ഞാൽത്തന്നെ അതാരെങ്കിലും അനുസരിക്കുമോ? അഥവാ അനുസരിക്കാൻ ബാധ്യതയുണ്ടോ? ഇല്ല എന്നതു തന്നെ ഇതിന്റെയും ലളിതമായ ഉത്തരം.

ഏതാണ്ട് ഇതുപോലെ ചില ചോദ്യങ്ങൾ ഉയർത്താവുന്ന ഒരു വിഷയമാണ് മലയാളത്തിലെ മഹാനടനായ തിലകനു സിനിമാരംഗത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ഊരുവിലക്ക് “സംരംഭവും”! മതങ്ങൾ പോലും ഇപ്പോൾ എത്ര ഗുരുതരമായ വിശ്വാസലംഘനം നടത്തിയാലും ഊരു വിലക്കാൻ ധൈര്യപ്പെടില്ല. അഥവാ അങ്ങനെ ആരെയെങ്കിലും വിലക്കിയാലും ആരും അത് കാര്യമാക്കാനും പോകുന്നില്ല. കാലമൊക്കെ മാറി. പക്ഷെ നമ്മുടെ മലയാള സിനിമാലോകം ഇപ്പോഴും ഊരുവിലക്കിന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്നു തോന്നുന്നു.

ഏതോ ഒരു വിലക്കപ്പെട്ട സംവിധയകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ തിലകനെ ഒരു സിനിമയിലും ഇനി അഭിനയിപ്പിക്കാൻ പാടില്ലത്രേ! അങ്ങനെ ഊരുവിലക്കാൻ മാത്രം ധൈര്യമുള്ള സംഘടനകൾ മലയാള സിനിമാരംഗത്ത് ഉണ്ടായിരിക്കുന്നു എന്നു പറയുമ്പോൾ, സംഘടനകൾ വളരുന്നത് നല്ലതുതന്നെ; പക്ഷെ അത് ആരുടെയെങ്കിലും സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടിയാണെന്നു വന്നാൽ അത് പ്രോത്സാഹന ജനകമല്ല. മതാധിപത്യം പോലെ ഏതെങ്കിലും തരത്തിലുള്ള ആധിപത്യങ്ങൾ സ്ഥാപിക്കുവാനാകരുത് ജനാധിപത്യസംഘടനകൾ ഒന്നും.

ഇവിടെ അതുല്യനായ മഹാനടൻ തിലകൻ അദ്ദേഹത്തിന് സിനിമാലോകത്തുനിന്ന് ഉണ്ടായ ഒരു തിക്താനുഭവത്തിനെതിരെ അതിശക്തമായി പ്രതികരിക്കുകയാണ്. ഒപ്പം വളരെ ഗുരുതരമായ ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുന്നു. ചിലതൊക്കെ അതീവ ഗൌരവമുള്ളതുകൊണ്ടാകാം മറച്ചു വയ്ക്കുവാനും അദ്ദേഹം ശ്രമിക്കുന്നു. പേരു പറയാതെ ചില സൂപ്പർസ്റ്റാറുകളിലേയ്ക്കും അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ മുൾമുന നീണ്ടു പോകുന്നു. എന്നാൽ ഇതുവരെ ഈയുള്ളവന്റെ അറിവിൽ തിലകൻ ഉന്നയിച്ച പ്രശ്നത്തോട് ബന്ധപ്പെട്ട ആരും കാര്യമായി പ്രതികരിച്ചിട്ടില്ല. അഥവാ കുറ്റകരമായ അവഗണന പുലർത്തുന്നു എന്നു വേണം കരുതാൻ.

ഈ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള മദ്ധ്യസ്ഥതയ്ക്കോ മറ്റോ ആരെങ്കിലും ശ്രമിക്കുന്നതായും അറിയാൻ കഴിഞ്ഞില്ല. ആരൊക്കെയോ ആരെയൊക്കെയോ ഭയപ്പെടുന്നതായി തോന്നുന്നു. തിലകനു പിന്തുണയുമായി മലയാള സിനിമാരംഗത്തുനിന്ന് അധികമാരും മുന്നോട്ടു വരുന്നതായി കാണുന്നില്ല. അതുകൊണ്ടു തന്നെ എല്ലവരും ആരെയൊക്കെയോ, എന്തിനെയൊക്കെയോ ഭയക്കുന്നതായിത്തന്നെ കരുതണം. മറ്റൊന്ന്, തിലകൻ അദ്ദേഹത്തെ വിഷമിപ്പിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണെന്നറിയാമെങ്കിൽ എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താതെ അതു തുറന്നു പറയാൻ തയ്യാറാകണം.

സിനിമാരംഗത്തെ ഉള്ളുകള്ളികളെക്കുറിച്ച് പുറത്തു നിൽക്കുന്നവർക്ക് അധികം അറിയില്ല. തിലകൻ എന്തെങ്കിലും തെറ്റു ചെയ്തോ ഇല്ലയോ എന്നതും പുറത്തുള്ള കലാസ്നേഹികൾക്ക് ഒരു പ്രശ്നമല്ല. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുവാൻ വേറെ പല മാന്യമായ മാർഗ്ഗങ്ങളും ഉണ്ട്. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന, ഇനിയും ഏറെ പ്രതീക്ഷിക്കുന്ന ഒരു മഹാനടനെ വേദനിപ്പിക്കുക എന്നു പറഞ്ഞാൽ ആ നടനെ ഇഷ്ടപ്പെടുന്ന എല്ലാവരെയും വേദനിപ്പിക്കുന്നതിനു തുല്യമാണ്. അതും ഏറെ പ്രായവും, അതിനൊത്ത സമ്പത്തുള്ള ഒരു മനുഷ്യൻ.

ഇനി ഒരാളെ നന്നാക്കാനാണ് ഏതെങ്കിലും തരത്തിലുള്ള നടപടിയെങ്കിൽതന്നെ ജീവിതത്തിന്റെ സായന്തനത്തിൽ എത്തി നിൽക്കുന്ന ഒരു മനുഷ്യനോട് ഇത്രയധികം ക്രൂരത ചെയ്യണോ? ഇനിയും നല്ല ആരോഗ്യത്തോടെ ശേഷിക്കുന്ന കാലത്തോളം ഈ അഭിനയപ്രതിഭയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയല്ലേ വേണ്ടത്? തിലകനെ പോലെ ഗുരുതുല്യനായ ഒരു നടനോട് ഇപ്പോൾ ഇവർ ഈ കാണിക്കുന്നത് ഒരു ഗുരുനിന്ദയല്ലേ? അത്രയും വേണോ എന്ന് മലയാള സിനിമാരംഗത്തുള്ളവർ- അവർ എത്ര ഉഗ്രപ്രതാപികൾ ആണെങ്കിലും- ഒന്നു പുനർവിചിന്തനം നടത്തുന്നതു കൊണ്ട് ആരും ചെറുതായി പോകില്ല. തിലകൻ ചേട്ടന്റെ പ്രശ്നം ആരാലെങ്കിലും ഉടൻ പരിഹരിക്കപ്പെടട്ടെയെന്ന് ആശംസിക്കുന്നു.

ദേശാഭിമാനിയില്‍ മുമ്പെഴുതിയ ഒരു ലേഖനം

ഒരു പഴയ ലേഖനം

ഈയുള്ളവനിലും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ചൂടും ചൂരും നിറഞ്ഞുനിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അക്കാലത്ത്- 1990 ഡിസംബർ 28-ന് - വിദ്യാർത്ഥി രാഷ്ട്രീയത്തെ അനുകൂലിച്ച് ഈയുള്ളവന്റേതായി ദേശാഭിമാനി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം സൂക്ഷിച്ചുവച്ചിരുന്നത് ഈയിടെ വീണ്ടും കയ്യിൽ കിട്ടി. കമ്പ്യൂട്ടർ പഠിയ്ക്കാൻ വന്ന ഒരു കുട്ടിയ്ക്ക് യൂണിക്കോഡ് ഫോണ്ട് ടൈപ്പ് ചെയ്ത് പഠിയ്ക്കാൻ കൊടുത്തത് ആ ലേഖനമാണ്. അതു ടൈപ്പു ചെയ്തത് ചുമ്മാ ഒരു കൌതുകത്തിന് ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ അക്കാലത്ത് പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സുരക്ഷാസമിതി എന്ന സംഘടനയ്ക്കെതിരെയുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് ആ ലേഖനം എഴുതിയത്. ഒരു ഫയലായി അതിവിടെ കിടന്നുകൊള്ളട്ടെ!

വിദ്യാഭ്യാസസുരക്ഷാസമിതി : വികലസങ്കല്പങ്ങളുടെ സംഗമവേദി

കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക നായകന്മാർ അംഗങ്ങളായ വിദ്യാഭ്യാസ സുരക്ഷാസമിതിക്ക് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെക്കുറിച്ച് വികലമായ സങ്കല്പങ്ങളാണുള്ളതെന്ന് അവരുടെ വിലയിരുത്തലുകൾ സ്പഷ്ടമാക്കുന്നു. രാഷ്ട്രീയമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണവരുടെ കണ്ടുപിടിത്തം. വിദ്യാലയങ്ങളിൽ നിന്നും രാഷ്ട്രീയം ഒഴിവാക്കുന്നുവെങ്കിൽ അതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന അബദ്ധധാരണയാണ് സമിതിക്കുള്ളത്. വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് വിദ്യാർത്ഥി സംഘടകളുടെ തലയിൽ കെട്ടിവെക്കുന്നത് യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചുകളി മാത്രമാണ്.ഉച്ചക്കഞ്ഞി സമ്പ്രദായം വ്യാപകമായതോടെ പ്രൈമറി സ്കൂളുകളിലെ ഹാജർ നിലവാരം ഉയർന്നതായി നാം മനസിലാക്കി. ഇതിനു മുമ്പ് പ്രൈമറി വിദ്യാർഥികൾ കൃത്യമായി സ്കൂളുകളിലെത്താഞ്ഞതും വിദ്യാർഥി സംഘടനകളുടെ കുറ്റമാണോ ?

വിദ്യാർത്ഥി സംഘടനകൾ നിലകൊള്ളുന്നത് വിദ്യാഭ്യാസ രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനല്ല.വിദ്യാഭ്യാസ പുരോഗതിയെ തടസപ്പെടുത്താനുമല്ല. മറിച്ച് വിദ്യാഭ്യാസപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഭാഗഭാക്കാകാനും വിദ്യാർഥികളുടെ ആവശ്യങ്ങൾനേടാനും അവകാശങ്ങൾ സംരഷിക്കാനുമാണ്.ഇതിന് വിപരീതമായി എപ്പോഴെങ്കിലും ഏതെങ്കിലും വിദ്യാർഥി സംഘടനകൾ നിലകൊണ്ടിട്ടുണ്ടെങ്കിൽ,നിലകൊള്ളുന്നുവെങ്കിൽ അവ പരിശോധിക്കപ്പെടണം, എതിർക്കപ്പെടണം. വിവിധ രൂപങ്ങളിലുള്ള സംഘടാപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ സമൂഹവുമായും സാമൂഹ്യ പ്രശ്നങ്ങളുമായും ബന്ധപ്പെടുത്താനും അവരിൽ നല്ലൊരു ഭാഗത്തെ പൊതുധാരയിലേക്ക് കൊണ്ടുവരാനും വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ള പങ്ക് ആർക്കും തള്ളികളയാനാവില്ല.

നിലവിലുള്ള സാമൂഹിക ചുറ്റുപാടുകളുടെ പശ്ചാത്തലത്തിൽ വിദ്യാർഥി സമൂഹത്തിൽ സമരം അനിവാര്യമാണ്.എന്നാൽ വിദ്യാർത്ഥി സമരങ്ങളെ പൊതുവെ അനാവശ്യ സമരങ്ങളെന്നു പറയുന്ന സമരവിരോധികൾ എന്താണാവശ്യമെന്നും അനാവശ്യമെന്നും കൂടി വിശദീകരിക്കുവാൻ ബാധ്യസ്ഥരാണ്.നാളിതുവരെ കേരളത്തിൽ പല വിദ്യാർത്ഥി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ സമരങ്ങൾ നടന്നിട്ടുണ്ട്. അവയിൽ ഏതെല്ലാം ആവശ്യങ്ങളായിരുന്നുവെന്നും ഏതെല്ലാം അനാവശ്യങ്ങളായിരുന്നുവെന്നും വിദ്യാഭ്യാസ സംരക്ഷണ സമിതിക്കാർ വിശദീകരിക്കാൻ തയ്യാറായാൽ അത് വിദ്യാർത്ഥികൾക്ക് മാ‍ർഗദർശകമാകും. ഉദാഹരണത്തിന് പ്രീഡിഗ്രി ബോർഡുസമരവും പോളിടെക്നിക്ക് സമരവുമെല്ലാം അനാവശ്യസമരങ്ങളുടെ പട്ടികയിലാണോ പെടുത്തേണ്ടത് ? പാഠപുസ്തകം കിട്ടാൻ താമസിക്കുമ്പോൾ, അതിന് വില കൂടുമ്പോൾ സമരം ചെയ്യുന്നത് അനാവശ്യമാണോ? ബസ്സ് ചാർജ് വർദ്ധനയിൽ പ്രതിഷേധിക്കുന്നത് അനാവശ്യമാണോ? കോഴക്കും മറ്റഴിമതികൾക്കുമെതിരെ സമരം ചെയ്യുന്നത് അനാവശ്യമാണോ?രക്ഷാകർത്തക്കളെയും ബഹുജനങ്ങളെയും ആകെ അണിനിരത്തി സമരം ചെയ്ത പാരമ്പര്യവും വിദ്യാർത്ഥികൾക്കുണ്ട്. അതുകൊണ്ട് രക്ഷാകർത്താകളെല്ലാംവിദ്യാർത്ഥി സമരത്തേയും രാഷ്ട്രീയത്തേയും കണ്ണുമടച്ച് എതിർക്കുന്നവരാണെന്ന ധാരണയുടെ ബലമാണ് സുരക്ഷാ സമിതിക്കുള്ളതെങ്കിൽ അത് തെറ്റാണ്. വിദ്യാർഥികൾ വെറും പുസ്തകപ്പുഴുക്കളാകരുത്. പഠനവും പോരാട്ടവും ഒരുമിച്ച് കൊണ്ടു പോകാൻ സാധിക്കണം

പിന്നെ സംഘട്ടനങ്ങളുടെ കാര്യമാണ്. വിദ്യാലയ സമാധാനം കാംക്ഷിക്കാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ വിദ്യാർത്ഥി സംഘട്ടനങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനും അവക്ക് പരിഹാരം കാണാനുമുള്ള ആത്മാർത്ഥവും പ്രായോഗികവുമായ പരിശ്രമങ്ങൾ ഉണ്ടാകുകയും വേണം. പലപ്പോഴും സംഘട്ടനങ്ങളുടെ കാരണം രാഷ്ട്രീയമല്ല, വിദ്യാർഥികൾ തമ്മിലുള്ള ഒറ്റപ്പെട്ട പ്രശ്നങ്ങൾ അവരുടെ രാഷ്ട്രീയ ചേരികളുടെ അടിസ്ഥാനത്തിൽ ചേരി തിരിഞ്ഞ സംഘട്ടനങ്ങൾക്ക് കാരണമാവുകയാണ് ചെയ്യുന്നത്. വിദ്യാലയങ്ങളിൽ നിന്നും രാഷ്ട്രീയം ഒഴിവാക്കിയാൽ ‘രാഷ്ട്രീയസംഘട്ടനം’ മാത്രമേ ഒഴിവാകൂ.വിദ്യാർത്ഥി സംഘട്ടനം ആവർത്തിക്കപ്പെടാം. ജനാധിപത്യത്തിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തമ്മിലുള്ള ആശയസംഘട്ടനങ്ങളും അണികൾക്കിടയിലുള്ള അപക്വത മൂലമുള്ള കായിക സംഘട്ടനങ്ങളും സ്വാഭാവികമാണ്. അതിന്റെ ഭാഗമായി ഇത് വിദ്യാർത്ഥി രാഷ്ട്രീയത്തിലും സംഭവിക്കുന്നു.

ഇതൊന്നുമല്ലാതെ വിദ്യാലയ രാഷ്ട്രീയത്തിനറുതി വരുത്തണമെന്നതിൽ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം അതുമായി ബന്ധപ്പെടുന്നവരുടെ പേര് ഏതാനും പത്രങ്ങളിൽ അടിച്ചു വരുമെന്നതിനപ്പുറം പ്രയോജനം ചെയ്യില്ല. രാഷ്ട്രീയം പഠിപ്പിക്കാൻ വേറെ സംവിധാനം വേണമെന്നാണ് മറ്റൊരും വാദം. ഇപ്പോൾതന്നെ രാഷ്ട്രീയമീമാംസ എന്ന പാ‍ഠ്യവിഷയം പ്രത്യേകമായി തന്നെയുണ്ടല്ലോ? പൊളിറ്റിക്സിൽ ബിരുദമെടുത്തു പുറത്തുവരുന്നവരെല്ലാം സമൂഹമദ്ധ്യത്തിലേക്കോ രാഷ്ട്രീയനേതൃത്വത്തിലേക്കോ ഉയരുകയല്ല. കാരണം അതൊരു താത്വികം മാത്രമാണ്. പ്രായോഗികമായി തന്നെ വിദ്യാർത്ഥികളെ സമൂഹവുമായി ബന്ധപ്പെടുത്തുന്നതിലും സാമൂഹ്യ പ്രതിബദ്ധതയും നേതൃത്വവാസനയുള്ളവരുമായി അവരെ വളർത്തുന്നതിലും വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ള പങ്ക് അനിഷേധ്യമാണ്. വിദ്യാലയങ്ങളിലെ തെരഞ്ഞെടുപ്പ് സമ്പ്രദായമാകട്ടെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തെ സംബന്ധിക്കുന്ന ബാലപാഠമാണ്.ഇതൊന്നും കാണാതെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് വിദ്യാർത്ഥികളെ യാഥാർത്ഥ്യങ്ങളിൽ നിന്നകറ്റി അവരെ വെറും പുസ്തകപ്പഴുക്കളാക്കി മൂലയ്ക്കിരുത്താനുള്ള ശ്രമം രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള വർക്ക് ചേർന്നതല്ല.

ലോകചരിത്രത്തിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വഹിച്ച പങ്ക് മഹത്തരമാണ്. കൊറിയയിലും ഫ്രാൻസിലും ജർമ്മനിയിലും പ്രതിലോമകരങ്ങളായ വ്യവസ്ഥാപിത ശക്തികൾകെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി വിജയം നേടി. അടുത്തയിടെ ബംഗ്ലാദേശിൽ സംഭവിച്ചതും മറ്റൊന്നല്ല. ഫാസിസ്റ്റ് ഭരണം കൊടികുത്തിവാണ ബംഗ്ലാദേശിൽ ജനാധിപത്യം പുന:സ്ഥാപിക്കുന്നതിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യം ഒന്നാകെ അണിനിരന്നു.

സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്ത മായിരുന്നില്ല.സുരക്ഷാസമിതിയിലെ പല അംഗങ്ങളും കണ്ണുമടച്ച് ആരാധിക്കുന്ന മഹാത്മാഗാന്ധിയാണ് ആദ്യമായി വിദ്യാലയങ്ങൾ ഉപേക്ഷിച്ച് പുറത്തു വരാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഇതിനൊക്കെ പുറമെ ഇന്ത്യയിൽ ഇന്ന് 18 വയസുള്ളവർക്കും വോട്ടവകാശം ഉണ്ട്. രാഷ്ട്രീയാവബോധമില്ലാതെ വെറും സാങ്കേതിക വിദഗ്ധരാകാൻ മത്സരം നടത്തുന്ന റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്നവർ ഈ വോട്ടവകാശം എങ്ങനെ പ്രയോജനപ്പെടുത്തും ?

സാമൂഹ്യ യാഥാർത്ഥ്യങ്ങൾ മനസിലാക്കുകയും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയാണ് വേണ്ടത്. കണ്ണുമടച്ച് രാഷ്ട്രീയ വിരോധം പ്രസംഗിക്കുന്നവർ രാജ്യപുരോഗതിക്ക് തുരങ്കം വെക്കുന്നവർ മാത്രമാണ്.

Saturday, January 16, 2010

വലയ സൂര്യഗ്രഹണം

വലയ സൂര്യഗ്രഹണം

ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദൈർഘ്യമേറിയ ഒരു ആകാശവിസ്മയത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിച്ചു; വലയ സൂര്യഗ്രഹണം; ആകാശത്തൊരു വജ്രത്തിളക്കം! ലക്ഷക്കണക്കിനാളുകൾ വിജ്ഞാന കുതൂഹലത്തോടും അത്യുത്സാഹത്തോടും ഈ അപൂർവ്വക്കാഴ്ചയെ വരവേറ്റു; കണ്ടറിഞ്ഞു. ഇനി 1033 വർഷം കഴിഞ്ഞേ മറ്റൊരു ദൈർഘ്യമേറിയ ഒരു വലയസൂര്യഗ്രഹണം ദൃശ്യമാവുകയുള്ളു.

ഇന്ത്യയിൽ തമിഴ്നാട്ടിലെ ധനുഷ്കോടിയിലാണ് ഏറ്റവും നന്നായി ഈ വലയ സൂര്യഗ്രഹണം ദൃശ്യമായത്. തമിഴ്നാട്ടിലെ കന്യാകുമാരിയിലും, കേരളത്തിൽ തിരുവനന്തപുരം,വർക്കല തുടങ്ങിയ തെക്കൻ പ്രദേശങ്ങളിലും ഇത് വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. തിരുവനന്തപുരത്തും വിപുലമായ സൌകര്യങ്ങളാണ് പൊതുജനങ്ങൾക്ക് ഈ സൂര്യഗ്രഹണം ദർശിക്കാൻ ഒരുക്കിയിരുന്നത്.കേരളത്തിന്റെ വടക്കൻ മേഖലകളിൽനിന്നു പോലും സ്കൂൾ കുട്ടികളടക്കം വ്യക്തമായി ദൃശ്യം കാണുവാൻ വേണ്ടി ധാരാളംപേർ തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഈ സൂര്യഗ്രഹണ ദിവസത്തിന് മറ്റ് ചില പ്രത്യേകതകളും ഉണ്ടായിരുന്നു. ഗ്രഹണമാ‍ണെന്ന് കരുതി പേടിച്ച് ആരും പുറത്തിറങ്ങാതിരുന്നില്ല. ആരും ഭക്ഷണം കഴിക്കാതിരുന്നില്ല. (അറിവില്പെടാതെ ആരെങ്കിലും കതകടച്ചിരുന്നോ എന്ന് അറിയില്ല.) എന്തായാലും ഗ്രഹണം കാണാൻ സൌകര്യം ഒരുക്കുന്നതിനോടൊപ്പംതന്നെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം കൂടി പലയിടത്തും നടത്തിയിരുന്നു. ബന്ധപ്പെട്ട ചില സർക്കാർ സ്ഥാപനങ്ങളും ശാസ്ത്ര സംഘടനകളും ശാസ്ത്ര പ്രചാരകരും ഇക്കാര്യത്തിലും അഭിനന്ദനം അർഹിക്കുന്നു.

ഗ്രഹണദിവസം ഭഷണം പാകം ചെയ്യാനോ കഴിക്കാനോ പാടില്ലെന്ന അന്ധവിശ്വാസം ഇല്ലാതാക്കാൻ പലയിടത്തും ഈ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. കൊച്ചു കുട്ടികൾ പോലും നിർഭയം ചായയും ഭക്ഷണവും മറ്റും കഴിക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും കാണിച്ചു. നമ്മുടെ മിക്ക ദൃശ്യമാധ്യമങ്ങളും സൂര്യഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന തരത്തിൽ വാർത്തകൾ നൽകിയെന്നതും അഭിനന്ദനാർഹമാണ്.

ഗ്രഹണം പകർത്തുന്നതിനും തത്സമയം അത് പ്രേക്ഷകരെ കാണിക്കുന്നതിനും ദൃശ്യമാധ്യമങ്ങൾ വളെരെ നേരത്തെതന്നെ വേണ്ട സംവിധാനങ്ങൾ ഒരുക്കി കാത്തിരുന്നു. വ്യക്തമായി വലയഗ്രഹണം കാണാൻ കഴിയുന്ന വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ റ്റി.വി ചാനലുകൾ യഥാസമയം കാണിച്ചുകൊണ്ടിരുന്നു. രാവിലെ പതിനൊന്നു മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ദൃശ്യമാധ്യമങ്ങൾ സൂര്യഗ്രഹണദൃശ്യത്തിൽ നിന്നും കണ്ണെടുത്തില്ല.

തിരുവനന്തപുരം ഭാഗത്ത് പൂർണ്ണ വലയം ദൃശ്യമായത് ഉച്ചയ്ക്ക് ഒരു മണിയ്ക്കും ഒന്ന് ഇരുപതിനും ഇടയ്ക്കായിരുന്നു. ചന്ദ്രൻ സൂര്യന്റെ ഉള്ളിൽ അകപ്പെടുന്നതുപോലെയും അതിനു ചുറ്റും സൂര്യന്റെ ഒരു വലയം മാത്രം വജ്രം പോലെ തിളങ്ങി നിൽക്കുന്നതായുമാണ് കണ്ടത്. മനോഹരമായ ദൃശ്യം തന്നെയായിരുന്നു അത്! ഈ വലയഗ്രഹണത്തിന്റെ സമയം പോലും വളരെ കൃത്യതയോടെ പ്രവചിക്കുവാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞു. ശാസ്ത്രജ്ഞർ മുൻപേ പറഞ്ഞതുപോലെ തന്നെ വളരെ സമയ കൃത്യത പാലിച്ചു കൊണ്ട് നട്ടുച്ചയ്ക്ക് ഒരു അസ്തമയം പോലെ, ചെറിയൊരു വെയിൽ മങ്ങലോടെ ആ വലയഗ്രഹണം കടന്നു പോവുകയയിരുന്നു!

ശാസ്ത്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടുതൽ ദൃഢമാകുന്നുവെന്ന സൂചന ഈ ഗ്രഹണം നൽകുന്നുണ്ട്. കാരണം ഇത് കാണാനുള്ള ആളുകളുടെ താല്പര്യത്തിനു പിന്നിൽ ഒരു ശാസ്ത്ര കുതൂഹലം ഉണ്ടായിരുന്നു. ഈ ഗ്രഹണം പട്ടാപ്പകൽ സംഭവിച്ചു എന്നതു കൊണ്ട്കൂടി എല്ലാവർക്കും ഇത് കാണാൻ അവസരം ഉണ്ടായി. നട്ടുച്ച്യ്ക്ക് ഒരു സൂര്യാസ്തമയം എന്ന് ഏതോ റ്റി.വി ചാനൽ വിശേഷിപ്പിച്ചിരുന്നു, ഈ ഗ്രഹണത്തെ!

ശാസ്ത്രത്തിനു മുന്നിൽ അന്ധവിശ്വാസങ്ങൾ വഴിമാറുന്നത് ആശ്വാസമാണ്. മുൻപ് സാക്ഷര കേരളക്കാരത്രയും ഒരു ഗ്രഹണത്തിന് കതകടച്ച് വീട്ടിലിരുന്നപ്പോൾ നിരക്ഷരൻ കൂടുതലുള്ള ബീഹാറുകാർ നിർഭയം ഗ്രഹണം കണ്ടുവെന്നൊരു പരിഹാസത്തിന് സാക്ഷരകേരളീയരെക്കുറിച്ച് ഉണ്ടായിരുന്നത് ഇപ്പോൾ മാറിക്കിട്ടിയെന്നു പറയാം.

മേല്പറഞ്ഞതെല്ലാം ഇന്നത്തെ സൂര്യഗ്രഹണത്തിന്റെ ഒരു വിവരണമാണ്. ഇനി മറ്റൊരു കാര്യത്തിലേയ്ക്കു വരാം;

ഈയുള്ളവൻ രണ്ടുമൂന്നു ദിവസമായി ഒരു ജലദോഷപ്പനി മൂലം വീട്ടിൽ വിശ്രമത്തിലാണ്. കിടന്നും ഇടയ്ക്കിടെ കമ്പ്യൂട്ടറിനും, റ്റി.വി യ്ക്കും മുന്നിൽ ഇരുന്നും ചെലവഴിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. ഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ കേരള യുക്തിവാദി സംഘം പ്രവർത്തകർ ഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്ത് കഴിയ്ക്കുന്ന പരിപാടിക്ക് ക്ഷണിച്ചിരുന്നതുമാണ്. എന്നാൽ സുഖമില്ലാത്തതിനാൽ പോകാൻ കഴിഞ്ഞില്ല.

ഇന്നത്തെ ഗ്രഹണം ഈയുള്ളവൻ കണ്ടത് റ്റി.വി ചാനലുകളിലൂടെത്തന്നെ. കൂടാതെ ഇടയ്ക്ക് ഓലഷെഡിനുള്ളിൽ മുകളിലെ സുഷിരങ്ങളിലൂടേ കോഴിമുട്ടയുടെ ആകൃതിയിൽ തറയിൽ പതിക്കുന്ന വെയിൽ (വെയിൽമുട്ട എന്നാണ് നമ്മൾ ഇതിനെ വിളിയ്ക്കുന്നത്)വെട്ടം നോക്കിയും ഗ്രഹണം നിരീക്ഷിയ്ക്കുകയുണ്ടായി.

കുട്ടിക്കാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നോക്കരുതെന്നു മുന്നറിയിപ്പുണ്ടായിരുന്ന ഒരു ഗ്രഹണം കണ്ടത് ഇന്നും മറന്നിട്ടില്ല. പടമെടുക്കാത്ത ഫിലിം കണ്ണുകളിൽ വച്ചും പാത്രത്തിൽ നീലം കലക്കിയും ഒക്കെയായിരുന്നു അന്നത്തെ ഗ്രഹണം കാണൽ. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വെയിലും നിഴലുമൊക്കെ നോക്കി സമയം നിർണ്ണയിക്കുന്ന ഉമ്മ ഓലകെട്ടിയ നമ്മുടെ വീടിന്റെ അടുക്കളയിലേയ്ക്കു ക്ഷണിച്ചത്. “ഫിലിമും, നീലം കലക്കിയ വെള്ളവുമൊന്നും വേണ്ട, ഗ്രഹണം കാണാൻ എല്ലരും ഇങ്ങോട്ടു വരീൻ” എന്ന്!

ചെല്ലുമ്പോൾ ഓലപ്പുരയിലെ വട്ടസുഷിരങ്ങളിലൂടെ പൂർണ്ണവൃത്തത്തിലും ദീർഘവൃത്തത്തിലുമൊക്കെ തറയിലും ഭിത്തിയിലും ഒക്കെ പതിയ്ക്കുന്ന വെയിൽമുട്ടകളിൽ സൂര്യഗ്രഹണം ദർശിക്കാൻ കഴിയുന്നത് കാണിച്ചു തന്നു. വീടിനോട് ചേർന്ന് ഷെഡ് കെട്ടിയിരിക്കുന്നതു കൊണ്ട് ഇന്ന് ആ പഴയ ഓർമ്മകളിലേയ്ക്ക് പോകാനും കഴിഞ്ഞു.

Sunday, January 10, 2010

ഡോ. കെ.എസ്. മനോജിന്റെ പാര്‍ട്ടിരാജി

കണ്ടതും കേട്ടതും: ഇന്നല്പം രാഷ്ട്രീയം

ഡോ. കെ.എസ്. മനോജിന്റെ സി.പി.എമ്മിൽ നിന്നുള്ള രാജിയെപ്പറ്റി

അങ്ങനെ ഡോ. കെ.എസ്. മനോജും താരമായി. ഈ ചാനലുകളായ ചാനലുകളൊക്കെ വന്നതിനു ശേഷം ഒരിക്കലെങ്കിലും, ഏതാനും നിമിഷത്തേയ്ക്കെങ്കിലും ന്യൂസ് മേയ്ക്കർ ആവുക എന്നത് ഇന്ന് പലർക്കും ഒരു ഹരമാണ്. അതിന് എന്ത് നെറികേടും ചിലർ കാണിയ്ക്കും. ആരെങ്കിലും ചുമന്നുകൊണ്ട് നടക്കുകയാണെങ്കിൽ പെട്ടെന്ന് ഒരു നിമിഷം ചാടിയിറങ്ങിയിട്ട് ചുമന്നു കൊണ്ടു നടന്നവന്റെ തന്നെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പി നന്ദി കാണിയ്ക്കും. ചിലരാക്കട്ടെ ചെളിയും കല്ലും മണ്ണുമൊക്കെ വാരിയെറിയും. മറ്റൊരു ചുമട്ടുകാരനെ കിട്ടിയാലോ പിന്നെ അവന്റെ ചുമലിൽ കയറിയിരുന്നുകൊണ്ടാവും ഉപദ്രവിയ്ക്കുക.

ഇപ്പോൾ ഡോ.കെ.എസ്. മനോജിന് വെളിപാടുണ്ടായിരിയ്ക്കുന്നു. പാർട്ടി നേതാക്കൾ മത ചടങ്ങുകളിൽ നിന്നു വിട്ടുനിൽക്കണമെന്ന പാർട്ടി നിർദ്ദേശമാണത്രേ പാർട്ടിയിൽ നിന്നും രാജിവയ്ക്കാൻ കാരണം. സി.പി.എമ്മിൽ രാജി എന്നൊരു സമ്പ്രദായം ഇല്ല എന്ന മിനിമം അറിവെങ്കിലും പാർട്ടിയെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടോ എന്നറിയില്ല. ആരെങ്കിലും രാജി നൽകിയാൽ രാജി തള്ളിക്കളഞ്ഞിട്ട് പാർട്ടിയിൽ നിന്നും പുറത്താക്കുക എന്ന രീതിയാണ് സി.പി.ഐ (എം) സാധാരണ സ്വീകരിയ്ക്കുക.

എന്തായാലും ഇന്ത്യയുടെ പരമോന്നതമാ‍യ നിയമനിർമ്മാണ സഭവരെ ചെന്ന് ആ കസേരയിൽ ഒന്നിരിയ്ക്കാൻ അവസരം തന്ന ഒരു പ്രസ്ഥാനത്തെ ബുദ്ധിമുട്ടിയ്ക്കുവാൻ തെരഞ്ഞെടുത്ത സമയം കൂടി കണക്കിലെടുക്കുമ്പോൾ ഈ കടുത്ത മതവിശ്വാസി എന്തായാലും ദൈവഭയം തീരെയെല്ലെന്നല്ല, ഒരു കടുത്ത നിരീശ്വരവാദി തന്നെയോ എന്നു സംശയിക്കേണ്ടിയിരിയ്ക്കുന്നു. ഒരു ദൈവവിശ്വാസിയ്ക്ക് ഇത്ര ക്രൂരമായ ഒരു മനസുണ്ടാവില്ല.

ഈ പാർട്ടിയിൽ പ്രവർത്തിയ്ക്കാൻ താല്പര്യമില്ലെങ്കിൽ ഒരു പരുവത്തിന് ക്രമേണ ക്രമേണ പാർട്ടി ബന്ധം ഉപേക്ഷിച്ച് തന്റെവഴിയ്ക്കു പോകുന്ന തരത്തിൽ തന്ത്രപരമായ ഒരു പിന്മാറ്റം ആകാമായിരുന്നു. പക്ഷെ അതു വാർത്തയാകില്ലല്ലോ. പെട്ടെന്നു പിന്നെ ഒരു ചുമട്ടുകാരനെ കിട്ടിയെന്നുമിരിയ്ക്കില്ല. ഇതിപ്പോൾ സി.പി.എമ്മിന്റെ എതിരാളികൾ ഇനി പൊക്കിയെടുത്തുകൊള്ളുമല്ലോ. അപ്പോൾ വിഷയം പാർട്ടിയുടെ തെറ്റുതിരുത്തൽ രേഖയിലെ മതകാര്യങ്ങൾ സംബന്ധിച്ച ആ പരാമർശമൊന്നുമാകാനിടയില്ല. അതിനപ്പുറം എന്തൊക്കെയോ ഉണ്ടാകാം മനോജിന്റെ മനസിൽ. ആയിക്കോട്ടെ!

ഒരാൾക്ക് എപ്പോൾ വേണമെങ്കിലും തന്റെ ആശയങ്ങളിലും നിലപാടുകളിലും ഒക്കെ മാറ്റം വരുത്താൻ ജനാധിപത്യം അനുവദിക്കുന്നുണ്ട്. വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രവും പാർട്ടിയുമൊക്കെ ഇങ്ങനെ മാറാം. അതു കാലുമാറ്റമെന്നോ അവസരവാദമെന്നോ ഒക്കെയുള്ള ആക്ഷേപങ്ങൾ ഉണ്ടാകുമെങ്കിലും അതൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ല. ആ നിലയിൽ ഡോ.കെ.എസ്. മനോജിനും പാർട്ടിവിടാം. മറ്റൊരു പാർട്ടിയിൽ ചേരുകയും ചെയ്യാം. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. പ്രത്യേകിച്ചും ആലപ്പുഴ പോലൊരു പാർളമെന്റ് മണ്ഡലത്തിൽ നുന്നും പാർട്ടിയ്ക്ക് ഒരു വിജയം ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സഹായിച്ചിട്ടുണ്ട് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ.

പക്ഷെ ഒന്നു ചോദിയ്ക്കുവാനുള്ളത് മതവിശ്വാസങ്ങളോട് സി.പി.എം പാർട്ടിയുടെ സമീപനവും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സമീപനവും തമ്മിലുള്ള വ്യത്യാസം എം.പി ആയി മത്സരിയ്ക്കാൻ സമയത്തൊന്നും ശ്രീ. മനോജിന് അറിയില്ലായിരുന്നോ? സി.പി.എം ഒരു മതവിരുദ്ധ പ്രസ്ഥാനം എന്ന നിലയിലല്ല പ്രവർത്തിയ്ക്കുന്നത്. ഈ ബഹുമത സമൂഹത്തിൽ അത് പ്രയാസവുമാണ്. മതേതര പ്രസ്ഥാനങ്ങൾ എന്നു പറഞ്ഞാൽ മതരഹിത പ്രസ്ഥാനങ്ങൾ എന്നല്ല അർത്ഥമാക്കുന്നത്. അത് കോൺഗ്രസ്സ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും.

സി.പി.എമ്മിലും കോൺഗ്രസ്സിലുമൊക്കെ പ്രവർത്തിയ്ക്കുന്നവർ ബഹുഭൂരിപക്ഷവും ഏതെങ്കിലും മതങ്ങളിൽ വിശ്വസിയ്ക്കുന്നവരും കൂടിയാണ്. മതവിശ്വാസം ഇല്ലാത്തവരും ഈ രണ്ട് പ്രസ്ഥാനങ്ങളിലും ഉണ്ട്. എനിയ്ക്കറിയാവുന്ന യുക്തിവാദി സംഘത്തിന്റെ ഒരു ജില്ലാ സെക്രട്ടറി കെ.പി.സി.സി മെമ്പറാണ്. ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാകാത്ത കോൺഗ്രസ്സ് നേതാക്കൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസ്സിൽ നിന്നും ആരും വിട്ടു പോയിട്ടില്ല.

സി.പി.എമ്മിൽ ഉള്ളവരിൽ നല്ലൊരുപങ്കും പണ്ടും ഇപ്പോഴും ഏതെങ്കിലും മതത്തിന്റെ ആരാധനാ രീതിയും മറ്റും പിന്തുടരുന്നവരാണ്. എം.പി ആയതിനുശേഷം സ്വന്തം മതാ‍ചാരങ്ങൾ പിന്തുടരുന്നതിൽ പാർട്ടി ഡോ. മനോജിനെ മാത്രമായി വിലക്കിയതായി കേട്ടിട്ടില്ല. പാർട്ടി തിരുത്തൽ രേഖയിൽ അങ്ങനെ ഒരു പരാമർശം വന്നത് ചില അനഭിലഷണീയ പ്രവണതകൾ കണ്ടെത്തിയതുകൊണ്ടാണ്. വർഗ്ഗീയതയും തീവ്രവാദവും മറ്റും വളർന്നു വരുന്ന ഒരു സാഹചര്യത്തിൽ മതപരമായ കാര്യങ്ങളിൽ അല്പം ചില സൂക്ഷ്മതകൾ പാർട്ടിയുടെ നേതാക്കന്മാർ പുലർത്തണം എന്നു പറഞ്ഞിട്ടുണ്ടാകും.

കാരണം പലരും മതം ഒരു വിശാസം എന്നതിനേക്കാൾ വികാരമായും, അലങ്കാരമായും ഒക്കെ കൊണ്ട് നടക്കുന്നത് മറ്റുള്ളവരുടെ ദൃഷ്ടിയിൽ ചില തെറ്റിദ്ധാരണകൾക്കിടയാക്കും എന്നതാണ്. എന്നുവച്ച് തിരുത്തൽ രേഖ വന്നതിനുശേഷം പാർട്ടി പ്രവർത്തകർ അമ്പലങ്ങളിലോ, പള്ളികളിലോ ചർച്ചുകളിലോ പോകാതിരിയ്ക്കുന്നില്ല. അങ്ങനെ പോയതിന്റെ പേരിൽ ആരുടെ പേരിലും നടപടിയെടുത്തിട്ടില്ല.

എന്നാൽ മതത്തിനുപരി മറ്റൊന്നുമില്ലെന്നും, മതവിശ്വാസത്തെക്കാൾ മഹത്തരമായ മറ്റൊരു വിശ്വാസവും ഇല്ലെന്നും ഉള്ള തരത്തിൽ ഒരു നിലപാട് കമ്മ്യൂണിസ്റ്റ്കാർക്കു സ്വീകരിയ്ക്കാൻ കഴിയില്ല. ഏതെങ്കിലും ഒരു വിശ്വാസം മനുഷ്യന് എന്തെങ്കിലും ആശ്വാസം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ അതിനെ എതിർക്കേണ്ടതില്ലെന്ന നിർദ്ദോഷവും ജനാധിപത്യപരവുമായ ഒരു നിലപാടെടുക്കുവാനേ കമ്മ്യൂണിസ്റ്റുകാർക്ക് പറ്റു. മതത്തെ പ്രകോപിപ്പിയ്ക്കുവാൻ പോകില്ല്ലെന്നല്ലാതെ മതങ്ങളെ വളർത്താനോ നിലനിർത്താനോ ഉള്ള ബാദ്ധ്യത കമ്മ്യൂണിസ്റ്റുകാർക്കില്ല. ഏതു വിശ്വാസമായാലും മനുഷ്യനെ ചൂഷണം ചെയ്യരുതെന്നും സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ഉള്ളതാണ് കമ്മ്യൂണിസ്റ്റുകൾക്ക് താല്പര്യപ്പെടാവുന്ന കാര്യം.

ഇതൊന്നും അറിയാ‍തെയാണ് ഡോ.കെ.എസ്. മനോജ് സി.പി.എമ്മിൽ ചേർന്നതെന്നോ എം.പി ആയതെന്നോ കരുതാൻ ആകില്ല. അത്രയ്ക്ക് അറിവില്ലാത്ത ശിശുവൊന്നുമായിരുന്നില്ലല്ലോ അദ്ദേഹം. അല്പം പാണ്ഡിത്യമൊക്കെ ഉള്ള ആളുതന്നെ ആയിരുന്നില്ലേ? സി.പി.എം അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് അദ്ദേഹം ഒരു മത വിശ്വാസിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആയിരുന്നു. അദ്ദേഹം എം.പിയും പാർട്ടി മെമ്പറും ഒക്കെ ആയിക്കഴിയുമ്പോൾ മതം ഉപേക്ഷിയ്ക്കുമെന്ന് പാർട്ടി പ്രതീക്ഷിയ്ക്കുകയോ അങ്ങനെ ആഗ്രഹിയ്ക്കുകയോ ചെയ്തിട്ടില്ല.

അദ്ദേഹത്തെ ഒരു സ്ഥാനാർത്ഥിയാക്കുമ്പോഴുള്ള വിജയസാദ്ധ്യത അന്നൊരു മുഖ്യ പരിഗണനാവിഷയം തന്നെ ആയിരുന്നു. എന്നാൽ അതുമാത്രമല്ലല്ലോ. മതരംഗത്തുൾപ്പെടെ അദ്ദേഹം നടത്തിയിട്ടുള്ള മനുഷ്യ സേവാപരമായ പ്രവർത്തനങ്ങൾ കൂടി കണ്ടിട്ടാണ് സി.പി.എം അദ്ദേഹത്തെ ഈ പാർട്ടിയുടെ ഭാഗമാക്കി നിർത്താൻ ആഗ്രഹിച്ചിട്ടൂള്ളത്. ഒരു പാർളമെന്റു മണ്ഡലം പിടിയ്ക്കുക എന്നതിലുപരി ഡോ.കെ.എസ്.മനോജിന് നൽകിയ ഒരു അംഗീകാരവും അവസരവും കൂടിയായി കരുതിയെങ്കിലും പാർട്ടിയെ നിന്ദിയ്ക്കാതിരിയ്ക്കാമായിരുന്നു അദ്ദേഹത്തിന്!

എന്തായാലും എല്ലാ രാഷ്ട്രീയപാർട്ടിക്കാരും, കോൺഗ്രസ്സ് ആകട്ടെ കമ്മ്യൂണിസ്റ്റ് ആകട്ടെ ഓർക്കേണ്ട ഒരു കാര്യമുണ്ട്. പാർട്ടിക്കുവേണ്ടിയും പാർട്ടിയ്ക്കുള്ളിൽ നിന്ന് ജനങ്ങൾക്കു വേണ്ടിയും അഹോരാത്രം പ്രയത്നിക്കുന്ന പലർക്കും പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാതിരുന്നാലും സ്വന്തം പാർട്ടിയെ മരണം വരെ നെഞ്ചോട് ചേർത്തു പിട്യ്ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. കോൺഗ്രസ്സിലും സി.പി എമ്മിലും ഒക്കെ. അതുകൊണ്ട് സർവ്വതന്ത്ര സ്വതന്ത്രരെയും ബുദ്ധി മുഴുവൻ ആവാഹിച്ചുകയറ്റി ബുദ്ധിജീവിപ്പട്ടം നേടിയവരെയുമൊക്കെ പൊക്കിയെടുത്ത് വലിയ വലിയ സിംഹാസനങ്ങളിലൊക്കെ ഇരുത്തുമ്പൊൽ ഇനിയെങ്കിലും ചില കരുതലുകൾ വേണം.

സി.പി.എമ്മിനു ഇത്തരക്കാരിൽ നിന്നും പണികിട്ടുന്നത് അടുത്ത കാലത്ത് കൂടിവരികയാണ്. ബിദ്ധിജീവിയും സർവതന്ത്ര സ്വതന്ത്രന്മാനുമൊന്നും അല്ലാത്ത പാർട്ടി പ്രവർത്തകരെത്തന്നെ പലവട്ടം എം.പിയും , എം.എൽ.എയുമൊക്കെ ആക്കുമ്പൊൾ അവർപിന്നെ പുഴ വിൽക്കണമെന്നും ചിലപ്പോൾ പാർട്ടിയെ തന്നെ വിറ്റും രാജ്യം വികസിപ്പിയ്ക്കണമെന്നുമൊക്കെ തോന്നുന്ന പ്രവണത ഏറുന്നുണ്ട്. എന്തായാലുമിത്തരക്കാരുടെ എണ്ണ പ്പെരുക്കം ഇനി ഉണ്ടാകാതെ സൂക്ഷിച്ചാൽ നന്ന്!

എന്തായാലും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും അർഹിക്കുന്ന ആദരവ് വച്ചുപുലർത്തുന്ന ഒരു രാ‍ഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ഡോ. കെ.എസ്. മനോജിന്റെ അനവസരത്തിലെ അനുചിതമായ ഈ പാർട്ടിവിടലിൽ ഒരു പ്രതിഷേധം ഉള്ളിലുണ്ടായത് വിനയപൂർവ്വം പ്രകടിപ്പിയ്ക്കാൻ ഈ പോസ്റ്റ് സമർപ്പിയ്ക്കുന്നു.

Saturday, November 7, 2009

അഭ്യസ്തവിദ്യരിലെ നിരക്ഷരത

മുൻ കുറിപ്പ് : എനിയ്ക്കു വേണ്ടപ്പെട്ട ഒരു ബി-എഡ് വിദ്യാർത്ഥിയ്ക്ക് അഭ്യസ്തവിദ്യരും അന്ധവിശ്വാസങ്ങളും എന്ന വിഷയം സംബന്ധിച്ച് ക്ലാസ്സിൽ പ്രസംഗിയ്ക്കാൻ നൽകിയ വിവരങ്ങളിലെ ചില പോയിന്റുകൾ ക്രോഡീകരിച്ചതാണ് ഈ പോസ്റ്റ്

അഭ്യസ്തവിദ്യരിലെ നിരക്ഷരത

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പലതാണ്. ജീവസന്ധാരണത്തിനുള്ള ഒരു മാർഗ്ഗം കണ്ടെത്തുന്നതിന് പ്രാപ്തമാക്കുക എന്നതിലുപരി മനുഷ്യനെ സംസ്കരിക്കുക, വ്യക്തിത്വം വികസിപ്പിക്കുക, ശാസ്ത്രബോധവും, യുക്തി ബോധവും വളർത്തുക മുതലായവ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒന്നിനുവേണ്ടി മാത്രമായി നടത്തുന്നതല്ല, അഥവാ ആയിരിയ്ക്കരുത് വിദ്യാഭ്യാസം. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കാര്യങ്ങൾ എല്ലാം വേണ്ടത്ര ആർജ്ജിയ്ക്കുവാൻ ഒരു വിദ്യാർത്ഥിയ്ക്ക് കഴിയുന്നുണ്ടോ എന്നതാണ് ഇവിടെ ചിന്താ വിഷയം. കുറച്ചെങ്കിലും ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ട് എന്നത് നിസ്തർക്കമാണ്. എന്നാൽ വിദ്യാ‍ഭ്യാസത്തിലൂടെ ആർജ്ജിച്ച അറിവുകളെ ചിലതിനെയെങ്കിലും അറിഞ്ഞും അറിയാതെയും നിഷേധിയ്ക്കുന്ന ഒരു സവഭാവം തലമുറകളായി നമ്മുടെ സമൂഹത്തിൽ നില നിൽക്കുകയാണ്.

എല്ലാ തൊഴിലും ചെയ്യാനുള്ള പ്രാപ്തി നേടാൻ പള്ളിക്കൂടത്തിൽ പോകണമെന്നില്ല. എന്നാൽ ചിലതിനൊക്കെ വിദ്യ ആവശ്യവുമാണ്. അതുകൊണ്ട് അക്കാര്യം തൽക്കാലം ഇവിടെ മാറ്റിവയ്ക്കുന്നു. സംസ്കാരം, വ്യക്തിത്വ വികസനം എന്നീ ലക്ഷ്യങ്ങൾ നേടാൻ ഔപചാരിക വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ട് എങ്കിലും വിദ്യാലയങ്ങൾ കണ്ടു പിടിയ്ക്കാത്ത കാലത്തും പരിമിതികളോടെയാണെങ്കിലും അവ നേടാൻ കഴിഞ്ഞിരുന്നു. ആ നേട്ടം കൊണ്ടാണല്ലോ പിന്നീട് ഔപചാരിക വിദ്യാഭ്യാസ രീതികൾ കണ്ടു പിടിയ്ക്കാൻ തന്നെ അവനു പ്രാപ്തിയുണ്ടായത്. പലപ്പോഴും ഒരു നിരക്ഷരനുള്ള സംസ്കാരം അഭ്യസ്ത വിദ്യർക്ക് ഇല്ലാതെ പോകാറുണ്ട് എന്നതും നാം അനുഭവിയ്ക്കാറൂണ്ട്. അതുപോലെ പള്ളിക്കൂടം കണ്ടിട്ടില്ലാത്തവരുടെ വ്യക്തിത്വം വികസിയ്ക്കുകയേ ഇല്ല എന്നും കരുതാനാകില്ല. വിദ്യാലയങ്ങൾ കണ്ടു പിടിയ്ക്കുന്നതിനു മുൻപും ആളുകളുടെ വ്യക്തിത്വം വികസിച്ചിട്ടൂണ്ട്. ഇന്നത്തെ അപേക്ഷിച്ച് പരിമിതികളോടെയാണെങ്കിലും. അപ്പോൾ മൊത്തത്തിൽ മുൻ കാല പരിമിതികളെ മറികടന്നു കൊണ്ട് കൂടുതൽ ലക്ഷ്യങ്ങൾ നേടുവാനാണ് ആധുനിക വിദ്യാഭ്യാസം സഹായിക്കുക എന്നു നമുക്കു കരുതാം.

ഇനിയുള്ള രണ്ടു കാര്യങ്ങൾക്കാണ് ഇവിടെ ഊന്നൽ കൊടുക്കുന്നത്. അതായത്, ശാസ്ത്രബോധം, യുക്തിചിന്ത എന്നിവ ആർജ്ജിക്കുവാൻ വിദ്യാഭ്യാസം സഹായിക്കുന്നുണ്ടോ എന്നത്. തീർച്ചയായും വിദ്യാഭ്യാസം ഏറെക്കുറേ അതിനു സഹായിക്കുന്നുണ്ട്. ശാസ്ത്രത്തിനും യുക്തിയ്ക്കും നിരക്കാത്ത കുറെ കാര്യങ്ങളും കൂടി പഠിപ്പിയ്ക്കപ്പെടുന്നുണ്ടെങ്കിലും. എന്നാൽ ശാ‍സ്ത്രീയമായ വിദ്യാഭ്യാസം നേടുന്ന ആളുകളിൾ ശാസ്ത്രബോധവും യുക്തിചിന്തയും വളരുന്നുണ്ടോ ? ഇതാണ് ഇവിടേ പ്രസക്തമായ ചോദ്യം. യുക്തിചിന്തയ്ക്ക് ശാസ്ത്രം ഒരു പിൻബലമാണ്. ആ ശാസ്ത്രമാകട്ടെ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകവുമാണ്. ഏതു വിഷയവും ഇന്ന് ശാസ്ത്രീയമായ പഠനമായതിനാൽ വിഷയശാഖകൾ എല്ലാം തന്നെ ശാസ്ത്രം ചേർത്താണ് ഓരോന്നും അവയുടെ പേർകൊള്ളുന്നത്. എന്തിന് ശാസ്ത്രത്തിനു നിരക്കാത്ത വിഷയങ്ങൾ പോലും ഇന്ന് ശാസ്ത്രം എന്ന പേർ ചേർത്താണ് വിളിയ്ക്കപ്പെടുന്നത്. ഉദാഹരണം ജ്യോതിഷം. അതും ശാസ്ത്രമാണത്രേ. അത് ഏതൊക്കെയോ സർവ്വകലാശാലകളിൽ പഠിപ്പിയ്ക്കപ്പെടുന്നു!

ഇവിടെ വിഷയം വർഷങ്ങളോളം ശാസ്ത്രത്തിന്റെ പിൻബലത്തോടെ ഓരോരോ വിഷയ ശാഖകൾ (Disciplins)) പഠിച്ച് ബിരുദങ്ങളും ഡിപ്ലോമകളും നേടി വരുന്ന അഭ്യസ്ത വിദ്യർ ശാസ്ത്രബോധം ഉൾക്കൊള്ളൂന്നവരാണോ? ശാസ്ത്രത്തെ അവർ അംഗീകരിയ്ക്കുന്നുണ്ടോ? ശാസ്ത്രത്തിന്റെ പിൻബലമുള്ള യുക്തി ബോധം അവർക്കുണ്ടോ? നിർഭാഗ്യം എന്നു പറയട്ടെ നമ്മുടെ അഭ്യസ്ത വിദ്യരിൽ നല്ലൊരുപങ്കും ശാസ്ത്രത്തിനു നിരക്കാത്തതും യുക്തിരതിതവുമായ ചിന്തകളും പ്രവൃത്തികളും വച്ചു പുലർത്തുന്നു എന്നതാണ് യാഥാർത്ഥ്യം. പലരും ശാസ്ത്രത്തെ പാടേ നിരാകരിയ്ക്കുമ്പോൾ ചിലർ തങ്ങളൂടെ അശാസ്ത്രീയവും യുക്തിരഹിതവുമായ ചിന്തകൾക്കും പ്രവൃത്തികൾക്കും ബലം നൽകാനും വ്യാഖ്യാനിയ്ക്കാനും ശാസ്ത്രത്തെ തന്നെ കൂട്ടു പിടിയ്ക്കുവാൻ വൃഥാശ്രമിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ അഭ്യസ്ത വിദ്യർക്കിടയിലെ നിരക്ഷരതയാണ് നമ്മുടെ സമൂഹം ഇന്ന് അനുഭവിയ്ക്കുന്ന ഒരു പ്രധാന പ്രശ്നം.

പ്രാകൃത കാലത്തെ മനുഷ്യനെ വെല്ലുന്ന അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ആധുനിക വികസിത വിദ്യാഭ്യാസത്തിന്റെ എല്ലാ രുചിഭേദങ്ങളും അനുഭവിച്ചിറങ്ങുന്ന അഭ്യസ്ഥ വിദ്യർക്കിടയിൽ വളർന്നു വികസിച്ചു കൊണ്ടിരിയ്ക്കുന്ന ദുര്യോഗം നാളുകളായി നാം അനുഭവിച്ചു കൊണ്ടിരിയ്ക്കുകയാണ്. കാലം ചവറ്റുകുട്ടയിലേയ്ക്കു വലിച്ചെറിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊടിതട്ടിയെടുത്ത് ആധുനിക ഉല്പന്നങ്ങളാക്കി വിറ്റഴിയ്ക്കുന്ന ഉല്പാദകരും അതിന്റെ വിതരണക്കാരും പെരുകിവരികയാണ്. അതിന്റെയൊക്കെ ഫലമായി ഇവിടെ മനുഷ്യ ദൈവങ്ങളും, വിശുദ്ധന്മാരും അവുലിയാക്കളും ഉണ്ടാകുന്നു. ഈ ആധുനിക അന്ധവിശ്വാസ- അനാചാര കച്ചവടക്കാർ യഥാർത്ഥ ദൈവത്തെയല്ല, പണദുർദ്ദേവതയെ ആണ് ആരാധിയ്ക്കുന്നതെന്നു മനസിലാക്കുവാൻ നമ്മുടെ വിദ്യാസമ്പന്നർക്ക് കഴിയുന്നില്ല. എന്തിന് ശാസ്ത്രജ്ഞന്മാർക്കു പോലും കഴിയുന്നില്ല. അവർ അതിന്റെ ഭാഗമായി മാറുകയാണ്.

ഇന്ന് മനുഷ്യ ദൈവങ്ങളുടെ പുറകെ പോകുന്നവരിൽ നല്ലൊരു പങ്കും അഭ്യസ്ഥ വിദ്യരാണെന്നതിൽ നമുക്ക് എന്തുകൊണ്ട് ലജ്ജിച്ചുകൂട? ദിവ്യശക്തികൾ ഉണ്ടെന്ന് അവർ ചുമ്മാ വിശ്വസിയ്ക്കുകയാണ്. മന്ത്രവാദവും മറ്റ് ആഭിചാരക്രിയകളും നടത്തുന്നവരും നല്ലൊരു പങ്ക് അഭ്യസ്തവിദ്യർ തന്നെ. യുക്തിവാദികൾ പണ്ടേ കൊന്നു കുഴിച്ചുമൂടിയ ഭൂതപ്രേത പിശാചുക്കൾ ഇന്നും ഉണ്ടെന്നു വിശ്വസിക്കുന്നവർ ഇന്നുമുണ്ട്, അഭ്യസ്ഥവിദ്യർ അടക്കം. അതൊക്കെ സഹിക്കാമെന്നു വിചാരിക്കാം. ഇന്ന് വർഗ്ഗീയ -ഭീകര പ്രസ്ഥാനങ്ങളിൽ വിശ്വസിയ്ക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരിൽ നല്ലൊരുപങ്കും അഭ്യസ്ത വിദ്യരാണ് എന്നത് നമ്മെ ഭയപ്പെടുത്തുകയാണ്. സാമാന്യ വിദ്യാഭ്യാസമെങ്കിലുമുള്ള ഒരാൾക്ക് ഒരു തികഞ്ഞ വർഗ്ഗീയവാദിയാകാൻ കഴിയുന്നത് അദ്ഭുതകരം തന്നെ! അപ്പോൾ നമ്മുടെ വിദ്യാഭ്യാസത്തിന് എവിടെയോ എന്തോ തകരാറ് ശേഷിയ്ക്കുന്നുണ്ട് എന്നു കരുതേണ്ടിയിരിയ്ക്കുന്നു.

അതുപോലെ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ഉദ്യോഗ കയറ്റം കിട്ടുമ്പോൽ ആദ്യം പോകുന്നത് ആരാധനാലയത്തിലേയ്കാണ്. ഈയിടെ ഐ.എസ്.ആർ.ഒ ചെയർമാനായി സ്ഥാനമേറ്റയാളും ആദ്യം പൂജാദികർമ്മങ്ങൾക്ക് കുടുമ്പക്ഷേത്രത്തിലേയ്ക്കാണു പോയത്. അതൊക്കെ നമുക്ക് പൊറുക്കാം. കാരണം പരമ്പരാഗതമായ വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും മാറിനിൽക്കാനുള്ള മനോധൈര്യം ഇല്ലാത്ത നിലയിൽ വിശ്വാസങ്ങൾ ഉള്ളിൽ രൂഢ മൂലമായി കിടക്കുന്നതു കൊണ്ടാകാം. എന്നാൽ ശാസ്ത്രജ്ഞന്മാർ ഉപഗ്രഹം വിക്ഷേപിയ്ക്കുന്നത് ഗണപതിയ്ക്കു തേങ്ങ ഉടച്ചിട്ടാകുമ്പോൾ അത് ലോകത്തെ പുരോഗതിയിലേയ്ക്ക് ആനയിച്ച ശാസ്ത്രത്തെ അവഹേളിയ്ക്കലാണ്. ദൈവത്തിനു പോലും കഴിയാത്ത കാര്യങ്ങൾ മനുഷ്യനു ചെയ്യാൻ പ്രാപ്തി നൽകിയ ശാസ്ത്രത്തെ ഇങ്ങനെ അവഹേളിയ്ക്കാമോ? അങ്ങനെ വരുമ്പോൾ സാധാരണ അഭ്യസ്ത വിദ്യരെ കുറ്റം പറയുന്നതെങ്ങനെ?

അതു കൊണ്ടൊക്കെയാണ് ഒരു തരത്തിൽ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നാളുകളായി പിഴച്ചു കൊണ്ടിരിയ്ക്കുന്നു എന്നു പറയുന്നത്. വിദ്യാഭ്യാസത്തിലൂടെ നാം എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും മനുഷ്യൻ ശാസ്ത്രത്തെ നിരാകരിയ്ക്കുന്നവനും യുക്തിചിന്തയെ അന്യം നിർത്തുന്നവനും ആയാൽ മനുഷ്യവർഗ്ഗം പുരോഗതിയിലേയ്ക്കായിരിയ്ക്കില്ല അധോഗതിയിലേയ്ക്കായിരിയ്ക്കും മുന്നേറുക. മനുഷ്യന്റെ അന്വേഷണ ബുദ്ധി ശാസ്ത്രത്തെ വളർത്തി. ശാസ്ത്രം യുക്തിചിന്തയെ ബലപ്പെടുത്തി. യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ നിന്നുണ്ടായതാണ് മനുഷ്യന്റെ സർവ്വ നേട്ടങ്ങളും എന്നതു വിസ്മരിയ്ക്കുന്നത് തലമുറകളോടുതന്നെ ചെയ്യുന്ന അനീതിയാണ്.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു ആധുനിക ഫാഷനാക്കി മാറ്റുവാൻ വെമ്പുന്നവർ ആരെന്നും അവരുടെ ലക്ഷ്യം എന്തെന്നും മനസിലാക്കാനുള്ള വിവേകം നമ്മുടെ അഭ്യസ്ഥ വിദ്യർക്ക് ആർജ്ജിയ്ക്കാനാകുന്നില്ലെങ്കിൽ നമുക്ക് ഇവിടെ വിദ്യാഭ്യാസം എന്തിന്?

പിൻ കുറിപ്പ് : നോക്കൂ; പാഠശാലകളിൽ പ്രസംഗിച്ച് കയ്യടി നേടുവാനും മാർക്കു നേടാനും പുരോഗമനാശയങ്ങളും ശാസ്ത്രവും യുക്തി ചിന്തയും ഒക്കെ വേണം.അതെ, അതെല്ലാം ഇന്നു കേവലം എഴുതാനും, പറയനും ഉള്ള വിഷയങ്ങൾ മാത്രമാകുന്നു. അതൊക്കെ എഴുതിയും പ്രസംഗിച്ചും ബിരുദം നേടി പുറത്തു വന്നിട്ടോ തികച്ചും യുക്തിഹീനരെപ്പോലേ പെരുമാറുകയും ചെയ്യുന്നു.

Monday, October 26, 2009

ആഗ്രഹിക്കാത്തൊരു ഭ്രൂണം മുളച്ചാൽ............

ആഗ്രഹിക്കാത്തൊരു ഭ്രൂണം മുളച്ചാൽ............

മുൻ കുറിപ്പ് : ഈ കുറിപ്പിന് ആധാരം ഒരു പത്ര വാർത്തയാണ്. അത് ഇതെഴുതാൻ ഒരു നിമിത്തമാണ്. എന്നാൽ ആര്, എവിടെ , എന്ത്, ഏതു പത്രത്തിൽ എന്നിവ ഇവിടെ പ്രസക്തമാണെന്നു കരുതുന്നില്ല.

പോസ്റ്റിന്റെ ചുരുക്കം: സമൂഹത്തിന്റെ അംഗീകൃത സദാചര സങ്കല്പങ്ങളുമായി നമ്മൾ ഓരോരുത്തരും അവരവരുടെ ജീവിതത്തെ പൊരുത്തപ്പെടുത്താൻ ശ്രമിയ്ക്കണം. അസാന്മർഗ്ഗിക പ്രവർത്തനങ്ങളിലേയ്ക്കു വഴുതി പോകതിരിയ്ക്കാൻ പാകത്തിൽ ജീവിതം സ്വയം നിയന്ത്രിയ്ക്കണം. എന്നാൽ എന്തെങ്കിലും തെറ്റ് സംഭവിച്ചു പോവുകയോ, ആ തെറ്റിന് എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാവുകയോ ചെയ്താലും അതിന്റെ പേരിൽ ജീവിതം സ്വയം ഒടുക്കാനോ ഒരു തെറ്റിനെ മറ്റൊരു തെറ്റു കൊണ്ടു പരിഹരിയ്ക്കാനോ ശ്രമിയ്ക്കരുത്. തെറ്റുകൾ തിരുത്താൻ ജീവിതത്തിൽ ഉടനീളം സമയം ലഭിയ്ക്കും. ഏതു പ്രതിസന്ധികളും പ്രതികൂലാവസ്ഥകളും ഉണ്ടായാലും ജീവിതം ജീവിച്ചു തന്നെ തീർക്കണം. ഈ ഭൂമിലിലെ ഒരു തുള്ളി ജീവ സൌഭാഗ്യം വിലമതിയ്ക്കാനാകാത്തതാണ്; എത്രയും മൂല്യവത്താണ് അത് !

ഇനി വിശദാംശങ്ങളിലേയ്ക്ക്........

വിവാഹിതയല്ലാത്ത ഒരു പെൺകുട്ടി ഗർഭം ധരിച്ചാലത്തെ അനന്തര ഫലങ്ങൾ എന്തൊക്കെയാകാം?

ഒന്ന് : ആ ഗർഭത്തിനുത്തരവാദിയായ പുരുഷൻ ആ പെൺകുട്ടിയെ വിവാഹം കഴിച്ച് പിന്നീടുള്ള കാലം ജീവിയ്ക്കുക.

രണ്ട് : വയറ്റിൽ പൂർണ്ണ വളർച്ച പ്രാപിയ്ക്കുന്നതിനു മുമ്പ് ആ കുഞ്ഞിനെ നശിപ്പിയ്ക്കുക

മൂന്ന് : അപമാന ഭാരത്താൽ ആ കുഞ്ഞിനെയും വയറ്റിലിട്ടു കൊണ്ട് ആത്മഹത്യ ചെയ്യുക

നാല് : രഹസ്യമായോ അല്ലാതെയോ പ്രസവിച്ചശേഷം കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ട് അമ്മ അമ്മയുടെ വഴിയ്ക്കു പോവുക.

അഞ്ച് : രഹസ്യമായോ അല്ലാതെയോ പ്രസവിച്ചശേഷം കുട്ടിയെ ആർക്കെങ്കിലും കൊടുക്കുകയോ ഏതെങ്കിലും അനാഥാലയത്തിൽ ഏല്പിയ്ക്കുകയോ ചെയ്ത് അമ്മയും കുഞ്ഞും രണ്ടിടത്ത് രണ്ടുവഴിയ്ക്ക് തുടർന്നും ജീവിയ്ക്കുക.

ആറ് : വ്യക്തിപരമായും സാമൂഹ്യമായും അമ്മയും കുഞ്ഞും അനുഭവിയ്ക്കാവുന്ന എല്ലാ പ്രത്യാഘാതങ്ങളും അവഗണിച്ച് കുട്ടിയെ പ്രസവിച്ച് അമ്മയും കുഞ്ഞും തുടർന്നും ജീവിയ്ക്കുക.

ഇതിൽ ഒന്നാമത് പറഞ്ഞത് എല്ലായ്പോഴും പ്രയോഗികമായിരിയ്ക്കില്ല. ഒരു പക്ഷെ വിവാഹം കഴിക്കത്തക്ക സാഹചര്യങ്ങളായിരിയ്ക്കില്ല രണ്ടുപേർക്കും. അതല്ലെങ്കിൽ രണ്ടിൽ ഒരാൾ അതിനു സന്നദ്ധമായെന്നിരിയ്ക്കില്ല. മിക്കപ്പോഴും ആണുങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ തടിയൂരുകയാണ് പതിവ്. പലപ്പോഴും സ്ത്രീ വഞ്ചിയ്ക്കപ്പെടുന്നു. മാത്രവുമല്ല ലൈംഗിക ബന്ധത്തിനു മുമ്പ് ഗർഭമുണ്ടായാൽ വിവാഹം കഴിച്ചു കൊള്ളാമെന്ന് വ്യവസ്ഥ വച്ചിട്ടായിരിയ്ക്കില്ല മിക്ക വിവാഹേതര ലൈംഗിക ബന്ധങ്ങളും നടക്കുക. ഇനി ഗർഭിണിയായ സ്ത്രീ ഒന്നിലധികം പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ കുട്ടിയുടെ പിതൃത്വം ആർക്കാണെന്ന് തിരിച്ചറിയാനും കഴിയില്ല. അതിനു പിന്നെ ഡി.എൻ.എ ടെസ്റ്റും മറ്റും നടത്തേണ്ടിയും വരും.

അങ്ങനെ ഒന്നാമതു പറഞ്ഞ മാർഗ്ഗം അസാദ്ധ്യമാകുമ്പോൾ പിന്നെ പ്രായോഗികമായയത് രണ്ടാമതു പറഞ്ഞ ഭ്രൂണഹത്യയാണ്. ഇതാകട്ടെ ഒരു ക്രൂരകൃത്യമാണ്. കൊലപാതകമാണ്. ഒരു മനുഷ്യനെ-അതു സ്വന്തം കുട്ടിയാണെങ്കിലും, ആഗ്രഹിയ്ക്കാത്ത ജനനമാണെങ്കിലും, അതു ഭ്രൂണാവസ്ഥയിലാണെങ്കിലും- കൊല്ലുന്നത് ക്രൂരത തന്നെ. ജനനം ജനിയ്ക്കുന്ന കുട്ടിയുടെ കുറ്റമല്ല. അതിനാൽ ഇവിടെ ചെയ്യാത്ത കുറ്റത്തിന് ഒരു കുട്ടി ശിക്ഷിയ്ക്കപ്പെടുകയാണ്. അതും ക്രൂരമായ വധശിക്ഷ. ഒരു തരത്തിലും ഇതു ന്യായീകരിയ്ക്കാവുന്നതല്ല. ജീവൻ രൂപപ്പെട്ടാൽ ജനിച്ച് പുറത്തു വരികയെന്നുള്ളത് ഒരു കുഞ്ഞിന്റെ സ്വാഭാവികാവകാശമാണ്. അഥവാ അങ്ങനെയാണ് കരുതേണ്ടത്. അതുകൊണ്ട് ഒരമ്മ ഒരിയ്ക്കലും സ്വന്തം ഉദരത്തിൽ വളരുന്ന കുട്ടിയെ നശിപ്പിയ്ക്കരുത്. ബലാത്സംഘം ചെയ്യപ്പെട്ടതാണെങ്കിൽ കൂടിയും.

( ബലാത്സംഘത്തിലൂടെ ജനിയ്ക്കുന്ന കുട്ടി വളർന്ന് അതറിയുമ്പോഴുള്ള മാനസികാവസ്ഥ എന്തായിരിയ്ക്കുമെന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചാൽ അത് ആ കുട്ടി ഒരിയ്ക്കലും അറിയാതിരിയ്ക്കാൻ വേണ്ട മുൻ കരുതലുകൾ എടുക്കുകയോ അല്ലെങ്കിൽ അതിൽ ആ കുട്ടിയ്ക്ക് അത്തരമൊരു മാനസിക അപകർഷബോധം ഉണ്ടാകാതിരിയ്ക്കുന്നതിനുള്ള അവബോധം ഉണ്ടാക്കിക്കൊടുക്കുകയോ ചെയ്യണം എന്ന് ഉത്തരം. എന്നാലും ഭ്രൂണഹത്യ ന്യായീകരിയ്ക്കപ്പെടുന്നില്ല.)

ഇനി മൂന്നാമത്തെ മാർഗ്ഗം നോക്കാം. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സംഭവിയ്ക്കാറുള്ള ഒന്നാണ് ആത്മഹത്യ. ഇന്നത്തെ കാലത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ ആത്മഹത്യയാണണല്ലോ നടക്കുന്നത്. പ്രത്യേകിച്ചും പെൺകുട്ടികൾ. അപ്പോൾ പിന്നെ ഒരു സ്ത്രീയുടെ ശേഷിയ്ക്കുന്ന ജീവിതത്തിൽ വളരെയേറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന അവിഹിത ഗർഭത്തിന്റെ കാര്യം വരുമ്പോൾ മിക്കവാറും പെൺകുട്ടികൾ സ്വീകരിയ്ക്കുന്ന മാർഗ്ഗം ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇത് തികഞ്ഞ മണ്ടത്തരമാണ്. ജീവിതത്തിൽ ഉടനീളം സമൂഹത്തിൽ നില നിൽക്കുന്ന സദാചാര സങ്കല്പങ്ങളുമായി ഓരോരുത്തരുടെയും ജീവിതത്തെ പൊരുത്തപ്പെടുത്തി കൊണ്ടു പോകേണ്ടത് ആവശ്യം തന്നെ. കഴിയുന്നതും അസാന്മാർഗ്ഗിക ജീവിതം നയിക്കാൻ പാടില്ലതന്നെ. എന്നാൽ സന്മാർഗ്ഗത്തിന്റേതല്ലാത്ത വഴിയിൽ എന്തെങ്കിലും അബദ്ധങ്ങൾ സംഭവിച്ചു പോയാൽ ആത്മത്യ ചെയ്യുകയല്ല ചെയ്യേണ്ടത്.

തെറ്റുകൾ തിരുത്താൻ ജീവിതത്തിൽ ഉടനീളം പിന്നെയും സമയമുണ്ട്. സ്വയം മരണത്തെ വരിയ്ക്കുന്നതും കൊലപാതകം തന്നെയാണ്. ഒരാളുടെ ജീവൻ എടുക്കാൻ- അത് സ്വന്തം ജീവനാണെങ്കിലും- ആർക്കും അതിനവകാശമില്ല. ഒരിയ്ക്കലും രക്ഷപ്പെടില്ലെന്നുറപ്പുള്ള രോഗം ബാധിച്ച് വേദന കൊണ്ട് അങ്ങേയറ്റം പ്രയാസപ്പെടുമ്പോൾ രോഗി സ്വയം ദയാവധം ആവശ്യപ്പെട്ടാൽ അതുപോലും സാധാരണ ചെയ്തു കൊടുക്കാൻ ആരും തയ്യാറാകില്ലെന്ന് ഇത്തരുണത്തിൽ ഓർക്കണം. പരമാവധി വേദന ഇല്ലാതാക്കി മരണം വരെ പരിരക്ഷിയ്ക്കാനാണ് ശ്രമിയ്ക്കുക. ജീവന്റെ വില അത്ര വലുതാണ്. ഇവിടെ ഗർഭം ധരിച്ച പെൺകുട്ടി ആത്മഹത്യ ചെയ്യുമ്പോൾ ഇരട്ട കൊലപാതകമാണ് നടത്തുന്നത്. സ്വന്തം ജീവനെ കൊല്ലുന്നതോടൊപ്പം വയറ്റിലുള്ള കുഞ്ഞിനെയും കൊല്ലുന്ന കൊടിയ പാതകം. അപ്പോൾ മൂന്നാമതു പറഞ്ഞ മാർഗ്ഗവും അംഗീകരിയ്ക്കാനാകില്ല.

ഇനി നാലാമത്തെ മാർഗ്ഗം നോക്കുക. ഇതിൽ ചെയ്യുന്നത് എന്താണെന്നു വച്ചാൽ പ്രസവിച്ച് ചോരക്കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിച്ചു പോവുക എന്നതാണ്. കുട്ടിയെ ആരെങ്കിലും വന്നു എടുത്തു കൊണ്ടു പോയി വളർത്തി കൊള്ളും എന്ന വിശ്വാസത്തിലാണ് ഇതു ചെയ്യുന്നത്. ഇതിൽ കുഞ്ഞിനോട് അല്പം അനുകമ്പയുടെ അംശം ഉണ്ടെങ്കിലും അമ്മയുടെ സ്വാർത്ഥതയാണ് കൂടുതൽ പ്രകടമാകുന്നത്. ഇങ്ങനെ പല അമ്മമാരും ചെയ്ത അനുഭവങ്ങൾ ഉണ്ട്. ഇങ്ങനെ ഉപേക്ഷിയ്ക്കപ്പെട്ട ചില കുഞ്ഞുങ്ങൾ ആരാലെങ്കിലും രക്ഷിയ്ക്കപ്പെട്ട് ആരാലെങ്കിലും വളർത്തപ്പെടാം. ചിലപ്പോൾ ആരും കാണാതെ ഉപേക്ഷിച്ചിടത്ത് നിസഹായാ‍വസ്ഥയിൽ കിടന്ന് കുഞ്ഞ് മരിച്ചു പോയെന്നും വരാം. ഏതെങ്കിലും ഹിംസ്ര ജന്തുകളാൽ കടിച്ച് കീറപ്പെട്ടെന്നും ഭക്ഷിയ്ക്കപ്പെട്ടെന്നും വരാം. ഭ്രൂണാവസ്ഥയിൽ ഒരു കുഞ്ഞ് നശിപ്പിയ്ക്കപ്പെടുന്നതിനെക്കാ‍ൾ ക്രൂരമാ‍യ മരണമായിരിയ്ക്കും ഒരു പക്ഷെ എവിടെയെങ്കിലും ഉപേക്ഷിയ്ക്കപ്പെട്ട കുട്ടിയ്ക്ക് ലഭിയ്ക്കുക. അതു കൊണ്ട് ഈ മാർഗ്ഗവും ന്യയീകരിയ്ക്കത്തക്കതല്ല. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നത് മാതൃത്വത്തിനു നിരക്കുന്ന ഒരു പ്രവൃത്തിയേ അല്ല. ഇതും ക്രൂരമാണ്.

ഇനി അഞ്ചാമത്തെ മാർഗ്ഗം എടുക്കാം. ഇതു നീതീകരിക്കാവുന്ന ഒരു മാർഗ്ഗമാണ്. ഇവിടെ അമ്മ കുഞ്ഞിനെ രഹസ്യമായോ അല്ലാതെയോ പ്രസവിച്ച ശേഷം കുഞ്ഞിനെ ഏതെങ്കിലും സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ജീവിതം സുരക്ഷിതമാക്കുന്നു. പിന്നീട് അമ്മ കുട്ടിയെ കാണുകയോ ബന്ധം നിലനിർത്തുകയോ ചെയ്തെന്നിരിയ്ക്കാം മറിച്ച് പിന്നീട് കുഞ്ഞിനെ തേടി അമ്മ ഒരിയ്ക്കലും പോകാതിരിയ്ക്കുകയോ അച്ഛനും അമ്മയും ആരെന്ന് അറിയാതെ കുഞ്ഞ് ജീവിയ്ക്കുകയോ ചെയ്യാം. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവിതകാലത്തിൽ ഉടനീളം ചില മാനസിക സംഘർഷങ്ങളും വൈകാരിക പ്രശ്നങ്ങളും ഉണ്ടാക്കിയെന്നിരിയ്ക്കാം. സ്വാഭാവികമായ ആ ഒരു അനന്തര ഫലത്തെ നമുക്ക് അവഗണിയ്ക്കാവുന്നതേയുള്ളു. കാരണം രണ്ടു പേർക്കും ജീവിതം ഉണ്ടല്ലോ. ഇനിയും ഇതിൽ ചില കുട്ടികൾ ദത്തെടുക്കപ്പെട്ട് നല്ല നിലയിൽ മാതൃ-പിതൃ വാത്സല്യങ്ങൾ അറിഞ്ഞ് സന്തോഷത്തോടെ ജീവിച്ചു എന്നും വരാം. വളർത്തച്ഛനും വളർത്തമ്മയും യഥാർത്ഥ അച്ഛനും അമ്മയും ആണെന്ന ധാരണയിൽ തന്നെ അവസാന കാലം വരെ ജീവിയ്ക്കാൻ കഴിയുന്ന കുട്ടികൾക്കാകട്ടെ മറ്റു മാനസിക പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാനുമിടയില്ല.

ഇനി അറിയാറായതിനു ശേഷം എന്നെങ്കിലും തന്റെ ജനനത്തിന്റെ പ്രത്യേകത അറിഞ്ഞാൽ തന്നെ അതിനെ യാത്ഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളാൻ ചിലർക്കെങ്കിലും കഴിഞ്ഞെന്നുമിരിയ്ക്കും.അഥവാ കഴിയണം. ജനിച്ചത് എങ്ങനെ ഏതു സാഹചര്യത്തിലാണെങ്കിലും ആ ജനനം ഒരു കുറ്റമല്ലെന്ന് കരുതാനുള്ള വിവേകം ഉണ്ടാകണം. ഇല്ലെങ്കിൽ മറ്റുള്ളവർ അത് ഉണ്ടാക്കി കൊടുക്കണം. ഈ പറഞ്ഞ അഞ്ചാമത്തെ മാർഗ്ഗത്തിൽ രണ്ടിടത്തും രണ്ടു വഴിയ്ക്കുമാണെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ജീവിക്കുവാൻ അവസരം ലഭിയ്ക്കുന്നു എന്നതു കൊണ്ടും, സമൂഹത്തിന്റെ കപട സദാചാര സങ്കല്പങ്ങളാണ് ഈ അമ്മയെ ഇങ്ങനെ കുട്ടിയെ സുരക്ഷിതമായ ഒരു കൈമാറ്റത്തിനു നിർബന്ധിതമാക്കുന്നത് എന്നതുകൊണ്ടും നമുക്കു പൊറുത്തു മാപ്പാക്കാം. അമ്മയ്ക്ക് തുടർന്ന് തെറ്റുകൾ തിരുത്താനും യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് പുതിയൊരു ജീവിതം നയിക്കുവാനും ഉള്ള ആർജ്ജവവും ഉണ്ടാകണം.

ഇനിയും ആറാമത് ഒരു മാർഗ്ഗം പറഞ്ഞിരുന്നല്ലോ. അതാണ് ഏറ്റവും ശരിയായ മാ‍ർഗ്ഗം. പക്ഷെ അതു സ്വീകരിയ്ക്കാൻ കഴിയണമെങ്കിൽ അസാമാന്യമായ ഇച്ഛാശക്തിയും ധൈര്യവും എന്തും നേരിടാനുള്ള സന്നദ്ധതയും ഉണ്ടാകണം. ജീവിതത്തെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കവാൻ കഴിയണം. സമൂഹത്തിന്റെ കപട സദാചാര ബോധമാണ് ഇങ്ങനെ ഒരു വെല്ലു വിളി ഏറ്റെടുക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്തിരിപ്പിയ്ക്കുന്നത്. ഒരിയ്ക്കൽ പിഴച്ചു പോയ ഒരു സ്ത്രീയ്ക്ക് പിന്നെ ആ അസാന്മാർഗ്ഗികമായ വഴി മാത്രം വച്ചുനീട്ടുന്ന സമൂഹമാണ് നമുക്കു മുന്നിൽ ഉള്ളത്. തെറ്റുപറ്റിയാൽ പിന്നെ തെറ്റിന്റെ വഴിയേ ഉള്ളു എന്ന മിഥ്യാ ധാരണ. വിവാഹത്തിനു മുൻപ് അമ്മയായവൾ എന്നറിഞ്ഞാൽ ആ സ്ത്രീയെ വിവാഹം കഴിയ്ക്കാൻ പുരുഷൻമാർ ആരും തയ്യാറാകില്ല. ഇതിനു കാരണം ഇങ്ങനെ അബദ്ധങ്ങളിൽ ചെന്നു ചാടുന്ന പെൺകുട്ടികൾ നല്ലൊരു പങ്ക് ഇനി ഒരു മാന്യമായ ജീവിതം ഇല്ലെന്നു കരുതി വീണ്ടും അപഥ സഞ്ചാരം തന്നെ തുടരുന്നു എന്നതാണ്.

നമ്മുടെ സമൂഹം വച്ചു പുലർത്തുന്ന കപട സദാചാരത്തിന്റെ മുഖം മൂടികൾ പിച്ചി ചീന്തുവാനൊന്നും ഇവിടെ വിസ്താര ഭയത്താൽ തൽക്കാലം ഉദ്ദേശിയ്ക്കുന്നില്ല. രഹസ്യമായി എല്ലാ അസാന്മാർഗ്ഗിക പ്രവൃത്തികളും നടത്തുകയും പരസ്യമായി വലിയ സദാചാരക്കാരും തറവാട്ടു മഹിമക്കാരായും ചമഞ്ഞു നടക്കുകയും ചെയ്യുന്നവരാണ് നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷവും. പലരും അവിഹിതത്തിനു പോയിട്ട് സ്ത്രീ ഗർഭിണിയാകാത്തതുകൊണ്ടും എയിഡ്സും മറ്റും പിടിച്ച് മാലോകർ അറിയാത്തതുകൊണ്ടും മാത്രം മാന്യന്മാരായി നടക്കുന്നു. വലിയ പണക്കാർ നടത്തുന്ന അവിഹിത സ്ത്രീ പുരുഷ സമാഗമമൊക്കെ ആധുനിക ജീവിതത്തിന്റെ ഭാഗമെന്നു പറഞ്ഞ് മഹത്വവൽക്കരിയ്ക്കപ്പെടുന്നു. അതു പാവങ്ങൾ നടത്തിയാൽ പക്ഷെ, വ്യഭിചാരം എന്നാണു പേർ വിളിയ്ക്കുന്നത്. എവിടെയുമുണ്ടല്ലോ സമൂഹത്തിന്റെ ഈ ഇരട്ടത്താപ്പു നയം. അതുപോലെ അന്യ ജാതിക്കാരുമായിട്ടൊക്കെ രഹസ്യ ബന്ധം ആ‍കാം, വിവാഹം പാടില്ല! താഴ്ന്ന ജാതിക്കാരുമായും ലൈംഗിക ബന്ധം ആകാം, പക്ഷെ തൊട്ടു തിന്നില്ല; മേലാളർ കഴിയ്ക്കുന്ന പാത്രത്തിൽ അവർക്ക് ആഹാരവും നൽകില്ല! ഇതാണല്ലോ ഇവിടുത്തെ സദാചാര ബോധം. അതിലേയ്ക്കൊന്നും ഇപ്പോൾ കടന്നു പോകുന്നില്ല.

ഒരു കാര്യം പ്രത്യേകം ഓർക്കണം. വിവാഹിതരായാലും അല്ലെങ്കിലും പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഉഭയ കക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ വിലക്കുന്ന നിയമമൊന്നും നിലവിലില്ലെന്നിരിയ്ക്കേയാണ് നമ്മുടെ സമൂഹം ഈ കപട സദാചാര ബോധം വച്ചു പുലർത്തുന്നത്. എന്നാൽ ചോദിയ്ക്കും ഹോട്ടലുകളിൽ റെയിഡൊക്കെ നടത്തി എന്തിനാണ് കമിതാക്കളെ പോലീസു പിടിയ്ക്കുന്നതെന്ന് ! അതു പിന്നെ ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധം നിയമം വിലക്കുന്നില്ലെങ്കിലും വ്യഭിചാരം കുറ്റകരമാണ്. അതായത് പ്രതിഫലം കൊടുത്തും വാങ്ങിയും ഉള്ള ലൈംഗിക ബന്ധം കുറ്റമാണ്. ഇതിനു പച്ച മലയാളത്തിൽ വേശ്യാവൃത്തി എന്നു പറയും. നോക്കൂ വേശ്യയെ സമീപിയ്ക്കുന്ന പങ്കാളിയും കസ്റ്റമറുമായ പുരുഷനു വേശ്യനെന്നു പേരൊന്നുമില്ല, ഒരു നിഘണ്ടുവിലും. അവിടെയും സ്ത്രീയുടെ നേർക്ക് മാത്രമാണ് കുറ്റാരോപണം. ഇനി വേശ്യാവൃത്തിയല്ലാത്ത ലൈംഗിക ബന്ധമാണ് പിടിയ്ക്കപ്പെടുന്നതെങ്കിലും അത് വേശ്യാവൃത്തിയാണെന്നു വരുത്തിക്കൊണ്ടാണ് നമ്മുടെ പോലീസുകാർ അവരെ അറസ്റ്റു ചെയ്ത് കേസെടുക്കുന്നതത്രേ! ( ഇത് ഒരു പോലീസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു തന്ന രഹസ്യമാണ്. ആരോടും പറയരുത്.) അതു കൊണ്ട് ഒത്തു കിട്ടുന്നവരെയും കൊണ്ട് എങ്ങും ചെന്നു വലിഞ്ഞു കയറരുത്. അടങ്ങി ഒതുങ്ങി ജീവിയ്ക്കുക.

ഇതൊക്കെ പറഞ്ഞെങ്കിലും വിവാഹേതര ലൈംഗിക ബന്ധത്തിനു നിയന്ത്രണങ്ങൾ വേണം. ഒരിയ്ക്കലും ആഗ്രഹിയ്ക്കാത്ത ഒരു ജനനം അതിന്റെ ഫലമായി ഉണ്ടാകാതിരിയ്ക്കാൻ എല്ലാവരും ശ്രദ്ധിയ്ക്കണം. കാരണം അനാഥരുടെ എണ്ണം വെറുതെ വർദ്ധിപ്പിയ്ക്കരുത്. ഒന്നാമത് നമ്മുടെ സമൂഹത്തിൽ അവിഹിത ഗർഭ ധാരണത്തിലൂടെ ജനിയ്ക്കുന്ന കുട്ടികൾക്ക് അപഹർഷതാ ബോധം ഇല്ലാതെ ജീവിയ്ക്കുവാനുള്ള സാഹചര്യങ്ങൾ കുറവാണ്. കപട സദാചാര സങ്കല്പം തന്നെ വില്ലൻ. ജന്മം നൽകി ആ കുഞ്ഞുങ്ങൾ വളർന്നു വലുതാകുമ്പോൾ അവരുടെ തന്നെ ശാപം ഏറ്റു വാങ്ങുന്നതെന്തിന്? അതുകൊണ്ട് അംഗീകൃത ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ അല്ലാതെയുള്ള ലൈംഗിക ബന്ധങ്ങൾ ഒഴിവാക്കുന്നതു തന്നെയാണു നല്ലത്.

പിന്നെ ആർക്കെങ്കിലും വല്ല അബദ്ധവും പറ്റി പോയാൽ പതറാതെ യാഥാർത്ഥ്യ ബോധത്തോടെ അതിനെ നേരിടണമെന്നും അതിന്റെ പേരിൽ ജീവിതം ഹോമിയ്ക്കരുതെന്നും പറയുകയാണ്. തെറ്റ് ആർക്കും എപ്പോഴും സംഭവിയ്ക്കാം. . എങ്കിലും നാം കരുതലോടെ നീങ്ങിയാൽ പൊല്ലാപ്പുകൾ ഇല്ലല്ലോ. അതുകൊണ്ട് വിവാഹേതര ലൈംഗിക ബന്ധം ഒഴിവാക്കാൻ പറ്റാത്തവർ സൂക്ഷിച്ച്............. ഒരു സാമൂഹ്യ അംഗീകാരമില്ലാത്ത ജനനം ഒഴിവാക്കാനുള്ള മുൻ കരുതലുകളോടെ വേണം അതു ചെയ്യാൻ. അല്ലാതെന്തു പറയാൻ! എങ്കിലും അടിവരയിട്ടു പറയട്ടെ; ജീവിതത്തിൽ എപ്പോഴും സമൂഹം അംഗീകരിച്ചിട്ടുള്ള സദാചാര സങ്കല്പങ്ങൾ പാലിച്ച് സ്വയം നിയന്ത്രിതരായി മുന്നോട്ടു നീങ്ങിയാൽ ടെൻഷനുകൾ ഇല്ലാതെ ജീവിയ്ക്കാം. ഓർക്കുക തെറ്റുകൾ ശരിയായ മാനസികാരോഗ്യത്തിനു ഹാനികരമാണ്.

ഈ കുറിപ്പ് എഴുതാനുള്ള കാരണം ഒരു പത്ര വാർത്തയാണ്. ഒരു പെൺകുട്ടി; എവിടുത്തെ, ഏതു പെൺകുട്ടി എന്നതൊന്നും പ്രശ്നമല്ല. അതും ഒരു പൊതു പ്രവർത്തക. ഒരു മാസം ഈ കുട്ടിയെ കാണാതായത്രേ. എന്നാൽ ഒരു മാസം കഴിഞ്ഞ് ആ പെൺകുട്ടി ഒരു ചോര കുഞ്ഞുമായി ഒരു അനാഥാലയത്തിൽ പ്രത്യക്ഷപ്പെട്ടു. ആ പത്രവാർത്ത ധ്വനിപ്പിയ്ക്കുന്നത് ആ പെൺകുട്ടി നയിച്ചിരുന്ന അസാന്മാർഗിക ജീവിതത്തെയാണ്. അതെന്തോ ആകട്ടെ. അതിന്റെ പിന്നാമ്പുറ കഥകൾ എന്തുമാകട്ടെ. നമ്മുടെ ചില മാധ്യമങ്ങളുടെ മാതിരി അതൊന്നും ചികഞ്ഞു പോകാൻ ഞാൻ ആളല്ല. അസാന്മാർഗിക പ്രവൃത്തികൾ ആശാസ്യമല്ലതന്നെ. അതു പ്രോത്സാഹന ജനകവുമല്ല.

എന്നാൽ ആ വാർത്ത വായിച്ചപ്പോൾ ഞാൻ വേറൊരു കാര്യമാണ് ചിന്തിച്ചത്. അതായത്, നമുക്കറിയാമല്ലോ തൊട്ടതിനും പിടിച്ചതിനും എല്ലാം ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. മിക്കതിന്റെയും കാരണം മാനഹാനിയും മറ്റുമാണു താനും. വളരെ നിസ്സാരമായ കാര്യങ്ങളെ ചൊല്ലി പോലും ആത്മഹത്യകൾ ഉണ്ടാകുന്നു. ഇനി ഒത്തിരി വലിയ പ്രശ്നങ്ങൾ തന്നെ ആയാലും എന്തിന് ആത്മഹത്യ ചെയ്യുന്നു? ആ ഒരു ടെന്റൻസിയുള്ളവർ ഇതു മനസ്സിലാക്കണം. ആ വാർത്തയ്ക്കാധാരമായ സംഭവത്തിന്റെ ഒരു പ്രധാന ഭാഗം കഴിഞ്ഞിരിയ്ക്കുകയാണ്.

വിവാഹം കഴിയ്ക്കാതെ ഗർഭം ധരിച്ചുപോയ ആ വാർത്തയിലെ പെൺകുട്ടി, വയറ്റിലുള്ള കുഞ്ഞിനെ നശിപ്പിച്ചില്ല. കുഞ്ഞിനെ പ്രസവിച്ചു. ആ പെൺകുട്ടി അപമാനം ഭയന്ന് ആത്മഹത്യ ചെയ്തില്ല. സംഭവിച്ചതു സംഭവിച്ചു. പിന്നെ വേവലാതിപ്പെട്ടിട്ട് എന്തു കാര്യം? തികച്ചും യാഥാർത്ഥ്യ ബോധത്തോടെ ആ പെൺകുട്ടി അതിനെ നേരിട്ടിരിയ്ക്കുന്നു എന്നു വേണം കരുതാൻ. അങ്ങനെ വേണം പെൺകുട്ടികൾ. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടല്ല പരിഹരിയ്ക്കേണ്ടത്. സംഭവത്തിലെ ഈ ഒരു പോസിറ്റീവ് (ക്രിയാത്മക) അംശം കാണാതെ അവരുടെ അസാന്മാർഗ്ഗിക ജീവിതത്തിലേയ്ക്കു മാത്രം ഫോക്കസ് ചെയ്യുന്നത് സംഭവത്തോടുള്ള നെഗറ്റീവ് അപ്രോച്ചിലുള്ള (നിഷേധാത്മകമായ ) ഒരു പ്രതികരണമായിരിയ്ക്കും. ആ പെൺകുട്ടിയ്ക്ക് ജീവിതത്തിൽ ഇതുവരെ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയൊക്കെ തിരുത്തി ഇനിയും നല്ലൊരു ജീവിതം നയിക്കാൻ സാധിയ്ക്കും. ആ അമ്മയ്ക്കും കുഞ്ഞിനും നല്ലൊരു ജീവിത വഴി തെളിഞ്ഞു കിട്ടട്ടെ എന്നും ആശംസിച്ചു കൊണ്ട് ഈ കുറിപ്പ് തൽക്കാലം നിർത്തുന്നു.

പിൻ കുറിപ്പ് : ഈ കുറിപ്പിനാധാരമായ സംഭവം ഒരു പ്രമുഖ പത്രത്തിൽ വന്നതായതുകൊണ്ടും ഈ പോസ്റ്റെഴുതാൻ ഒരു നിമിത്തമായതുകൊണ്ടുമാണ് ഇവിടെ പരാമർശിച്ചത്.

അരുതോ, ഹര്‍ത്താലുകള്‍?

ഹർത്താലുകൾ വേണോ? ഹർത്താൽ നിരോധിക്കണോ? നിരോധിച്ചാൽ ഹർത്താൽ ഇല്ലാതാകുമോ? നിരോധിയ്ക്കുന്നതു ശരിയോ? നിരോധനം ആർക്കുവേണ്ടി?

മുൻകുറിപ്പ്: ഹർത്താലിനെ കുറിച്ചുള്ള ചില ശിഥിലമായ ചിന്തകൾക്ക് പരിമിതമായ അക്ഷര രൂപങ്ങൾ നൽകുകയാണിവിടെ. ചർച്ചകൾക്ക് ഒരു മുൻ കുറിപ്പ് എന്ന നിലയിൽ!

ഈ പോസ്റ്റിന്റെ ചുരുക്കം: ഹർത്താൽ നിരവധി സമര രൂപങ്ങളിൽ ഒന്നു മാത്രമാണ്. അവ നിരോധിയ്ക്കുന്നത് ജനാധിത്യാവകാശങ്ങളിൽ ഒന്നിന്റെ നിഷേധമാണ്. അത് അപ്രായോഗികവുമാണ്. എന്നാൽ ഹർത്താലുകളിൽ നിന്ന് വാഹന ഗതാകഗതത്തെ പൂർണ്ണമായും ഒഴിവാക്കണം. അവശ്യ സർവീസുകൾ സംബന്ധിച്ച് പുതിയ ലിസ്റ്റുണ്ടാകണം. അവയും ഹർത്താലിൽ നിന്ന് ഒഴിവാക്കണം.

അരുതോ, ഹർത്താലുകൾ ?

തുടർന്നു വായിക്കുക......

ഹർത്താലിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയിട്ടു കുറച്ചു നാളായി. ഇപ്പോൾ കോൺഗ്രസ്സ് പാർട്ടി ഹർത്താൽ നടത്തില്ലെന്നു തീരുമാനിയ്ക്കാൻ പോകുന്നതായ പ്രഖ്യാപനം നടത്തിയതോടെയാണ് അത് വീണ്ടും സജീവ ചർച്ചാവിഷയമാകുന്നത്. ഹർത്താൽ എന്നത് നിരവധി സമര രൂപങ്ങളിൽ ഒന്നു മാത്രമാണ്. സമരം ചെയ്യുക എന്നത് ജനാധിപത്യത്തിലെ ഒരു സ്വാഭാവികാവകാശമാണ്. അതുകൊണ്ടു തന്നെ സമാധാനപരമായും, നിരായുധമായും നടത്താവുന്ന ഏതെങ്കിലും സമര രൂപം നിരോധിയ്ക്കുന്നത് ജനാധിപത്യാവകാശങ്ങളിൽ ഒന്നു നിഷേധിയ്ക്കുക എന്നതു തന്നെ. അതുകൊണ്ട് ഹർത്താലും ഒരു സമര രൂപമാകയാൽ അത് പൂർണ്ണമായും നിരോധിയ്ക്കുക എന്നത് പൌരാവകാശ നിഷേധം തന്നെ. അത് പ്രായോഗികവും അല്ല. ബന്ദ് നിരോധിച്ചപ്പോഴാണ് ഹർത്താൽ ബന്ദിന്റെ കൂടി അർത്ഥം കൈക്കൊണ്ടത്. ഇപ്പോൾ ഹർത്താൽ എന്നാൽ ബന്ദുതന്നെ എന്ന സ്ഥിതിയിലുമായി. ഇനി ഹർത്താൽ നിരോധിച്ചാൽ ഹർത്താൽ എന്ന വാക്ക് അവഗണിയ്ക്കപ്പെട്ട് നിഘണ്ടുവിലിരുന്ന് തുരുമ്പിയ്ക്കും എന്നല്ലാതെ, ഹർത്താൽ എന്ന വാക്ക് ഉൾക്കൊള്ളുന്ന സമര രൂപം അവസാനിയ്ക്കാൻ പോകുന്നില്ല. കാരണം ഓരേ അർത്ഥത്തിൽ പകരം പകരം ഉപയോഗിയ്ക്കാവുന്ന നിരവധി വാക്കുകൾ ഇനിയും മലയാളം ഉൾപ്പെടെ എല്ലാ ഭാഷാ നിഘണ്ടുകളിലും ഉണ്ട്. പണിമുടക്ക്, വിട്ടുനിൽക്കൽ, പ്രതിരോധം തുടങ്ങിയ സാധാരണ പദങ്ങൾ തന്നെ ധാരാളം. അതുമല്ലെങ്കിൽ പുതിയ ഒരു വാക്കു കണ്ടു പിടിച്ച് ഭാഷയ്ക്ക് മുതൽക്കൂട്ടുക തന്നെ.അതുകൊണ്ട് നിരോധനം കൊണ്ട് ഹർത്താലിനെ തുരത്താമെന്ന് ആരും കരുതേണ്ട. സമാധാനപരമായി സംഘടിയ്ക്കാനും പ്രതിഷേധിയ്ക്കാനും,സമരം ചെയ്യാനും, അഭിപ്രായം പറയാനും, വിമർശിയ്ക്കാനും ഒക്കെയുള്ള അവകാശം ഉൾക്കൊള്ളുന്നതാണു ജനാധിപത്യം. അല്ലാതെ സമയാസമയം വോട്ടു ചെയ്ത് ഒരു ഭരണകൂടത്തെ തെരഞ്ഞെടുത്തശേഷം കണ്ണും കാതും വായും പൂട്ടി കൈയ്യുംകെട്ടി ഇരുന്നുകൊള്ളണം എന്നതല്ല, ജനാധിപത്യം!

ഹർത്താലുകൾ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണു വാദമെങ്കിൽ, ആരാണീ ജനം? ഹർത്താൽ നടത്തുന്നവരും ജനമല്ലേ? ജനത്തെ ബുദ്ധിമുട്ടുയ്ക്കാതെ അർക്കും ഒരു സമരവും നടത്താൻ കഴിയില്ല. ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത ഒരു സമരം സമരങ്ങളുടെ ചരിത്രത്തിൽ തന്നെ ഉണ്ടാകില്ല. ഗാന്ധിജിയുടെ സഹനസമരമായാൽ പോലും ആർക്കെങ്കിലും ഒക്കെ ബുദ്ധിമുട്ടുണ്ടാക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരരവും ആരെയും ബുദ്ധിമുട്ടിയ്ക്കാതെ നടത്തിയതല്ല. നമ്മുടെ സ്വാതന്ത്ര്യ സമരം കൊണ്ട് ബ്രിട്ടീഷുകാർ മാത്രമല്ല ബുദ്ധിമുട്ടിയത്. ഇന്ത്യക്കാരും ബുദ്ധിമുട്ടിയിട്ടുണ്ട്. സമരങ്ങളിലൊന്നും പങ്കെടുക്കാൻ ഇഷ്ടപ്പെടാത്തവരുടെ സൌകര്യത്തിന് ഒരു സമരവും നടത്താൻ കഴിയില്ല. സമരങ്ങളോട് താല്പര്യമില്ലാത്തവർ മാത്രമാണ് ജനമെന്ന സങ്കല്പം പാടില്ല. എല്ലാ കാലത്തും സമൂഹത്തിന്റെ മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിയ്ക്കുന്നവർ ഒരു ചെറിയ വിഭാഗം മാത്രമാണ് ഉണ്ടാവുക. അതാണു ചരിത്രം നമ്മെ പഠിപ്പിയ്ക്കുന്നതും.നല്ലൊരു പങ്ക് ആളുകളും നാട്ടിലോ രാജ്യത്തിലോ ലോകത്തിലോ എന്തു തന്നെ നടന്നാലും നമുക്കൊന്നുമില്ലെന്ന മട്ടിൽ സ്വന്തം കാര്യം നോക്കി കഴിയുന്നവരാണ്. അത് ബ്രിട്ടീഷുകാർ ഇവിടെ ഭരിയ്ക്കുന്ന കാലത്തും അങ്ങനെ തന്നെ ആയിരുന്നു. അക്കൂട്ടർക്ക് ഇവിടെ ആരു ഭരിച്ചാലും കണക്കു തന്നെ. വിദേശികൾ ഭരിച്ചാലും, രാജാവു ഭരിച്ചാലും, പട്ടാളം ഭരിച്ചാലും ഇനിയതല്ല ജനാധിപത്യഭരണം ആയാലും തങ്ങൾക്കു തങ്ങളുടെ കാര്യം എന്ന മട്ടിൽ ചിന്തിക്കുന്നവർ! അങ്ങനത്തോരെ സംബന്ധിച്ച് ഹർത്താൽ മാത്രമല്ല എല്ലാ സമരരൂപങ്ങളും എന്തിനു രാഷ്ട്രീയ പ്രവർത്തനം തന്നെ അവർക്ക് അരോചകമായി തോന്നും. അത്തരം സാമൂഹ്യ ബോധമില്ലാത്തവരും അരാഷ്ട്രീയ വാദികളും മാ‍ത്രമാണു ജനങ്ങളെന്നു ധരിയ്ക്കരുത്. അവരുടെ ചൊറിച്ചിൽ മാറ്റാൻ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ സംവിധാനങ്ങളും കൂട്ടു നിൽക്കരുത്.

കാരണം ഇപ്പോൾ അവർ ഹർത്താൽ വേണ്ടെന്നു പറയും. പിന്നെ പ്രകടനങ്ങൾ,. ജാഥകൾ, ധർണ്ണകൾ, പിക്കറ്റിംഗ്, പൊതുയോഗങ്ങൾ ഇവയൊന്നും വേണ്ടെന്നു പറയും. പിന്നെ അഭിപ്രായ സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പ് ഇതൊന്നും വേണ്ടെന്നു പറയും. അങ്ങനെ ഒടുവിൽ ജനാധിപത്യം തന്നെ ഇല്ലാതാകുമ്പോഴേ ഈ അസ്വസ്ഥരുടെ ചൊറിച്ചിൽ മാറുകയുള്ളു. ഇതൊരു പ്രത്യേകതരം ചൊറിച്ചിലാണ്. അതില്ലതാക്കാൻ ഹർത്താലല്ല സാക്ഷാൽ ബന്ദു തന്നെ വേണം! അരാഷ്ട്രീയതയുടെ മൂടുപടമണിഞ്ഞവരാണ് ഇതിൽ ചിലർ. പൊതുവെ, ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിയ്ക്കാൻ കൂടുതൽ താല്പര്യമെടുക്കുന്ന പ്രസ്ഥാനങ്ങളോടുള്ള അസഹിഷ്ണുതതന്നെയാണ് ഇതിൽ ചിലർക്ക്. ഒരു ജാഥ കാണുമ്പോഴും പ്രകടനം കാണുമ്പോഴും ഈ ചൊറിച്ചിലുകാർ മുറുമുറുക്കാറുണ്ട്. അവർക്കു റോഡു മുറിച്ച് കടക്കാൻ കഴിയുന്നില്ല, വാഹനം നിറുത്തിയിടുകയോ, വഴിമാറ്റി വിടുകയോ ചെയ്യേണ്ടിവരുന്നു തുടങ്ങിയ പരാതികളാണവർക്ക്. പിന്നെ ചിലർക്ക് സെക്രട്ടറിയേറ്റിനു മുന്നിലും മറ്റു സർക്കാർ ഓഫീസുകൾക്കു മുന്നിലും ധർണ്ണകളും പ്രകടങ്ങളും മറ്റും നടത്തുന്നതിലാണ് നീരസം. സർക്കാരിനെതിരെ സമരം നടത്തുന്നത് ഭരണസിരാകേന്ദ്രത്തിനു മുന്നിലല്ലാതെ പിന്നെ ഈ പറയുന്നോന്മാരുടെയൊക്കെ അച്ഛന്മാരുടെ വീട്ടുമുറ്റത്താണോ എന്നാരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ? ഗവർണ്മെന്റിന്റെ ശ്രദ്ധതിരിയ്ക്കാനുള്ള ഒരു സമരം നഗരത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പറഞ്ഞ് മാമം കാളച്ചന്തയിൽ പോയിരുന്ന് നടത്തിയാൽ മതിയോ? നഗരത്തിരക്കിൽനിന്നു മാറി സമരം ചെയ്യാൻ പ്രത്യേകം സ്ഥലം കണ്ടെത്തണമെന്നു വാദിയ്ക്കുന്നവരും ഉണ്ട്. അവരുടെ വിചാരം ഈ സമരം എന്നു പറയുന്നത് എന്തോ കലാപരിപാടിയാണ് എന്നാണ്. രാജ്യത്ത് എന്തു നടന്നാലും തങ്ങളുടെ ജീവിതം സ്വസ്ഥമായിരുന്നാൽ മതിയെന്നു വിശ്വസിയ്ക്കുന്ന ഈ സ്വാർത്ഥ ജീവികൾ ആഗ്രഹിയ്ക്കുന്നതിനനുസരിച്ച് പരുവപ്പെടുത്തേണ്ട ഒന്നല്ല ഒരു ജനാധിപത്യ രാജ്യം. സജീവവും, ക്രിയാത്മമകവുമായി പ്രവർത്തിയ്ക്കുന്ന ഒരു ജനമാണ് ജനാധിപത്യത്തിന്റെ കാതൽ. ഒരു ജനാധിപത്യ രാജ്യം എപ്പോഴും സംഭവ ബഹുലമായിരിയ്ക്കും. ഭരണപക്ഷവും പ്രതിപക്ഷവും വിമർശനങ്ങളും സമരവും പൊതുയോഗങ്ങളും ജാഥകളും ഒക്കെയായി അതു മുന്നോട്ടു പോകും. അതൊന്നും പിടിയ്ക്കാത്തവർ വല്ല പട്ടാള രാജ്യത്തിലോ രാജഭരണമുള്ള നാടുകളിലോ പോയി സ്ഥിരവാസം ചെയ്യണം. അല്ലപിന്നെ! ഹർത്താലിനെതിരെ ശബ്ദിച്ച് ജനങ്ങളുടെ പ്രീതി ചുളുവിനു സമ്പാദിയ്ക്കാമെന്നു വച്ച് ചില രാഷ്ട്രീയ നേതാക്കൾ തന്നെ മുന്നോട്ടു വന്നിട്ടുള്ളത് ദുഷ്ടലാക്കോടെയാണ് എന്ന് കരുതേണ്ടിയിരിയ്ക്കുന്നു!

ഇനി ഹർത്താലുകൾ സമാധാനത്തിനു ഭംഗം വരുത്തുന്നു എന്നാണ് വാദമെങ്കിലിൽ, ഹർത്താൽ മാത്രമല്ല അക്രമാസക്തമാകുന്ന സമരമുറ. മറ്റു സാധാരണ സമരങ്ങളാണ് പലപ്പോഴും ഹർത്താലിനെക്കാൾ അക്രമാസക്തമാകാറുള്ളത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതു പോലെ അക്രമം ഭയന്ന് സമരാവകാശം കവർന്നെടുക്കുകയല്ല വേണ്ടത്. അക്രമം നടന്നാൽ അതു സമരത്തിലായാലും കേസെടുക്കാൻ ഇവിടെ നിയമം ഉണ്ട്. അതുകൊണ്ട് അക്രമം എന്നത് ഒരു സമര രൂപത്തിന്റെ കുഴപ്പമല്ല; ഹർത്താൽ ഉൾപ്പെടെ. അതു നടത്തുന്നവരുടെ സമീപനമാണ് പ്രശ്നം. ഒരു സമരം അക്രമാസക്തമായും നടത്താം; അല്ലാതെയും നടത്താം. അരാഷ്ട്രീയ വാദം എല്ലാ മേഖലകളിലേയ്ക്കും വ്യാപിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ പലഭാഗത്തുനിന്നും എല്ലാ കാലത്തും ഉണ്ടാകാറുള്ളതാണ്. അതിന്റെയൊക്കെ ഭാഗമാണിതും. തൊഴിലാളികൾ സംഘടിയ്ക്കുന്നതും ന്യായമായ ആവശ്യത്തിനു വേണ്ടി സമരം ചെയ്യുന്നതും ഇഷ്ടപ്പെടാത്തവർ ഉണ്ട്. സംഘടിത തൊഴിലാളികളാണ് ഇവിടെ സകല പ്രശ്നങ്ങൾക്കും കാരണമെന്നും ബോധപൂർവ്വം പ്രചരിപ്പിയ്ക്കുന്നവർ ഉണ്ട്`. പാവപ്പെട്ട ജനവിഭാഗങ്ങളെ എന്നും മോശക്കാരായി ചിത്രീകരിയ്ക്കുന്ന ഒരു സ്വഭാവത്തിന്റെ ഭാഗമാണ് ഇത്. പണമുള്ളവർ മാത്രമാണ് സംസ്കാരമുള്ളവർ എന്ന ധാരണ ബോധ പൂർവ്വം ഉണ്ടാക്കുവാനാണ് ഇക്കൂട്ടർ സാധാരണജനങ്ങളെ മോശക്കാരായി ചിത്രീകരിയ്ക്കുന്നത്. യഥാർത്ഥത്തിൽ നമ്മുടെ നാട്ടിലെ തൊഴിലാളികൾ നല്ലൊരുപങ്കും ഏറെക്കുറെ കാര്യങ്ങളൊക്കെ അറിയാവുന്നവരാണ്. അവർ ആർക്കു മുന്നിലും പണ്ടേക്കാലം പോലെ ഓച്ഛാനിച്ചു നിൽക്കില്ലെന്നേയുള്ളു. അതൊരു തെറ്റല്ല താനും!

ഇനി ഹർത്താലിനെ ക്കുറിച്ച് മറ്റു ചില എതിർപ്പുകൾ ഉള്ളത് എന്തെന്നാൽ, ഹർത്താലിനു പിന്നിൽ ഒരു ബലപ്രയോഗമുണ്ട് എന്നതാണ്. എന്നു വച്ചാൽ ഹർത്താൽ ദിവസം കട തുറക്കുകയോ വാഹനം നിരത്തിലിറക്കുകയോ മറ്റോ ചെയ്താൽ അക്രമം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഇപ്പോൾ അതു പണ്ടത്തെ അപേക്ഷിച്ച് കുറവാണെങ്കിലും ഇപ്പോഴും അല്പം അക്രമോത്സുകത പ്രകടിപ്പിയ്ക്കാൻ ഹർത്താൽ ആഹ്വാനം ചെയ്യുന്നവരുടെ അനുയായികൾക്ക് ലഭിയ്ക്കുന്ന അവസരം ചിലയിടങ്ങളിലെങ്കിലും പാഴാക്കാറില്ല. രോഗിയെയും കൊണ്ടു പോകുന്ന വാഹനം പോലും തടഞ്ഞിട്ട് ആക്രമിച്ച അനുഭവങ്ങൾ ഉണ്ട്.എല്ലാ പാർട്ടികളുടെ ഭാഗത്തു നിന്നും ഇത് ഉണ്ടായിട്ടുണ്ട്. അക്രമം ഉണ്ടാകാനുള്ള സാദ്ധ്യത ഭയന്ന് ഹർത്താലിനു ആസ്പദമായി ഉന്നയിക്കുന്ന വിഷയത്തോടോ, അത് ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനത്തോടോ ആശയപരമായി യോജിപ്പില്ലാത്തവർ കൂടി ഹർത്താലിൽ പങ്കാളികൾ ആകേണ്ടി വരുന്നുണ്ട്. ആരും സ്വമേധയാ ഹർത്താലിൽ പങ്കാളികൾ ആവുകയല്ല. ഭയന്നിട്ടു തന്നെ! സാധാരണ ഒരു പണിമുടക്കാണെങ്കിലിൽ അത് ആഹ്വാനം ചെയ്യുന്ന സംഘടനയിൽ പെട്ടവർക്കു മാത്രം അതിൽ പങ്കെടുത്താൽ മതി. അതിൽ തന്നെ ഒരു സംഘടനയ്ക്ക് വലിയ മേധാവിത്വം ഉള്ളപ്പോൾ മറ്റു സംഘടനകൾ ആ പണിമുടക്കിൽ പങ്കെടുക്കാതിരുന്നിട്ടും കാര്യമില്ല. പലപ്പോഴും പണിമുടക്കിൽ ചേരാതെ നിൽക്കുന്നവർക്ക് പല ഭീഷണികളും ഉണ്ടാകുകയും ചെയ്യുന്നുണ്ട്. പണി ചെയ്യാനെത്തുന്നവർ എതിർ യൂണിയനിൽ പെട്ടവർ ആണെങ്കിലും അവരെ തടയുകയും ചിലപ്പോൾ മർദ്ദിയ്ക്കുകയും മറ്റും ചെയ്യാറുണ്ട്. പക്ഷെ അത് എല്ലായിടത്തും എപ്പോഴും ഇല്ല. എന്നാൽ ഹർത്താലിന്റെ കാര്യത്തിൽ ഹർത്താൽ ആഹ്വാനം ചെയ്യുന്ന സംഘടനയിൽ വിശ്വസിയ്ക്കാത്തവരും എതിർ സംഘടനയിൽ പെട്ടവരും കൂടി ഹർത്താലിൽ പങ്കെടുക്കേണ്ടി വരുന്നു. പേടിച്ച് കടകൾ തുറക്കാത്തവർ, വാഹനം നിരത്തിൽ ഇറക്കാത്തവർ, ഓഫീസുകളിൽ പോകാത്തവർ; ഇങ്ങനെ ജനങ്ങളെ മൊത്തത്തിൽ ഭയപ്പെടുത്തിയുള്ള സമരമുറ ശരിയല്ല. എല്ലാവർക്കും ബാധകവും സ്വീകാര്യവുമായ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഹർത്താലുകൾക്ക് എല്ലാവരും സഹകരിച്ചെന്നിരിയ്ക്കും. പക്ഷെ എല്ലാ ഹർത്താലിനും ആസ്പദമായി ഉന്നയിക്കുന്ന വിഷയങ്ങളോട് എല്ലാവരും യോജിയ്ക്കണമെന്നില്ല. യോജിയ്ക്കാൻ കഴിയാത്തവർക്ക് ഹർത്താൽ ദിവസം അവരവരുടെ ജോലികൾ ചെയ്യാൻ കഴിയണം. അതായത് ഹർത്താലിൽ പങ്കു കൊള്ളണമെന്ന സ്നേഹപൂർവ്വമുള്ള ആഹ്വാനം ചെവിക്കൊള്ളാത്തവരെ അവരുടെ വഴിയ്ക്കു വിടുക. (അവരെ നോക്കി വയ്ക്കാമല്ലോ! അവർ സ്വന്തം ആളുകൾ അല്ല്ല്ലെന്നു മനസ്സിലാക്കുകയും ചെയ്യാം.)

പല കാര്യങ്ങൾക്കും ഹർത്താൽ ആചരിയ്ക്കാറുണ്ട്. രാഷ്ട്രീയപാർട്ടികൾ മാത്രമല്ല ഇവിടെ ഹർത്താൽ നടത്താറുള്ളത്. ഏതെങ്കിലും പ്രശസ്തരോ സർവ്വ സമ്മതരോ ആയ വ്യക്തികൾ മരിയ്ക്കുമ്പോൾ ദു:ഖ സൂചകമായി ഹർത്താൽ ആചരിയ്ക്കാറുണ്ട്. അതിൽ ബലപ്രയോഗം വേണ്ടി വരാറില്ല. ചിലപ്പോൾ ആരുടെയും ആഹ്വാനം തന്നെ വേണ്ടി വരാറില്ല. പ്രതിഷേധത്തിനു മാത്രമല്ല, ദു:ഖം പ്രകടിപ്പിയ്ക്കാനും സന്തോഷം പ്രകടിപ്പിയ്ക്കാനും ഹർത്താലുകൾ ആചരിക്കാറുണ്ടല്ലോ. അതുകൊണ്ടൊക്കെ തന്നെ ഹർത്താൽ നിരോധനം ന്യായീകരിയ്ക്കത്തക്കതല്ല. നാടിനെ മൊത്തം ബാധിയ്ക്കുന്ന ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് കക്ഷിരാഷ്ട്രീയ ജാതി-മത ഭേദമില്ലാത്ത ഹർത്താലുകളും പലപ്പോഴും നടക്കാറുണ്ടല്ലോ. മാത്രവുമല്ല ചില വലിയ പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോൾ എത്ര നിരോധിച്ചാലും ജനം ഹർത്താൽ മാത്രമല്ല അതിനെക്കാൾ വലിയ സമരമുറകൾ തന്നെ എടുത്തു പ്രയോഗിച്ചെന്നുമിരിയ്ക്കും. പല മതവിഭാഗങ്ങാളും നടത്തുന്ന ചില ഉത്സവാഘോഷങ്ങൾ പലതും ഹർത്താലുകളെക്കാൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അതിനോടൊന്നും ആർക്കും അസ്വസ്ഥതയില്ല. പിന്നെ ഹർത്താലിനോടു മാത്രം എന്തേ ഈ ഒരു എതിർപ്പ്? രാഷ്ട്രീയത്തോടുള്ള കുറ്റകരമായ ഒരു തരം അലർജിയാണിത്. കാരണം കൂടുതലും ഹർത്താലുകൾ നടത്തുന്നത് രാഷ്ട്രീയക്കാരാണല്ലോ! ഇനി മറ്റൊന്ന് ഈ ഹർത്താൽ എന്നത് ഏതെങ്കിലും ഒരു ആവശ്യം നേടിയെടുക്കാനുള്ള ഒരു സമരായുധമാണെന്ന അവകാശവാദത്തിൽ കഴമ്പൊന്നുമില്ല എന്നുള്ളതാണ്. ഹർത്താൽ കണ്ട് വിരണ്ട് ഒരു ഭരണ കൂടവും ഇന്നു വരെ ഒരാവശ്യം അംഗീകരിച്ചു കൊടുത്തതായി കൂടുതൽ അനുഭവങ്ങൾ ഒന്നും ഇല്ല. ഏതെങ്കിലും ഒരു ആവശ്യം ഉന്നയിച്ച് അത് അംഗീകരിയ്ക്കാതെ വരുമ്പോൾ ഒരു ഹർത്താൽ നടത്തി ആ സമരം അവസാനിപ്പിയ്ക്കുകയാണ് മിക്കപ്പോഴും കണ്ടു വരാറുള്ളത്. മാലപ്പടക്കത്തിനു സമാപ്തി കുറിച്ച് അവസാന വെടി കൂടുതൽ ഉച്ചത്തിൽ അമിട്ടായി പൊട്ടുന്നതുപോലെ.എന്നു വച്ച് ഏതെങ്കിലും ഒരു പ്രശ്നം ഉന്നയിച്ച് ആദ്യമേ തന്നെ ഹർത്താൽ നടത്തുന്നതും ശരിയല്ല. അതും അപ്രതീക്ഷിതമായി. ഒരു അവസാന കൈ ആയിട്ടേ ശക്തമായ ഒരു സമരമുറ എന്ന നിലയിൽ കഴിവതും ഹർത്താലിനെ ഉപയോഗിയ്ക്കാവൂ എന്നൊക്കെ വേണമെങ്കിൽ ഒരു ധാരണയിൽ എത്താം. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഹർത്താൽ നടത്തുന്ന രീതി ശരിയല്ല. നടത്തേണ്ട സന്ദർഭം ഉണ്ടായാൽ ഹർത്താലല്ല, അതിനെക്കാളും വലിയ സമരമുറകളും ചിലപ്പോൾ നടത്തേണ്ടി വരും. അപ്പോൾ സാമൂഹ്യബോധമില്ലാത്തവരും അരാഷ്ട്രീയവാദികളും സ്വാർത്ഥരുമായ ചില മൂരാച്ചികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതി സമരം ചെയ്യാതിരിയ്ക്കാനൊന്നും പറ്റില്ല. പിന്നെ എന്താ‍ണെന്നു വച്ചാൽ അവശ്യ സർവീസുകളിൽ കുറച്ചു വിഭാഗങ്ങളെക്കൂടി ഉൾപെടുത്തി ഹർത്താലിന്റെ കാഠിന്യം അല്പം കുറയ്ക്കുന്നതു നല്ലതാണ്.

ഗതാഗത വാർത്താവിനിമയ സംവിധാനങ്ങളെ ഹർത്താലുകളിൽ നിന്നു പാടേ ഒഴിവാക്കണം. റോഡു ബ്ലോക്കിംഗും വഴിയിലെ അക്രമങ്ങളും ഒഴിവാക്കണം. ഒരു ദിവസം കടമമ്പോളങ്ങളും വ്യവസായങ്ങളും സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു എന്നു കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. ഒരു ദിവസം പട്ടിണി ആയി പോയാലും കുഴപ്പമൊന്നുമില്ല. നമ്മുടെ രാജ്യത്ത് ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരുന്ന പാവങ്ങൾ ഇപ്പോഴുമുണ്ട്. പക്ഷെ വാഹനങ്ങളുടെ കാര്യം അങ്ങനെയല്ല. എപ്പോഴാണ് ആളുകൾക്ക് അസുഖം വരുന്നതെന്നും അപകടങ്ങൾ ഉണ്ടാകുന്നതെന്നും അറിയത്തില്ല. വാഹനം തടയപ്പെട്ടാൽ യഥാവിഥി ചികിത്സ കിട്ടാതെ ആളുകൾ മരിച്ചു പോകാം. അങ്ങനെയുള്ള അനുഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുള്ളതാണ്. അതുപോലെ പെട്ടെന്ന് ദൂരെയുള്ള വേണ്ടപ്പെട്ട ഒരാൾ മരിച്ചാൽ അവിടെയൊന്നു പോയി അവസാനമായി മരിച്ച ആളിനെ ഒന്നു കണ്ടു വരുവാൻ സാധിയ്ക്കണ്ടേ? അതിനു വാഹനം ഓടണ്ടെ? അതു പോലെ തന്നെ ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലുമൊക്കെ പണിയെടുക്കാൻ ദിവസവും സമയവും നിശ്ചയിച്ച് ടിക്കറ്റും എടുക്കുന്നവർക്ക് യഥാസമയം വിമാന താവളത്തിലും മറ്റും എത്താൻ കഴിയേണ്ടേ? അല്ലെങ്കിൽ ചിലപ്പോൾ അവരുടെ ജോലി തന്നെ നഷ്ടപ്പെട്ടെന്നിരിയ്ക്കും. അതൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന ലാഘവത്തിൽ നമുക്കു തള്ളിക്കളയാൻ ആകില്ല. മുൻ കൂട്ടി നിശ്ചയിക്കുന്ന വിവാഹം തുടങ്ങി മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങളെയും ബാധിയ്ക്കുന്നതാണു ഗതാഗത തടസ്സം. അതു പോലെ പെട്ടെന്നുണ്ടാകുന്ന മിന്നൽ ഹർത്താലുകൾ മൂലം ഒറ്റയ്ക്കും തെറ്റയ്ക്കുമൊക്കെ യാത്ര ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ളവർ പാതി വഴിയിൽ ആയിപ്പോകും. ചിലപ്പോൾ ഒരാൾ ഒരു കാര്യ സാദ്ധ്യത്തിനു കാസർകോടുനിന്ന് തിരുവനന്തപുരത്ത് എത്തുമ്പോഴായിരിയ്ക്കും ഹർത്താൽ ഉണ്ടാവുക. വന്ന കാര്യം ഒട്ടു നടക്കുകയുമില്ല; തിരിച്ചു പോകാനും കഴിയില്ല. അങ്ങനെ പല ബുദ്ധിമുട്ടുകളും ഗതാഗത സ്തംഭനം മൂലം ഉണ്ടാകാം. അങ്ങനെ ഏതു വിധത്തിൽ നോക്കിയാലും ആശുപത്രി ഉൾപ്പെടെ മറ്റ് അവശ്യ സർവീസുകൾ പോലെ ഗതാഗത വാർത്താവിനിമയ സൌകര്യങ്ങളെ പാടേ ഹർത്താലിൽനിന്നും നിന്നും ഒഴിവാക്കി നിർത്തേണ്ടതാണ്.

ഏതാ‍യാലും ഹർത്താൽ വിജയിക്കണമെങ്കിൽ ജനങ്ങൾക്ക് അല്പം ഭയമൊക്കെ ഉണ്ടാകണം എന്നിരിയ്ക്കിലും ഹർത്താൽ ദിവസം അതിന് ആഹ്വാനം ചെയ്യുന്നവരുടെ അനുയായികൾ തെരുവിലിറങ്ങി ആളുകളെയും, നിരത്തിലിറങ്ങുന്ന വാഹനങ്ങളെയും നേരിട്ടും പതിയിരുന്നും ആക്രമിയ്ക്കുന്ന പരമ്പരാഗത രീതി അവസാനിപ്പിയ്ക്കണം. ഹർത്താൽ ദിവസം അത്യാവശ്യക്കാർ മാത്രമേ ജീവൻ പണയം വച്ച് വാഹനത്തിൽ സഞ്ചരിയ്ക്കൂ എന്ന കാര്യമെങ്കിലും പരിഗണിച്ച് അവരെ ഉപദ്രവിക്കാതിരിയ്ക്കണം.അക്രമമൊന്നും ഇല്ലാതെ തന്നെ പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ വിജയിപ്പിയ്ക്കാനും ജനാധിപത്യം സാക്രികമാക്കി മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്ന നിലയിൽ കുറച്ചൊക്കെ പക്വത ആർജ്ജിച്ചു വരുന്നുണ്ട് നമ്മുടെ ജനാധിപത്യം. അല്ലെങ്കിൽ അങ്ങനെ ഒരു സംസ്കാരം കൊണ്ടുവരാൻ രാഷ്ട്രീയപാർട്ടികളും ജനങ്ങൾ ആകെത്തന്നെയും ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും പരിശ്രമിയ്ക്കണം. ഇവിടെ കേരളമാകെ ഹർത്താൽ ആഹ്വാനം ചെയ്ത് വിജയിപ്പിയ്ക്കുവാൻ കഴിയുന്ന രാഷ്ട്രീയപാർട്ടികൾ മൂന്നെണ്ണമാണ്. സി.പി.എം, കോൺഗ്രസ്സ്, ബി,ജെ.പി. മുസ്ലിം ലീഗ് ഉൾപ്പെടെ മറ്റു രാഷ്ട്രീയ കക്ഷികൾക്കൊക്കെ ചില പ്രത്യേക മേഖലകളിൽ ഹർത്താൽ വിജയിപ്പിയ്ക്കാൻ കഴിയും. ബി.ജെ.പി അനുയായികൾ എണ്ണത്തിൽ കുറവാണെങ്കിലും കായികമായി കേരളത്തിൽ അങ്ങോളമിങ്ങോളം കുറച്ചു കരുത്തുള്ളവരാണ്. അതുകൊണ്ട് അവർക്കും ഹർത്താൽ വിജയിപ്പിയ്ക്കാൻ കഴിയുന്നു. പിന്നെ സി.പി.എമ്മും, കോൺഗ്രസ്സും കേരളത്തിൽ എവിടെയും കായികശക്തി ഉള്ളവരാണ്. പച്ചയ്ക്കു പറഞ്ഞാൽ അക്രമ പ്രവർത്തനങ്ങൾ നടത്താനുള്ള കരുത്തുള്ളവർ എന്നർത്ഥം. അതുകൊണ്ടു തന്നെ അവർ ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾ കേരളമാകെ സമ്പൂർണ്ണ വിജയം ആയിരിയ്ക്കും. അതായത് ഇവിടെ ഹർത്താലിനെ സംബന്ധിച്ച് എന്തെങ്കിലും ചില മാനദണ്ഡങ്ങൾ ഉണ്ടാക്കുന്നതിൽ സി.പി.എം, കോൺഗ്രസ്സ്, ബി.ജെ.പി, എന്നീ കക്ഷികൾക്കു തന്നെയാണ് നിർണ്ണായകമായ പങ്ക് വഹിയ്ക്കാൻ കഴിയുക. എല്ലാ രാഷ്ട്ട്രീയ കക്ഷികളും കൂടിയിരുന്ന് ചർച്ച ചെയ്ത് ഒരു ധാരണയിൽ എത്തണമെന്നൊക്കെ പറയുന്നത് എത്രകണ്ട് പ്രായോഗികമാകുമെന്നറിയില്ല.പക്ഷെ ഓരോ പാർട്ടികൾക്കും ഇക്കാര്യത്തിൽ; ഒറ്റയ്ക്കൊറ്റയ്ക്ക് പ്രായോഗികമായ ചില തീരുമാനങ്ങളൊക്കെ എടുക്കാൻ സാധിയ്ക്കും. ആ തീരുമാനങ്ങൾ ഏതാണ്ടൊക്കെ ഒത്തു വരികയും ചെയ്തെന്നിരിയ്ക്കും. അങ്ങനെ ഒരു സമവായത്തിനു നമുക്ക് കാതോർക്കാം.അല്ലാതെ റ്റി. വി ചാനലിൽ കയറിയിരുന്ന് വായിലുവരുന്നതു കോതയ്ക്കു പാട്ടെന്ന മട്ടിൽ ചർച്ച ചെയ്തതുകൊണ്ട് മാത്രം ഒരു കാര്യവുമില്ല. പക്ഷെ ചാനലുകൾ അടക്കം മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ ഗുണകരമായ പങ്ക് വഹിയ്ക്കാൻ കഴിയും എന്നത് നിഷേധിയ്ക്കുന്നുമില്ല.

പിൻകുറിപ്പ്: ഇന്നിപ്പോൾ ഹർത്താൽ ഒരു ആഘോഷമായി മാറിയിട്ടുണ്ട്. മുൻ കൂട്ടി ആഹ്വാനം ചെയ്യുന്ന ഹർത്താലാണെങ്കിൽ പ്രത്യേകിച്ചും. പലരുടെയും വീട്ടിൽ അന്ന് ഓണം ആയിരിയ്ക്കും. ചിലർ കാലേക്കൂട്ടീ കോഴിയിറച്ചിയും കുപ്പിയുമെല്ലാം വാങ്ങി തയ്യറാക്കി വയ്ക്കുന്നു. ഹർത്താൽ അടിച്ചു പൊളിയ്ക്കുന്നു. മൊബൈലിലൂടെ വേണ്ടപ്പെട്ടവർക്കെല്ലാം ഹർത്താൽ ആശംസകൾ നേരുന്നു!